ബനിഹാളിലെ തുരങ്കപാത

കൈകളിൽ ഉയർത്തിപ്പിടിച്ച തോക്കുമായി യൂണിഫോമിലുള്ള ഒരു പട്ടാളക്കാരൻ
നേർത്ത വെളിച്ചത്തിൽ അടുത്തേക്ക് വന്നു. കാറിനുള്ളിൽ ലൈറ്റിടാൻ ആവശ്യപ്പെട്ടു.
ശേഷം സൂഷ്മമായ ഒരു നിരീക്ഷണം.
ഡിക്കി പരിശോധിച്ച് ഉറപ്പുവരുത്തി.
പിന്നെ യാത്രയെ പറ്റിയുള്ള അന്വേഷണം..

അമൃത്‌സറിലേക്കുള്ള യാത്രയായിരുന്നു അത്.
420 കിലോമീറ്റർ. ഒരു പകൽ.
വൈകിട്ട് വാഗാബോർഡറിലെ ചടങ്ങുകൾകൂടി കാണേണ്ടതുണ്ടായിരുന്നതിനാൽ
അതിരാവിലെ തന്നെ ശ്രീനഗറിൽ നിന്നും പുറപ്പെട്ടു.
നേർത്ത മൂടൽമഞ്ഞിനെ ചിതറിച്ച് ജമ്മു-ശ്രീനഗർ ഹൈവേയിലൂടെ കാറ് പായുമ്പോൾ
ഉള്ളിൽ ഭയത്തിന്റെ ഒരു കൊളുത്ത്.
വിജനമായ പാത.
കശ്മീർ തീവ്രവാദി അക്രമങ്ങളെപ്പറ്റി ഇടയ്ക്കൊക്കെ കേൾക്കാറുള്ള പാതയാണിത്.
പാംപോറും പുൽവാമയുമൊക്കെ കടന്ന് തലയ്ക്കുള്ളിലെ നേർത്ത വെടിയൊച്ചയ്ക്കൊപ്പം
വണ്ടി പായുന്നു. തിരക്കില്ലാത്ത പാത ഒരർത്ഥത്തിൽ അനുഗ്രഹമായിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ ദൂരങ്ങൾ പിന്നിടാൻ കഴിഞ്ഞു.
ഉധംപൂരിലെ മലയിടുക്കുകൾക്കിടയിൽ മൂടൽമഞ്ഞ് അല്പം അപകടകാരിയാണെന്ന്
സുഹൃത്തുക്കൾ ഓർമ്മപ്പെടുത്തിയിരുന്നു. എങ്കിലും പ്രതീക്ഷിച്ച അത്ര ബുദ്ധിമുട്ട്
നേരിട്ടില്ല.

” അരമണിക്കൂർ കാത്തിരിക്കേണ്ടി വരും, ടണലിനുള്ളിൽ പരിശോധന നടക്കുകയാണ് “

ഇത്രയും പറഞ്ഞ് പട്ടാളക്കാരൻ മടങ്ങി.
അപ്പോഴാണ് ബനിഹാൾ തുരങ്കത്തിനുമുന്നിലാണ് വണ്ടിയെത്തിയിരിക്കുന്നതെന്ന്
മനസിലായത്. തോക്കുകളേയും കുഴിബോംബുകളേയും
പ്രതീക്ഷിക്കാവുന്ന മേഖല.
തുരങ്കപാതയിലെ പരിശോധന സൈന്യത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയതാണ്.
ഇരുട്ടിലൂടെ കടന്നുവരാറുള്ള അപകടങ്ങളെ ചെറുക്കേണ്ടതുണ്ട്..

പുറത്തെ തണുപ്പിലേക്ക് അൽപനേരം ഇറങ്ങി നിന്നു.
മലഞ്ചെരിവിലെ ആപ്പിൾമരങ്ങളുടെ ചെറുചില്ലയിൽ നിന്നും തണുപ്പിന്റെ തുള്ളികൾ
ഊർന്നുവീഴുന്നു. ഇടയ്ക്ക് ജാക്കറ്റിനുള്ളിലേക്ക് നുഴഞ്ഞുകേറാനുള്ള ശ്രമങ്ങൾ..
അസഹ്യമായപ്പോൾ കാറിനുള്ളിലെ ചൂടിലേക്ക് മടങ്ങി.
അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും
ഒരു പട്ടാളവണ്ടി തുരങ്കത്തിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു.
പരിശോധന പൂർത്തിയായിരുന്നു.
മുമ്പ് കണ്ട പട്ടാളക്കാരൻ ബങ്കറിനുള്ളിൽ നിന്നും പുറത്തുകടന്നു.
മുന്നോട്ട് പോകുവാൻ ആംഗ്യം കാണിച്ചു. ശ്രദ്ധിച്ച് പോകണമെന്ന ഒരു മുന്നറിയിപ്പും നൽകി.
കാർ പതുക്കെ നീങ്ങി തുടങ്ങി.
മൂന്നുകിലോമീറ്ററോളം നീളമുള്ള ബനിഹാൾ ടണൽ.
അപകടകരമായ മലനിരകളെ തുരന്ന് 1954 പണിതെടുത്ത തുരങ്കപാത.
ഇടയ്യിടെ ചില നവീകരണ പ്രവർത്തനങ്ങൾ.
ഉള്ളിൽ തങ്ങിനിൽക്കുന്ന മുഴക്കത്തോടെ നിശബ്ദമായി ആ പാത പിന്നിട്ടു.
മറുവശത്ത് സായുധരായ പട്ടാളക്കാർ. പിന്നെ ശ്രീനഗറിലേക്കുള്ള ചില വാഹനങ്ങളും.

മുന്നിലെ മലമടക്കുകളിൽ നിരന്ന മനോഹരമായ മരങ്ങൾക്കിടയിലൂടെ വണ്ടിനീങ്ങി.
ഹെയർപിൻ വളവുകൾ ഒന്നൊന്നായി പിന്നിട്ടു.
അടിവാരത്ത് എത്താറായപ്പോഴേക്കും പാതയോരത്ത് തകരകഷ്ണങ്ങളും ടാർപ്പോളിനും
കൊണ്ട് മറച്ച ഒരു ചെറിയ കട കണ്ടു. വണ്ടിയൊതുക്കി.
കച്ചവടക്കാരൻ ഉറക്കത്തിലാണ്.. പതുക്കെ തട്ടിവിളിച്ചു.
അധിക ദൂരത്തല്ലാതെ ചില ട്രെക്കുകൾ ഒതുക്കിയിട്ടിരിക്കുന്നു..
രാത്രിയെത്തിയ വാഹനങ്ങൾ താഴെ ഒതുക്കിയിട്ടിരിക്കുകയാണ്.

കച്ചവടക്കാരൻ ചായ തയാറാക്കിത്തുടങ്ങി.
കൂറ്റൻമലനിരകളിൽ നിന്നിറങ്ങിവന്ന തണുത്ത കാറ്റ്
ആ ചെറിയ കടയെ താഴ് വരയിലേക്ക് പറപ്പിച്ചുകൊണ്ടുപോകുമെന്ന് തോന്നിപ്പോയി.
സമോവറിൽ തീയാളുന്നു
തണുത്തുമരവിച്ച കൈകളെ ഒന്ന് ചുട്ടെടുത്തു.
പൊള്ളുന്ന കട്ടൻചായ ഉള്ളിലേക്കൊഴിച്ച് കാറിലേക്ക് മടങ്ങി.
അസഹനീയമായ ആ തണുപ്പിൽ നിന്നും
പലായനം തുടർന്നു….

Leave a Reply

Your email address will not be published. Required fields are marked *