കൂവഗം ഒരടയാളമാണ്..
പരിഷ്കൃതമെന്ന് തോന്നിപ്പിക്കുന്ന ഇടങ്ങളിൽനിന്നും അറിഞ്ഞോ അറിയാതെയോ പുറന്തള്ളപ്പെട്ടുപോയ
ചില ജീവിതങ്ങളുടെ സങ്കടങ്ങളുടേയും, സന്തോഷത്തിന്റേയും അടയാളം…
ആ അടയാളങ്ങൾ തേടിയുള്ള ഒരു യാത്രയായിരുന്നു അത്…

നാളുകൾ ഏറെയാകുന്നു കൂവഗം കൂത്താണ്ടവർ കോവിലിനെപ്പറ്റി കേട്ടിട്ട്…
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ ഉളുന്തർപേട്ടൈ താലൂക്കിലെ ഒരു ഉൾനാടൻ ഗ്രാമമാണ് കൂവഗം.
വളഞ്ഞും തിരിഞ്ഞും ചുറ്റിക്കറങ്ങുന്ന ടാർവഴി അവിടേയ്ക്കുള്ള യാത്രയിലാണ്.
കടലുപോലെ കൃഷിയിടങ്ങൾ.
വിളഞ്ഞ കരിമ്പിൻത്തോട്ടങ്ങൾ..
ഉച്ചവെയിൽ കത്തിപ്പടരുന്ന തീക്കനൽപ്പാടങ്ങൾ…
ഇടുങ്ങിയ വഴികളിലൂടെ കടന്നുപോകുന്ന വണ്ടികൾ ഒന്നൊന്നായി
കൂവഗത്തെ കണ്ടുനിറയ്ക്കുന്നു.
ചൈത്രമാസത്തിലെ പൗർണ്ണമിയോടനുബന്ധിച്ചാണ് കൂവഗം ഫെസ്റ്റ്.
ആ സമയത്ത് ഒഴുകിയെത്തുന്ന ജനസമുദ്രം കൂവഗമെന്ന കുഗ്രാമത്തെ
ആർത്തിരമ്പുന്ന കടലുപോലെ തോന്നിപ്പിക്കും.

മഹാഭാരതകഥയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് കൂത്താണ്ടവർ കോവിലിന്റെ ഐതിഹ്യം.
കുരുക്ഷേത്രയുദ്ധവിജയത്തിനായി തലയറത്തു കാളിക്ക് നൽകാൻ ആരും തയ്യാറാകാതിരിക്കുമ്പോഴാണ്
അർജ്ജുനപുത്രനായ അറവാൻ(ഇരാവൻ) ശ്രീകൃഷ്ണന്റെ മുന്നിലേക്ക് കടന്നുവരുന്നത്.
നിരാകരിക്കാൻ കഴിയാത്തവിധം ആ യുവാവ് ആവശ്യപ്പെട്ടത് ഒരേയൊരു ദിവസത്തെ
വൈവാഹിക ജീവിതമായിരുന്നു.
വൈധവ്യം പേറുന്ന ശിഷ്ടജീവിതത്തെപ്പറ്റി ചിന്തിച്ച് വിവാഹിതരാകാൻ കന്യകമാർ
തയാറാകാതിരിക്കുമ്പോഴാണ് കൃഷ്ണൻ മോഹിനിവേഷം പൂണ്ട് അറവാന്റെ ഭാര്യയാകുന്നത്.
ആഘോഷിക്കപ്പെട്ട ആ രാത്രിയ്ക്കൊടുവിൽ ചൈത്രപൗർണമി ദിവസം അറവാന്റെ തലയറത്ത് കാളിക്ക് ബലിനൽകുന്നു. കഥകളും ഉപകഥകളും നിറഞ്ഞ മഹാഭാരതകഥയുടെ സ്വാധീനം ഭാരതത്തിന്റെ ഓരോ
മൂലയിലും ഇപ്പോഴും ആഘോഷിക്കപ്പെടുന്നുണ്ട്. അറവാന്റെ രക്തം വീണ ഈ കഥ
കൂവഗത്തെത്തുന്ന ഓരോ മോഹിനിമാരുടെയും ഉള്ളുപൊള്ളിക്കുന്നുണ്ട്.
ചൈത്രപൗർണമിയുടെ തലേന്നാൾ അറവാന്റെ താലിമോഹിച്ചെത്തുന്ന ട്രാൻസ്ജെൻഡേർസ്
ജീവിതങ്ങളുടെ സങ്കടങ്ങളും സന്തോഷവുമാണ് കൂവഗത്തെ ഓരോ പകലുകളേയും
ഉണർത്തിയെടുക്കുന്നത്.

കൊല്ലത്തു നിന്നും പൗർണമിയുടെ തലേന്നാൾ ഉച്ചകഴിഞ്ഞപ്പോഴേക്കും കോവിലിന്റെ മുന്നിലെത്തി.
ആൺശരീരത്തെ പൊതിഞ്ഞ പെൺമനസുകളെ ഉണർത്തിയെടുത്ത് സുന്ദരികളായ മോഹിനിമാർ
വിവാഹവസ്ത്രം ധരിച്ച് കടന്നുവരുന്നു. വഴിയരുകിൽ നിരന്നിരിക്കുന്ന കച്ചവടക്കാരിൽനിന്നും
പൂക്കളും മഞ്ഞൾമുക്കിയ താലിച്ചരടും വാങ്ങി അറവാന്റെ മുന്നിലേക്കവർ കഴുത്തുനീട്ടുന്നു.
അവരുടെ ജീവിതത്തെ ചുറ്റിനിൽക്കുന്ന ആൺസുഹൃത്തുക്കളോ, കോവിലിലെ പൂജാരിമാരോ
അറവാന്റെ പ്രതിപുരുഷന്മാരായി താലികെട്ടുന്നു.
നിരനിരയായ് കടന്നുവരുന്ന മോഹിനിമാരുടെ മനോഹാരിത പുരുഷാരം ആഘോഷിക്കുന്നുണ്ട്.
അവരെ പൊതിഞ്ഞ് ചാനൽക്യാമറകൾ, സെൽഫീഭ്രാന്തന്മാർ…
ക്യാമറാ കണ്ണുകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നിന്നുകൊടുത്ത് അവർ സമയം കളയുന്നുണ്ട്.. തുറിച്ചുനോക്കുന്ന ഓരോ കണ്ണുകളിലും അവർ അറവാന്റെ രൂപം കൊത്തിയെടുക്കുന്നു.
അന്നത്തെ രാത്രി അറവാനുവേണ്ടി മാറ്റിവയ്ക്കുന്നു…

ആഘോഷിക്കപ്പെടുന്ന മോഹിനിമാർക്കിടയിലൂടെ ചിലർ കടന്നുവരുന്നു.
കറുത്തുമെല്ലിച്ച് എല്ലുന്തിയവർ…
കടന്നുപോയ കാലമത്രയും തകിടംമറിഞ്ഞ ജൈവഘടനയുടെ ഭീകരതയും പീഢനവും
സമൂഹത്തിൽനിന്നും ഏറ്റുവാങ്ങി, ആട്ടിപ്പായിക്കപ്പെട്ട് ജീവിതം തേടി അലയുന്നവർ.
ആർദ്രമായ അവരുടെ കണ്ണുകളിൽനിന്നും അത് വായിച്ചെടുക്കാം..
കൂവഗത്തെ ദരിദ്രമായ കൂരകൾ അവരെ ആനയിക്കുന്നു.
തെരുവിൽ വിൽക്കപ്പെടുന്ന വിലക്കുറഞ്ഞതെന്തും അവർക്കുവേണ്ടിയുള്ളതാണ്..
പൊള്ളിയടരുന്ന വെയിൽക്കാലങ്ങൾക്കിടയിൽ ആഘോഷത്തിന്റെ ഒരേയൊരു ദിവസമാകാം ഇത്..
ഘടനതെറ്റിയ മനസും ശരീരവുമായി സമൂഹം പുറന്തള്ളിയവർ എത്രയധികം…

കിഴക്കേ നീലാകാശത്തിൽ ചന്ദ്രനുദിക്കുന്നു.
ഇരുട്ടുവീണ് തുടങ്ങുന്ന കോവിലിന്റെ ചുറ്റുവട്ടങ്ങളിൽ പാട്ടും ആഘോഷങ്ങളും..
വളകൾ, മാലകൾ, കണ്മഷികടകൾ…
തിരക്ക് കൂടുന്നു…
പുതിയ ഇണകളെ തേടുന്നുണ്ട് ചിലർ….
കരിമ്പുപാടങ്ങൾ അറവാന്റെ മണിയറകളാകുന്നു.

വില്ലുപുരത്തുനിന്നും രാവിലെ തന്നെ പുറപ്പെട്ടു…
ചിത്രാപൗർണമി…
പകൽത്തിരക്ക്..
കോവിലിലെത്തിയപ്പോഴേക്കും വെയിൽ കടുത്തിരുന്നു..
കരിമ്പിൻപ്പാടങ്ങൾക്ക് അക്കരെ ബലിത്തറയിൽ താലിയറക്കപ്പെട്ട്,
അലമുറയിടുന്നുണ്ട് മോഹിനിമാർ
അറക്കപ്പെട്ട താലി ഉപേക്ഷിച്ച് വെളുത്തച്ചേല ചുറ്റി അവർ പാടത്തേക്കിറങ്ങിനടന്നു.
കോവിലിനുചുറ്റും രഥമുരുളുന്നു.
അറവാന്റെ ശിരസ്സുംപേറി കർപ്പൂരം പുകയുന്ന വഴികളിലൂടെ…
കൈകളിൽ ചുറ്റിയ മുല്ലപ്പൂ മാലകൾ വലിച്ചെറിയുന്നുണ്ടവർ
ട്രാൻസ്ജെൻഡേഴ്സ് ജീവിതം അങ്ങനെ ആഘോഷിക്കപ്പെടുകയാണ്..
നടന്നുനീങ്ങാൻ കഴിയാത്തവിധം ഇടുങ്ങിയ വഴികളിൽ ആൾത്തിരക്ക്.
ഉരുമ്മിനീങ്ങുന്ന ബസുകൾ, മറ്റുവാഹനങ്ങൾ…
അതിനിടയിലൂടെ വെളുത്ത സാരിചുറ്റി,നരകൾ വീണ്
കറുത്തുമെല്ലിച്ച ചില ജീവിതങ്ങൾ കടന്നുപോകുന്നുണ്ട്…
അതിനുമപ്പുറം പൂത്തുനിൽക്കുന്ന കരിമ്പിൻപ്പാടങ്ങൾ ചവിട്ടിമെതിച്ച് പുരുഷാരം
കാത്തുനിൽക്കുന്നു…..


