ബർമ്മാ വനാതിർത്തിയിലെ മോൺ ഗ്രാമം

കാടിന്റെ രക്തവും മാംസവും
വലിച്ചൂറ്റി താഴേക്ക് പായുന്ന
ഖ്വായ് നദി.
വെയിലൊടുങ്ങുംതോറും
അതിന്റെ നിഗൂഢത പെരുകുന്നു.
കാഞ്ചനബുരിയിൽ വച്ചുതന്നെ
ഡ്രൈവർ സോംതായ്
എന്നോടുപറഞ്ഞതാണ്
അയാൾ ജീവിതത്തിൽ ആദ്യമായിട്ടാണ്
ഇതുവഴി വരുന്നത്.

വന്യമായൊഴുകുന്ന നദിയുടെ
സാന്നിദ്ധ്യം സ്റ്റാലന്റെ
ഏതോ റാംബോ സിനിമയെ
ഓർമ്മപ്പെടുത്തുന്നു.
ഒരു മണിക്കൂറിൽ കൂടുതലായി
സോംതായ് കാര്യമായിട്ടെന്തെങ്കിലും
സംസാരിച്ചിട്ട്…
അയാൾക്ക് നല്ല പേടിയുണ്ട്..
ആനയുള്ള കാടാണ്..
ഇരുട്ടുവീണുതുടങ്ങി..
‘മോൻ’ എന്ന വനഗ്രാമം
അന്വേഷിച്ചുള്ള യാത്രയാണിത്..

കാടതിര് കടന്ന്
പതിനഞ്ച് മിനുട്ട് നേരത്തെ
നദീയാത്രയ്ക്ക് ശേഷം
ബോട്ട് കരയ്ക്കണഞ്ഞു.
അവിടെ ഒരു ഫ്ളോട്ടിംങ്
റിസോർട്ടുണ്ടായിരുന്നു.
പുറം ലോകവുമായി
വലിയ ബന്ധമില്ലാത്ത
ഗൂഢമായ ഒരു പച്ചത്തുരുത്തുപോലെ
അത് നദിയുടെ ഓരംപറ്റി കിടക്കുന്നു.

സോം തായ് ഒരു തടിബഞ്ചിൽ
ഇരിപ്പുറപ്പിച്ചു.
ഇനി അയാൾ എങ്ങോട്ടുമില്ലത്രേ..

ഞാൻ മുകളിലേക്കുള്ള
നടപ്പാത കയറി…
ആ നടവഴി കാട്ടിലേക്കാണ്..
മരങ്ങൾക്കിടയിൽ
ഊർന്നിറങ്ങുന്ന
ഇരുട്ടിന്റെ വള്ളികൾ..

നടപ്പ് തുടർന്നു…
അല്പദൂരം പിന്നിട്ടപ്പോൾ
ഗ്രാമത്തിന്റെ അതിരുകൾ
കണ്ടുതുടങ്ങി..

തറനിരപ്പിൽ നിന്നും ഉയർത്തി
തൂണുകളിൽ
നിർമ്മിച്ച മരവീടുകൾ..
മേൽക്കൂരയായ് പുല്ലു മേഞ്ഞിരിക്കുന്നു.
ആളനക്കങ്ങളില്ല..
ചില വീടുകൾക്ക് മുന്നിൽ നിന്ന്
ശബ്ദമുണ്ടാക്കി നോക്കി…
പ്രയോജനമില്ല…
മരങ്ങൾക്കിടയിലൂടെ
ഒരു ആന നടക്കുന്നത്
അപ്പോഴാണ് ശ്രദ്ധിച്ചത്..
പെട്ടെന്ന് ബാങ്കോക്കിൽ വച്ച്
വിനീത് പറഞ്ഞത് ഓർമ്മ വന്നു.
ആ ഗ്രാമത്തിലുള്ളവർ
ആനയെ മെരുക്കി വളർത്തുന്നുണ്ട്..

ആനയുടെ കണ്ണിൽപ്പെടാതെ
സുരക്ഷിതമായി ഒളിച്ചുനിന്നു..
ഇരുട്ട് പെരുകുന്നു..
പെട്ടെന്ന് ബർമ്മീസ് മുഖമുള്ള
ഒരു യുവാവിനെ കണ്ടു..
ഒരു പാവം…
അറിയാവുന്ന ഭാഷയിലൊക്കെ
അവനോട് സംവദിക്കാൻ നോക്കി..
രക്ഷയില്ല…
ഏറെദൂരം ഒപ്പം നടന്നു…
നടപ്പാത മുകളിലേക്കുള്ള കുന്നുകയറുന്നു…
ഉള്ളിൽ ഭയം കൂടിക്കൂടിവരുന്നു…
മതിയാക്കാം….
മനസ് പറഞ്ഞു…
ആ ചെറുപ്പക്കാരനോട്
ആംഗ്യഭാഷയിൽ എന്തെക്കെയോ
പറഞ്ഞ് തിരിച്ചുനടന്നു…
അവൻ അപ്പോഴും ചിരിക്കുകയായിരുന്നു…

@ മോൻ ബർമ്മാ അതിർത്തിയിലെ ഒരു പരമ്പരാഗത തായ് വനഗ്രാമമാണ്..
പരിഷ്കൃതജീവിതം ഒട്ടും ആഗ്രഹിക്കാത്ത
മനുഷ്യരുടെ ഗ്രാമം..

Leave a Reply

Your email address will not be published. Required fields are marked *