ഡാർജിലിങ്ങിലെ പലായന ജീവിതങ്ങൾ

ഒരിക്കലെങ്കിലും പലായനം ചെയ്യപ്പെടേണ്ടിവന്നവരുടെ
മുഖം കണ്ടിട്ടുണ്ടോ…?

കട്ടപിടിച്ച രക്തത്തിന്റേതുപോലെ ഇരുണ്ട ചുവപ്പ് അവരുടെ ഓരോ നോട്ടത്തിലും
ഘനീഭവിച്ച് കിടക്കുന്നുണ്ടാകും..
എത്ര ചിരിക്കാൻ ശ്രമിച്ചാലും ഉള്ളിലൊളിപ്പിച്ച കൊടിയ വിഷാദത്തിന്റെ
തരികൾ ഇടയ്ക്കിടെ ചുണ്ടുകളിൽ പറ്റിപ്പിടിക്കുന്നു.
ചിലപ്പോഴൊക്കെ,
നിശ്ശബ്ദതകൊണ്ട് നമുക്കിടയിലെ സമയത്തെ അവർ നിശ്ചലമാക്കിക്കളയും.
അതുവരെ നേടിയതും അത്രമേൽ പ്രിയപ്പെട്ടതും ഒരുനിമിഷം കൊണ്ട്
ഇട്ടെറിഞ്ഞു വന്നവർ.

അങ്ങനെ മലകടന്നെത്തിയ ഒരു ജനതയുണ്ട് ഇന്ത്യയിൽ..
1959 ലെ ടിബറ്റൻ കലാപത്തെ തുടർന്ന് ലാസയിൽ നിന്നും പലായനം ചെയ്തവർ.
ഇന്ത്യയുടെ വിവിധയിടങ്ങളിൽ അവരുടെ വേരുകൾ ചിതറിക്കിടപ്പുണ്ട്..
ദലൈലാമയുടെ ആസ്ഥാനമായ, ഹിമാചലിലെ ധർമശാലയിലും,
ലഡാക്കിലും,
ഡാർജിലിംഗിലും,
ഗാങ്ടോക്കിലും,
ഇങ്ങ് തെക്കൻ കന്നഡയിലെ
ബൈലക്കുപ്പയിലും വരെ ആ വേരുകൾ കാണാം…

ഹിമാലയൻ സൗന്ദര്യത്തിന്റെ കാഴ്ചകൾ തേടി ഒരു ഒക്ടോബറിലാണ്
ഡാർജിലിങ്ങിലേക്ക് വണ്ടികയറിയത്.
മഞ്ഞുമൂടി നിൽക്കുന്ന കാഞ്ചൻജംഗ കൊടുമുടിയുടെ മുന്നിൽ
ലോകത്തെ ഏറ്റവും രുചികരമായ ഡാർജിലിംഗ് ചായ ചൂടോടെ
ഊതിക്കുടിച്ച്, സായാഹ്നത്തിലെ മഞ്ഞുകൊണ്ടിരിക്കണം എന്ന
വളരെ ചെറിയൊരു സ്വപ്നം മാത്രമായിരുന്നു അതിനു പിന്നിൽ…

ഹോട്ടൽമുറിയിലെ ചെറിയ ബാൽക്കണിയിലെ മരക്കസേരകളിൽ
ചൂടുചായയ്ക്കൊപ്പം തണുപ്പ് കൊണ്ടിരിക്കുമ്പോൾ
അതിവിശാലമായ നീലക്യാൻവാസിൽ കാഞ്ചൻജംഗ ആകാശത്ത് ചിതറിക്കിടക്കുന്നു.
ജനാലയിലേക്ക് ചായുന്ന വൃക്ഷങ്ങളുടെ ചെറുശിഖരങ്ങളിൽ മഞ്ഞുത്തുള്ളികൾ
അനേകം ചെറുചിത്രങ്ങളെ പകർത്തിയെടുക്കുന്നുണ്ടപ്പോൾ….

നന്നേ പുലർന്നിട്ടാണ് നടന്നുതുടങ്ങിയത്.
പട്ടണത്തിൽ നിന്നും മൂന്നുകിലോമീറ്റർ അകലെയാണ് ടിബറ്റൻ റെഫ്യൂജി ക്യാമ്പ്.
ദലൈലാമയെ പിൻപറ്റി ഇന്ത്യയിലെത്തിയ ജനത.
പട്ടണത്തിന് നടുവിൽ നാലേക്കറിൽ
അവർ താമസിച്ചുവരുന്നു.
സംസ്ഥാന സർക്കാർ നിർമ്മിച്ചുനൽകിയ കേന്ദ്രമാണിത്.
ഉപജീവനത്തിനായി 1959 ൽ നാല് തൊഴിലാളികളുമായി ആരംഭിച്ച
ഒരു കരകൗശലകേന്ദ്രം ഇതിനൊപ്പം പ്രവർത്തിക്കുന്നു.
ഇന്ന് നൂറ്റമ്പതോളം കുടുംബങ്ങൾ ഇവിടെ പണിയെടുത്തുവരുന്നു.

ഗേറ്റ് കടന്നു..
വിഷാദം കലർന്ന ഭൂമിയുടെ നടുവിൽ ചില കെട്ടിടങ്ങൾ.
ബുദ്ധമതത്തിന്റെ പ്രാർത്ഥനാചക്രങ്ങൾ..
സ്കൂളിലേക്ക് പോകാൻ തയാറായി ചിലകുട്ടികൾ…
നെയ്തുതറികളുടെ ശബ്ദങ്ങൾ..

മരഗോവണി കയറി ചെറിയൊരു കെട്ടിടത്തിന്റെ
രണ്ടാംനിലയിലേക്ക് പ്രവേശിച്ചു.
യൂറോപ്യൻമാരുടെ സംഘം നേരത്തേതന്നെ അവിടെ
ഇടം പിടിച്ചിരിക്കുന്നു.
ഇരുവശത്തും തറികളിൽ തൊട്ട് ജീവിതം തുന്നുന്ന സ്ത്രീകൾ.
അവരുടെ വലിഞ്ഞുമുറുകിയ മുഖപേശികളിൽ
കഠിനകാല ജീവിതങ്ങൾ പടംവരച്ചിരിക്കുന്നു.
തടിയലമാരകളിൽ ചായംതേച്ച് വലിയ നൂലുണ്ടകൾ
അടുക്കി സൂക്ഷിക്കുന്നു.

യാക്കിന്റെ രോമം കൊണ്ട് കമ്പിളിയും സ്വറ്ററുമൊക്കെ
ഇവിടെ നിർമ്മിക്കുന്നുണ്ട്.
അതിനൊപ്പം ചെറുതും വലുതുമായ ഫാൻസി സാധനങ്ങൾ,
മറ്റലങ്കാര വസ്തുക്കൾ..

ക്യാമ്പിന്റെ പ്രധാനകെട്ടിടത്തോട് ചേർന്ന് വില്പനശാല ഒരുക്കിയിട്ടുണ്ട്.
വിലയല്പം കൂടുതലായി തോന്നിയാലും കഴിയുമെങ്കിൽ വാങ്ങുക.
പതിറ്റാണ്ടുകളായി ഒരു ജനത നിവർന്നുനിൽക്കാനുള്ള പോരാട്ടത്തിലാണ്..

ലോകത്തിന്റെ പലയിടങ്ങളിൽ,
പലരൂപത്തിൽ.
പലായനങ്ങൾ
നടന്നുകൊണ്ടേയിരിക്കുന്നു…
ഓരോന്നും
അതികഠിനമായ ഒരതിജീവനത്തെ
സൃഷ്ടിക്കുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *