ഖൽസാർ…
നുബ്രാ താഴ് വരയുടെ കവാടമാണീ ഗ്രാമം..
നോർത്ത് പുള്ളിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലം.
മലമുടിയിറങ്ങുന്ന വഴിയുടെ ചെരുവിലൂടെ പടിഞ്ഞാറേക്ക് പായുന്നുണ്ട് ഷിയോക്ക് നദി.
മൊട്ടക്കുന്നിന്റെ ചെരുവിലൂടെയുള്ള യാത്രയ്ക്കിടെ ചില വ്യൂ പോയിന്റുകളുണ്ട്.
മുനമ്പിലേക്ക് തള്ളിനിൽക്കുന്ന പാറക്കൂട്ടങ്ങളുടെ മുകളിലേക്ക് കയറിനിന്നാൽ ചെളികലങ്ങിയൊഴുകുന്ന
ഷിയോക്ക് നദിയുടെ നിശബ്ദസഞ്ചാരം കാണാം. നദിയ്ക്കുള്ളിലിപ്പോൾ ഉറഞ്ഞുറങ്ങുന്ന
ശൈത്യകാലത്തെ വെറുതേ ഓർത്തെടുക്കാം.. വെയിൽച്ചൂടിൽ ഉരുകിയൊലിച്ച് അത്യഗാധഗർത്തംപോലെ
മലകളെ നെടുകെ പിളർത്തി പാഞ്ഞുപോകുന്ന ഷിയോക്ക് നദിയുടെ മരണപ്പാച്ചിലോർത്ത്
ഉള്ളിലൂടെ ഒരു കൊള്ളിയാൻ പായിക്കാം… ഭയമാകും ചിലപ്പോൾ…
വഴിയരികിലെ മുനമ്പിൽ നിന്നാൽ നേർത്തചാലു പോലെ ഒഴുകുന്ന നദിയുടെ നിശ്ചല
ദൃശ്യമാണിപ്പോൾ മുന്നിൽ…
നദിയുടെ ഉള്ളിലും കരയിലും വേരുകൾ പടർത്തി കാടുമൂടിയ കണ്ടൽവനങ്ങളുടെ
കാഴ്ചയുണ്ടവിടെ.. മഞ്ഞുരുകിയൊലിക്കുന്ന വേനൽക്കാലത്ത് നിലതെറ്റിപ്പായുന്ന
നദിയെ അച്ചടക്കം പഠിപ്പിക്കാനെന്നവണ്ണം അതിന്റെ തലയടുപ്പുള്ള നിൽപ്പ്…
മരങ്ങൾക്കൊന്നും അധികം ഉയരമില്ല…. കുറ്റിച്ചെടികൾതന്നെയാണത്…

കുന്നിറങ്ങി…
പാത ഇരുവശത്തേക്കും പിണങ്ങിപ്പിരിയുന്നു.
വലത്തേക്കുള്ള വഴി പാംങ്ഗോങ്ങിലേക്കാണ്..
ഇടത്തേക്കുള്ളത് ഒരു സൈനികകേന്ദ്രത്തിന്റെ മുന്നിലൂടെ വീണ്ടും കുന്നിറങ്ങിപോകുന്നു.
ലഡാക്ക് മേഖലയിൽ സൈന്യം സുശക്തമായി കാവൽ നിൽക്കുന്നുണ്ട്.. ഇടയ്ക്കിടെ
ആർമി ക്യാമ്പുകൾ കാണാം.. അധികദൂരം പിന്നിടേണ്ടിവന്നില്ല. വഴി വീണ്ടും
രണ്ടായി പിരിഞ്ഞു. വലത്തേക്കുള്ളത് പനാമിക്ക് വില്ലേജ് വഴി സിയാച്ചിൻ മേഖലയിലേക്കാണ്.
ഇടതുവശത്തേത് ഡിസ്‌കിറ്റ് വഴി ഹുന്തറിലേക്കും..സൈനികവാഹനങ്ങൾ നിരന്തരം
കടന്നുപോകുന്നതുകൊണ്ടാകാം ഇടുങ്ങിയതെങ്കിലും റോഡ് മികച്ച നിലവാരം പുലർത്തുന്നു.
