വാരണാസി

പൊടിപടർന്ന മുഷിഞ്ഞ തെരുവ്…
മനുഷ്യർ,
പശുക്കൾ,
തെരുവുനായകൾ
അങ്ങനെ എല്ലാം
ക്രമം തെറ്റി
അലഞ്ഞുനടക്കുന്ന പാതകൾ..

ധൃതിപിടിച്ച്,
കൂട്ടിയിടിച്ച്
ഉച്ചത്തിൽ ഹോൺമുഴക്കി
തമ്മിൽ തമ്മിൽ മത്സരിച്ച്
നിരത്തിലൂടെ
തലങ്ങും വിലങ്ങും
പായുന്ന ബാറ്ററി റിക്ഷകൾ..
നടവഴികൾ ചുരുണ്ടുകൂടി
തലച്ചുറ്റിപ്പോകുന്ന
ഇരുണ്ട ഗലികൾ…
ചെറുതും വലുതുമായ
എണ്ണമറ്റ ക്ഷേത്രങ്ങൾക്ക്
താഴെ,
കുതറിത്തെറിച്ചുപായുന്ന
ഗംഗയുടെ കരയിൽ
നിലയ്ക്കാതെ
കത്തുന്ന ചിതകൾ…
മരണം പുകയുന്ന
ഘാട്ടുകൾക്കപ്പുറം
ഇളകിത്തെറിച്ച്
അസ്വസ്ഥമായ ചില
ശബ്ദങ്ങളോടെ ഒഴുകിനീങ്ങുന്ന,
യന്ത്രബോട്ടുകൾക്കിടയിൽ
ചിതറിപ്പറക്കുന്ന പക്ഷികൾ…

അങ്ങനെയങ്ങനെ
കാഴ്ചകൾ പലതാണ്…
ഏറെയും മുഷിപ്പിക്കുന്നത്..

തെരുവുകൾ
ഇരുട്ടിൽ മുങ്ങുമ്പോൾ
ഗംഗയുടെ കരയിൽ,
തണുത്ത കാറ്റിനൊപ്പം
മുഴങ്ങുന്ന പ്രാർത്ഥനകൾക്കിടയിൽ
ഗംഗാ ആരതിക്കൊപ്പം
ഇങ്ങനെ ചില
മനുഷ്യരെ കാണാം…

കാഴ്ചയുടെ
വൈവിധ്യങ്ങളെ
നമുക്കായി
തുറന്നു വയ്ക്കുന്ന
വ്യത്യസ്തരായ
ചില മനുഷ്യർ…

അതുകൊണ്ടുതന്നെയാകാം
എത്ര മടുത്താലും
ഈ നഗരം എന്നെയിങ്ങനെ
വീണ്ടും വീണ്ടുമിങ്ങനെ
വലിച്ചടുപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *