ജലദേവതയുടെ തടാകം

കാസയിൽ നിന്നുള്ള പാതയിൽ കുൻസും ചുരത്തിൽ നിന്നും വലത്തേക്ക് തിരിഞ്ഞാൽ
ഭയാനകമായൊരു പാത നിങ്ങളെ കാത്തിരിപ്പുണ്ട്. വഴിയിൽ പലവിധ തടസങ്ങളും അപകടങ്ങളും
കാത്തിരിക്കുന്ന ഒരു മൺപാത. പന്ത്രണ്ട് കിലോമീറ്റർ ദൂരമാണ് ഈ പാതയുടെ ദൈർഘ്യം.
ഓരോ വളവും തിരിവും ശ്വാസമടക്കിപ്പിടിച്ച് യാത്രചെയ്യുന്ന അനുഭവം. നാരുപോലുള്ള മൺവഴി
നിറയെ ഒഴുകിയെത്തുന്ന മഞ്ഞും പാറക്കഷ്ണങ്ങളും നിങ്ങളുടെ യാത്രയെ തടസപ്പെടുത്തിയേക്കാം. റോഡിനെ മുറിച്ച് കടന്നുപോകുന്നുണ്ട് ഹിമാനികൾ..
എതിർവശത്തുനിന്നും കടന്നുവരുന്ന വാഹനങ്ങൾക്കായി വീതികൂടിയ വളവുകളിൽ ഏറെനേരം
കാത്തുകിടക്കേണ്ടിവന്നേക്കാം.

അത്യഗാധമായ താഴ്ചയിലൂടെ ചന്ദ്രാനദി നൂലുപോലെ കടന്നുപോകുന്നത്
കാണാം. എങ്കിലും പിന്നിടുന്ന ആ പന്ത്രണ്ട് കിലോമീറ്റർ അതിസാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടമാകില്ല.
മഞ്ഞുരുകി കടന്നുപോകുന്ന രണ്ടു റിവർ ക്രോസ്സിങ്ങിൽ ചിലപ്പോൾ രണ്ടിടത്തായി വാഹനങ്ങൾ കുടുങ്ങി
മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വരും. പലവാഹനങ്ങളിൽ നിന്നുള്ള യാത്രികർ
ഏറെ പണിപ്പെട്ടാണ് ഒരോന്നും ഈ ഒഴുക്കിൽ നിന്നും കടത്തിവിടുന്നത്. അവിടെയാണ്
ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ഞങ്ങളുടെ ഡ്രൈവർ നിഷ്പ്രയാസം ഇവിടം കടന്നുപോയത്. അതിനിടയിൽ അയാൾ
രണ്ടുവാഹനങ്ങളെ കെട്ടിവലിച്ച് ഈ ഒഴുക്കിൽ നിന്നായാലും പുറത്തെത്തിച്ചിരുന്നു. സത്യത്തിൽ
ആ നിമിഷങ്ങളിൽ കയ്യടിച്ചുപോയി. അത്രയും ദിവസങ്ങളിൽ ആത്മവിശ്വാസം ഇല്ലാത്തവിധം പെരുമാറിയ ഒരു മനുഷ്യനാണ് ഇങ്ങനെ വണ്ടിയോടിച്ചതെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

നേരം മൂന്നുമണിയോടടുത്തിരുന്നു, ചന്ദ്രതാലിന് അഞ്ചുകിലോമീറ്റർ അകലെയുള്ള നീലിന്റെ
പാരാസോൾ എന്ന ടെന്റ് ക്യാമ്പിലെത്താൻ. വെയിൽ ഇടയ്ക്കിടെ മങ്ങിയും തെളിഞ്ഞും നിൽക്കുന്നു.
രാത്രിയിൽ മഞ്ഞുപെയ്ത്തിന്റെ കാലാവസ്ഥാ പ്രവചനമുണ്ട്. വെയിൽ പോകുംമുമ്പ് തടാകക്കരയിൽ
എത്തിയില്ലെങ്കിൽ അതിന്റെ സൗന്ദര്യം ആസ്വദിക്കാനാകില്ല അതുകൊണ്ടുതന്നെ ആഹാരത്തിനായി
കാത്തുനിൽക്കാതെ വളരെ വേഗമിറങ്ങി. മലമുകളിലേക്കാണ് വീണ്ടും യാത്ര. അഞ്ചുകിലോമീറ്റർ ദൂരം.
കയ്യടികളും പ്രോത്സാഹനവും ഡ്രൈവറുടെ ആത്മവിശ്വാസത്തെ ഇപ്പോൾ മറ്റൊരു തലത്തിൽ
എത്തിച്ചിരിക്കുന്നു. പൊടിപറത്തി മലകയറുന്ന വണ്ടി അതിവേഗം ചന്ദ്രതാലിന്റെ ബേസ് ക്യാമ്പിലെത്തി.
ഇനി ഒരു കിലോമീറ്റർ ദൂരം മലഞ്ചെരിവിലൂടെ നടക്കണം. ചുറ്റും മഞ്ഞുമലകൾ തലയെടുപ്പോടെ
നിൽക്കുന്നു. ഹിമാലയത്തിന്റെ അതിസുന്ദരമായ മറ്റൊരു കാഴ്ച. തടാകത്തിലേക്കുള്ള യാത്രയിൽ കാണുന്ന
മലനിരകൾക്ക് ചുവന്ന നിറം. മലഞ്ചെരിവിൽ യാക്കുകളും ആട്ടിൻപറ്റങ്ങളും മേഞ്ഞുനടക്കുന്നു.
ഏകാന്തതയും, നിശബ്ദതയും സമ്മേളിക്കുന്ന ഇടമാണിത്. മലഞ്ചെരുവിൽ നിന്നിപ്പോൾ തടാകത്തിന്റെ
അതിമനോഹരമായ ദർശനം. ചുവന്ന പർവതങ്ങൾക്കിടയിൽ നീലിച്ച് നിശബ്ദമായത് കിടക്കുന്നു.
താഴേക്ക് ചിനാബ് നദിയെ തേടി അതിന്റെ ഒഴുക്ക് തുടങ്ങുന്നു. ചന്ദ്രതാലിൽ നിന്നുള്ള ചന്ദ്രാനദിയുടെ
പ്രയാണം റ്റാൻഡിയിൽ ചിനാബിൽ ലയിച്ച് കശ്മീർ താഴ്വരയിലേക്ക് ഒഴുകിപ്പോകുന്നു. ചിനാബിന്റെ
ഏറ്റവും മനോഹരമായ കൈവഴികളിലൊന്നാണിത്. മറ്റൊന്ന് ബാരലച്ച ചുരത്തിന് താഴെ സൂരജ് താലിൽ
നിന്നും പ്രയാണം തുടങ്ങുന്ന ഭാഗ നദിയാണ്. സൂര്യന്റെ മകനായ ഭാഗാനദിയും ചന്ദ്രന്റെ മകളായ
ചന്ദ്രാനദിയും തമ്മിൽ മത്സരിച്ചൊഴുകിയിരുന്നതായും അതിൽ ചന്ദ്രാനദിക്കണത്രെ വിജയം എന്നും
ഒരു നാടോടിക്കഥ ഇവിടെ നിലനിൽക്കുന്നുണ്ട്.

തടാകക്കരയിൽ നിശബ്ദതയിൽ ഏറെനേരം കണ്ണടച്ചിരുന്നു. ധ്യാനത്തിന്റെ അതിസുന്ദരമായൊരു അനുഭവം.
തണുത്ത മഞ്ഞുകാറ്റ് ശരീരത്തെ തൊട്ട് കടന്നുപോകുന്നു. ചുറ്റും സഞ്ചാരികളുടെ ശബ്ദങ്ങൾ നേർത്തുപോകുന്നു. കണ്ണുതുറന്നപ്പോഴേക്കും തടാകത്തിന്റെ നിറം മാറിയിരുന്നു.പച്ചകലർന്ന സ്ഫടികതുല്യമായ ജലമിപ്പോൾ ആകാശത്തെയു, പർവ്വതങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ചുറ്റിലും നിൽക്കുന്ന കൂറ്റൻ മഞ്ഞുമലകൾക്ക് താഴെ മലഞ്ചെരിവിലെ പുൽമേടുകളിൽ വസന്തകാലത്ത് നൂറുകണക്കിന്
കാട്ടുപൂക്കളെകൊണ്ട് നിറയുന്നു. അക്കാലത്ത് ഈ തടാകത്തിന്റേയും അതിനുചുറ്റുമുള്ള
പ്രകൃതിയുടേയും സൗന്ദര്യം എത്രയോ മടങ്ങ് വലുതാകുന്നു. ആകാശം പതുക്കെ ഇരുണ്ടു തുടങ്ങി.
മഞ്ഞിന്റെ ചെറുതുള്ളികൾ മുഖത്തേക്ക് പാറിവീണു. തണുത്തകാറ്റ് ശരീരത്തെ പൊതിയുന്നു.
എത്ര കണ്ടാലും മതിയാകാത്ത ഇടമായി ചന്ദ്രതാൽ മാറുന്നു. സത്യത്തിൽ മടങ്ങിപ്പോരാൻ തോന്നിയില്ല.
മലകളെ ചുറ്റി ചന്ദ്രക്കലയുടെ ആകൃതിയിലാണ് ഈ തടാകത്തിന്റെ കിടപ്പ്. അതുകൊണ്ടാണത്രെ
ഇതിന് ചന്ദ്രതാൽ എന്ന പേര് വന്നത്. ആകെ ഒരു കിലോമീറ്ററാണ് ഇതിന്റെ നീളം.
വീതി അഞ്ഞൂറ് മീറ്റർ. 13940 അടി ഉയരത്തിലാണ് ഇതിന്റെ കിടപ്പ്. വെള്ളത്തിന്റെ മധുരം രുചിച്ചറിയാം.

സത്യത്തിൽ ഈ തടാകത്തിന്റെ പവിത്രതയും വൃത്തിയും അനുഭവിക്കുന്ന ഒരാൾക്ക് ഈ വെള്ളത്തിൽ
കാലു നനയ്ക്കാൻ പോലും തോന്നാറില്ല. മുന്നിൽ മുട്ടുകുത്തിയിരുന്ന് ഒരൽപം വെള്ളം കൈകുമ്പിളിലെടുത്ത് തൊണ്ട നനച്ചു. മനസിനെ ആ കരയിൽ ഉപേക്ഷിച്ച് തിരിച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *