കേദാർ മഹാദേവ്

താഴ് വരയിൽ നിന്നും മഞ്ഞുകാറ്റ് പർവതശിഖരങ്ങളെ മൂടുംവിധം പാഞ്ഞടുക്കുന്നു.അതിനൊപ്പം
ചെറുചാറ്റമഴയും മഴക്കാറും കേദാർമലനിരകളിലേക്ക്
ശരവേഗത്തിൽ ഇരുട്ടിനെ കൊണ്ടുവരികയാണ്..

രാവിലെ എട്ടുമണിക്ക് തുടങ്ങിയ നടപ്പാണ്..
അതിനും മൂന്നരമണിക്കൂർ മുന്നേ ഹോട്ടൽറൂമിൽ നിന്നിറങ്ങി നടന്ന് സോൻപ്രയാഗിൽ ക്യൂ നിന്നതാണ്. ഏഴര മണി കഴിഞ്ഞിട്ടാണ് ഗൗരിക്കുണ്ടിലേക്കുള്ള ജീപ്പിൽ കയറിപ്പറ്റാനായത്..
കുതിരച്ചാണകത്തിന്റെ ഗന്ധം
വമിക്കുന്ന നടവഴികളിൽ
ആൾക്കൂട്ടം നിറഞ്ഞിരിക്കുന്നു

കുന്നുകയറ്റം അതിന്റെ
ഉച്ചസ്ഥായിയിലാണിപ്പോൾ.
സമയം അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്.
കഠിനമെങ്കിലും കുറുക്കുവഴികളിലൂടെ
കുത്തനെ മല കയറ്റം തുടരുകയാണ്..
അതിനിടയിലാണ് ചാറ്റമഴയും
മൂടൽമഞ്ഞും മലനിരകളിൽ
വെളിച്ചം ചോർത്തിക്കളഞ്ഞത്..
കാലിലെ പേശികളിൽ
വേദനയുടെ സൂചിക്കുത്തുകൾ..
ഒരടി നടക്കാനാകുന്നില്ല..

എങ്കിലും തലയ്ക്ക് മുകളിലൂടെ
ഭ്രാന്തമായി പായുന്ന
ഹെലിക്കോപ്റ്ററുകൾ
ഒട്ടും അസൂയപ്പെടുത്തിയതേയില്ല
ഒരുപാടുനാൾ മോഹിച്ച്,
പലപ്പോഴും മാറ്റിവെയ്ക്കപ്പെട്ട്
നീണ്ടുനീണ്ടുപോയൊരു
യാത്രയാണിത്…
അതുകൊണ്ടുതന്നെ
മലകയറ്റത്തിന്റെ
ഒരോ നിമിഷങ്ങളേയും
ആസ്വദിച്ചുകൊണ്ടേയിരുന്നു..

എപ്പോഴോ മഴച്ചാറ്റൽ
അവസാനിച്ചിരുന്നു.
ബേസ്ക്യാമ്പിന് മുന്നിലെ
നിരപ്പായ പാതയിലൂടെ
ചൂരൽവടിയൂന്നി
നടന്നുനടന്നു നീങ്ങുമ്പോൾ
പെട്ടെന്ന്,
പൊതിഞ്ഞുനിന്ന
മൂടൽമഞ്ഞിന്റെ കെട്ടുപൊട്ടിച്ച്
പിന്നിലെ
കൂറ്റൻ മഞ്ഞുമലകൾക്ക്
മുന്നിൽ
കേദാർ മഹാദേവന്റെ
ക്ഷേത്രഗോപുരം ഉയർന്നുവന്നു.♥

Leave a Reply

Your email address will not be published. Required fields are marked *