ലോകത്തിന്റെ നെറുകയിൽ-ഖാർദുങ് ലാ

സ്വപ്നമാണത്…
ഓരോ യാത്രികന്റേയും..
ഇന്ത്യയിലെന്നല്ല ലോകത്തിന്റെ തന്നെ ഏറ്റവും ഉയരമുള്ള സഞ്ചാരപാതയിലൊന്ന്.
ലേ നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ 18380 അടി ഉയരത്തിൽ അത് തലയെടുപ്പോടെ
നിൽപ്പുണ്ട്. പലനിറങ്ങളിൽ നീണ്ടുകിടക്കുന്ന മലനിരകൾ, മേഘങ്ങൾക്ക് മുകളിലേക്ക് വളർന്നുനിൽക്കുന്നു.
അൽപം ആശങ്കയില്ലാതില്ല…!!!!
രാവിലെ ഉണർന്നപ്പോൾ മുതൽ തുടങ്ങിയതാണ്…
അത്യന്തം അപകടംപിടിച്ച വഴിയിലൂടെയാണ് ഇന്നത്തെ യാത്ര.
ദുർഘടമായ പാതകൾ..
മറ്റു ചുരങ്ങളെപ്പോലെതന്നെ മണ്ണിടിച്ചിലും ഹിമപാതവും വഴികളെ തടസ്സപ്പെടുത്തുന്നു.
മഞ്ഞുവീഴ്ചയും അതിന്റെ അനുഭവങ്ങളും ഈ കാലാവസ്ഥയിൽ ഇല്ലെങ്കിലും
വെയിൽകൊണ്ട് തിളയ്ക്കുന്ന ഹിമാലയത്തിന്റെ ജ്വലിക്കുന്ന മുഖമാണ് യാത്രയിലുടനീളം
കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മഞ്ഞിന്റെയും, ഹിമപാതത്തിന്റേയും
ആക്രമണങ്ങളുണ്ടാകാൻ സാധ്യത കുറവ്. ഹിമാലയത്തിന്റെ മറ്റൊരനുഭവം.

പതിവ് തെറ്റിയില്ല…
9 മണിക്ക് തന്നെ പുറപ്പെടാനുള്ള തയാറെടുപ്പ്..
ഡിംപിർ ഹോട്ടലിലെ പ്രഭാതഭക്ഷണം കഴിച്ച് പുറത്തിറങ്ങി.
ഇനി മൂന്നു രാത്രിയ്ക്ക് ശേഷം ഇവിടേയ്ക്ക് തന്നെ തിരിച്ച് വരേണ്ടതുണ്ട്.
ലഡാക്കിൽ നിന്നുള്ള ഏറ്റവും മനോഹരമായ യാത്രകളിലൊന്നാണിന്ന് തുടങ്ങുന്നത്.
ഖാർദുങ് ലാ കടന്ന് നുബ്രവാലിയിലേക്ക്..
പാകിസ്ഥാൻ അതിർത്തിയിലെ അവസാന ഇന്ത്യൻ ഗ്രാമമായ തുർത്തുക്കിലേക്ക്..
കൽസാർ വഴി, ചെളികലങ്ങിയൊഴുകുന്ന ഷിയോക്ക് നദിയുടെ കരയിലൂടെ പാങ്കോങ്ങിലേക്ക്…
പിന്നെ ചാങ് ലാ കടന്ന് വീണ്ടും ലേയിലേക്ക്…
അതിനകം വിസ്മയിപ്പിക്കുന്ന വഴികൾ പലതും പിന്നിട്ടിരിക്കും…

വണ്ടി പുറപ്പെട്ടു.
തലേദിവസം ഒപ്പമുണ്ടായിരുന്ന ജോൺ അഹമ്മദ് കാശ്മീരികളായ മറ്റൊരു യാത്രാസംഘത്തിനൊപ്പം
യാത്രയായി. കാർ ഇപ്പോൾ ലേ മാർക്കറ്റിനെ ചുറ്റി കുന്നുകയറുന്നു.
വലിയൊരു പീടികയുടെ ഓരം ചേർന്ന് ജിഗ്‌മിത്ത് വണ്ടി നിർത്തി, പുറത്തിറങ്ങി.
എന്തിനെന്നറിയാതെ അൽപനേരം വെയിൽകൊണ്ടുകിടന്നു.
പത്തുമിനുട്ട് കഴിഞ്ഞിട്ടുണ്ടാകും, അയാൾ ബസ്മതി അരിയുടെ വലിയ പാക്കറ്റുകളുമായി
മടങ്ങിയെത്തി. ഡിക്കിത്തുറന്ന് അകത്തേക്കിട്ടു.
നുബ്ര താഴ് വരയിലാണ് ജിഗ്‌മിത്തിന്റെ വീട്.
160 കിലോമീറ്റർ അകലെയുള്ള ലേ നഗരത്തിൽനിന്നും മടങ്ങുമ്പോഴൊക്കെ
വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളൊക്കെ അയാൾ വാങ്ങിവയ്ക്കാറുണ്ട്.
ഭക്ഷണത്തിന്റെ കാര്യത്തിൽ കരുതലുള്ള ജനതയാണിത്.
മഞ്ഞിൽ പൂണ്ടുകിടക്കുന്ന ആറുമാസങ്ങളിൽ,
ചുരങ്ങളടച്ച് വണ്ടികൾ കടന്നുവരാത്ത മഞ്ഞുകാലത്തേക്കിവർക്ക്
ഭക്ഷണം കരുതിവെയ്ക്കേണ്ടതുണ്ട്. ഇത്തരം ശേഖരങ്ങളും ഉണങ്ങിയ
പഴങ്ങളുമൊക്കെയാകും അക്കാലത്ത് അവരുടെ ആഹാരം.
വീണ്ടും അയാൾ പുറത്തേക്ക് നടന്നു…
അൽപം ദേഷ്യം തോന്നി..
മാർക്കറ്റിലെ കാഴ്ചകൾ കണ്ട്, വെയിൽകൊണ്ടിരുന്നപ്പോഴേക്കും അയാൾ മടങ്ങിയെത്തി. കയ്യിൽ രണ്ടുവയസ്സുകാരി മകൾക്കുള്ള വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ…
പാവം തോന്നി….

വണ്ടി വീണ്ടും പുറപ്പെട്ടു.
മാർക്കറ്റിനു പിന്നിലെ വരണ്ടകുന്നിൽ ലേ പാലസ് കാണുന്നുണ്ട്.
കുന്നുകൾക്കും അതിനിടയിലെ പാറക്കൂട്ടങ്ങൾക്കുമിടയിൽ അതിന്റെ തന്നെ
നിറംപിടിച്ചിരിക്കുന്ന ഏതോ ജീവിയെപ്പോലെ തോന്നിച്ചു.
വില്ലോമരങ്ങൾക്കിടയിലെ ഇടുങ്ങിയ പാതയിൽ, ഇരുവശത്തും നിറയെ ഹോട്ടലുകൾ..
അതിനുമുന്നിൽ പൊടിപുരണ്ട വാഹനങ്ങൾ.
ലേയിലെ വേനൽക്കാല യാത്രയുടെ ഏറ്റവും രൂക്ഷമായ ഉപോല്പന്നമാണീ പൊടിശല്യം.
എ സി ഇല്ലാത്ത വാഹനങ്ങൾ ചില്ലുഗ്ലാസ്സുകൾ തുറന്നിട്ട് യാത്രചെയ്യേണ്ടിവരും.
മങ്കി ക്യാപ്പോ, ബാലക്ലാവയോ ധരിക്കുന്നത് നന്നായിരിക്കും.
ഭാഗ്യം… എടുക്കാൻ പാകത്തിന് ബാഗിനുള്ളിൽ മങ്കിക്യാപ്പുണ്ടായിരുന്നു.
വണ്ടി ടോപ് ഗിയറിലായി..
വളഞ്ഞുപുളഞ്ഞു വഴികൾ…
രാവിലെതന്നെ ധാരാളം വാഹനങ്ങൾ എത്തിക്കഴിഞ്ഞു.
ഹിമാലയത്തെ പാഠപുസ്തകമാക്കിയ ഒരു ലഡാക്കിഡ്രൈവറുടെ കഴിവ്
അറിയാൻ കഴിയുന്നുണ്ട്. വണ്ടികൾ ഒന്നൊന്നായി പിന്നിടുന്നു.
കഴിഞ്ഞദിവസങ്ങളിൽ കണ്ട ഹിമാലയത്തിന്റെ പനോരമിക് കാഴ്ചയാണിവിടം മുഴുവൻ.
ആകാശത്തിന്റെ ചെരുവിലേക്ക് പറന്നുകയറുന്ന പക്ഷിയെപ്പോലെയാണിപ്പോൾ
കാർ കുന്നുകയറുന്നത്. അകലെ കുന്നിൻചെരുവിൽ ലേ നഗരത്തിന്റെ വിദൂരക്കാഴ്ചകൾ.
ഇടയ്ക്കെപ്പോഴോ സൗത്ത് പുള്ളു എന്ന ചെറിയ കവലയെത്തി.
ചെക്ക്പോസ്റ്റാണത്. മുൻകൂട്ടി പാസ് കരുതിയിരുന്നതിനാൽ വേഗം അവിടം കടന്നു.
മലനിരകൾ ഒന്നൊന്നായി കടന്നുപോകുന്നു.
പുഴുവിഴയും പോലെ മലഞ്ചെരുവിലൂടെ വാഹനങ്ങൾ കുന്നുകയറുന്നു.
വെയിൽ കടുക്കും മുമ്പുതന്നെ പാറകീറിയൊരുക്കിയ വഴിക്കപ്പുറം ഒരു വ്യൂ പോയിന്റ് കണ്ടു.
എല്ലാ വാഹനങ്ങളും അവിടെ നിർത്തുന്നുണ്ട്. ജിഗ്‌മിത്ത് വണ്ടിയൊതുക്കി.
പുറത്തേക്കിറങ്ങി.
വലിയ ഉയരങ്ങളിലേക്കുള്ള യാത്രകൾക്കിടയിൽ അൽപനേരം
ഇങ്ങനെ മലനിരകളുമായ് സംവദിക്കുന്നത് നല്ലതായിരിക്കും.
ജിഗ്‌മിത്തിനും അങ്ങനെ തോന്നിയിരിക്കാം…
മുകളിലേക്ക് പോകുന്ന വാഹനങ്ങൾ പലതും അവിടെ നിർത്തുന്നുണ്ട്.
ചില ചിത്രങ്ങൾ പകർത്തി.
ജിഗ്‌മിത്ത് കാറ്റിനൊപ്പം പുക തിന്നുനിന്നു.
തണുപ്പിനെകൊന്നു ശീലമായതാകാം.. പോക്കറ്റിൽ ചുരുട്ടിന്റെ പാക്കറ്റ്..

വീണ്ടും കാറിലേക്ക് കയറി
അടർന്നു വീഴുംവിധം ഭയപ്പെടുത്തിയോടിക്കാൻ തയാറായി നിൽക്കുന്ന ചെരിവുകളെ
പിന്നിടുകയാണ്. കൊടുമുടിയുടെ ആഭരണംപോലെ വഴി അതിന്റെ ഉടലിനെ പൊതിയുന്നു.
സമയം കടന്നുപോകുന്നു.
വണ്ടി ഇപ്പോൾ മലയുടെ ഉച്ചിയിൽ ഇഴയുന്നു.
ഇളകിപൊളിയുന്ന പാറക്കൂട്ടങ്ങൾക്കിടയിലെ പാതയെ കടന്നു.
വളവിനപ്പുറം ഖാർദുങ് ലാ ടോപ്പ്.
ഓരോ നിമിഷവും മനസിനെ ത്രസിപ്പിച്ചുനിർത്തിയ ഒരു ത്രില്ലർചിത്രത്തിന്റെ
നായകപ്രവേശംപോലെ മുൻവിധികളില്ലാതെ അത് അമ്പരപ്പിച്ച് കടന്നുവരുന്നു.
എത്ര നാൾ സ്വപ്നം കണ്ടിരുന്നു.
“ഞാനിപ്പോൾ ലോകത്തിന്റെ നെറുകയിലാണ്‌…”
എന്നുറക്കെ വിളിച്ച് പറയാൻ തോന്നിപ്പോയി.
അവിടം മുഴുവൻ സഞ്ചാരികളുടെ തിരക്ക്.
സൈനികരുടെ കാവൽ..
ഫസ്റ്റ് എയ്ഡ് സൗകര്യങ്ങൾ..
ജിഗ്‌മിത്ത് വണ്ടിയൊതുക്കി.
ഡോർ തുറന്ന് പുറത്തേക്കിറങ്ങിപ്പോയപ്പോഴാണ് തണുപ്പിന്റെ തീവ്രതയറിഞ്ഞത്.
മഞ്ഞുകാറ്റിന്റെ വഴിനടത്തങ്ങൾ..

ഉയരം അടയാളപ്പെടുത്തിയ ഇടങ്ങളിലൊക്കെ സഞ്ചാരികളുടെ തിരക്ക്.
ചെറിയൊരു കുന്നിൽ വലിച്ചുകെട്ടിയ പ്രാർത്ഥന അടയാളങ്ങൾ..
ഓക്സിജന്റെ അളവ് തീരെക്കുറഞ്ഞ ഇടമാണ് ഖാർദുങ് ലാ ടോപ്പ്..
ശ്വാസം പിടഞ്ഞൊരു പെൺകുട്ടി അവശയായി വണ്ടിയിലേക്ക് മടങ്ങുന്നത് കണ്ടു
ധാരാളം വെള്ളം കുടിക്കുക എന്നതുതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പ്രതിവിധി.
കുന്നിലേക്കുള്ള നടത്തം കിതപ്പുണ്ടാക്കും.
അടുത്തുള്ള പട്ടാളക്യാമ്പിൽ നിന്നും ചൂടുള്ള ചായ ലഭിക്കും.
അവിടേയും നല്ല തിരക്ക്..
ആവശ്യത്തിന് ചിത്രങ്ങളെടുത്ത്‌ വണ്ടിയിലേക്ക് കയറി.
ഉയരങ്ങളിൽ നിന്നും താഴേക്കിറങ്ങിത്തുടങ്ങി. വഴിമുഴുവൻ പൊളിഞ്ഞിളകിയിരിക്കുന്നു.
താഴെ BRO യുടെ കഠിനാദ്ധ്വാനം, പാതയ്ക്ക് പുതുരൂപം നൽകുന്നു.
അക്യൂട്ട് മൗണ്ടൻ സിക്നസ്സ് ചുറ്റിപ്പിടിച്ചതുപോലൊരു തോന്നൽ…
മലകൾ ചുറ്റി താഴേക്കുള്ള യാത്രയിൽ എപ്പോഴോ നോർത്ത് പുള്ളു കടന്നുപോയി.
ഖാർദുങ് ലായുടെ വടക്കേ അതിര്
അപ്പോൾ വഴികൾ തുറന്നുതന്നു….

Leave a Reply

Your email address will not be published. Required fields are marked *