ലേ;
ലഡാക്ക് പ്രവിശ്യയുടെ ആസ്ഥാനമായ പട്ടണം.
2011 ലെ കണക്ക് പ്രകാരം ഏകദേശം 31000 ത്തോളം ജനങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.
ടിബറ്റൻ ബുദ്ധമതത്തിന്റെ കേന്ദ്രമെന്ന് പറയാവുന്ന പട്ടണമാണിത്…
സമുദ്രനിരപ്പിൽ നിന്നും 11600 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലേ ഇന്ത്യയുടെ സൈനികനീക്കങ്ങൾക്ക്
അതിപ്രധാന ഇടമാണ്. അധികദൂരത്തല്ലാതെ പാക്കിസ്ഥാനും ചൈനയുമായി അതിരുപങ്കിടുന്നു,
എന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവസാനത്തെ പ്രധാനപട്ടണം എന്ന നിലയിൽ ലേ-യുടെ പ്രസക്തി. ദേശീയപാത 1 കശ്മീരിലെ ശ്രീനഗറിനെ ഈ പട്ടണവുമായി ബന്ധിപ്പിക്കുന്നു.
ദേശീയപാത 3 ഹിമാചലിലെ മണാലിയേയും.
വരണ്ടുണങ്ങിയ ഈ ഭൂമിയിൽ എങ്ങനെയാണ് ഈ മനുഷ്യർ ജീവിതം കെട്ടിയുയർത്തിയത് എന്ന്
അതിശയം തോന്നാം. അതികഠിനമായ ജീവിതസാഹചര്യങ്ങളോട് ജീവിച്ച് പാകപ്പെട്ടവർ…!!
നവംബറിൽ തുടങ്ങി ഏപ്രിലിൽ അവസാനിക്കുന്ന 6 മാസത്തോളം മഞ്ഞിനൊപ്പം ജീവിക്കുന്നവർ.
ഇക്കാലയളവിൽ റോഡ് മുഴുവൻ മഞ്ഞുമൂടി മണാലിയിൽ നിന്നോ, ശ്രീനഗറിൽ നിന്നോ
ഒരു വാഹനവും ഇവിടേക്ക് കടന്നുവരാറില്ല. പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടുപോകുന്ന
അക്കാലം അവരെ ആശങ്കപ്പെടുത്തുന്നതേയില്ല. അല്ലെങ്കിൽത്തന്നെ പുറംലോകത്തെ
പ്രതീക്ഷിച്ചല്ല ലഡാക്കികൾ ജീവിതം ആരംഭിക്കുന്നതുതന്നെ..!!
മറ്റുള്ളവർ അവരെത്തേടിയെത്തുന്നു, അവരുടെ മനോഹരമായ ഭൂമിയും…

ലഡാക്കികളുടെ ജീവിതരീതിയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ചുറ്റിലും മഞ്ഞുമൂടിക്കിടക്കുന്ന പർവ്വതങ്ങൾ ലേ- പട്ടണത്തെ വെളുത്തകമ്പിളിയിൽ
പൊതിഞ്ഞുപിടിക്കുന്നതായി തോന്നാം.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവാണ് ലേ-യിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും
അനുയോജ്യം. ചുറ്റിലും മഞ്ഞുമൂടിയ കൊടുമുടികളും തെളിഞ്ഞ ആകാശവും
അതിസുന്ദരമായ യാത്രാനുഭവം സമ്മാനിക്കുന്നു.
സുഖകരമായ കാലാവസ്ഥ.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 3 മാസക്കാലം മഞ്ഞുരുകിത്തീർന്ന്,
മഴയിൽ നനഞ്ഞ്, മണ്ണിടിച്ചിലുകളുടെ കാലങ്ങൾ…
വെയിലിനൊപ്പം പൊടിക്കാറ്റ് ചുറ്റിക്കറങ്ങുന്ന കാലം.
കുപ്പായമൂരിനിൽക്കുംപോലെയാണ് കുന്നുകൾ, മഞ്ഞൂർന്നുപൊയ്ക്കഴിഞ്ഞാൽ…

പ്രധാനമായും മൂന്നു വഴികളാണ് ലേ-യിലേക്കുള്ളത്.