വഴിലേക്ക് അടർന്നുവീഴുന്ന പാറക്കഷ്ണങ്ങൾ ചിലപ്പോഴൊക്കെ സുഗമമായ യാത്രയ്ക്ക്
അൽപ്പം വെല്ലുവിളി ഉയർത്തുന്നുണ്ട്. ഷിയോക്കിന്റെ കരയിലൂടെത്തന്നെയാണ് ഏറിയ
സമയവും വണ്ടിപോകുന്നത്. നദിയുടെ തീരത്ത് വെളുത്ത മണൽക്കൂനകളിൽ വെയിൽ
വെട്ടിത്തിളങ്ങുന്നു. സാഹസികർക്കായി ATV (All Terrain Vehice) സൗകര്യങ്ങൾ ലഭ്യമാക്കുന്ന
ചില കേന്ദ്രങ്ങൾ വഴിയരുകിൽ സഞ്ചാരികളെ കാത്തിരിക്കുന്നു.

നുബ്രാ താഴ് വര ലഡാക്കിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ജനവാസ മേഖലയാണ്.
പലയിടങ്ങളിലായവ ചിതറിക്കിടക്കുന്നുണ്ട്.
ലഡാക്കിൻെറ പഴത്തോട്ടമാണിത്…
നുബ്ര-ഷിയോക്ക് നദികളുടെ സംഗമസ്ഥാനമാണിവിടം.
റിമോ ഗ്ലേഷിയറിൽ നിന്നാണ് ഷിയോക്കിന്റെ ഉത്ഭവം.സിയാച്ചിൻ ഗ്ലേഷിയറിൽ നിന്ന്
നുബ്രാ നദിയും. ഷിയോക്ക് എന്നാൽ ഉറുദു ഭാഷയിൽ മരണത്തിന്റെ നദിയെന്നർത്ഥം.
പ്രവചനാതീതമായി പ്രവഹിക്കുന്ന ജലത്തിന്റെ ഒഴുക്കാകാം ആ പേരിലേക്കെത്താനുള്ള
കാരണങ്ങളിലൊന്ന്. 550 കിലോമീറ്ററോളം ഒഴുകി പാക്കിസ്ഥാനിലെ ബാൾട്ടിസ്ഥാൻ പ്രവിശ്യയിലാണ്
അതെത്തുന്നത്.കിഴക്കൻ ടിബറ്റിനെ ടർക്കിസ്ഥാനുമായി കാരക്കോറം വഴി ബന്ധിപ്പിക്കുന്ന
വ്യാപാരമാർഗമായിരുന്നു ഒരുകാലത്ത് നുബ്രാവാലി. അടുത്തകാലത്താണിവിടം
സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.
ഇടതൂർന്നുനിൽക്കുന്ന വില്ലോമരങ്ങൾക്കിടയിലൂടെ നേർത്തവഴികൾ ചുറ്റി വണ്ടിപായുന്നു.
ബുദ്ധമതവിശ്വാസികളായ ജനതയാണ് ഗ്രാമങ്ങൾ മുഴുവൻ. അവരുടെ പ്രാർത്ഥനാലിഖിതങ്ങൾ
പതിപ്പിച്ച പാറക്കഷ്ണങ്ങൾ ചുവരുകൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നു.അതിനുമുകളിൽ
കൊടിതോരണങ്ങൾ വലിച്ചുകെട്ടിയിരിക്കുന്നു.
“നുബ്രാ ഇക്കോ വില്ലേജിലാണ്” താമസം തരപ്പെടുത്തിയിരുന്നത്. പിന്നിട്ടവഴികളിലെല്ലാം
പച്ചപ്പിനിടയിൽ സന്ദർശകർക്കുള്ള താമസസൗകര്യങ്ങൾ, ടെന്റുകൾ ഒരുക്കിയിരിക്കുന്നു.
ടൂറിസം ലക്ഷ്യമിട്ട് നുബ്രാ താഴ് വര അണിഞ്ഞൊരുങ്ങുകയാണ്.
ഹോംസ്റ്റേകൾ, ഹോട്ടലുകൾ എല്ലാം ഇവിടെ ലഭ്യമാണ്… വണ്ടിയിപ്പോൾ കോട്ടേജിന്റെ
കവാടം കടന്നു.

നുബ്രാ ഇക്കോ വില്ലേജ് ധ്യാനസുന്ദരമായ സ്ഥലം തന്നെയായിരുന്നു..
അലച്ചിലുകളും ദുരിതങ്ങളുമെല്ലാം ഉപേക്ഷിച്ച് നിശബ്ദമായ് രാപാർക്കാൻ ഒരിടം…
മനോഹരമായ ടെന്റുകളായിരുന്നു ആ വേലിക്കെട്ടുകൾക്കുള്ളിൽ മുഴുവൻ..
ചുറ്റിലും വൃക്ഷങ്ങളും പൂക്കളും പച്ചപ്പ് നിറയ്ക്കുന്നു. ടെന്റുകളെ പല അതിരുകളായ്
തിരിച്ച് അരുവിയുടെ കുത്തൊഴുക്ക്..
മികച്ച സൗകര്യം തന്നെയായിരുന്നു ടെന്റിനുള്ളിൽ…
തറനിരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന സിമന്റ്കൂടിൽ മനോഹരമായ് ഉയർത്തിയെടുത്ത
കൂടാരം. ബെഡ്‌റൂമും സിറ്റൗട്ടും ടോയ്‌ലെറ്റുമൊക്കെയുള്ള സൗകര്യങ്ങൾ..
പുറത്തെ പച്ചപ്പിൽ നിരത്തിയിട്ട കസേരകളിൽ അൽപ്പനേരം വിശ്രമിച്ചപ്പോഴേക്കും
റെസ്റ്റോറന്റിൽ നിന്നും ആവിപൊന്തുന്ന ചായ മുന്നിലെത്തി. ഉച്ചവെയിലൊഴിഞ്ഞ
ഇടങ്ങളിൽ തണുത്തകാറ്റിന്റെ സായാഹ്നസവാരി…
ചൂടുചായ ഉള്ളിലേക്ക് തീപടർത്തി ഇറങ്ങിപ്പോയി.
കയറ്റിറക്കങ്ങളുടെ അസ്വസ്ഥസഞ്ചാരങ്ങളെ കഴുകിയെടുത്ത്, അൽപ്പനേരം മയങ്ങിയുണർന്നു.
ജിഗ്‌മിത്ത് പറഞ്ഞസമയത്ത് തന്നെ എത്തിയിരിക്കുന്നു. റെസ്റ്റോറന്റിന്റെ പരിസരത്ത്
അയാൾ വണ്ടി പാർക്ക് ചെയ്തിരിക്കുന്നു.
വേഗം റെഡിയായിറങ്ങി.
നുബ്രാ യാത്രയുടെ മുഴുവൻ ചിത്രങ്ങളും അയാൾ ഉള്ളിൽ പകർത്തിവെച്ചിട്ടുണ്ട്.
മുന്നിലേക്കെത്തുന്ന കാഴ്ചകളെ അതിശയത്തോടെ കണ്ടിരിക്കുകയായിരുന്നു ഞങ്ങളപ്പോൾ…

റോഡിൽ നിന്നിറങ്ങി, വണ്ടിയിപ്പോൾ പൊടിപടർത്തി പുഴയിലെ മണൽപ്പരപ്പിലൂടെ പായുന്നു.
ശരിക്കും അതൊരു വാഹനപാത തന്നെയായിരുന്നു. ഇരുവശവും ചുള്ളിക്കമ്പുകൊണ്ട്
വേലികെട്ടിയുയർത്തിയ അതിർത്തികൾ. വണ്ടിയിപ്പോൾ പുഴയുടെ കരയിലെ വിശാലമായ
മൈതാനത്തേക്ക് കടന്നുനിന്നു. വണ്ടിയിൽ നിന്നിറങ്ങി നടന്നു. പുഴയുടെ ചെറിയ കൈവഴി പിന്നിട്ടപ്പോളാണ്
തവിട്ടുനിറത്തിൽ തലയെടുത്തു നിൽക്കുന്ന ജീവികളെ വ്യക്തമായത്.
