ഉത്തരഖണ്ഡിലെ ഭയാനക പാതകൾ

പലകാലങ്ങളിലായി കേട്ടിട്ടുള്ളതും, വായിച്ചിട്ടുള്ളതുമാണ് ഉത്തരാഖണ്ഡിലെ
അതിസങ്കീർണ്ണമായ മലമ്പാതകളെപ്പറ്റി..!!
പത്രവാർത്തകൾ പലതും കേൾക്കാൻ ആഗ്രഹിക്കാത്തതാണ്.
അപകടത്തിൽപ്പെടുന്ന യാത്രാബസുകളെ പറ്റിയും അതിൽ പൊലിയുന്ന
ജീവനുകളെ പറ്റിയുമാകും അതിൽ പലതും വിവരിക്കുന്നത്..
അനുബന്ധമായി കൊടുത്തിരിക്കുന്ന ചിത്രങ്ങൾ കണ്ടുതന്നെയാണ് ഉത്തരാഖണ്ഡിലെ
ഈ പാതകൾ എന്നുമൊരു പേടിസ്വപ്നമായി മാറിയത്.
പച്ചപ്പ് നിറഞ്ഞ മലനിരകൾ ഇടിച്ചുനിരത്തിയും, വെട്ടിയൊതുക്കിയും നിർമ്മിച്ചെടുത്ത പാതകൾ..
മൺസൂണിൽ തകർന്ന് ചെളിവഴുക്കുന്നയിടങ്ങളിലൂടെ എത്ര കഷ്ടപ്പെട്ടാണ്
ഓരോ വണ്ടിയും കടന്നുപോകുന്നത്..
ഇടിഞ്ഞുതകരുംവിധം ദുർബലമായ മണ്ണാണ് പലയിടങ്ങളിലും കാണപ്പെടുന്നത്.
അടർന്നുപോയ പാതയിൽ വണ്ടിയുടെ അരികുപറ്റിയിരിക്കുമ്പോൾ
അത്യഗാധതയിൽ നൂലുപോലെ ചില നദികൾ പച്ചനിറത്തിൽ താഴേക്ക് പായുന്നതുകാണാം..
ഒന്ന് പാളിയാൽ വാഹനത്തിന്റേയും അതിനുള്ളിലെ മനുഷ്യരുടേയും വീണ്ടെടുപ്പ്
അസാധ്യം തന്നെ…!!

2019 സെപ്റ്റംബർ മാസം കേദാർനാഥിലേക്കുള്ള യാത്രയാണ് പലനാളുകളിൽ
ഓർത്തു ഭയപ്പെട്ടിരുന്ന ആ യാത്രയെ യാഥാർത്ഥ്യമാക്കിയത്.
ഡെറാഡൂണിൽ നിന്നും ഋഷികേശ് വഴി ഗുപ്‌തകാശിയിലേക്കുള്ള യാത്ര…

230 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
ദേവപ്രയാഗ് വരെയുള്ള ആദ്യപകുതി ബുദ്ധിമുട്ടില്ലാതെ കടന്നുപോയി
ഋഷികേശിൽ നിന്നും ദേവപ്രയാഗിലേക്കുള്ള യാത്ര ഇടയ്ക്കിടെ റോഡുനിർമ്മാണങ്ങൾക്കിടയിൽ
കുരുങ്ങിയെങ്കിലും മലനിരകളെ ചുറ്റിപ്പോകുന്ന ആ പാത സുന്ദരമായ കാഴ്ചകൾ കൊണ്ട്
യാത്രയെ സമ്പന്നമാക്കും. ഉത്തരാഖണ്ഡിലെ പാതകളെ അടയാളപ്പെടുത്താറുള്ള
പലയിടങ്ങളും ഇവിടെയാണ്.
ഇടുങ്ങിയതും തകർന്നതുമായ പാതയുടെ അരികിലൂടെ വളരെ പതിയെ
കടന്നുപോകുമ്പോൾ ചില്ലുഗ്ലാസ്സിനപ്പുറം അഗാധമായ താഴ്ചയും നേർത്തനദിയുടെ
നൂലുപോലുള്ള ഒഴുക്കും കണ്ട് അറിയാതെ കണ്ണുകൾ ഇറുകിയടയ്ക്കും..
അവിടം കടക്കുമ്പോഴുണ്ടാകുന്ന നിശ്വാസം
ജീവിതത്തിന്റെ തിരിച്ചുപിടിക്കലിന്റെ ആശ്വാസം പോലെ
അനുഭവപ്പെടുന്നുണ്ട് ചിലപ്പോൾ..

