ജയ് ബദ്‌രി വിശാൽ

ഇരുട്ട് പെയ്തുവീഴുന്ന സന്ധ്യയിലാണ് ബദരീനാഥിലെത്തുന്നത്.
അളകനന്ദയുടെ കരയിൽ അമ്പലത്തെ പൊതിഞ്ഞുപിടിച്ച് ഒരു വലിയ പട്ടണം രൂപപ്പെട്ടിരിക്കുന്നു.
പലനിറദീപങ്ങളിൽ മുങ്ങിക്കുളിച്ച് കെട്ടിടങ്ങൾ കൂട്ടത്തോടെ ബദരീനാരായണനു മുന്നിൽ
ഗംഗാആരതിയ്ക്ക് തയാറെടുക്കുംപോലെ..
ആ വലിയ താഴ് വരയെ ചുറ്റിനിൽക്കുന്ന പർവ്വതനിരകൾ ഇരുട്ടുവീണപ്പോൾ
എവിടേയ്‌ക്കോ മറഞ്ഞിരിക്കുന്നു.
ദൂരെ നദിയുടെ കരയിൽ മണിമുഴങ്ങുന്നു.
നിയോൺ വെളിച്ചത്തിൽ ഒരു പൊട്ടുപോലെ ക്ഷേത്രത്തിന്റെ എടുപ്പ്..
ചുറ്റിലും പ്രകാശം പരത്തുന്ന കെട്ടിടങ്ങളുടെ കൂട്ടത്തിൽ നിന്ന്, കാഴ്ചകൊണ്ട് ക്ഷേത്രത്തെ
വേർതിരിച്ചെടുക്കാൻ അല്പം പ്രയാസം തന്നെ..

വണ്ടി പട്ടണത്തിലേക്ക് പ്രവേശിച്ചു.
തെരുവിന്റെ ഓരം ചേർന്ന് സന്യാസികളുടേയും, തീർത്ഥാടകരുടേയും,
തണുപ്പിനൊപ്പമുള്ള നടപ്പ്..
രാത്രിപൂജയ്ക്ക് അമ്പലത്തിലേക്കുള്ള ഒഴുക്കാണത്.
പൊതുവെ ബദരിയിലെ തിരക്ക് കുറഞ്ഞ മാസമാണ് സെപ്റ്റംബർ.
രണ്ടു മഞ്ഞുകാലങ്ങൾക്കിടയിലെ ആറുമാസമാണ് ഇവിടുത്തെ ദർശനകാലം.
ഏപ്രിൽ മാസത്തെ അക്ഷയതൃതീയയിൽ തുറന്ന് മഞ്ഞുകാലത്തെ ബദ്രിദ്വിതീയയിൽ
അടയ്ക്കുന്ന ക്ഷേത്രം. നവംബർ ആദ്യവാരം തുടങ്ങുന്ന മഞ്ഞുവീഴ്ചയെ തുടർന്ന്
ഏപ്രിൽ വരെയുള്ള ആറുമാസക്കാലം മഞ്ഞുമൂടി നിശബ്ദമായിക്കിടക്കുകയാണത്..
മഞ്ഞ്, ഘനീഭവിച്ച് കിടക്കുന്ന അക്കാലത്ത് ബദരീനാരായണൻ ജോഷിമഠിൽ
നരസിംഹക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം നൽകുന്നു.

ആൾവാർകവികൾ വാഴ്ത്തിയ വൈഷ്ണവക്ഷേത്രങ്ങളിൽപ്പെട്ട 108 ദിവ്യദേശങ്ങളിൽ
ഒന്നാണിത്. വർഷംതോറും
പത്തുലക്ഷത്തിലധികം തീർത്ഥാടകർ ഈ ക്ഷേത്രത്തിൽ
എത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഒരടി ഉയരത്തിൽ കൃഷ്ണശിലയിൽ നിർമ്മിക്കപ്പെട്ട
പ്രതിഷ്ഠയാണിവിടെ ദൃശ്യമാകുന്നത്. വിഷ്ണുപുരാണത്തിലും സ്കന്ദപുരാണത്തിലും
ഈ ക്ഷേത്രം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഗർഭഗൃഹത്തിന് ചുറ്റും ഇരുവശത്തായി കുബേരൻ,നാരദർ,ഉദ്ധവൻ, നരനാരായണൻ,
ലക്ഷ്മി,ഗരുഡൻ, നവ:ദുർഗ്ഗ, ആദിശങ്കരൻ എന്നിവരുടെ പ്രതിഷ്ഠകൾ സ്ഥാപിച്ചിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ ഗഡ്‌വാൾ രാജാവാണ് നിലവിലുള്ള ക്ഷേത്രം നിർമ്മിച്ചത്.
സാളഗ്രാമം എന്ന കൃഷ്ണശിലയിലാണ് വിഗ്രഹം നിർമ്മിക്കപ്പെട്ടത്.
നേപ്പാളിലെ ഗണ്ഡകി നദിയുടെ ഉത്ഭവസ്ഥാനമായ സാളഗ്രാമിയിൽ കാണപ്പെടുന്ന
കറുത്ത ശിലകളെയാണ് സാളഗ്രാമമെന്ന് വിളിക്കുന്നത്. ഹിന്ദു മിത്തോളജിയിൽ
ഭഗവാൻ വിഷ്ണുവിന്റെ പ്രതീകമാണ് ഓരോ സാളഗ്രാമവും.

ഇരുട്ടുവീണ വഴിയിലൂടെ വണ്ടിനീങ്ങി.
ഹോട്ടൽ നാരായൺ പാലസിലാണ് താമസം തരപ്പെടുത്തിയിരിക്കുന്നത്.
പ്രധാനവഴിയിൽ നിന്നും വണ്ടിയിപ്പോൾ തെരുവിലെ പാർക്കിങ് ഗ്രൗണ്ട് പിന്നിട്ട്,
നദിക്കരയിലെ ചെമ്മൺവഴിയിലൂടെ മുന്നോട്ടുനീങ്ങുന്നു. ഇരുവശത്തും
ചെറുതും വലുതുമായ ലോഡ്ജുകൾ, ഹോട്ടലുകൾ..
അധികം പോകേണ്ടിവന്നില്ല, വഴിയുടെ വലതുവശത്തായി വെളിച്ചത്തിൽ മുങ്ങി
ഒരു മൂന്നുനിലക്കെട്ടിടം കണ്ടു. അതായിരുന്നു നാരായൺ പാലസ്.
ബദരിയിലെ സൗകര്യങ്ങളിൽ ഭേദപ്പെട്ട ഒന്നായിരുന്നു ആ ഹോട്ടൽ..
ദിവസവും ആയിരക്കണക്കിന് തീർത്ഥാടകർ വന്നുപോകുന്ന പട്ടണത്തിൽ
ഈ സൗകര്യങ്ങളൊക്കെ തന്നെ വിലപ്പെട്ടതാണ്.
വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി.
ചുറ്റിലും കൊത്തിപ്പറിക്കുന്ന മഞ്ഞുകാറ്റ് ഞങ്ങളെ ബദരിയിലേക്ക് സ്വാഗതം ചെയ്തു.
താഴ് വരയിലേക്കിറങ്ങാൻ കാത്തിരിക്കുന്ന മഞ്ഞുപാളികൾ മുന്നറിയിപ്പുപോലെ
പറത്തിവിട്ടതാകുമോ ഈ കാറ്റിനെ…?
യാത്രാക്ഷീണം അനുഭവപ്പെടുന്നുണ്ട്. പകൽമുഴുവൻ യാത്രയിലായിരുന്നു.
അത് കൂടാതെ തുംഗനാഥിലെ ട്രെക്കിങ്ങും.
സത്യത്തിൽ അൽപ്പം സന്തോഷം തോന്നാതിരുന്നില്ല.
കേദാർനാഥിൽ നിന്നും അതിരാവിലെ തുടങ്ങിയ യാത്രയാണിത്.
250 കിലോമീറ്റർ പിന്നിട്ടിരിക്കുന്നു. അതിലധികവും മോശം വഴികൾ പിന്നിട്ട്…
ഉച്ചഭക്ഷണം പോലും യാത്രയ്ക്കിടെ ഉപേക്ഷിച്ചിരുന്നു. തുംഗനാഥിൽ നിന്നും രാവിലെ
കഴിച്ച മാഗി തന്നെയാണിപ്പോഴും ഊർജം പകരുന്നത്.

റിസപ്‌ഷനിൽ നിന്ന്, താക്കോൽ കൈപ്പറ്റി റൂമിലേക്ക് നടന്നു.
മൂന്നാംനിലയിലെ അത്യാവശ്യം സൗകര്യങ്ങളുള്ള മുറി.
ചില്ലിട്ട ജനാലയ്ക്ക് പുറത്ത് താഴ് വരയുടെ മനോഹരമായ രാത്രിക്കാഴ്ച.
ജനാലവിരി നീക്കി.
വെളിച്ചത്തിൽ കുളിച്ച് താഴ് വര നിശ്ശബ്ദതയിലാണ്ടിരിക്കുന്നു.
ഷവറിലെ ചൂടുള്ള വെള്ളത്തിൽ നനഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ഉന്മേഷം തോന്നി.
ക്ഷേത്രദർശനം നാളെത്തേക്ക് മാറ്റി. നാളത്തെ പകലും രാത്രിയും ദർശനത്തിനായി
മാറ്റിവച്ചിട്ടുണ്ട്.
ഉള്ളിൽ വിശപ്പിന്റെ വിളി. പതുക്കെ ഗ്രൗണ്ട്ഫ്ലോറിലെ റെസ്റ്റോറന്റിലേക്ക് നടന്നു.
പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ്. റൊട്ടിയും
പരിപ്പുകറിയുമൊക്കെ തന്നെ പ്രധാനഭക്ഷണം. കൊടുംതണുപ്പിൽ ചൂടുള്ള വെജിറ്റബിൾസൂപ്പ്
തൊണ്ടയിലൂടെ ഒരാശ്വാസമായിറങ്ങി. ചൂടിന്റെയും കുരുമുളകിന്റേയും
സുഖമുള്ള അനുഭവം. കൂട്ടത്തിൽ കിട്ടിയ പയറുകഞ്ഞി വിശപ്പിനുള്ള പ്രധാനപ്പെട്ട
ആഹാരമായി മാറി. ഇരുട്ടുവീഴും തോറും തണുപ്പ് ശരീരത്തെ ചൂഴ്ന്നുനിൽക്കുന്നു.
വേഗം റൂമിലെത്തി.
ഇരുട്ടുമുറിയിലെ കമ്പിളിച്ചൂടിൽ തലപൂഴ്ത്തി..
എത്ര സുഖമുള്ള ധ്യാനമാണ് ഉറക്കം….

ജനാലവിരിയിലെ ചെറിയ പഴുതിലൂടെ വെയിൽ പതിയെ ഉള്ളിലേക്ക് കയറിത്തുടങ്ങിയിരിക്കുന്നു.
ബദരിയിലെ ഒരു രാത്രി കടന്നുപോയിരിക്കുന്നു.
നീലകണ്ഠപർവ്വതത്തിന്റെ ചെരിവിൽ സൂര്യൻ നിഴലുവീഴ്ത്തി കടന്നുവരുന്നു.
ബദരിയിലെ ആദ്യത്തെ പ്രഭാതം.
ജനാലവിരി നീക്കി പുറത്തേക്ക് നോക്കി.
മനോഹരമായ കാഴ്ച.
താഴ് വരയുടെ ഇരുവശത്തും കൂറ്റൻ പർവ്വതങ്ങൾ..
എത്ര സുന്ദരമായ പ്രഭാതമാണിത്..!!
സ്വപ്നം പോലെ തോന്നിപ്പോകുന്നു.
ജനാലയുടെ ഇരുവശത്തും അഭിമുഖമായ കസേരകളിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു.
ജനാലയ്ക്കപ്പുറം കൊടുമുടിയുടെ കാഴ്ചകൾ കണ്ടിരുന്നു.
ടീപ്പോയുടെ മുകളിൽ റൂംബോയ് കൊണ്ടുവെച്ച മസാലച്ചായ കളിമൺ കോപ്പയിലിരുന്ന്
ആവിപൊന്തിക്കുന്നു.
എത്രനാളത്തെ മോഹമാണിത്..!!
ചൂടുചായ നുണഞ്ഞ് ഹിമാലയത്തിന്റെ നെറുകയിൽ തണുപ്പുള്ള ഒരു പ്രഭാതം…
എത്ര നേരം വേണമെങ്കിലും ഈ കാഴ്ചകണ്ടിരിക്കാം..

അടുത്ത മുറിയിലെ സഹയാത്രികർ റെസ്റ്റോറന്റിലേക്ക് യാത്രയായിരുന്നു.
രാവിലെ തന്നെ ക്ഷേത്രദർശനം ചെയ്യുന്നതായിരിക്കും അഭികാമ്യം.
വേഗം തയാറായി, റെസ്റ്റോറന്റിലെത്തി. പ്രഭാത ഭക്ഷണം കഴിച്ച് ക്ഷേത്രത്തിലേക്ക് നടന്നു.
ദർശനകാലത്തിന്റെ അവസാന നാളുകളായതിനാലാകും നിരത്തിൽ തിരക്ക് കുറവ്.
വെയിൽചൂട് മഞ്ഞുകാറ്റിനെ തെല്ലും വകവെയ്ക്കുന്നില്ല.
ക്ഷേത്രത്തിന് മുന്നിലെ ചെറിയ തെരുവ് മനോഹരമായി സൂക്ഷിച്ചിരിക്കുന്നു.
നിറയെ കടകൾ. മുഴുവനും പൂജാദ്രവ്യങ്ങളും അനുബന്ധ സാധനങ്ങളും വിൽക്കുന്നവ..
റോഡിൽ അല്പംപോലും മാലിന്യങ്ങൾ കാണാനേയില്ല.
പ്രധാനവഴി തിരിയുന്നു. അതിപ്പോൾ നദിക്കരയിലൂടെ മുന്നോട്ട്,
അളകനന്ദയ്ക്ക് കുറുകേ ഉരുക്ക് പാലത്തിലേക്ക് പ്രവേശിച്ചു.
ക്ഷേത്രത്തിന് മുന്നിൽ നദിയ്ക്ക് കുറുകേ പ്രധാനമായും രണ്ടു പാലങ്ങളാണുള്ളത്.
രണ്ടും ഉരുക്കിൽ നിർമ്മിച്ചത്..
നദിയുടെ മറുകരയിൽ നിന്നുള്ള ബദരീക്ഷേത്രദർശനം മനോഹരമായ അനുഭവമാണ്.
പ്രഭാതസൂര്യൻ അതിന്റെ മകുടങ്ങളിൽ സ്വർണം പതിപ്പിച്ചതുപോലെ പ്രതിഫലിക്കുന്നു.
പതിനായിരം വാട്ട് പ്രഭയിൽ അതിപ്പോൾ വെട്ടിത്തിളങ്ങുന്നു.

പാലം കടന്നു..
നദിയുടെ ഇരമ്പൽ മന്ത്രോച്ചാരണങ്ങൾപോലെ ബദരീനാരായണന്‌ ചുറ്റും പ്രതിധ്വനിക്കുന്നു.
മറുകരയിൽ നിന്ന്, കണ്ടതുപോലെ ആയിരുന്നില്ല ക്ഷേത്രത്തിന് മുന്നിലെ കാഴ്ച.
അത്യാവശ്യം തിരക്കുണ്ട്. പ്രധാനകവാടത്തിൽ തിങ്ങിനിറഞ്ഞ് ഭക്തർ ബദരീനാരായണന്
ജയ് വിളിക്കുന്നു.

“ജയ് ബദ്‌രി വിശാൽ ഭഗവാൻ കീ”

പ്രാർത്ഥന കാതിൽ മുഴങ്ങുന്നു.
പച്ചെറുമ്പിൻകൂടുപോലെ പ്രധാനനടപ്പാതയിൽ സൃഷ്ടിക്കപ്പെട്ട തിരക്കിലേക്ക് നടന്നുകയറി.
ഭയാനകമായ തിരക്കിൽ മുന്നിലെ പടികളിൽ ചവിട്ടാനിടമില്ലാതെ കുഴങ്ങി.
കഠിനം തന്നെ.. പ്രധാനകവാടത്തിൽ അൽപ്പം ഉയരത്തിൽ തൂങ്ങുന്ന വലിയ
മണിയിൽ ഉയർന്നുചാടി ചിലർ ശബ്ദം മുഴക്കുന്നു. ഊഴമെത്തിയപ്പോൾ രണ്ടുതവണ
ഉയർന്നുചാടി മണിമുഴക്കി. അതിന്റെ ശബ്ദം താഴ് വരയിൽ പ്രതിധ്വനിക്കുന്നതുപോലെ…
എങ്ങും മന്ത്രോച്ചാരണങ്ങളും ശരണംവിളികളും മാത്രം..
പതുക്കെ സഭാമണ്ഡപം കടന്നു.
ശ്രീകോവിലിൽ പത്മാസനത്തിൽ ബദരീനാരായണൻ…

സ്വയമലിഞ്ഞ് ഭക്തർ…പതിയെ പതിയെ
നടന്നുനീങ്ങുന്നു…

ഉള്ളിൽ മന്ത്രോച്ചാരണങ്ങൾ മുഴങ്ങുന്നു….

ബദരീനാഥ് ദർശനത്തോടെ ഒരു ഭക്തന്റെ ക്ഷേത്രദർശനം പൂർണതയിലെത്തുന്നു,
എന്നൊരു സങ്കല്പമുണ്ട്. ഒരു മനുഷ്യജന്മത്തിൽ ചെയ്തുതീർത്ത പാപങ്ങൾ
ബദരീ ദർശനമാത്രയിൽ നശിച്ചുപോകുമത്രേ…

ആറാം നൂറ്റാണ്ടിൽ ബുദ്ധമതക്കാർ ബദരീക്ഷേത്രം കയ്യേറി വിഷ്ണുവിഗ്രഹം
അളകനന്ദയിലേക്കെറിഞ്ഞതായി കഥയിൽ പറയുന്നുണ്ട്.
ഭാരതയാത്രയ്ക്കിടയിൽ ശങ്കരാചാര്യർ ബദരിയിലെത്തി വിഷ്ണുവിഗ്രഹത്തെ
വീണ്ടെടുത്ത് വീണ്ടും പ്രതിഷ്ഠിച്ച്, ക്ഷേത്രത്തെ പുനരുദ്ധരിച്ചതായും പറയപ്പെടുന്നു.
ഗുരു അളകനന്ദയിൽ നിന്നും വിഗ്രഹം വീണ്ടെടുത്ത ഇടമാണിപ്പോൾ നാരദകുണ്ഡ്
എന്നറിയപ്പെടുന്നത്. ഇതിനടുത്തുതന്നെയാണ് ഉഷ്ണജലപ്രവാഹിയായ തപ്തകുണ്ഡും,
സൂര്യകുണ്ഡും. ക്ഷേത്ര ദർശനത്തിനായെത്തുന്നവർ ഇവിടങ്ങളിൽ സ്നാനം ചെയ്ത്
ദർശനം നടത്തുന്നത് പുണ്യമായി കരുതുന്നു.

ക്ഷേത്രത്തിലെ പൂജാരിയെ റാവൽ എന്നാണറിയപ്പെടുന്നത്.
തെഹ്‌രി ഗഡ്‌വാൾ രാജാവും സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രക്കമ്മിറ്റിയും ചേർന്നാണ്
റാവലിനെ തിരഞ്ഞെടുക്കുന്നത്. സംസ്‌കൃതത്തിലും, പൂജാവിധികളിലും പ്രാവീണ്യമുള്ള
ബ്രഹ്മചാരിയായ നമ്പൂതിരിയായിരിക്കണം റാവൽ ആകേണ്ടത് എന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
ശ്രീശങ്കരന്റെ നിർദേശപ്രകാരം കാലങ്ങളായി കേരളത്തിൽ നിന്നുള്ള
നമ്പൂതിരിമാരാണ് ക്ഷേത്രത്തിലെ റാവൽ..

മതിയാവോളം ക്ഷേത്രത്തെ കണ്ടുനിറഞ്ഞ്, നടപ്പാലത്തിലൂടെ മറുകരയെത്തി.
മഞ്ഞുരുകിത്തീർന്ന ഈ സെപ്റ്റംബറിലും നദിയുടെ പ്രവാഹം ആരേയും
ഭയപ്പെടുത്തുന്നതാണ്. നീലനിറത്തിൽ പതഞ്ഞൊഴുകുന്ന അളകനന്ദ ഇവിടെ
ലക്ഷ്മിയുടെ പ്രതിരൂപമാണ്.

മഞ്ഞൊഴിഞ്ഞു നടതുറക്കുന്ന മെയ്‌മാസമാണ് ഈ ക്ഷേത്രത്തിൽ ഏറ്റവും
തിരക്കുള്ള സമയം. അക്കാലത്ത് മൂന്നോ നാലോ കിലോമീറ്റർ ദൂരത്തിൽ ദർശനത്തിനായി
ക്യൂ അനുഭവപ്പെടാറുണ്ട്. നാലുദിവസമായി ബദരിയിൽ താമസിച്ച് സ്വാമീദർശനം
നടത്തുന്ന ഒരു ആന്ധ്രാ സ്വദേശിയെ പരിചയപ്പെട്ടു. രാവിലേയും വൈകുന്നേരങ്ങളിലും
ക്ഷേത്രത്തിലെത്തി മതിയാകുവോളം ബദരീനാരായണനെ കാണുകയാണയാൾ..

അയാളുടെ കണ്ണുകളിൽ ബദരീനാഥൻ നിറഞ്ഞുനിൽക്കുംപോലെ..

പതുക്കെ തെരുവിലേക്ക് നടന്നു..
തെരുവിൽ തിരക്ക് കൂടുന്നു…
പലവിധകച്ചവടക്കാർ നിരത്ത് കയ്യടക്കിയിരിക്കുന്നു….
ദൂരെ മണിമുഴങ്ങുന്നുണ്ട്….
മഞ്ഞുകാറ്റിന്റെ മൂളലിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്…
“ജയ് ബദ്‌രി വിശാൽ ഭഗവാൻ കീ…”

Leave a Reply

Your email address will not be published. Required fields are marked *