ആനക്കൂട്ടങ്ങൾക്കിടയിൽ ഒരു പുഴയാത്ര

”കാട്ടാനകളെ കാടിനുള്ളിൽ വച്ച് കാണാൻ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ്.
അത് അങ്ങനെ എല്ലാവർക്കും ലഭിക്കാറില്ല. നിങ്ങൾക്ക് ആ ഭാഗ്യമില്ല”

കാട്ടാനകളെ കാണാനും കഴിയുമെങ്കിൽ ഒരു ചിത്രമെടുക്കാനും കഴിഞ്ഞ നാലുകൊല്ലമായി
പൂയംകുട്ടിയാറിന്റെ പരിസരങ്ങളിൽ ചുറ്റിക്കറങ്ങിയിരുന്ന ഒരാളോട്
എത്ര ദാക്ഷണ്യമില്ലാതെയാണ് ചില സുഹൃത്തുക്കൾ ഇങ്ങനെ പറഞ്ഞുകളഞ്ഞത്.

അവരെ കുറ്റം പറയാനും കഴിയില്ല.
ആനയുടെ ചിത്രങ്ങളെടുക്കാൻ,
അല്ല, വെറുതെ ഒന്നു കാണാൻ
നാല് കൊല്ലത്തിനിടയിൽ
എത്ര തവണ,
കുട്ടമ്പുഴയിൽ,
മാമലക്കണ്ടത്ത്,
വടാട്ടുപാറയിൽ,
ഇങ്ങനെ
കാട്ടുപാതയിലൂടെ വന്നുപോയി.
പൂയംകുട്ടിയാറിന്റെ മറുകരയിൽ ഈറ്റക്കാടുകളെ ചവിട്ടിമെതിച്ച്
പുഴയിലേക്ക് നൂണ്ടിറങ്ങുന്ന ആനക്കൂട്ടങ്ങൾ.
അവയുടെ നീരാട്ട്,
കൊമ്പന്മാർ
മോഴകൾ
കുട്ടിക്കൂട്ടങ്ങൾ
അങ്ങനെ പുഴയുടെ,
കാടിന്റെ
അതിസുന്ദരമായ ദൃശ്യഭംഗിയിൽ
സ്വയം കളിച്ചുതിമിർക്കുന്ന ആനപ്പടയുടെ ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും
വ്യത്യസ്‍തമായ ഓരോ കാഴ്ചയും ഇപ്പോഴും ഭ്രമിപ്പിക്കുന്നതു തന്നെയാണ്.

പുഴയിലേക്ക്

കാലം തെറ്റിയെത്തിയ ഈ മഴക്കാലത്തും അത്തരമൊരു കാഴ്ച മോഹിച്ച്
വീണ്ടും കുട്ടമ്പുഴയിലെത്തി.
ഇത്തവണ പൈനാപ്പിൾ തോട്ടങ്ങൾക്ക് നടുവിലെ “Birds murmur” എന്ന ടെന്റ് ക്യാമ്പിൽ
താമസമുറപ്പിച്ചു.
മുന്നിലെ മനോഹരമായൊരു പുൽത്തകിടിയിലിരുന്ന്
പുഴക്കരയിലെ കാടു കാണാം എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ
ഏറ്റവും പ്രധാന കാര്യം.
പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിപ്പരക്കുന്ന പൂയംകുട്ടിയാറിന്
ഇവിടെ അൽപ്പം വീതി കുറവാണ്.
എതിർവശത്തെ ഈറ്റക്കാടുകൾക്കിടയിൽ താവളമുറപ്പിച്ചിരിക്കുന്ന
ആനക്കൂട്ടങ്ങളെ,
ഭാഗ്യമുണ്ടെങ്കിൽ കാണാൻ കഴിയുമെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ
മറ്റൊരു കാരണം.
പൈനാപ്പിൾ തോട്ടങ്ങൾക്ക് നടുവിൽ മഞ്ഞുപെയ്യുന്ന സായാഹ്നങ്ങളിൽ
വൈദ്യുതവേലികളാൽ സുരക്ഷിതമാക്കിയ പുൽത്തകിടിയിലെ ചാരുകസേരകൾ
അതിസുന്ദരമായ കാടനുഭവങ്ങളിലേക്ക് ഇങ്ങനെ കണ്ണുതുറന്നു വയ്ക്കുന്നു.