സഞ്ചാരികളോട് അധികം സംസാരിക്കാതെ ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകുന്ന
ഡ്രൈവർ മോനുഖാൻ, പക്ഷേ മലനിരയെ കീറിക്കടന്നുപോകുമ്പോൾ
മുന്നിലെ വലിയ കുന്നിന്റെ മുനമ്പ് ചൂണ്ടി ഒരു കാര്യം കൃത്യമായി പറഞ്ഞു.
അടുത്തകാലത്തെന്നോ ആ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ബസ്
അൻപതിലധികം യാത്രക്കാരുമായി താഴെ നേർത്ത നാരുപോലെ ഒഴുകിപ്പോകുന്ന
ഗംഗയിലേക്ക് ഇറങ്ങിപ്പോയത്രേ…
കാറിനുള്ളിൽ നിശ്ശബ്‌ദത..
എത്ര ലാഘവത്തോടെയാണയാൾ ആ അപകടത്തെ വിവരിച്ചത്..

ഉത്തരാഖണ്ഡിലെ അതിഭീകരമായ മലമ്പാതകളിൽ ജീവൻ പണയംവെച്ച്
വണ്ടിയോടിച്ച് ഉപജീവനം കഴിക്കുന്ന ഒരു ചെറുപ്പക്കാരൻ..

അയാൾ തന്റെ ജീവിതത്തിൽ കാണുന്ന എണ്ണമറ്റ അപകടങ്ങളിലൊന്ന്..

അയാൾ പറയട്ടെ…

മലകൾ ചുറ്റിക്കടന്നുപോകുമ്പോൾ ആ വളവും, കീഴ്ക്കാംതൂക്കായ കൊക്കയും
താഴേക്ക് പതിക്കുന്ന യാത്രാബസും കാണാം അതിനുള്ളിൽ കെട്ടിവരിയപ്പെട്ട്,
പുറത്തേക്ക് തള്ളുന്ന നിലവിളികൾ
മരങ്ങളെ ചവിട്ടിമെതിച്ച്
അത്യഗാധ ഗർത്തത്തിലേക്ക്
പമ്പരംപോലെ പായുന്നു

ദുർബലമായ മണ്ണാണ് ഉത്തരാഖണ്ഡിലെ മലമ്പാതകളെ ഇത്രയധികം ദുഷ്കരമാക്കുന്നത്.
പരിസ്ഥിതിലോലപ്രദേശമായ ഇവിടം പാറതുരന്നും മണ്ണിടിച്ചും മരംമുറിച്ചും നടത്തുന്ന
നിർമ്മാണപ്രവർത്തനങ്ങൾ പലതും തിരിച്ചടിയാകുന്നു.
അടിവാരത്തുനിന്നും കെട്ടിപ്പൊക്കുന്ന റോഡുകളോരോന്നും മഴയിലുംമലയിടിച്ചിലിലും
തകർന്ന് താഴ് വരയിലേക്ക് ഒലിച്ചുപോയതിന്റെ കാഴ്ചകൾ എത്രയിടങ്ങളിൽ കാണാം.

ദേവപ്രയാഗിൽ നിന്നും രുദ്രപ്രയാഗിലേക്കുള്ള യാത്രയും മലനിരകളുടെ
കയറ്റിറക്കങ്ങളാണ്. നദികളെ ചുറ്റിക്കടന്നുപോകുന്ന പാതയ്ക്കിരുവശവും
താഴ് വരകളിൽ ചിലത് ജനനിബിഡമാണ്
ചെറുപട്ടണങ്ങൾ
നിശബ്ദമായ ചില ഗ്രാമങ്ങൾ..
നദിക്കുകുറുകെ ഉരുക്കിൽ നിർമ്മിച്ച
ചെറുതും വലുതുമായ ചില തൂക്കുപാലങ്ങളുണ്ടാകും..
ഉത്തരാഖണ്ഡിലെ പതിവ് ഗ്രാമക്കാഴ്ച..
പ്രധാനപാതയിൽ നിന്നും ഗ്രാമം കടന്നെത്തുന്നത് ഏതെങ്കിലും ചെറുഗ്രാമങ്ങളിലാകും.
ചെറിയ തോതിൽ കൃഷിയും ആടുവളർത്തലുമായവർ
അതിസുന്ദര
ഗ്രാമജീവിതങ്ങളിലൂടെ കടന്നുപോകുന്നു.

രുദ്രപ്രയാഗിൽ നിന്നും അളകനന്ദയെ മുറിച്ചുകടന്നാണ് കേദാർനാഥിലേക്കുള്ള
യാത്ര തുടങ്ങുക.
ഉച്ചവെയിൽ ചാഞ്ഞുതുടങ്ങിയിരിക്കുന്നു.
പലയിടങ്ങളിലും റോഡുനിർമ്മാണം തകൃതിയായി നടക്കുന്നതിനാൽ
യാത്ര സുഗമമായിരുന്നില്ല..
ഈ പാതയിൽ 38 കിലോമീറ്റർ അകലെയാണ് അഗസ്ത്യമുനി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
അതിനപ്പുറം കുണ്ഡ് എന്ന ഗ്രാമം.
ഇരുൾ വീണുതുടങ്ങി.
വഴുക്കുന്ന റോഡിൽ വളയംപിടിച്ച് മോനുഖാൻ ക്ഷമകെട്ടു.
ഇടയ്ക്കിടെ അയാളെന്തോ പിറുപിറുക്കുന്നു.
അർജിത് സിംഗിന്റെ ശബ്ദത്തിൽ പുതിയ ഹിന്ദി സിനിമാഗാനങ്ങൾ കാറിനുള്ളിൽ
തണുപ്പിനൊപ്പം പ്രണയം നിറയ്ക്കുന്നു
പതുക്കെപ്പതുക്കെ
ഇരുട്ട് മരങ്ങൾക്കിടയിലൂടെ പാതയെ മൂടി.
രാത്രിയെ മുറിച്ച് മോനുഖാന്റെ ഇന്നോവയിൽ നിന്ന് മഞ്ഞവെളിച്ചം
തകർന്നുകിടക്കുന്ന വഴികളിലൂടെ അതിനെ മുന്നോട്ട് നയിച്ചു.
തലേന്ന് പെയ്ത മഴ മണ്ണിനൊപ്പം കുഴഞ്ഞുകിടപ്പുണ്ട്.
റോഡിൽ അതിനൊപ്പം കുണ്ടും കുഴികളും.
ഒരടി മുന്നോട്ട് പോകാൻ കഴിയാത്തവിധം ചങ്ങലക്കിട്ട് പിന്നിലേക്ക് വലിക്കുംപോലെ..
കുണ്ഡിൽനിന്നും ഗുപ്തകാശിയിലേക്കുള്ള ചെറിയ ദൂരം പിന്നിടാൻ
മണിക്കൂറുകൾ വേണ്ടിവന്നു. പാത മുഴുവൻ പാറക്കൂട്ടങ്ങൾ..
ഇടിച്ചുമറിയാതിരിക്കാൻ മോനുഖാൻ പലപ്പോഴും പണിപ്പെട്ടു.

ആ ഇരുളിൽ കുന്നുകയറിയെത്തിയപ്പോഴാണ് ഒരു പട്ടണത്തിന്റെ വെളിച്ചം കണ്ടത്.
ഗുപ്തകാശിയായിരുന്നു അത്..
അവിടെ എത്തിയപ്പോഴാണ് മനസിലായത് താമസസ്ഥലമായ സിർസിയിലേക്ക്
ഭട്ട വഴി ഇനിയും 20 കിലോമീറ്റർ പിന്നിടേണ്ടതുണ്ട്.
കുണ്ഡിൽ നിന്ന് തുടങ്ങിയ കുണ്ടുകുഴികൾക്ക് അവസാനമുണ്ടായിരുന്നില്ല.
ഓരോ വളവിലും റോഡ് നന്നാകും എന്ന പ്രതീക്ഷ മാത്രം ശേഷിച്ചു.
തണുപ്പും രാത്രിയും അരക്ഷിതമായ യാത്രയും ഉള്ളിൽ, മുമ്പെങ്ങുമില്ലാത്തവിധം
ഭയം നിറച്ചു.
മോനുഖാന്റെ പിറുപിറുക്കലുകൾ കൂടിവരുന്നുണ്ട്.
കുറ്റംപറയാനാകില്ല തകർന്നു തരിപ്പണമായ ഈ പാതയിൽ ക്ഷമയോടെ
വണ്ടിയോടിക്കുന്ന അയാളുടെ മാനസികാവസ്ഥ അതിനകം തകരാറിലായിട്ടുണ്ടാകും..

കുന്നിന്റെ മുനമ്പിലൂടെയാണിപ്പോൾ യാത്ര..
തുറന്നിട്ട ചില്ലുജനാലയ്ക്കുള്ളിൽ താഴ് വരയിലെ കാറ്റ് കടന്നുവരുന്നു.
പെട്ടന്ന്…
ചെളിവഴുക്കുന്ന പാതയിൽ
പാറക്കൂട്ടങ്ങൾക്കിടയിൽ വണ്ടിയൊന്നുപാളി..
എതിർവശത്തെ വാഹനത്തിന്റെ മഞ്ഞവെളിച്ചം അയാളുടെ കാഴ്ചയെ
തെല്ലുനേരം കെടുത്തിയിരിക്കാം..
ഒരു കുലുക്കത്തോടെ മലഞ്ചെരിവിലെ പാറയിൽ ഉരസി,
മുൻചക്രങ്ങൾ ചെളിയിൽ പുതഞ്ഞു.
വണ്ടിനിന്നു.
ഒരു നിലവിളി ഉള്ളിൽ കുരുങ്ങുന്നു.
വേഗം ഡോർ തുറന്ന് പുറത്തിറങ്ങി.
കീഴ്ക്കാംതൂക്കായ കുന്നിന്റെ നെറുകയിൽ
ഇടിഞ്ഞുതാണ മൺചാലുകളോട് ചേർന്നാണ് അതിന്റെ നിൽപ്പ്..

മലമ്പാതകളുടെ ഘടന മനസിലുള്ള ഒരു ഡ്രൈവർക്ക് മാത്രമേ ഈ വിധം
വണ്ടി സുരക്ഷിതമായി നിർത്താൻ കഴിയൂ, എന്ന് ആശ്വാസം കൊണ്ടു.
മോനുഖാന്റെ വലതുകാൽവെള്ളയിൽ അമർന്ന ബ്രെയ്ക്ക് പാഡിൽ
സുരക്ഷിതമായത് ചില ജീവിതങ്ങൾ കൂടിയായിരുന്നു..

താഴ് വരയിലെവിടെയോ നദിയൊഴുകുന്നു..
നേർത്തകാറ്റിനൊപ്പം അതിന്റെ ശബ്ദം തിരിച്ചറിയാൻ കഴിയുന്നുണ്ട്..
അപരിചിതമായ ആ പാതയിൽ
കേദാർനാഥിലേക്കുള്ള വാഹനങ്ങൾ
നിരനിരയായി കുന്നുകയറി വരുന്നത് കാണാം…
മോനുഖാൻ അക്ഷമനായിരുന്നു.
ഞങ്ങളും….

മഴയുടെ മുഴക്കങ്ങൾ..
തണുത്തകാറ്റ്….
ഇരുൾവഴിയിലെ ആ യാത്ര
അതി കഠിനമായ പാതയിലൂടെ
മുന്നോട്ട്….
ദുർഘടങ്ങളെ ഒന്നൊന്നായി
പിൻതള്ളി
പർവ്വതങ്ങൾക്കിടയിലെ
സിർസിയെന്ന
ചെറിയ കവലയിലെ
സ്വാമിനാരായൺ കോട്ടേജിൽ
ആ യാത്ര അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *