ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരങ്ങളിൽ ഒന്നായിരുന്നു അത്.
അത്രത്തോളം ജെല്ലിക്കെട്ട് എന്ന കാളപ്പോര് തമിഴിന്റെ കാർഷികസംസ്‌ക്കാരത്തോടും
മണ്ണിനോടും അലിഞ്ഞു ചേർന്നിരിക്കുന്നു.
അന്ന് ഒരു ജനത മുഴുവൻ തെരുവിലേക്കിറങ്ങിയിരുന്നു.
തമിഴ് കത്തുമെന്ന് കരുതിയ നാളുകൾ…

അതിനും എത്രയോ നാൾ മുമ്പ് ജെല്ലിക്കെട്ട് നേരിൽ കാണാനുള്ള മോഹം ഒരു കാളക്കൂറ്റനെ പോലെ
കുതിച്ചുപാഞ്ഞെത്തിയിരുന്നു.
കൃത്യമായ സ്ഥലങ്ങളും തീയതിയും മനസിലാക്കുമ്പോഴേക്കും പലപ്പോഴും അത്
കഴിഞ്ഞുപോയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഇത്തവണ വളരെ നേരത്തേ തന്നെ
ഒരു തയാറെടുപ്പ് നടത്തിയിരുന്നു. തമിഴിന്റെ പലഭാഗങ്ങളിലും മകരപ്പൊങ്കലിനോടനുബന്ധിച്ച്
ജെല്ലിക്കെട്ട് നടക്കാറുണ്ടെങ്കിലും മധുരയിലെ അലങ്കനെല്ലൂരും പാലമേടും
അവന്യാപുരവുമൊക്കെയാണ് പ്രധാനമെന്ന് മനസിലാക്കിയിരുന്നു.
അതിൽത്തന്നെ ആദ്യത്തെ ജെല്ലിക്കെട്ട് നടക്കുന്ന അവന്യാപുരത്തേക്ക് പോകാൻ തീരുമാനിച്ചു.

പൊങ്കലിന്റെ തലേദിവസമായിരുന്നു അവന്യാപുരം ജെല്ലിക്കെട്ട്.
രാവിലെ 8 മുതൽ വൈകിട്ട് 3 വരെയാണ് ജെല്ലിക്കെട്ട് നടക്കുക.
കൊല്ലത്തുനിന്നും മധുരയ്ക്ക് 5 മണിക്കൂറോളം യാത്ര.
രാവിലെ തന്നെ പുറപ്പെട്ടു.
പത്തനംതിട്ട കാതലിക്കേറ്റ് കോളജ് മലയാളവിഭാഗം അധ്യാപകനും എഴുത്തുകാരനുമായ
സുഹൃത്ത് ഡോ: എം എസ് പോൾ, ഇരിട്ടി താലൂക്ക് സപ്ലൈഓഫീസറായ നൗഷാദ് സർ ,
സുഹൃത്ത് ദീപക് എന്നിവരടങ്ങുന്ന നാൽവർ സംഘം.
തമിഴ് യാത്രയിലെ പതിവ് തെറ്റിച്ചില്ല.
തെങ്കാശിയിലെ ബെൽമങ്കിയിൽ നിന്നും ചൂടുള്ള ഇഡ്ഡലിയും സാമ്പാറുമടങ്ങുന്ന പ്രാതൽ.
കഴിച്ചുകഴിഞ്ഞപ്പോഴേക്കും വെളിച്ചം കുടഞ്ഞിട്ട് സൂര്യൻ ഉദിച്ചുയർന്നുകഴിഞ്ഞു.
നൂറ്റമ്പത് കിലോമീറ്ററിനപ്പുറം ഇനിയും പിന്നിടാനുണ്ട്.
വിശ്വസ്തനായ സുഹൃത്ത് ദീപക്കിന്റെ കയ്യിൽ വളയം സുരക്ഷിതമാകുമ്പോൾ
അത്തരം ടെൻഷനുകളെ മാറ്റിവെക്കാൻ കഴിയാറുണ്ട്.
കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെ കാർ ചീറിപ്പാഞ്ഞു.

