ആനപ്പേടിയിൽ ക്ണാച്ചേരി വനക്ഷേത്രം

കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയ്ക്കടുത്താണ് ക്ണാച്ചേരി.
ഏകദേശക്കണക്കിൽ പറഞ്ഞാൽ അഞ്ചോ ആറോ കിലോമീറ്റർ ഉണ്ടാകും ഇവിടേക്കുള്ള ദൂരം.
ക്ണാച്ചേരിയ്ക്ക് ഏറെ അകലെയല്ലാത്ത പിണവൂർകുടി ഒരു ട്രൈബൽ ഗ്രാമമാണ്.
മരങ്ങൾക്കിടയിലൂടെ ഇവിടേക്കുള്ള യാത്ര, കുട്ടമ്പുഴയിലെ മറ്റു പാതയിലെന്ന പോലെ,
മനോഹരമായ കാഴ്ചയാണ്.
ഇടയ്ക്കൊക്കെ ആനക്കൂട്ടങ്ങൾ നാടുകാണാനിറങ്ങുന്ന ഇടങ്ങളാണ് മിക്കതും.
ചെറിയ വഴിയിലെ ഏതെങ്കിലുമൊരു വളവിൽ കൂട്ടമായോ, കൂട്ടം തെറ്റിയോ അവയെ കണ്ടേക്കാം..
ആന മാത്രമല്ല മ്ലാവും, മാൻകൂട്ടങ്ങളും മരച്ചില്ലകളിൽ മലയണ്ണാനും
മലമുഴക്കുന്ന വേഴാമ്പലും
കണ്ടേക്കാം..
പക്ഷി നിരീക്ഷണത്തിനും ചിത്രങ്ങളെടുക്കാനുമെത്തുന്നവർ ചിലപ്പോഴൊക്കെ
ഇവിടെ തമ്പടിക്കാറുണ്ട്.
കുട്ടമ്പുഴ പഞ്ചായത്തിൽ മനുഷ്യർക്കായി നിർമ്മിച്ച നിയമവും,
മൃഗങ്ങൾക്കായി അവർ തന്നെ നിർമ്മിച്ച നിയമവും പരസ്പരം
കൈവയ്ക്കാതെ
മുന്നോട്ടു പോകുന്നു.

ആനക്കൂട്ടങ്ങൾ കാണാറുള്ള പാത

കുട്ടമ്പുഴ നിന്നും മാമലക്കണ്ടത്തേക്കുള്ള പാതയിൽ ഉരുളന്തണ്ണി കഴിഞ്ഞാണ്
മരക്കൂട്ടങ്ങൾ നിറഞ്ഞ്, മനോഹരമായൊരിടത്ത് വഴി രണ്ടായി പിരിയുന്നത്.
ഇടത്തേക്കുള്ള മൺപാത മാമലക്കണ്ടത്തേക്കുള്ളതാണ്.
മിക്കപ്പോഴും മൃഗങ്ങളുടെ സാന്നിധ്യമുള്ള വഴിയാണിത്.
വലത്തേക്കുള്ള പാതയിൽ അധികം ദൂരത്തല്ല പിണവൂർ കുടി.
ഏതാനും ചില കടകളും വീടും
ട്രൈബൽ സ്‌കൂളുമൊക്കെ
ചേരുന്നതാണ് പിണവൂർ കുടി.

പിണവൂർ കുടിയിൽ നിന്നും വലത്തേയ്ക്ക് അടുത്തുതന്നെയാണ്
ക്ണാച്ചേരി എന്ന ചെറിയ കാർഷിക ഗ്രാമം
കാടിന്റെ ഓരം പറ്റിയിരിക്കുന്നത്.
ഗ്രാമമെന്ന വിശേഷണത്തോളം
വിശാലമല്ല ഇവിടം.
കൃഷി ഉപജീവനമാക്കിയ ഒരു കൂട്ടം മനുഷ്യർ ഇവിടെ കഴിഞ്ഞുകൂടുന്നു.
ക്ണാച്ചേരി എത്തും മുമ്പ് ഇടത്തേക്ക് കാടിനുള്ളിൽ മനോഹരമായൊരു വഴിയുണ്ട്.
പച്ചപ്പിന്റെ ഈ കൂട് തുടങ്ങുന്നിടത്തു തന്നെ ക്ഷേത്രത്തിന്റെ ബോർഡ് കാണാം.
ഇവിടെ നിന്ന് കാട് തുടങ്ങുന്നു.
ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്ക്
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ
പെർമിഷൻ ആവശ്യമാണ്.
ഇരുട്ട് നിറഞ്ഞ അടിക്കാടുകൾക്കിടയിലൂടെ കൂറ്റൻ മരങ്ങളെ പിന്നിട്ട്,
ചെറിയൊരു അരുവി കടന്ന്,
ഒരു കിലോമീറ്ററോളം ആ പാത പിന്നിട്ടാൽ
അതി മനോഹരമായൊരു ക്ഷേത്രത്തിനു മുന്നിലെത്താം.
ക്ണാച്ചേരി വനദുർഗ്ഗാ ക്ഷേത്രം.

ക്ണാച്ചേരി ക്ഷേത്രം

മരങ്ങൾക്കിടയിൽ ചതുപ്പിൽ തകർന്നുകിടക്കുന്ന
ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അതിന്റെ പഴക്കം
അടയാളപ്പെടുത്തുന്നു.
പുതുക്കി പണിത
മനോഹരമായൊരു ക്ഷേത്രം
അതിനു സമീപത്തു തന്നെ കാണാം.
ചെറുതെങ്കിലും ഇരുട്ടുമൂടിയ ആ കാടിന് നടുവിൽ
അത് മനോഹരമായ കാഴ്ചയാണ്…
കാടിന്റെ കാവൽ…

ചുറ്റിലും കൂറ്റൻ വൃക്ഷങ്ങൾ..
വൃക്ഷങ്ങളിൽ പക്ഷിക്കൂട്ടങ്ങൾ..
കാടിനുള്ളിലേക്ക് ഓടിമറയുന്ന മാൻകൂട്ടങ്ങൾ…
ഇലത്തലപ്പുകൾക്കിടയിൽ
പച്ചിലപ്പാമ്പിന്റെ ഒളിനോട്ടങ്ങൾ…

പ്രകൃതി എന്നും അതിന്റെ വിസ്മയിപ്പിക്കുന്ന ഇടങ്ങളിൽ
നിശബ്ദതയോടെ നമ്മെ നോക്കി നിൽക്കും..
ആ തണുപ്പിൽ നിന്നും മടങ്ങിപ്പോകാൻ
ആരാണ് ആഗ്രഹിക്കുന്നത്…?

ക്ഷേത്രത്തിലേക്കുള്ള പാതകൾ

Location:
എറണാകുളം ജില്ല
കോതമംഗലം വഴി..
കുട്ടമ്പുഴ പഞ്ചായത്തിലാണ്
ക്ണാച്ചേരി.

*ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്ക്
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ
പെർമിഷൻ മുൻകൂർ വാങ്ങേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *