ഇലക്ട്രിക് മഹാദേവ്

പന്ത്രണ്ട് വർഷത്തിലൊരിക്കൽ
മിന്നലേറ്റ് പിളരുന്ന
ഒരു ശിവലിംഗ പ്രതിഷ്ഠയെ പറ്റി കേട്ടിട്ടുണ്ടോ…?

കുളു പട്ടണത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ മലമുകളിലാണിത്
” ബിജ്‌ലി മഹാദേവ് “
ഇലക്ട്രിക് മഹാദേവ് എന്ന് വിളിക്കപ്പെടുന്ന
ഈ ക്ഷേത്രത്തെ പറ്റി പറഞ്ഞതും യാത്ര തയ്യാറാക്കിയതും
ശ്യാം ഭയ്യയാണ്. ഹിമാലയം ഒളിപ്പിച്ചു വച്ചിരിക്കുന്ന മിത്തുകളുടെ കൗതുകം
തന്നെയാണ് അവിടേക്കുള്ള ഓരോ യാത്രയെയും സമ്പന്നമാക്കുന്നത്.

SP സാംഗോ എന്ന ശ്യാം ഭയ്യയുടെ വൈറ്റ് ഡിസൈർ ഇപ്പോൾ ബുന്ദറിൽ നിന്നും വലത്തേക്ക് തിരിഞ്ഞ്
കുന്നുകയറുകയാണ്. തട്ടുതട്ടായ കൃഷിയിടങ്ങൾ , ചെറു ഗ്രാമങ്ങൾ. പാതയോരങ്ങളിൽ
ആപ്പിൾ മരങ്ങളിൽ നിറയെ കുഞ്ഞൻ ആപ്പിളുകൾ പച്ചനിറത്തിൽ പാതയോരങ്ങളിലേക്ക്
എത്തിനോക്കുന്നു. വഴികൾ നേർത്തതാണ്. എണ്ണിയാലൊടുങ്ങാത്ത വളവുകളിൽ നെടുനീളൻ
ഹോണടി ശബ്ദങ്ങൾ. താഴെ, ബുന്ദറും കുളുവും പരസ്പരം വളർന്ന് ഒട്ടിച്ചേർന്നിരിക്കുന്നു.

പട്ടണത്തിന്റെ കിഴക്കായി കാണുന്ന കൂറ്റൻ മലമുകളിലേക്കാണിപ്പോൾ വണ്ടിപോകുന്നത്.
അവിടെയാണ് മിന്നൽ പിണറുകളെ
ശരീരത്തിലേക്ക് ആവാഹിച്ച് പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൊട്ടിത്തെറിക്കുന്ന
ബിജ്‌ലി മഹാദേവന്റെ വാസം.

കൗതുകം കൂട്ടുന്ന മിത്തുകളുടെ വിളഭൂമിയാണ് ഹിമാലയം.
അതിന്റെ ഉയരങ്ങൾ എല്ലാം മനുഷ്യൻ കീഴടക്കിയിരിക്കുന്നു എന്ന് ആലങ്കാരികമായി പറയാമെങ്കിലും
നിഗൂഢതകൾ ഒളിപ്പിച്ച് വെച്ചാണ് ഇന്നും അതിന്റെ നിൽപ്പ്.
മനുഷ്യ സ്പർശങ്ങൾ ഏൽക്കാത്ത
കൊടുമുടികൾ ഇന്നും ഉണ്ടാകാം.

മലഞ്ചെരിവിലെ ചെറുഗ്രാമങ്ങൾ പിന്നിട്ട് വണ്ടിയിപ്പോൾ കുന്നിന്റെ നെറുകയിലേക്കടുക്കുന്നു.
ബിജ്‌ലി മഹാദേവ് ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റർ അകലെ കുന്നിൻചെരുവിലെ
ഒരു ചെറുഗ്രാമത്തിൽ വണ്ടിയൊതുക്കി.
ഇനി പൈൻമരങ്ങൾക്കിടയിലൂടെയുള്ള കുന്നുകയറ്റമാണ്.
താഴെ പൊട്ടുപോലെ പട്ടണത്തിലെ കെട്ടിടങ്ങൾ.
അതിനിടയിൽ കറുത്തുനേർത്ത പാതകളിലൂടെ
വാഹനങ്ങളുടെ ഒഴുക്ക്.
ലോവർ ഹിമാലയത്തിലെ മലഞ്ചെരിവുകളിൽ,
മരങ്ങൾക്കിടയിലൂടെ കാണുന്ന നടപ്പാതകൾ സുന്ദരമാണ്.
താഴ് വാരങ്ങളിൽ മേഞ്ഞുനടക്കുന്ന പശുക്കൾ. തണലുപറ്റി പശുപാലകർ, കൃഷിക്കാർ..
ഇടയ്ക്കിടെ ചെറുകടകളിലെ കയറ്റുകട്ടിലിൽ ചാരി അല്പനേരം വിയർപ്പാറ്റിയിരിക്കാം
പ്രകൃതിയോട്,
മരങ്ങളോട് സംസാരിച്ചിരിക്കാം..
ഒരു ചായ രുചിക്കാം..
മരങ്ങൾ അവസാനിക്കുന്നിടത്ത്,
ക്ഷേത്രത്തിന് താഴെ പുൽമേട്ടിൽ മഞ്ഞനിറത്തിൽ ടാർപ്പാളിൻ വലിച്ചുകെട്ടിയ ചെറുകൂരകൾ
എല്ലാം കടകളാണ്. ചായയും ശീതള പാനീയങ്ങളും മറ്റു ലഘു ഭക്ഷണങ്ങളും ലഭിക്കുന്നവ.
ഇവിടുത്തെ തനത് വിഭവമായ മാവ് പുളിപ്പിച്ച് ഉണ്ടാക്കുന്ന “സിഡു” ചില കടകളിൽ ലഭിക്കും

നട്ടുച്ചയ്ക്കാണ് കുന്നുകയറിയതെങ്കിലും, വിശാലമായ പുൽമേടുകളിൽ
തണുത്തകാറ്റിന്റെ സഞ്ചാരം വലിയൊരാശ്വാസം തന്നെയാണ്.
കുന്നിന്റെ നെറുകയിലിപ്പോൾ ബിജ്‌ലി മഹാദേവന്റെ ക്ഷേത്രം കാണാം.
കിഴക്ക് ചന്ദേർഖനി പാസും, മലാനയും, ഹലാനുമൊക്കയടങ്ങുന്ന ഗ്രാമങ്ങൾ, മലനിരകൾ..
തെക്ക് പാർവതീ നദി ശാന്തമായി ഒഴുകുന്നുണ്ട്. അതിനപ്പുറം പാർവതീ വാലി.
വടക്ക്, മണാലി കടന്ന് ലഡാക്കിലേക്ക് നീളുന്ന അനന്തസുന്ദരമായ ഹിമാലയത്തിന്റെ തലയെടുപ്പ്.
പടിഞ്ഞാറ് ബുന്ദർ എയർപോർട്ട്. ബിയാസ് നദി കൈവെള്ളയിൽ സൂക്ഷിക്കും പോലെ
ഒറ്റ റൺവേയിൽ മലനിരകൾക്ക് താഴെ മനോഹരമായ ഒരു കുഞ്ഞൻ എയർപ്പോർട്ട്.

ക്ഷേത്രത്തിന് മുന്നിൽ വലിയ ഉയരത്തിൽ ഒരു ഇരുമ്പുദണ്ഡ് സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെയാണ് മിന്നൽ പതിച്ച് അതിന്റെ ശക്തി മുഴുവൻ ശിവലിംഗത്തിൽ ആവാഹിച്ച്
അതു പൊട്ടിത്തെറിക്കുന്നതായി വിശ്വസിക്കപ്പെടുന്നത്.
പിന്നീടത് നെയ്യുരുക്കി വീണ്ടും ഒട്ടിച്ചെടുത്ത് പുനഃപ്രതിഷ്‌ഠ നടത്തുന്നു.
ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്ത് രണ്ടു ത്രിശൂലങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
മുറ്റത്തെ പുൽമേട്ടിൽ വിരിച്ച പായമേൽ പണ്ഡിറ്റ്ജി വെയിൽകൊള്ളുന്നു.
അൽപനേരം സംസാരിച്ചിരുന്നു. കാറ്റുചുറ്റുന്ന വിശാലമായ ആ പുൽമേട്ടിൽ
അൽപനേരം കണ്ണടച്ചിരുന്നാൽ അതിസുന്ദരമായൊരു ധ്യാനത്തിലൂടെ കടന്നുപോകാം…

ഈ ഉയരത്തിൽ ഒന്നും നമ്മെ ചുറ്റിമുറുക്കുന്നില്ല…
മനസ് എവിടെയ്ക്കോ ഇറങ്ങിപോയപോലെ….

Leave a Reply

Your email address will not be published. Required fields are marked *