ഹിമാലയൻ യാത്രകൾ മോഹിപ്പിച്ചുതുടങ്ങിയ നാൾ മുതൽതന്നെ ഭ്രമിപ്പിക്കുന്ന പാതകളേയും
വിസ്മയിപ്പിക്കുന്ന ചുരങ്ങളേയും പറ്റി മനസിലാക്കാനും പഠിക്കാനും ഒരു ശ്രമം നടത്തിയിരുന്നു.
ഗൂഗിളും വിക്കിപ്പീഡിയയുമൊക്കെ അരിച്ചുപെറുക്കുമ്പോഴാണ് ലോകത്തിലെ അപകടകരമായ
രണ്ടു പാതകളെപ്പറ്റി വായിച്ചറിഞ്ഞത്. അതിലൊന്ന് മണാലിയിലെ റോത്തങ് പാസായിരുന്നു.
മറ്റൊന്ന് സോജി ലായും. 13000 അടി ഉയരത്തിൽ യാത്രികരെ ഭയപ്പെടുത്തിയും വിസ്മയിപ്പിച്ചും
നിഗൂഢതകളെ വെളിപ്പെടുത്താൻ തയാറാകാതെ ചെറുത്തുനിൽക്കുന്ന രണ്ടു മലമ്പാതകൾ.
മഞ്ഞും കാറ്റും പ്രവചനാതീതമായ കാലാവസ്ഥയും ചില കാലങ്ങളിൽ സഞ്ചാരികളിൽ
അമ്പരപ്പും ഭയവും സൃഷ്ടിക്കുന്നു. ഉയരം കൊണ്ട് താരതമ്യപ്പെടുത്താവുന്ന സിക്കിം-ചൈനാ
അതിർത്തിയിലെ നാഥുലാ പാസ്സ് ഇത്രത്തോളം സഞ്ചാരികളെ ഭ്രമിപ്പിച്ചിട്ടുള്ളതായി കേട്ടറിവില്ല..!!
കൂട്ടത്തിൽ ഏറ്റവും മനോഹരമായ ചുരം റോത്തങ് പാസ്സ് തന്നെയെന്ന് നിസംശയം പറയാൻ
കഴിയും. എങ്കിലും അന്നും ഇന്നും വിസ്മയിപ്പിച്ചിട്ടുള്ള പാത സോജി ലാ തന്നെയാണ്.

ദേശീയ പാത 1 ൽ കാശ്മീരിനെയും ലഡാക്ക് പ്രവിശ്യയേയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട
ചുരമാണ് സോജി ലാ. മണാലി-ലേ ദേശീയ പാതയിൽ നിന്നും വ്യത്യസ്തമായി ഇവിടെ ചുരങ്ങളുടെ
എണ്ണം കുറവാണ്. മണാലിയിൽ നിന്നും ലേയിലേക്കുള്ള യാത്രയിൽ ഏറ്റവും പ്രധാനപ്പെട്ട
അഞ്ചുചുരങ്ങൾ കടന്നുവന്നതോർക്കുന്നു. അതുകൊണ്ടുതന്നെ ലഡാക്കിനെ ലക്‌ഷ്യം വയ്ക്കുന്ന
സാഹസിക സഞ്ചാരികൾ പലപ്പോഴും ആ പാത തന്നെയാണ് തിരഞ്ഞെടുക്കാറ്.
പക്ഷെ സോജി ലാ എന്ന വിസ്മയിപ്പിക്കുന്ന ഒറ്റച്ചുരം മതിയാകും കാശ്മീർ-ലഡാക്ക് യാത്രയെ
സമ്പന്നമാക്കാൻ.