പെട്ടെന്ന്,
ഇരുട്ടുമൂടിയ സായാഹ്നത്തെ ചവിട്ടിമെതിച്ചുകൊണ്ട് എതിർവശത്തെ
ഈറ്റക്കാടുകൾ ഉലഞ്ഞുമറിയുന്നു.
അമ്പരപ്പോടെ,
കാടിളക്കിയെത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ ഗർവ്വ് കണ്ടിരുന്നു.
ഈറ്റക്കാടുകൾ അടപടലം പിഴുതെറിയാതെ അടുക്കുംചിട്ടയുമുള്ള തീറ്റ.
പതുക്കെ ക്യാമറക്കണ്ണുകൾ തുറന്നുവച്ചു.
എത്ര കാത്തിരുന്നിട്ടും കൃത്യമായൊരു കാഴ്ച്ചയിലേക്കത് ഇറങ്ങി വരുന്നില്ല.
ഈറ്റക്കാടുകൾക്കിടയിലൊരു മിന്നായം പോലെ, ഒളിച്ചുകളിക്കുന്നു.

പുഴയിലെ നീരാട്ട്

കണ്ണുകളെ കാത്തിരിപ്പ് , മുഷിപ്പിച്ച് തുടങ്ങിയപ്പോഴാണ് കുട്ടമ്പുഴ സ്റ്റേഷനിലെ
ജോളിസാറിന്റെ വിളിയെത്തിയത്.
കുറച്ചകലെ ആനക്കയം കടവിലും ഇപ്പോൾ ആനയുണ്ടത്രേ..
ഒരൽപം റിസ്കാണ്..
പുഴയുടെ നടുവിൽ ഈറ്റക്കാടിനിടയിലാണ് ആനക്കൂട്ടത്തിന്റെ നിൽപ്പ്.
എന്തായാലും പോകാൻ തീരുമാനിച്ചു.
കടവിലെത്തിയപ്പോഴേക്കും അദ്ദേഹം തോണി തരപ്പെടുത്തിയിരുന്നു.
പുഴയിലൂടെ നിശബ്ദമായി ആ തോണി നീങ്ങി.
പൂയംകുട്ടിയാറിന്റെ വിശാലതയിലൂടെ ഈറ്റക്കാടുകൾക്ക് നടുവിൽ
ആനക്കൂട്ടത്തിന്റെ നിൽപ്പ്

സുരക്ഷിതമായ അകലം പാലിക്കേണ്ടതുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ശ്രദ്ധാപൂർവമായിരുന്നു ആ യാത്ര.
പുഴയോടൊപ്പം വളർന്ന രണ്ടു ചെറുപ്പക്കാരാണ് വള്ളമൂന്നിയത്.
ഒഴുക്കിനെ കൃത്യമായി അളന്നാണ് ആ യാത്ര.
നിയന്ത്രണം നഷ്ടമായാൽ ഒരുപക്ഷേ താഴെ നിൽക്കുന്ന ആനക്കൂട്ടത്തിന്
മുന്നിലേക്കാവും ആ തോണി ഒഴുകിയെത്തുക.
പുഴയുടെ ചുഴികളെ ഭേദിച്ചത്
മുന്നോട്ട് നീങ്ങുന്നു.
ഈറ്റക്കാടുകളെ,
മുളങ്കാടുകൾക്കിടയിലുള്ള നേർത്ത ചാലുകളെ,
ഇടയ്ക്കുള്ള പാറക്കൂട്ടങ്ങളെ
അതിജീവിച്ച് തോണിയിപ്പോൾ ആനക്കാഴ്ചകൾ ക്യാമറയ്ക്ക് നൽകുന്നു.
ഒറ്റയ്ക്കും,
കൂട്ടമായും
അവയിപ്പോൾ ക്യാമറയ്ക്ക് മുന്നിലുണ്ട്.

