തമിഴ്‌നാട്ടിൽ കടലൂർ ജില്ലയിൽ ഒരു തീരദേശഗ്രാമമാണ് പിച്ചാവരം.
ലോകപ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തിൽ നിന്നും 15 കിലോമീറ്റർ അകലം.
നോക്കെത്താദൂരം കണ്ടൽവനങ്ങൾ.
കണ്ടൽവനങ്ങളിൽ ലോകത്തെ രണ്ടാംസ്ഥാനം.
പിച്ചാവരത്തെ ജലയാത്ര മനോഹരമായ ഒരനുഭവമാണ്..
കണ്ടുമറന്ന നിരവധി സിനിമകൾ ഓർമ്മവരുന്നു.
തെന്നിന്ത്യൻ സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷനാണിത്….

ക്ഷേത്രനഗരിയായ ചിദംബരത്തുനിന്നും രാവിലെ 8.30 നു പുറപ്പെട്ടു.
തലേന്നുരാത്രി കഴിച്ചുകൂട്ടിയ ഗ്രാൻഡ് സ്റ്റേ ഹോട്ടൽ മഞ്ഞുമൂടി കിടക്കുന്നു.
അറിയാത്ത വഴികളിലൂടെയുള്ള യാത്രയിൽ ഗൂഗിൾ മാപ്പ് ഒരു വലിയ സഹായിയാണ്.
കൃത്യമായ ഇടങ്ങളിലൂടെ അത് നമ്മെ മുന്നോട്ടുനയിക്കുന്നു.
ഒരിക്കൽപോലും ആശങ്കകളില്ല,
അറിയാത്ത വഴികളിൽ ആശയക്കുഴപ്പങ്ങളില്ല…
നദികളും, തടാകങ്ങളും, മനുഷ്യനിർമ്മിതികളുമൊക്കെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.
പ്രഭാതസൂര്യൻ ചിതറിവീഴുന്ന വഴികൾ പിന്നിട്ട്,
വിശാലമായ കൃഷിയിടങ്ങൾ പിന്നിട്ട്,
ചതുപ്പുകാടുകൾക്കിടയിലെ ചെറിയ ചെറിയ ടാർവഴികളിലൂടെ വണ്ടിപായുന്നു.
ഒടുവിൽ പിച്ചാവരം എന്ന കണ്ടൽഫോറസ്റ്റിന്റെ ഗേറ്റ് കടന്ന് വണ്ടിനിന്നു.
തടാകത്തിനുമുന്നിലെ ചെറിയ ഗ്രൗണ്ട് ആളനക്കമില്ലാതെ കിടക്കുന്നു.
സന്ദർശകർ തീരെ കുറവ്..
9 മണിക്കാണ് സവാരി ആരംഭിക്കുക. അത് 5 മണിക്ക് അവസാനിക്കും.
2 മണിക്കൂർ, 3 മണിക്കൂർ, 4 മണിക്കൂർ എന്നിങ്ങനെ നിരവധി പാക്കേജുകൾ ഇവിടെ ലഭിക്കും.
അതിൽ തന്നെ തുഴബോട്ടുകളും , മോട്ടോർബോട്ടുകളും ലഭ്യമാണ്. സമയവും അകലവും
ആശ്രയിച്ചാണ് ഫീസ് നിരക്കുകൾ. പക്ഷേ, 5 കിലോമീറ്ററിൽ കുറയാതെ യാത്ര ചെയ്തില്ലെങ്കിൽ
പിച്ചാവരം അതിന്റെ ഭംഗിയോടെ ആസ്വദിക്കാൻ കഴിയില്ല.

ടിക്കറ്റ് കൗണ്ടറിന് ജീവൻ വച്ചു.
മോട്ടോർബോട്ട് ഒഴിവാക്കാൻ തീരുമാനിച്ചു.
തുഴയുന്ന ബോട്ടിന്റെ നിശബ്ദതയാണ് യാത്രയെ ആസ്വാദ്യകരമാക്കുന്നത്.
ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന് ഒരു വൃദ്ധൻ നിൽക്കുന്നു.
ഒപ്പം യാത്രചെയ്യാൻ ആളുകളെ തേടിയുള്ള നിൽപ്പാണ്.
ഒറ്റയ്ക്കുള്ള യാത്ര ഫീസ് നിരക്കിൽ മാറ്റം വരുത്തില്ല..
മുഴുവൻ തുകയും ഒറ്റയ്ക്ക് നൽകേണ്ടി വരും.
ഞങ്ങളോടൊപ്പം യാത്രചെയ്യാനാവും അടുത്തേക്ക് വരുന്നുണ്ട്.
സംസാരിച്ചപ്പോഴാണ് മനസിലായത്, ആൾക്ക് മോട്ടോർബോട്ട് വേണം.
അത് ഭാഗ്യമായി, അപരിചിതർ യാത്രയെ ചിലപ്പോൾ അലോരസപ്പെടുത്താറുണ്ട്..
ടിക്കറ്റ് കൗണ്ടറിനപ്പുറം ലൈഫ് ജാക്കറ്റുമായി ഒരു പെൺകുട്ടി കാത്തുനിൽക്കുന്നു.
അത് ധരിച്ച് ബോട്ട്ജെട്ടിയിലേക്ക് നടന്നു.
നിരവധി ബോട്ടുകൾ സന്ദർശകരെ കാത്ത് മിണ്ടാതെ കിടക്കുന്നു.
ശരവണന്റെ ബോട്ട് തിരഞ്ഞെടുത്തു. ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ..!!
ബോട്ട് നീങ്ങിത്തുടങ്ങി. ഉപ്പുവെള്ളത്തിൽ തുഴപ്പാടുകളുടെ നേർത്ത ശബ്ദം.
തടാകത്തിൽ നിന്നും ബോട്ട് ചെറിയ ചാലുകളിലേക്ക് കടന്നു.
തുഴ താഴ്ത്തിയപ്പോഴാണ് തടാകത്തിന്റെ ആഴമറിഞ്ഞത്…
ഏറ്റവും ആഴമുള്ള ഭാഗംപോലും മൂന്നോ നാലോ അടി താഴ്ചയുണ്ടാകും…
അരയ്ക്കൊപ്പം വെള്ളം…
ച്ഛേ…..
ഇതിനാണോ ലൈഫ് ജാക്കറ്റൊക്കെ ധരിച്ച്….?
“ലൈഫ് ജാക്കറ്റൊക്കെയൊരു കോമഡിയല്ലേ ചേട്ടാ…”
ശരവണന്റെ ശബ്ദം..
ചെറിയ ചെറിയ നീർച്ചാലുകളിലൂടെ തോണി ഒഴുകി നീങ്ങുന്നു.
നിശ്ചലമായ ജലത്തിൽ തുഴപ്പാടുകളുടെ നേർത്തശബ്ദത്തിനപ്പുറം മറ്റൊന്നും കേൾക്കുന്നതേയില്ല…!!

വള്ളപ്പാടുകൾക്കപ്പുറം നിറഞ്ഞുനിന്ന ശബ്ദങ്ങളൊക്കെ എവിടെയോ ഒളിച്ചിരിക്കുന്നു.
നിശബ്ദതയുടെ സാമ്രാജ്യമാണിത്…!!!
ഇരുവശവും ചെടികൾ മഹാവനമായ് മാറുന്നു.
എത്രയെത്ര ചെറുജീവികളുടെ ആവാസസ്ഥലമാണിത്..!!
ജലത്തിലേക്ക് വളർന്നു നിൽക്കുന്ന ചെടികളുടെ വേരുകളെ തെല്ലും
നോവിക്കാതെ വേണം ബോട്ടിന് കടന്നു പോകാൻ…
അതിനു പരിചയമുള്ള തോണിക്കാരൻ തന്നെ ആവശ്യമുണ്ട്.
ശരവണൻ അത്തരത്തിൽ ഒരാളായിരുന്നു.

കണ്ടൽച്ചെടികളെക്കുറിച്ച്,
ജലജീവികളെക്കുറിച്ച്,
പരിസ്ഥിതിയെക്കുറിച്ച്,
കാലാവസ്ഥയെക്കുറിച്ച് അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.
തോണി കടന്നുപോകുമെന്ന് കരുതാത്ത ഇടങ്ങളിലൂടെയാണ് അയാൾ യാത്ര നയിക്കുന്നത്.
അവിടെയൊക്ക നിശബ്ദതയുടെ സാമ്രാജ്യങ്ങൾ വളരുകയാണ്..
മലയാളത്തിലെ മാന്ത്രികം, തമിഴിലെ സൂര്യൻ, ദശാവതാരം അങ്ങനെ എത്രയെത്ര സിനിമകളിൽ കണ്ടുമറന്ന സ്ഥലമാണിത്.
ഇടുങ്ങിയ നീർച്ചാലുകൾ പിന്നിട്ട്, ബോട്ട് പുറത്തേക്ക് കടന്നു.
ഇടയ്ക്കൊരു ബോട്ട് അഭിമുഖമായി കടന്നുവരുന്നു.
ഇടുങ്ങിയ വഴിയിൽ പരസ്പരം ചുംബിച്ച് ബോട്ടുകൾ കടന്നുപോയി.
ആ ബോട്ടിലെ ആൾക്കൂട്ടത്തിൽ ആ മനുഷ്യൻ…!!
ടിക്കറ്റ് കൗണ്ടറിനുമുന്നിൽ യാത്രികരെ അന്വേഷിച്ചു നിന്ന ആ വൃദ്ധൻ…
കാഴ്ച്ചകൾ നിറയുന്ന അയാളുടെ പുഞ്ചിരി, കണ്ടൽവനങ്ങളിൽ പൂക്കൾ നിറച്ചു.

ബോട്ട് പതുക്കെ കാടിറങ്ങി.
വെയിൽ തലയ്ക്കുമുകളിൽ ചുറ്റിക്കറങ്ങുന്നു.
ഫിഷിങ് ബോട്ടുകളിൽ നിന്നും ചെറുവലകൾ ജലത്തിൽ പതിക്കുന്നു.
തൊണ്ടവരണ്ടപ്പോഴാണ് ജലം തേടിയത്.
തിരക്കിൽ കുടിവെള്ളം കരുതാൻ മറന്നിരുന്നു.
തുഴഞ്ഞു കുഴഞ്ഞ് ശരവണൻ ക്ഷീണിതനായി.
ബോട്ട് തീരത്തെത്തി… പതുക്കെ പുറത്തേക്ക് നടന്നു.
ഗ്രൗണ്ടിന് കിഴക്കേയറ്റത്ത് ഒരു ചെറിയ കട. ആവശ്യത്തിന് വെള്ളം വാങ്ങി വച്ചു.
അതിൽ നിന്നും ശരവണന്റെ ദാഹം തീർത്തു.
അപ്പോഴേക്കും തണലുപറ്റിക്കിടന്ന കാറിനെ വെയിൽ പൊതിഞ്ഞിരുന്നു.
