പോർട്ട് ബ്ളയറിലെ പകൽയാത്ര അവസാനിക്കും മുമ്പ് തന്നെ
ഫോർച്യൂൺ ടൂർ മാനേജർ സോജിമോൻ സോവിയറ്റ്
വെളിപാടിന്റെ പുസ്‌തകം തുറന്നു വച്ചിരുന്നു.
ആ വെളിപ്പെടുത്തൽ ഒട്ടും തന്നെ മനുഷ്യപ്പറ്റുള്ളതായിരുന്നില്ല..
ഞെട്ടലോടെയാണത് കേട്ടിരുന്നത്..
ബാരട്ടങ് ദ്വീപിലേക്കാണ് അടുത്ത ദിവസത്തെ യാത്ര.
യാത്ര രസം തന്നെ, പക്ഷേ
അതികാലത്തെണീക്കണം..
രണ്ടുമണിക്കു മുമ്പ് തന്നെ ലോബിയിൽ തലകാണിച്ചിരിക്കണം.
എത്ര കഷ്ടമാണത്..??
ഇതിനൊരു പരിഹാരമില്ലേ..??
ചോദിക്കാൻ നാവു പൊന്തിയപ്പോഴേക്കും അയാൾ
വിവരണങ്ങൾ നിരത്തി മേശപ്പുറത്ത് വച്ചിരുന്നു.
ആ മനുഷ്യന്റെ ഉള്ളിൽ നിന്നും പിന്നീട് വന്നതെല്ലാം പൊന്നുംവിലയുള്ള
വർത്തമാനങ്ങളായിരുന്നു.
നിശബ്ദതയോടെ അത് കേട്ടിരുന്നു.
പോർട്ട് ബ്ളയറിൽ നിന്നും
ബാരട്ടങ് ദ്വീപിലേക്കുള്ള തൊണ്ണൂറ് കിലോമീറ്റർ സഞ്ചാരത്തിനിടയിൽ
ജറവ എന്ന ആദിവാസി ഗോത്രവർഗ്ഗത്തിന്റെ ആവാസകേന്ദ്രത്തിലൂടെ
കടന്നുപോകുന്നുണ്ടത്രേ….!!!
സംരക്ഷിക്കപ്പെട്ട മേഖലയാണിത്..
കോൺവേ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടത്തിവിടുക..
മുന്നിലും പിന്നിലും സായുധപോലീസിന്റെ അകമ്പടിയുണ്ടാകും.
ആറുമണിക്കാണ് കോൺവേ തുടങ്ങുക.
പിന്നെ 9 am , 12 .30 pm, 3 pm എന്നിങ്ങനെ രണ്ടു വശങ്ങളിലേക്കും നാല് തവണ മാത്രം സഞ്ചാരം..
ആദ്യത്തേതിൽ കയറിപ്പറ്റിയാൽ ഭാഗ്യം..മടക്കം നേരത്തേയാക്കാം..
അത്ഭുതവും കൗതുകവും ഒരുമിച്ചുകൂടി കുരുങ്ങിക്കിടന്നു.
എത്രയോ നാളുകളായി ജറവകളെപ്പറ്റി കേട്ട് തുടങ്ങിയിട്ട്..
പരിഷ്കൃതമായ മനുഷ്യജീവിതത്തിന്റെ ഇടങ്ങളിൽനിന്നും നിഴലുകളെ പോലും
ഒളിപ്പിച്ചുനിർത്തി കാട്ടിനുള്ളിൽ കുരുങ്ങിക്കിടക്കുന്ന കാട്ടുമനുഷ്യരുടെ കഥയാണത്..

കൃത്യം രണ്ടു മണിക്ക് തന്നെ യാത്രയ്ക്ക് തയാർ..
ലോബിയിലെത്തി..
സഹയാത്രികരെല്ലാം എത്തിക്കഴിഞ്ഞിരുന്നു.
എല്ലാ കണ്ണുകളിലും വിസ്മയത്തിളക്കം.
വണ്ടി പുറപ്പെട്ടു.
മകളെ മടിയിലേക്ക് കിടത്തി ഉറക്കം തുറന്നു വച്ചു.
പാതി മയക്കത്തിലും റോഡിന്റെ കുണ്ടും കുഴികളും ബസിനെ ഉഴുതുമറിക്കുന്നത്
അനുഭവിച്ചറിഞ്ഞു.
ഇരുട്ടിനെ തുറിച്ചുനോക്കി ബസ് ഓടിക്കൊണ്ടേയിരുന്നു.
നാല് മണിയോടെ അത് ജേർക്കത്താങ് ചെക്ക് പോസ്റ്റിലെത്തി.
ഭാഗ്യം…!! മുന്നിൽ തന്നെയെത്തി
ഇരുട്ടിൽ നോക്കി നിൽക്കെ വണ്ടികളുടെ നിര, തിരമാല പോലെ…..

