ഗ്യൂ വില്ലേജിലെ മമ്മി മൊണാസ്ട്രി

ഇന്തോ – ടിബറ്റൻ ബോർഡർ പോലീസിനായി ചൈനീസ് അതിർത്തിയിലുള്ള
ഗ്യൂ വില്ലേജിന് മുകളിലെ മലഞ്ചെരുവിൽ 1981 ൽ ബങ്കറുകൾ നിർമ്മിക്കുന്നു. ബങ്കറിന്റെ നിർമ്മാണത്തിനിടയിൽ
തൊഴിലാളികൾക്ക് ആ കുഴിയിൽ നിന്ന് ധ്യാനാവസ്ഥയിലുള്ള ഒരു മൃതശരീരം കിട്ടി.
മണ്ണിനടിയിൽ ഏറെക്കാലം കഴിഞ്ഞിട്ടും ആ മൃതശരീരത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല
എന്നത് അവരെ അത്ഭുതപ്പെടുത്തി. 2002 ൽ ഓസ്ഫോർഡ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ
റിസേർച്ച് ടീം സ്പിറ്റിയിലെത്തുകയും കാർബൺ 14 ന്റെ ഡേറ്റിങ് ടെക്നോളജി ഉപയോഗിച്ച്
ആ മമ്മിയുടെ കാലപ്പഴക്കം നിർണ്ണയിക്കുകയും ചെയ്തു. അതിൽ നിന്നും AD 1430 കാലയളവിൽ
ജീവിച്ചിരുന്ന ടിബറ്റിൽ നിന്നുള്ള ഒരു ബുദ്ധസന്യാസിയായിരുന്ന സംഗ ടെൻസിംഗിന്റെ
മൃതശരീരമാണതെന്ന് കണ്ടെത്തുകയും ചെയ്തു. മണ്ണിനടിയിൽ കാലങ്ങളോളം കഴിഞ്ഞിട്ടും
ശരീരത്തിലെ മുടിയ്ക്കും തൊലിക്കുമൊന്നും കേടുപാടുകൾ സംഭവിച്ചിരുന്നില്ല എന്നതാണ്
ഏറെ അത്ഭുതപ്പെടുത്തിയ കാര്യം.

ഈജിപ്റ്റിലെ മമ്മിയിൽ നിന്നും വ്യത്യസ്തമായി മറ്റു രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ
മരണശേഷം നശിക്കപ്പെടാത്തവിധം സ്വയം മമ്മിയായി മാറിയ ശവശരീരമായിരുന്നു അത്. പ്രകൃതിദത്തമായൊരു
മമ്മിഫിക്കേഷനാണിത്. ” സൊകുഷിൻ ബുത്സു ” എന്ന പേരിലാണിതറിയപ്പെടുന്നത്.
ജാപ്പനീസ് ബുദ്ധിസ്റ്റുകൾക്കിടയിൽ അക്കാലയളവിൽ കണ്ടുവന്നിരുന്ന രീതിയാണിത്.
ശരീരത്തിൽ നിന്നും മജ്ജയും മാംസവും ചോർത്തിക്കളഞ്ഞ് മരിക്കുന്ന രീതി. മരണത്തിനുമുമ്പ് തന്നെ
ശരീരത്തിൽ നിന്നും മുഴുവൻ ഈർപ്പവും ഇവർ നഷ്ടപ്പെടുത്തുന്നു. ഏകദേശം പത്തുവർഷത്തോളം
നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണിത്. അതിനായി മരണമടുത്ത സന്യാസിമാർ പതുക്കെ
അർദ്ധപട്ടിണിയിലേക്ക് മാറുന്നു. ചെറുഭക്ഷണത്തിനായി വിഷമുള്ള മരങ്ങളുടെ ഭാഗങ്ങൾ
വിഷമുള്ള പഴങ്ങൾ, കായകൾ എന്നിവ തെരഞ്ഞെടുക്കുന്നു. മരണമടുക്കുമ്പോഴേക്കും ധ്യാനാവസ്ഥയിലേക്ക്
മാറുകയും, ഈ അവസ്ഥയിൽ മരണപ്പെടുകയും ചെയ്യുന്നു. മരണസമയം സന്യാസിമാരുടെ
മജ്ജയും മാംസവും പൂർണ്ണമായും നഷ്ടപ്പെടുന്നതായി കണക്കാക്കുന്നു.ഇവിടെ കണ്ടെടുത്ത
സംഗ ടെൻസിംഗിന്റെ ശരീരത്തിലും ജലാംശം പൂർണ്ണമായും നഷ്ടപ്പെട്ട് ധ്യാനനിരതനായ
രൂപത്തിലുമാണ് കാണപ്പെട്ടത്.

നാക്കോയിൽ നിന്നും ടാബോയിലേക്കുള്ള പാതയിൽ പ്രധാന പാതയിൽ നിന്നും വഴിമാറിയാണ്
ഗ്യൂ വില്ലേജിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഗ്രാമത്തിന്റെ ഏറെ അകലെനിന്നുതന്നെ
ക്ഷേത്രത്തിന്റെ അതിമനോഹരമായ ദൃശ്യം കാണാൻ കഴിയും. അംബരചുംബികളായ
മലയുടെ മടിത്തട്ടിൽ അത് സുന്ദരമായൊരു കാഴ്ചയായി മാറുന്നു. സമുദ്രനിരപ്പിൽ നിന്നും
പതിനായിരം അടി പൊക്കത്തിൽ സ്ഥിതിചെയ്യുന്ന മൊണാസ്റ്ററിയാണിത്. ചൈനീസ്
അതിർത്തിയിൽ നിന്നും വളരെ അടുത്തുള്ള പ്രദേശമായതിനാൽ സൈന്യത്തെ സംബന്ധിച്ചെടുത്തോളം
അത്രത്തോളം പ്രാധാന്യമുള്ള ഇടമാണിത്. യഥാർത്ഥത്തിൽ അടുത്തകാലം വരെ ഇതൊരു
ടൂറിസ്റ്റ് കേന്ദ്രമായിരുന്നില്ല. കാലങ്ങളോളം നാട്ടുകാരും സൈന്യവും ലാമയുടെ മമ്മി ഇവിടെ
ഉണ്ടെന്നുള്ള രഹസ്യം മറച്ചുവെച്ചതായി പറയപ്പെടുന്നു. ഇപ്പോൾ ഈ മമ്മി ക്ഷേത്രത്തിനു
സമീപത്തായി 100 അടി വിസ്തീർണ്ണത്തിൽ ഒരു ചെറിയ കെട്ടിടം നിർമ്മിച്ച് അതിനുള്ളിലെ ഗ്ലാസ് കൂടിൽ
സൂക്ഷിക്കുന്നു. സന്ദർശകർക്ക് കാണാൻ കഴിയും വിധമാണ് അതിന്റെ നിർമ്മാണം.
അടുത്ത കാലത്തായി സ്പിതിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം
ഗ്യൂ മൊണാസ്ട്രിയേയും ലോക ശ്രദ്ധയിലേക്ക് കൊണ്ട് വന്നിരിക്കുന്നു. യാത്രികർ ഗ്യൂവിലെ
മമ്മി ലാമയെ തേടിയെത്തുകയും ചെയ്യുന്നു. സന്ദർശകരുടെയും വാഹനങ്ങളുടേയും എണ്ണം കൂടിയെങ്കിലും
ഗ്രാമത്തിലൂടെയുള്ള പാത ഇപ്പോഴും ഇടുങ്ങിയതും ദുർഘടം പിടിച്ചതുമാണ്. എതിർവശത്തുനിന്നെത്തുന്ന
വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം വീർപ്പുമുട്ടുന്നത് കാണാം.

വളരെ നിശബ്ദമായൊരു ഗ്രാമമാണിത്.
വീടിനുള്ളിലും പുറത്തുമായി അധികം മനുഷ്യരെ കാണാൻ കഴിഞ്ഞില്ല. നിഗൂഢമായൊരു
ഗ്രാമത്തെ അടയാളപ്പെടുത്തും വിധം, ആ ഗ്രാമം നമുക്ക് മുന്നിലൂടെ കടന്നുപോകുന്നു.
ഒരു പക്ഷെ പുറത്തുനിന്നെത്തുന്ന മനുഷ്യരെ അവർ അത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല.
കാലങ്ങളായി മറ്റൊരു ഇടപെടലുകളുമില്ലാതെ കഴിഞ്ഞുകൂടിയ ജനത. പുതിയ കാലം അതിശയിപ്പിക്കുംവിധം
ടൂറിസം ഭൂപടത്തിൽ സ്പിതിയെ അടയാളപ്പെടുത്തപ്പെടുമ്പോഴും അതറിയാതെ കൃഷിയും ആടുവളർത്തലുമൊക്കെയായി കഴിഞ്ഞുകൂടുന്നവരാണിത്. അല്ലങ്കിലത് അംഗീകരിക്കാൻ
കഴിയാതെ നിശബ്ദമായി അവരുടേതായ ലോകത്ത് മാത്രമായി ഒതുങ്ങികൂടുന്നവർ.
ഹിമാലയത്തിന്റെ മലഞ്ചെരിവുകളിൽ ഇത്തരത്തിലുള്ള ധാരാളം ഗ്രാമങ്ങളെ കണ്ടെത്താൻ
നമുക്ക് കഴിയും. ബാർലിയും , ഗോതമ്പും, അരിയുമൊക്കെയാണ് ഇവർ കൃഷി ചെയ്യുന്നത്.

ഷിംലയിൽ നിന്നും കിന്നൗർ വഴി ഇവിടെ എത്തുന്ന യാത്രികന് നാക്കോയിൽ നിന്നും
47 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ഇടയ്ക്ക് സുംഡോ ചെക്ക്പോസ്റ്റിൽ
യാത്രാവിവരങ്ങൾ നൽകേണ്ടി വരും. വിദേശീയരായ പൗരന്മാർക്ക് ഇന്നർലൈൻ പെർമിറ്റ്
ആവശ്യമാണ്. മണാലിയിൽ നിന്നും കാസ വഴിയാണ് ഇവിടേക്കെത്തുന്നതെങ്കിൽ ഇവിടെ പെർമിറ്റിന്റെ
ആവശ്യമില്ല. സുംഡോയിൽ നിന്നും കാസയിലേക്കുള്ള വഴിയിൽ 3 കിലോമീറ്റർ കഴിഞ്ഞാൽ
ഗുവേ നുള്ളയിലെ ചെറിയ പാലം കടന്ന് വലത്തേക്ക് തിരിഞ്ഞാൽ 8 കിലോമീറ്റർ ദൂരം
സഞ്ചരിച്ച് ഈ ഗ്രാമത്തിൽ എത്താൻ കഴിയും.

മലയിടുക്കുകൾക്കിടയിലെ ചെറിയ ഗ്രാമമായതിനാൽ തന്നെ
ഗ്യൂ വില്ലേജിൽ ആവശ്യത്തിനുള്ള താമസ സൗകര്യങ്ങളില്ല ഗ്രാമവാസികൾ നടത്തുന്ന
ചില ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നുണ്ട്. എങ്കിലും 40 കിലോമീറ്റർ അകലെയുള്ള ടാബോയിൽ,
അല്ലെങ്കിൽ 50 കിലോമീറ്ററോളം അ കലെയുള്ള നാകോയിൽ താമസിച്ച് ഒരു ദിവസം കൊണ്ട്
ഗ്യൂ മൊണാസ്റ്ററി സന്ദർശിച്ച് മടങ്ങുന്നതായിരിക്കും യാത്രികർക്ക് ഏറെ ഉചിതമായ മാർഗ്ഗം.

Leave a Reply

Your email address will not be published. Required fields are marked *