പുഴയിലെ ആനക്കൂട്ടങ്ങൾ

ഉള്ളിലൊരാന്തലുണ്ട്….
വെള്ളത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ
തുഴയൂന്നി നിർത്തി എത്രനേരമിങ്ങനെ ഒഴുക്കിനെ അതിജീവിക്കും..?

വെളിച്ചം കുറവെങ്കിലും ആവശ്യത്തിന് ചിത്രങ്ങളായി..
മടങ്ങിപോവുക തന്നെ..
ഇരുണ്ടു തുടങ്ങിയെങ്കിലും മനോഹാരിത ഒട്ടും കുറഞ്ഞുപോകാതെ
പുഴയുടെ കിടപ്പ്..
ഓരോ യാത്രയിലും വിസ്മയിപ്പിച്ച ആറിന്റെ
കാടിന്റെ,
നാല് വർഷത്തോളം കാണാമറയത്ത് നിന്ന കാട്ടാനകളുടെ
വന്യമായ സൗന്ദര്യം എങ്ങനെ വിവരിക്കും..!!

കരയിലെത്തിയപ്പോഴാണ് ഓർത്തത്.
Birds Murmur ക്യാമ്പിന്റെ മറുകരയിലെ ആനക്കൂട്ടമിപ്പോൾ മടങ്ങിയിട്ടുണ്ടാകുമോ..?
ഓർത്തപ്പോൾ തന്നെ കാറിന്റെ വേഗത കൂടിയിരിക്കുന്നു.
പൈനാപ്പിൾ പാടങ്ങൾക്കിടയിലെ ചെമ്മൺ വഴിയിലെത്തിയപ്പോഴേക്കും
മറുകരയിൽ ഈറ്റക്കമ്പൊടിയുന്ന ശബ്ദം കേട്ടു.

ദാഹം തീർക്കൽ

പോയിട്ടില്ല..
അവിടെത്തന്നെയുണ്ട്..
ക്യാമറ തയാറാക്കിയപ്പോഴേക്കും കാത്തിരുന്നതുപോലൊരു കുട്ടിയാന
പാറക്കൂട്ടങ്ങൾക്കിടയിലൂടെ പുഴയിലേക്കിറങ്ങി വന്നു.
കരയിൽ നിന്നുതന്നെ വെള്ളം കുടിച്ച് മടങ്ങി.
എത്ര തവണ ക്ലിക്ക് ചെയ്തെന്നറിയില്ല…
അൽപ്പനേരം ആ പുൽത്തകിടിയിൽ സ്വയം മറന്നിരുന്നു.
എത്ര നാളത്തെ കാത്തിരിപ്പാണ്…
എത്ര തവണ ഇതിനായി യാത്ര ചെയ്തു.
അതേ…
സുരക്ഷിതമായ അകലത്തിൽ നിന്ന് ഇങ്ങനെ
ചിത്രങ്ങളെടുക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്…

പൈനാപ്പിൾ പാടങ്ങൾ
മഞ്ഞുമൂടിയ വഴികൾ

ഈറ്റക്കാടുകൾ നിശബ്ദമായിരിക്കുന്നു.
ആനക്കൂട്ടങ്ങൾ കാടുകയറിയിട്ടുണ്ടാകാം.
Birds Murmur ക്യാമ്പിലെ വിളക്കുകൾ തെളിഞ്ഞു.
ചുറ്റിലും പടർന്നു നിൽക്കുന്ന കാടിന് മുകളിലേക്ക്
ഇരുട്ട് പതുക്കെ വളർന്നു വന്നു.

Leave a Reply

Your email address will not be published. Required fields are marked *