മദ്ധ്യേഷ്യയിൽ മാത്രം കണ്ടുവരുന്ന ബാക്ട്രിയൻ ഒട്ടകങ്ങളായിരുന്നു അത്.
സാധാരണ ഒട്ടകങ്ങളിൽ നിന്നൊരല്പം വ്യത്യസ്ഥരാണവർ.
മുതുകിൽ ഇരട്ട മുഴകൾ. രോമങ്ങൾ വളർന്നുതൂങ്ങിയിരിക്കുന്നു.
വലിപ്പവും അൽപ്പം കൂടുതൽ തന്നെ..
സംഘങ്ങളായി നടന്നു നീങ്ങുന്നുണ്ടവ….
അതിന്റെ സവാരിക്കായി കാത്തുനിൽക്കുന്ന ആൾക്കൂട്ടങ്ങൾ..
വെള്ളിമണൽ നിറഞ്ഞ വെളുത്ത മരുഭൂമിയിലേക്കാണ് ആ നടത്തം..
മനോഹരമായ കാഴ്ചയാണത്..
ഏറെനേരം കാത്തുനിന്നപ്പോൾ സവാരിക്കുപോകാനുള്ള മാനസികാവസ്ഥയിലേക്കെത്തിച്ചേർന്നു.
അനുസരണയുള്ള ഒട്ടകങ്ങൾ.. മുതുകിലേക്ക് വലിഞ്ഞുകയറുന്ന മനുഷ്യന്റെ വികൃതിയെ
തെല്ലും നിരുത്സാഹപ്പെടുത്താതെ അത് കൂട്ടത്തോടെ നടന്നു നീങ്ങുന്നു.
മണൽപ്പരപ്പിലൂടെ ഒരുകിലോമീറ്ററോളം പിന്നിട്ടിട്ടാണ് അവ മടങ്ങിയെത്തിയത്.
മലകളും മരുഭൂമിയും കത്തിനിൽക്കുന്ന തണുത്ത മരുപ്രദേശം..
മരങ്ങൾപോലും ശ്വാസമില്ലാതെ നിൽക്കുകയാണെന്ന് തോന്നും.
അത്ര നിശബ്ദമാണിവിടം…

സവാരികഴിഞ്ഞ് തിരിച്ചുനടന്നു.
കൈത്തോടുകടന്ന് വണ്ടിയിലേക്കുള്ള തിരിച്ചുനടത്തം..
മണൽപ്പരപ്പിലേക്ക് തിരിഞ്ഞുനോക്കി. ഒട്ടകക്കൂട്ടങ്ങൾ അടുത്തയാത്ര ആരംഭിച്ചിരിക്കുന്നു.
കുന്നിനുമുകളിൽ ചിറക് വിരിച്ച് ഇരുട്ട് കുത്തിയിരിക്കുന്നു.
അടുത്ത പകലുകൾ തേടിയാകാം സൂര്യൻ കുന്നിറങ്ങിപ്പോയി.
ഷിയോക്ക് നദിക്കൊപ്പം തണുത്തകാറ്റിന്റെ ഒഴുക്ക്.
വണ്ടി നീങ്ങി.
ഇരുട്ടിപ്പോൾ ഇടവഴിയിലേക്ക് പറന്നിറങ്ങുന്നു.
മലമുകളിൽ നിന്നും മഞ്ഞുരുകി , കുത്തിയൊലിക്കുന്ന നദിയുടെ പ്രവാഹം മലനിരകളെ
പ്രകമ്പനം കൊള്ളിക്കുന്നു.
പിന്നിൽ ബാക്ട്രിയൻ ഒട്ടകങ്ങൾ പൊട്ടുപോലെ ചെറുതായിപ്പോയി.
സവാരി കഴിഞ്ഞെത്തിയപ്പോൾ തഴുകി തലോടിയ ഒട്ടകത്തിന്റെ ചുണ്ടനക്കങ്ങൾക്ക്
പരിഹാസത്തിന്റെ ചുവയുണ്ടായിരുന്നോ എന്ന ചിന്തയിലേക്ക് ഞാനപ്പോൾ
വെറുതേ വഴുതിവീണുപോയി.