കാശ്മീർ അതിർത്തിയിലെ മറ്റിടങ്ങൾപോലെ തന്നെ സോജി ലായും ഇന്ത്യയെ സംബന്ധിച്ചെടുത്തോളം
തന്ത്രപ്രധാനമായ ഇടമാണ്. ദ്രാസ്-കാർഗിൽ മേഖലയിലൂടെ കടന്നുപോകുന്ന പാതയുടെ
ഇരുവശങ്ങളിലും സൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരിക്കും.അതുകൊണ്ടുതന്നെ
യുദ്ധമേഖലയിലൂടെ കടന്നുപോകുന്ന ഒരു പ്രതീതി ഉള്ളിൽ ഉണർന്നുവരുന്നുണ്ട്. 1948 ൽ
സോജി ലായും ലഡാക്കുമൊക്കെ പാക്കിസ്ഥാന്റെ സഹായത്തോടെ നുഴഞ്ഞുകയറ്റക്കാർ
പിടിച്ചടക്കിയതാണ്. അതേവർഷം നവംബർ 1 നു ഓപ്പറേഷൻ ബൈസൺ എന്ന അറ്റാക്കിലൂടെ
ഇന്ത്യ ഈ പ്രദേശങ്ങളെ തിരിച്ചുപിടിച്ചു. അന്ന് മലമുകളിൽ നടത്തിയ ടാങ്ക് യുദ്ധമാണ്
ഇന്ത്യയുടെ ഭൂപടത്തിലേക്ക് ഈ പ്രദേശങ്ങളെ കൂട്ടിച്ചേർത്തത്. ലോകത്ത് അന്നേവരെ ഉള്ളതിൽ
ഏറ്റവും ഉയരത്തിൽ നടത്തിയ ടാങ്ക് യുദ്ധമായിരുന്നു അത്. അതുകൊണ്ട് തന്നെ ഇന്ത്യാ
ചരിത്രത്തിൽ അന്നും ഇന്നും കാശ്മീരും ലഡാക്കുമൊക്കെ തലയുയർത്തി നിൽക്കുന്നു.

കാർഗിലിലെ രംഗ്യൂൾ ഹോട്ടലിലെ പ്രഭാതഭക്ഷണം മോശമായിരുന്നില്ല. മലഞ്ചെരിവിലെ
വിശാലമായ കാഴ്ചകൾ കണ്ട് ,
ഇളംവെയിൽ കൊണ്ട്
ചെരിവിലേക്ക് തള്ളിനിൽക്കുന്ന
റെസ്റ്റോറന്റിന്റെ ഒഴിഞ്ഞ മൂലയിലിരുന്ന് അകലെ, കുന്നിൻചെരിവിലെ വീടുകളും ജീവിതവും
തിരിച്ചറിഞ്ഞ് പൂരിയും വെജിറ്റബിൾ കുറുമയും കഴിച്ചുതീർത്തു. ലഡാക്ക് മേഖലയിലെ
മടുപ്പിക്കുന്ന ഭക്ഷണത്തോട് മല്ലിട്ട് വന്നതുകൊണ്ട് അല്പം ആശ്വാസം തോന്നി.
പുറത്ത് വാഹനം തയാറായി കിടക്കുന്നു.
യാത്ര തുടങ്ങി.
കാർഗിലും ദ്രാസും ലഡാക്ക് മേഖലയിലെ പ്രദേശങ്ങളാണ്. മണാലി-ലഡാക്ക് യാത്രയിൽ കണ്ടതിൽ
നിന്നും വ്യത്യസ്തമായ ഭൂഘടനയാണ് ദ്രാസ് മേഖലയിലേത്. കൂറ്റൻ മലനിരകൾക്കിടയിലൂടെയുള്ള
പാത. ഉറപ്പില്ലാത്ത മണ്ണാണ് ഓരോ മലഞ്ചെരിവിലും കാണുന്നത്. വെയിൽ പോയി. ഇപ്പോൾ
കറുത്തിരുണ്ട മേഘങ്ങളുടെ ഒരു കൂട്ടം ആകാശത്ത് വലവിരിച്ചിരിക്കുന്നു.
ഏതു നിമിഷവും താഴ് വരകളിൽ പെയ്തുനിറയാൻ പാകത്തിന് അത് കാത്തുനിൽക്കും പോലെ…
ഇരുട്ടുമൂടിയ അന്തരീക്ഷം മലകൾക്കിടയിലെ പ്രകാശത്തെ പതുക്കെ ചോർത്തിക്കളഞ്ഞു.
അടർന്നുവീണ പാറക്കൂട്ടങ്ങൾ പാതയുടെ സമീപം റോഡ് നിർമ്മാണത്തിന്റെ അടയാളങ്ങൾ
കാട്ടി കിടക്കുന്നു. വരണ്ട മലനിരകളെച്ചുറ്റി കടന്നുപോകുമ്പോൾ മഴയ്‌ക്കൊപ്പം സോജി ലായിലേക്കുള്ള
കവാടവും തെളിഞ്ഞുവന്നു. അതിനരുകിലെ തടികൊണ്ടുനിർമ്മിച്ച പെട്ടിക്കടകൾക്ക് സമീപം
ആരെയോ കാത്ത് ഒരുകൂട്ടം ഗ്രാമവാസികൾ കുത്തിയിരിക്കുന്നു. ദ്രാസ് മേഖലയിലെ,
മലനിരകൾക്കിടയിലെ ചെറിയ ചെറിയ ഗ്രാമങ്ങളിൽ താമസമാക്കിയിട്ടുള്ള ഇടയന്മാരാണവർ.

വണ്ടി പതുക്കെ മുന്നോട്ട് നീങ്ങി. കൂറ്റൻ മലനിരകൾക്കിടയിലെവിടെയോ പതിയിരിക്കുന്ന
മൃഗത്തെ വേട്ടയാടാൻ പോകുംപോലെ സോജി ലാ എന്ന ചുരത്തിലേക്കുള്ള യാത്ര
എന്നെ ആശ്ചര്യപ്പെടുത്തുകയും അതേസമയം ഭയപ്പെടുത്തുകയും ചെയ്തു.
വണ്ടി മലകയറിത്തുടങ്ങി. ടാർ ഇളകി നശിച്ച ഇടങ്ങളിൽ ഇന്റർലോക്ക് പാകി വൃത്തിയാക്കിയിരിക്കുന്നു.
വഴിയരികിലെ ചെറിയ ചെറിയ ആൾക്കൂട്ടം പെരുകുന്നു. ആരെയാണാവോ അവരുടെ ഈ കാത്തിരിപ്പ്..??
വണ്ടിയൊരു ബ്ലോക്കിൽപ്പെട്ടു. വാഹനങ്ങളുടെ നീണ്ട നിര.
പുറത്തിറങ്ങി മുന്നോട്ട് നോക്കി. അകലെ അലങ്കരിച്ചെത്തുന്ന വാഹനങ്ങളിൽ നിന്നും
പുറത്തിറങ്ങുന്ന മനുഷ്യനെ കാത്തുനിന്നിരുന്നവർ ഊഴം വെച്ച് ആശ്ലേഷിക്കുന്നു. സ്നേഹം
പങ്കുവെയ്ക്കുന്നു. ഡ്രൈവർ ഹുസൈനോട് ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്.
ഹജ്ജ് കഴിഞ്ഞെത്തുന്ന തീർത്ഥാടകരുടെ വണ്ടികൾക്കായിട്ടാണ് അവരുടെ കാത്തിരിപ്പ്.
ശ്രീനഗറിൽ വിമാനമിറങ്ങി മടങ്ങിവരും വഴി മലഞ്ചെരിവിലെ ഗ്രാമങ്ങളിൽ താമസമാക്കിയിരിക്കുന്ന
ബന്ധുക്കൾ അവരെ കാണാനായി കാത്തുനിൽക്കുന്നു. സ്നേഹവും വിശേഷവും പങ്കുവെയ്ക്കുന്നു.
വണ്ടി നീങ്ങുന്നു.
തീർത്ഥാടകരുടെ വാഹനങ്ങളിപ്പോൾ എതിർദിശയിലൂടെ നിരനിരയായ് കടന്നുവരുന്നു.
വഴിയരികിലെ മുഖങ്ങളിൽ ആകാംഷയും പ്രതീക്ഷകളും നിറയുന്നു.
മലഞ്ചെരിവിൽ പൊടിപടർത്തി റോഡുനിർമ്മാണം നടത്തുന്ന കൂറ്റൻ യന്ത്രങ്ങൾ മലനിരയെ
പ്രകമ്പനം കൊള്ളിക്കുന്നു. കാറിന്റെ ഗ്ലാസ്സുകൾ വലിച്ചിട്ടു. പൊടിപടലങ്ങളിൽ നിന്നൊരു
രക്ഷപ്പെടൽ. താഴ് വരകളിൽ ആടുവളർത്തലുമായ് നാടോടിസംഘങ്ങൾ. കുതിരകളാണവരുടെ
സഞ്ചാരമാർഗ്ഗങ്ങൾ. കൂറ്റൻ മലനിരകളിലേക്കുള്ള യാത്രകൾക്കായി അത്രത്തോളം ഉപകാരപ്രദമായ
മറ്റൊരു മൃഗമില്ല…!!

അധികം സംസാരമോ ചലനങ്ങളോ ഇല്ലാതെയാണ് ഹുസ്സൈൻ വണ്ടിയോടിക്കുന്നത്.
ഇടയ്‌ക്കിടെയെത്തുന്ന മൊബൈൽ കോളുകളിൽ അയാൾ സംസാരിക്കുമ്പോൾ വല്ലാതെ
ഭയം തോന്നുന്നുണ്ട്. ഇങ്ങനെ മൊബൈലിൽ സംസാരിച്ച് വണ്ടിയോടിക്കരുതെന്ന്
പറയണമെന്നുണ്ട്. എങ്കിലും സോജി ലാ എന്ന ചുരം അയാളെ സംബന്ധിച്ചെടുത്തോളം
പൂപറിക്കും പോലെ ഈസിയായ സംഗതിയാണെന്ന് കരുതി സമാധാനിച്ചു.
പതുക്കെ പതുക്കെ സോജി ലായുടെ ഭീകരമായ മുഖങ്ങൾ ചിത്രത്തിലേക്ക് ചിറകുവിടർത്തി
പറന്നു വന്നു. കഴുകന്റെ കൂർത്ത ചുണ്ടുകൾ..
ഒരു ചൈനീസ് വ്യാളിയെപ്പോലെ നീണ്ടുനിവർന്നു കിടക്കുന്ന അതിന്റെ ശരീരം നിറയെ
മുള്ളുകൾ നിറഞ്ഞതാണെന്നു തോന്നി. മുന്നിലേക്ക് തീതുപ്പുന്ന അതിന്റെ വായയിലൂടെ കാർ ഉള്ളിലേക്ക്
വലിച്ചെടുത്തതുപോലെ….
ഒരു നിമിഷം നടുങ്ങിപ്പോയി…!!
ഒരു മുനമ്പിന്റെ ചെരിവിലൂടെ
വണ്ടിയിപ്പോൾ താഴേക്ക് ഒഴുകിയിറങ്ങി. കീഴ്ക്കാംതൂക്കായ കുന്നിന്റെ
അരികിലൂടെ വണ്ടി
കൃത്യമായി തിരിഞ്ഞുവന്നു. ഹുസൈന്റെ കൈകളെ ചുംബിക്കാൻ തോന്നിപ്പോയി…!!
താഴെ നൂലുപോലൊരു നദിയൊഴുകുന്നുണ്ട്. അയാളുടെ കാലോ കൈയ്യോ ഒന്ന് തെറ്റിയാൽ…!!
സോജി ലായെ കൃത്യമായറിയാവുന്നവർക്കേ ഇത്ര വിദഗ്ദമായി ഇവിടം കടക്കാനാകൂ..
ചിലപ്പോൾ ഞാൻ….???
ഒരുപക്ഷെ വിറച്ചേനെ….
ഒരു നിമിഷം പതറിയേനെ…
ഹുസൈനെ നമിച്ചു.
അയാളുടെ കൈകളിലാണിപ്പോൾ ഞങ്ങളുടെ ജീവൻ..

പൊടിപടരുന്ന സോജി ലായുടെ ചെരിവുകളിലൂടിപ്പോൾ വണ്ടിനീങ്ങുന്നു.
കാറിനുള്ളിൽ നിശബ്ദത പെരുകുന്നു. സോജി ലാ ഞങ്ങളെ അപ്പാടെ വിഴുങ്ങുന്നതുപോലെ..
ഇടുങ്ങിയ പാതകളിൽ ഇടയ്ക്കിടെ വീതികൂടിയ ഇടങ്ങളിൽ എതിർവശത്തുനിന്നും
കടന്നുവരുന്ന ട്രക്കുകൾക്കായി അയാൾ വണ്ടിയൊതുക്കുന്നുണ്ട്.
പിന്നിൽ കൂറ്റൻ മലനിരകൾക്കിടയിൽ സോജി ലാ മനോഹരമായൊരു കാഴ്ചയാകുന്നു.
പതുക്കെ പതുക്കെ താഴ് വരയിൽ അതവസാനിച്ചു. ലഡാക്ക് യാത്രയിൽ കഴിഞ്ഞ പത്തു ദിവസമായ്
കാത്തിരുന്ന നിമിഷങ്ങളാണ് ശ്വാസമടക്കിപ്പിടിച്ച് ഇപ്പോൾ കടന്നുപോയത്.
സോജി ലാ പതുക്കെ ഒരോർമ്മയായ് മാറുന്നു.
2018 ജനുവരിയിൽ ഇന്ത്യ ഗവണ്മെന്റ് തുടക്കം കുറിച്ച സോജിലാ ടണൽ പ്രൊജക്റ്റ്
2018 മെയ് മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.സോജിലായിലെ മലതുരന്ന് 14 കിലോമീറ്റർ
നീളത്തിൽ നിർമ്മിക്കുന്ന തുരങ്കം ശ്രീനഗർ-ലേ യാത്രയിൽ 3 മണിക്കൂറാണ് കുറവ് വരുത്തുന്നത്.
അത്രത്തോളം അപകടവും മലയിടിച്ചിലും കൊണ്ട് ഭീതിപ്പെടുത്തി സോജി ലാ ഇനി
ഓർമ്മകൾ മാത്രമായ്
മാറിപ്പോയേക്കാം…..