ശ്രീനഗറിൽ നിന്നെത്തുന്ന NH 1
മണാലിയിൽ നിന്നെത്തുന്ന NH 3
രണ്ടുവഴികളും നിരവധി ചുരങ്ങളെ താണ്ടിയെത്തുന്നതെങ്കിലും മണാലിപ്പാത തന്നെയാണ്
കൂടുതൽ ദുഷ്‌കരം. അതിൽത്തന്നെ മണാലിക്കടുത്തുള്ള അതികഠിനമായ റോത്താങ് ചുരം
പ്രവചനാതീതമായ കാലാവസ്ഥയിൽ സഞ്ചാരികൾക്ക് വെല്ലുവിളിയാകുന്നു.
റോത്താങ് ചുരത്തിന് സമാന്തരമായി 9 കിലോമീറ്റർ നീളത്തിൽ തുരങ്കപാത തുറന്നത്
ഇപ്പോൾ ഈ ചുരത്തെ അപ്രസക്തമാക്കുന്നു. പക്ഷെ, കഠിനമെങ്കിലും റോത്താങ് ചുരമടയ്ക്കുന്നത്
ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടവുമാണ്.
ശ്രീനഗറിൽ നിന്നെത്തുന്ന പാതയിൽ ചുരങ്ങളുടെ എണ്ണം കുറവാണെങ്കിലും
ദ്രാസ്സിനും സോനാമാർഗിനുമിടയിലെ സോജിലാ പാസ് അതിന്റെ ഭൂമിശാസ്ത്രമായ
പ്രത്യേകതകൾ കൊണ്ട് യാത്രയെ ദുഷ്കരമാക്കുന്നു. കീഴ്ക്കാംതൂക്കായ കുന്നുകളാണിവിടെ.
പർവ്വതപാതകളെ പൂർണ്ണമായി ഒഴിവാക്കുന്ന മൂന്നാമത്തെ വഴിയാണ്, അധികദിവസങ്ങൾ
മാറ്റിവെയ്ക്കാനില്ലാത്ത ഒരു സഞ്ചാരിയെ സംബന്ധിച്ച് ലഡാക്ക് യാത്രയ്ക്ക് അഭികാമ്യം.
ഡൽഹിയിൽ നിന്നോ, ചണ്ഡീഗഡ്, ശ്രീനഗർ എയർപോർട്ടുകളിൽ നിന്നോ
പറന്നെത്താൻ കഴിയുന്ന വിമാനയാത്രകളാണത്.

കൗഷോക് ബഹുല റിംപോച്ചെ എയർപോർട്ട് എന്നാണ് ഒറ്റ റൺവേ മാത്രമുള്ള ഈ ചെറിയ
എയർപോർട്ടിന്റെ പേര്. സ്‌പിതുക്ക് മൊണാസ്ട്രിയിലെ ഒരു ലാമയുടെ പേരാണ്
ഈ വിമാനത്താവളത്തിന് നൽകിയിരിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്നും 10700 അടി ഉയരത്തിലാണിതിന്റെ സ്ഥാനം.
ഇന്ത്യൻ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്താവളത്തെ നിയന്ത്രിക്കുന്നത്
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്.
റൺവേയുടെ കിഴക്കേയറ്റത്ത് വലിയ പർവതങ്ങൾ തലപ്പൊക്കത്തോടെ നിൽക്കുന്നതിനാൽ
ലാന്റിംഗും, ടേക്ക്ഓഫും അല്പം ബുദ്ധിമുട്ടേറിയതാണ്. ഉച്ചതിരിഞ്ഞെത്തുന്ന പർവതക്കാറ്റ്
അന്തരീക്ഷത്തെ മൂടുന്നതിനാൽ വിമാനങ്ങൾ ഉച്ചയ്ക്ക് മുമ്പുതന്നെ സർവീസ് പൂർത്തിയാക്കും.
ഹിമാലയത്തിന് മുകളിലൂടെയുള്ള ആകാശയാത്ര, മഞ്ഞുമൂടിയ കൊടുമുടികളുടെ
വന്യമായ സൗന്ദര്യം കാട്ടിത്തരുന്നു.