ഔട്ടർമധുരയിലെ ഒരു ജനത്തിരക്കുള്ള തെരുവായിരുന്നു അവന്യാപുരം.
11 മണിയോടെ കാർ താൽക്കാലിക പാർക്കിങ് ഗ്രൗണ്ടിലേക്ക് കടന്നുനിന്നു.
ചുറ്റിലും കൊമ്പുകൾ രാകിമിനുക്കി വാൾത്തലപോലെ കൊണ്ടുനടക്കുന്ന
കാളക്കൂറ്റന്മാരും അവരുടെ മനുഷ്യരും മരത്തണലിൽ വിയർപ്പാറ്റുന്നു.
ഊഴം തേടി പോരുകാളകൾ തെരുവ് നിറയുന്നു.
ഉള്ളിൽ ഭീതി പടരുന്ന ഉത്സവാന്തരീക്ഷം..
വിലപിടിപ്പുള്ള ക്യാമറകളുമായി അത്ര സുരക്ഷിതമല്ലാത്ത ചുറ്റുപാടിലേക്ക്
നടന്നുകയറുന്നതിന്റെ അസ്വസ്ഥത കണ്ണുകളിൽ പരസ്പരം തിരിച്ചറിയുന്നു.
ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറുന്ന കാളക്കൂറ്റന്മാർ..
മുറിവുപറ്റാതെ ചിതറിയോടുന്ന ഉന്മാദികളായ മനുഷ്യർ…
എന്തൊരു കാഴ്ച….!!!
ജെല്ലിക്കെട്ട് കാണാനും ചിത്രങ്ങളെടുക്കാനുമുള്ള സുരക്ഷിതമായ ഒരു സ്ഥലം തേടി
കണ്ണുകൾ പരാതി നടന്നു. കെട്ടിടങ്ങൾക്ക് മുകളിൽ, മരക്കൊമ്പുകളിൽ
വലിഞ്ഞുകയറി….. ഇല്ലാ രക്ഷയില്ല….
200 മീറ്റർ അകലെയാണ് ജെല്ലിക്കെട്ട് നടക്കുന്നത്. തെരുവിന്റെ മൂലകളിൽ
കൂറ്റൻ സ്‌ക്രീനുകളിൽ അതിന്റെ തത്സമയ ദൃശ്യങ്ങൾ..
ഉച്ചവെയിലിൽ ജനക്കൂട്ടം ആർത്തുവിളിക്കുന്നു.

ജെല്ലിക്കെട്ട് നടക്കുന്നിടത്തേക്കുള്ള ഓരോ യാത്രയും ആൾക്കൂട്ടത്തിരക്കിൽ
ഞെരിഞ്ഞൊടുങ്ങുന്നു. തെരുവിൽ നിരനിരയായ് ഊഴം കാത്ത് ആംബുലൻസ് സംവിധാനങ്ങൾ..
കർമ്മനിരതരായ മെഡിക്കൽ സംഘങ്ങൾ…
എന്തൊരു ലോകമാണിത്…!!!
തികച്ചും അപരിചിതമായ മറ്റൊരിടം..
മറ്റൊരു സംസ്കാരം..
ഏതു നിമിഷവും മരണത്തിലേക്ക് എടുത്തെറിയാവുന്ന ഒരു പോരാട്ടത്തിലേക്ക്
പാഞ്ഞടുക്കുന്ന വീരന്മാർ..
സമയം 2 മണി കഴിഞ്ഞു.
ജെല്ലിക്കെട്ട് അവസാനിക്കാറായിരിക്കുന്നു.
പലയിടങ്ങളിൽ,
തെരുവിന്റെ മൂലകളിൽ ക്യാമറയുമായി നിരാശരായി ഒരുപാട് പേർ..
പാഴായ ഒരു യാത്ര…
ഒരു ശ്രമം കൂടി നടത്താമെന്ന ദീപക്കിന്റെ വാക്കിനൊപ്പം നടന്നു.
പ്രസ് ഗാലറിക്കടുത്തേക്ക് തള്ളിയും ഞെരുങ്ങിയും നീങ്ങി.
കാവൽ നിന്ന പോലീസുകാരോട് കാര്യം പറഞ്ഞു,
പിന്നെ പ്രതീക്ഷയോടെ കാത്തുനിന്നു.
കേരളത്തിൽ നിന്നും ജെല്ലിക്കെട്ട് കാണാൻ മോഹിച്ചെത്തിയവരുടെ
ആത്മാർത്ഥത കണ്ടിട്ടാകും പ്രസ് ഗാലറിയിലേക്കവർ രഹസ്യമായി കടത്തിവിട്ടു.
സമയം 2.30. ശേഷിക്കുന്നത് അരമണിക്കൂർ..
ഗാലറിക്ക് മുകളിൽ നിന്ന് ജെല്ലിക്കെട്ടിന്റെ ചടുലമായ കാഴ്ച്ചകൾ.
ഫോട്ടോഗ്രാഫർമാരുടെ ആർത്തിപ്പിടിച്ച ക്ലിക്കുകൾ..
ഇടുങ്ങിയ വഴിയിൽ നിന്നും ചകിരിനാരിന്റെ മെത്തപാകിയ കളത്തിലേക്ക്
കടത്തിവിടുന്ന പോരുകാളകൾ…
അതിനെ കീഴ്പ്പെടുത്താനായി ചാടിവീഴുന്ന പോരാളികൾ…
കരുത്തും ചങ്കുറപ്പും ഒത്തുചേരുന്ന പുരുഷവീര്യത്തിന്റെ പോരാട്ടക്കാഴ്ച..
പലനിറങ്ങളിൽ.
പലജേഴ്‌സികളിൽ ടീമുകൾ മാറിയെത്തുന്നു.
കാളയെ കീഴ്പ്പെടുത്തുന്നവർ,
കുതറിത്തെറിക്കുന്നവർ,
കളത്തിലേക്ക് പറന്നുവീഴുന്നവർ…
ഭാഗ്യം..!!
പരിക്കുകൾ തീരെ കുറവാണ്. അതുകൊണ്ടുതന്നെ മത്സരം 1 മണിക്കൂർ കൂടി
നീട്ടിവെക്കാൻ ഭരണകൂടം തീരുമാനിച്ചു.
നന്നായി…
അവന്യാപുരത്തെ കാഴ്ചകൾ ഓർത്തുവെയ്ക്കാനായി ആ സമയം
ധാരാളമായിരുന്നു. കൃത്യമായ പരിശീലനം കിട്ടിയ വീരന്മാരുടെയും
പോരുകാളകളുടെയും
ജയപരാജയങ്ങളുടെ,
ഒഴിഞ്ഞുമാറലിന്റെ,
കുതറിത്തെറിക്കലിന്റെ
മനോഹരമായ ഒരു കാഴ്ച.

ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തോടും കാർഷിക ജീവിതത്തോടും
വല്ലാതെ ഇഴപിരിഞ്ഞുകിടക്കുന്നു.
നരവീണ തെരുവിലും,
കൂനിക്കൂടിയ മനുഷ്യരിലും,
തേൻകരിമ്പ് കടിച്ചൂറ്റുന്ന കുട്ടികളുടെ ഇരുണ്ട കണ്ണുകളിലും അതുകാണാം..
ഉറുമ്പരിക്കുന്നപോലെയുള്ള തെരുക്കൂട്ടങ്ങൾക്കിടയിൽ ഒരിടത്തും
ഒരു പെൺകുട്ടിയെ പോലും കാണാൻ കഴിഞ്ഞില്ല എന്നത് കൗതുകമായിരുന്നു.
അതേ..
ഇത് പുരുഷവീര്യത്തിന്റെ വീരവിളയാട്ടമാണ്..
മാറ്റങ്ങൾക്ക് വിധേയപ്പെടാതെ,
വെയിൽച്ചൂടിൽ പഴുത്ത,
കറുത്തിരുണ്ട,
ദ്രവീഡിയൻ കരുത്തിന്റെ
ജ്വലിക്കുന്ന,
സിംഹസൗന്ദര്യം
