പൂവാർ- കണ്ടൽ വനങ്ങൾക്കിടയിൽ ഒരു തീരഗ്രാമം

കേരളത്തിന്റെ തെക്കേ മുനമ്പിലെ മനോഹരമായൊരു തുരുത്താണ് പൂവാർ.
കണ്ടൽവനങ്ങളുടെ,
നീർച്ചാലുകളുടെ,
കുന്നുകളുടെ,
കയറ്റിറക്കങ്ങളുടെ,
പൊഴിമുറിച്ചെത്തുന്ന കടലിന്റെ
പറഞ്ഞുതീർക്കാൻ കഴിയാത്ത സൗന്ദര്യം.

കിംഗ്ഫിഷർ

ഒരു മണൽതിട്ടയ്ക്കിരുപുറം നിന്ന് കടലും കായലും മുഖം നോക്കുന്നു.
ഇടയ്ക്കൊക്കെ അതിനെ തകർത്തെറിഞ്ഞ് പരസ്പരം കുതറിപ്പായുന്ന
ജലത്തിന്റെ ചുറ്റിപ്പിടിത്തം.

ഒറ്റയ്ക്കും കൂട്ടമായും ചുറ്റിത്തിരിയുന്ന ചെറുബോട്ടുകളുടെ ഇരമ്പം.
ചെറുവള്ളങ്ങളുടെ,
കട്ടമരങ്ങളുടെ
തുഴ വീഴുന്ന ശബ്ദം.
കണ്ടൽച്ചെടികൾക്കിടയിലൂടെ
നീർച്ചാലുകളിൽ നൂണ്ടിറങ്ങുന്ന മീൻവേട്ടക്കാരായ പക്ഷിക്കൂട്ടങ്ങൾ.
ഒക്കെ കാഴ്ചകളെ സുന്ദരമായൊരിടത്തേക്ക് കൊണ്ടുപോകുന്നു.

തുരുത്തിലെ ചെറുബോട്ടുകൾ

തിരുവനന്തപുരത്തുനിന്നും 35 കിലോമീറ്റർ തെക്കുമാറി
നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഒരു കടലോരഗ്രാമമാണ് പൂവാർ.
ഏറെനാളായിട്ടുണ്ട് അത് കേരളത്തിന്റെ സഞ്ചാരഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ട്.
നെയ്യാർ ഒഴുകിയെത്തുന്ന ഇടമാണ് പൂവാർ.
ഏകദേശം നാനൂറോളം ബോട്ടുകളാണിവിടെ സഞ്ചാരികളെ കാത്തുകിടക്കുന്നത്.
തിരുവനന്തപുരത്തുനിന്നും തീരദേശപാതയിൽ കോവളം,
വിഴിഞ്ഞം കഴിഞ്ഞാണ് പൂവാറിന്റെ സ്ഥാനം.
കന്യാകുമാരിയിലേക്കുള്ള ദേശീയപാതയിൽ ബാലരാമപുരത്ത് നിന്നും
ഇവിടെത്താനാകും.
മനോഹരമായ റിസോർട്ടുകളും, ചെറുഹോട്ടലുകളും ഇവിടെ ധാരാളം കാണാം.
പ്രകൃതിയൊരുക്കിയ പച്ചപ്പിൽ,
അതിന്റെ നിശബ്ദതയിൽ തലപൂഴ്ത്തിയുറങ്ങിയ രണ്ടുദിനങ്ങൾ..
സുന്ദരമായൊരു അനുഭവമായിരുന്നു അത്…
തുരുത്തിലെ നീർച്ചാലിലൂടെ ഇടതടവില്ലാതെ പായുന്ന ചെറുബോട്ടിലൊന്നിൽ
മനോഹരമായൊരു സായാഹ്നയാത്ര.
മീൻവേട്ടക്കിറങ്ങിയ എണ്ണമറ്റ പക്ഷികളുടെ ചിത്രങ്ങൾ പകർത്താനും,
പൊഴിമുറിഞ്ഞുപായുന്ന കായലിന്റെ ഒഴുക്കിനപ്പുറം
മനോഹരമായ സായാഹ്നം കാണാനും
ആ യാത്ര ധാരാളമായിരുന്നു.
തീരത്ത് അസ്തമയം കാണാനെത്തിയ ആൾക്കൂട്ടം.
അവരെത്തിയ ചെറുബോട്ടുകൾ അടുക്കടുക്കായി തീരത്തോട് ചേർന്ന്
ഒതുക്കി നിർത്തിയിക്കുന്നു.
ഇരുളുവോളം ആ കാഴ്ചയെ പകർത്തിക്കൊണ്ടേയിരുന്നു….

ഇരപിടിയൻമാർ

poovar

Neyyatinkara Taluk

Leave a Reply

Your email address will not be published. Required fields are marked *