വെയിൽതിളക്കത്തിൽ ജ്വലിച്ച് നിൽക്കുന്ന മഞ്ഞുമലകൾ പലപ്പോഴും വിശ്വപ്രകൃതി
ഒരുക്കിനിർത്തിയ വെളുത്ത പടയാളികളെപ്പോലെ ആകാശവീക്ഷണം നടത്തുന്നതായി തോന്നും.
അവിശ്വസനീയവും അതിശയകരവുമാണ് ആ യാത്ര.

ചിലപ്പോഴൊക്കെ നിറങ്ങൾ നഷ്ടപ്പെട്ടൊരു പട്ടണമാണ് ലേ.
മഞ്ഞുരുകിതോർന്ന് വരണ്ടുണങ്ങിയ കാഴ്ചകൾ.
സസ്യജാലങ്ങൾ അതിജീവനത്തിന് പൊരുതുന്ന ഈ വരണ്ടമണ്ണിലാണ്
കോണിഫെറസ് മരങ്ങൾ നട്ടുവളർത്താനുള്ള പദ്ധതിയുമായി വനം വകുപ്പ് മുന്നോട്ട് വന്നത്.
അതിന്റെ ഭാഗമായി 2016 ൽ താഴ് വരയിൽ ദേവദാർ, ഫിർ, ഹിമാലയൻ ബ്ലൂ പൈൻ
മരങ്ങൾ നട്ടുവളർത്തിത്തുടങ്ങി.
അത് ഫലം കണ്ടിരിക്കുന്നു.
ലേ-യിലിപ്പോൾ അതികഠിനമായ ശൈത്യകാലത്തെയും അതിജീവിക്കുന്ന കോണിഫെറസ്
മരങ്ങളുടെ കൂട്ടങ്ങൾ കാണാം. വരണ്ട ഭൂമിയിൽ പലയിടങ്ങളിലും പച്ചയുടെ തുരുത്തുകൾ.
സൂചിയിലയുമായി കിഴുക്കിട്ട നിൽക്കുന്ന സുന്ദരവൃക്ഷങ്ങൾ…
പട്ടണത്തിന് ചുറ്റും ഒഴിവാക്കാൻ കഴിയാത്ത ചില കാഴ്ചകളുണ്ട്.
അതിലൊന്നാണ് തിക്‌സേ മൊണാസ്ട്രി. മധ്യലഡാക്കിലെ വലിയ മൊണാസ്ട്രികളിലൊന്ന്.
ലേയിൽ നിന്നും മണാലി പാതയിൽ 20 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്.
ടിബറ്റൻ ബുദ്ധിസത്തിലെ യെല്ലോ ക്യാപ് ധാരികളായ ഗെലൂക്പ വിഭാഗക്കാരാണിത്
സ്ഥാപിച്ചത്. സിന്ധു താഴ് വരയിൽ 11800 ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്.
പ്രാർത്ഥനാ സ്തൂപങ്ങൾ,
ചിത്രങ്ങൾ,
പ്രതിമകൾ,
പ്രാർത്ഥനാ ചക്രങ്ങൾ,
15 മീറ്റർ ഉയരമുള്ള മൈത്രേയ ബുദ്ധന്റെ പ്രതിമ ഉൾപ്പെടെ
എണ്ണമറ്റ കാഴ്ചകൾകൊണ്ട് സമ്പന്നമായ മൊണാസ്ട്രിയാണിത്.
മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി സന്യാസികളായ സ്ത്രീ സമൂഹത്തിന് പ്രത്യേകം
പ്രാധാന്യം നൽകുന്നുണ്ടിവിടെ..
അവരുടെ അഭിവൃദ്ധിക്കായി ഈ മഠം നടത്തിയ ശ്രമങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു.
മൊണാസ്ട്രിയുടെ മട്ടുപ്പാവിൽ നിന്നാൽ സിന്ധു താഴ് വരയുടെ അതിമനോഹരമായ
കാഴ്ചകൾ ലഭിക്കും. ബുദ്ധമതത്തിൽ ആകൃഷ്ടരായെത്തുന്ന വിദേശികളെ ലഡാക്കിലുടനീളം
കാണാൻ കഴിയുന്നു.ഈ മൊണാസ്ട്രിക്കുള്ളിലുംചുറ്റിക്കറങ്ങുന്നുണ്ട് അവരുടെ കൂട്ടം.
ക്യാമറയ്ക്കുമുന്നിൽ പുഞ്ചിരിച്ച് നിൽക്കുന്നുണ്ടിപ്പോൾ ബുദ്ധഭിക്ഷുവിനെപ്പോലൊരു
പെൺകുട്ടി….!!

ജിഗ്‌മിത്ത് സെഫലിന്റെ ഇന്നോവ കാറിപ്പോൾ ശാന്തി സ്തൂപയിലേക്കുള്ള കുന്നുകയറുകയാണ്.
ലേ- പട്ടണത്തിന്റെ വടക്ക് ചൻസ്പ കുന്നുകൾക്ക് മുകളിലാണിത് നിർമ്മിച്ചിരിക്കുന്നത്.
ടിബറ്റൻ വാസ്തുവിദ്യയിൽ മനോഹരമായൊരു നിർമിതി.
1984 പണിയാരംഭിച്ച് 1991 പൂർത്തീകരിച്ച ഈ വെളുത്ത സ്തൂപം ലഡാക്കിലെത്തുന്ന
ഓരോ സഞ്ചാരിയേയും ആകർഷിക്കുന്ന നിർമ്മാണങ്ങളിലൊന്നാണ്.
ജാപ്പനീസ് ബുദ്ധമതക്കാരും, ടിബറ്റൻ ബുദ്ധിസ്റ്റുകളും ചേർന്ന് നിർമ്മിച്ച ഈ ശാന്തീസ്തൂപം
ലഡാക്കി-ജാപ്പനീസ് സൗഹൃദത്തിന്റെ പ്രതീകമാണ്.
ദലൈലാമയാണിത് ലോകത്തിന് തുറന്നുനല്കിയത്.
രണ്ടു നിലകളിലായാണിത് നിർമ്മിക്കപ്പെട്ടത്.
ബുദ്ധന്റെ തിരുശേഷിപ്പുകളാണ് പ്രധാനമായും ഇതിൽ കാണപ്പെടുന്നത്.
അതിമനോഹരമായ ലേ- പട്ടണത്തിന്റെ പനോരമിക് വ്യൂ ആകർഷകമാണ്.
രാത്രി, പലനിറങ്ങളിൽ ജ്വലിക്കുന്ന വിളക്കുകൾ വെളുത്ത സ്തൂപത്തെ അതിസുന്ദരമായൊരു
കാഴ്ചയാക്കി മാറ്റുന്നു.
ശാന്തിസ്തൂപത്തിന്റെ അധികദൂരത്തായിരുന്നില്ല, ലേ -പാലസ് സ്ഥിതിചെയ്യുന്നത്.
നഗരത്തിലെ കുന്നിൻമുകളിൽ പർവതത്തിന്റെ നിറത്തിൽ അത്
ഒളിച്ചുനിൽക്കുകയാണെന്ന് തോന്നും.
ലഡാക്കി രാജവംശത്തിന്റെ കൊട്ടാരമായിരുന്നു ഇത്.
ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന്.
കൃത്യമായി ലേ-നഗരത്തെ വീക്ഷിക്കാൻ കഴിയുംവിധമാണ് ഈ കോട്ടയുടെ നിർമ്മാണം.
പാലസിന് താഴെയാണ് ലേ- മാർക്കറ്റ്.
വെയിലൊതുങ്ങിയപ്പോൾ മാർക്കറ്റിലേക്കിറങ്ങി.
മാൾറോഡുകളിലെ സായാഹ്നനടത്തം സുന്ദരമാണ്.
മാർക്കറ്റിലെ കാഴ്ചകൾ കണ്ട് നടന്നു.
അതിവിശാലമായ നടപ്പാതകൾക്കിരുവശവും ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു.
തിരക്കുള്ള സുന്ദരമായ കടകൾ.
പ്രധാനവഴികൾ പലശാഖകളായി തിരിയുന്നു.
അതിനുള്ളിൽ ചെറുതും വലുതുമായ വില്പനശാലകൾ.
ഹിമാലയത്തിലെ പ്രധാനപട്ടണങ്ങളിലെല്ലാം കാണപ്പെടുന്ന മാൾറോഡുകളോട്
കിടപിടിക്കുന്ന തെരുവ് തന്നെയാണിത്.
വസ്ത്രങ്ങൾ,
ആഭരണങ്ങൾ,
കരകൗശലവസ്തുക്കൾ,
സുഗന്ധവ്യഞ്ജനങ്ങൾ,
ഉണക്കിസംസ്കരിച്ച പഴങ്ങൾ…
ജനപ്രിയമായ പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറുകടകൾ.
തെരുവ് സജീവമാകുന്നു….
കാശ്മീരി പഷ്മിന വിൽക്കുന്ന വസ്ത്രശാലകൾ പ്രത്യേകം പ്രദർശിപ്പിച്ചിട്ടുണ്ട്
അതിനൊപ്പം കൈകൾകൊണ്ട് നെയ്തെടുത്ത ലഡാക്കി കമ്പിളികൾ…

പ്രത്യേകിച്ചൊന്നും വാങ്ങാൻ തോന്നിയില്ല..
വിശന്നുതുടങ്ങിയിരുന്നു.
നടപ്പ് തുടങ്ങിയിട്ട് ഏറെ സമയം പിന്നിട്ടിരിക്കുന്നു.
തെരുവിൽ പ്രാദേശിക ഭക്ഷണം ലഭിക്കുന്ന കടകൾ തേടിനടന്നു.
മസാലയ്ക്കൊപ്പം കനൽച്ചൂടിൽ വെന്തുരുകുന്ന മാംസത്തിന്റെ ഗന്ധം തെരുവിനെ ഉണർത്തുന്നു.
പാതയോരത്ത് കമ്പിയിൽ കോർത്ത് കനലിൽ ചുട്ടെടുക്കുന്ന
ചെമ്മരിയാടിന്റെ മാംസം നാവിൽ രുചിപിടിപ്പിക്കുന്നു.
കാശ്മീരി മട്ടൻ കബാബ് ഓർഡർ ചെയ്ത് കാത്തുനിന്നു.
തീക്കനലിൽ അത്, ചുട്ടെടുക്കുന്ന ആ മനുഷ്യൻ ഒരു കലാകാരൻ തന്നെയാണ്.
എത്ര സുന്ദരമായിട്ടാണത്, അയാൾ അത്, പൂർത്തിയാക്കിയത്.
ചുറ്റിലും, വെന്തുപൊള്ളുന്ന മാംസത്തിലേക്ക് കണ്ണോടിച്ച്
ചില കുട്ടികൾ കാത്തുനിൽക്കുന്നു.
അവരുടെ കണ്ണുകൾ കൈവശമുള്ള മുഷിഞ്ഞ നോട്ടുകളിൽ പരതുന്നു.
തെരുവ് ജീവിതം നയിക്കേണ്ടിവരുന്ന കുട്ടികളുടെ കാഴ്ചകൾ എല്ലായിടത്തും ഒന്നുതന്നെ..
വെന്ത മാംസം പോലെ ഉള്ളൊന്നു പൊള്ളി…
കച്ചവടക്കാരന്റെ കൈകളിലെ മട്ടൻ കബാബ്
കുട്ടികളുടെ കയ്യിലെത്തിച്ചപ്പോഴാണ്
ആ വേവ് ശമിച്ചത്.
തെരുവിന്റെ രുചിക്കൊപ്പം മനസും പങ്കുവെച്ചവർ കഴിക്കുന്നു.

മഞ്ഞ് വീണു തുടങ്ങി..
ഹോട്ടൽ മുറിയിലെ കമ്പിളിച്ചൂടിലേക്ക്
തിരിച്ച് നടന്നു.
തെരുവ് വിളക്കിന്റെ ചുവട്ടിൽ നിന്ന്
കുട്ടികൾ പുഞ്ചിരിക്കുന്നു..
ലേ- യുടെ ആകാശത്തപ്പോൾ അസാധാരണ തിളക്കമുള്ള ചില നക്ഷത്രങ്ങൾ തെളിഞ്ഞുവന്നു….