കൃത്യം 6 മണിക്ക് തന്നെ വാഹനങ്ങൾ പുറപ്പെട്ടു.
നിശബ്ദമായ വനമേഖല.
എല്ലാ കണ്ണുകളും ഇടുങ്ങിയ റോഡിന്റെ ഇരുവശങ്ങളിലെ ,
കാടുകൾ തുരന്നു നടന്നു.
അടിക്കാടിനുള്ളിലെ ഇലത്തലപ്പുകൾക്കിടയിൽ നഗ്നരായി നടന്നുപോകുന്ന മനുഷ്യരെ തേടി….!!
ആ യാത്ര വിഫലമായിരുന്നു.
49 കിലോമീറ്ററിനപ്പുറമുള്ള മിഡിൽ സ്ട്രെയ്റ്റ് ബോട്ട് ജെട്ടിയിലേക്ക് ബസ് കടന്നുവരുന്നത് വരെ
ഉറക്കത്തെ പിടിച്ചുനിർത്തി,കണ്ണുകൾ പ്രതീക്ഷകളെ കാത്തു.
വാഹനങ്ങൾ വരുന്നതും കാത്ത് ജങ്കാറുകൾ തയാറായി കിടപ്പുണ്ടായിരുന്നു, അവിടെ..
സർക്കാർ വക യാത്രാ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ജങ്കാറിലേക്ക് കയറി.
അരക്കിലോമീറ്റർ അകലെയുള്ള ബാരട്ടങ് തീരത്ത് സഞ്ചാരികളെ കാത്ത് മോട്ടോർ ബോട്ടുകൾ..
കണ്ടൽ വനങ്ങളുടെ ഭംഗി ബാരാട്ടങ്ങിനെ വന്യവും സുന്ദരവുമാക്കുന്നു.
സഹയാത്രികർ പലബോട്ടുകളിൽ വഴിപിരിഞ്ഞു.
ഉപ്പുവെള്ളത്തിലെ മുതലയെ സൂക്ഷിക്കാനുള്ള മുന്നറിയിപ്പുകൾ
മുറിവിൽ ഉപ്പുതേക്കുംപോലെ ഉള്ളുനീറ്റി..
എങ്കിലും ലൈഫ് ജാക്കറ്റണിഞ്ഞ് ബോട്ടിനുള്ളിൽ ധൈര്യം നടിച്ചിരുന്നു.
കായൽപ്പരപ്പിലൂടെ മനോഹരമായ ഒരു സ്പീഡ്ബോട്ട് യാത്ര..
കണ്ടൽ വനങ്ങൾക്കിടയിൽ പച്ചനിറത്തിലുള്ള ആ ബോട്ട് കുതിച്ചുപാഞ്ഞു.
ലൈംസ്റ്റോൺ കേവിലേക്കായിരുന്നു ആ യാത്ര.
മരങ്ങൾക്കിടയിലൂടെ നീണ്ട യാത്ര, ഒറ്റയടിപ്പാതയ്ക്കൊടുവിൽ
രൂപം മാറ്റി, അത് നിഗൂഢമായ വാതിലുകൾ തുറന്നു വച്ചു.
ചുണ്ണാമ്പുപാറയിൽ കൊത്തിയെടുത്ത ദൃശ്യചാരുത..
പ്രകൃതിയുടെ വിരുത്..
എത്ര വിസ്മയമാണത്..

കണ്ടൽവനങ്ങൾക്കിടയിലെ മടക്കയാത്രയ്ക്കായ് ബോട്ട് കാത്ത് നിന്നു.
മേഘങ്ങൾ നിറംമാറിക്കളിക്കുന്നു.
എത്രപെട്ടെന്നാണ്.. കരിമേഘങ്ങൾ താഴേക്കിറങ്ങി വന്നത്..
ചീറിപ്പായുന്ന ബോട്ടിനു പിന്നാലെ അത്,വാ പിളർന്നു വന്നു.
ഒടുവിൽ അലർച്ചയോടെ അതിനുള്ളിൽ പെയ്തുവീണു.
ആൻഡമാൻ അങ്ങനെയാണ്..
നിനച്ചിരിക്കാതെ മഴ നനച്ചുകളയും..
ലൈഫ് ജാക്കറ്റുകൾക്കിടയിൽ ഒളിച്ചിരുത്തി മകളെ
മഴയിൽ നിന്നും മറച്ചുപിടിച്ചു.
കരയിലെത്തിയപ്പോഴേക്കും വെയിൽ തിരിച്ചെത്തിയിരുന്നു.
അവിടെ പോലീസ് വാഹനങ്ങൾ…
എന്തെങ്കിലും അത്യാഹിതം…??
ഇടയ്ക്കെപ്പോഴോ ചെറിയ ഭൂമികുലുക്കം ഉണ്ടായത്രേ..
ആൻഡമാനിൽ അത് പതിവുള്ളതാണ്..
ഒരു രസം..
ഭൂമിയുടെ ഒരു കളി..
ഒരു തരം അമ്മാനമാടൽ…
അതുകൊണ്ടു തന്നെ ലാവ പോലെ പുറത്തേക്കൊഴുകുന്ന
മൺജ്വാലാമുഖിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു.
ലോഹങ്ങൾക്കൊപ്പം ഭൂമിയുടെ ഉള്ളിൽ നിന്നും തിളച്ചുപൊന്തുന്ന
മഡ് വോൾക്കാനോ…..

മടക്കയാത്ര വൈകിയില്ല പന്ത്രണ്ടരയുട കോൺവേയ്ക്കു തന്നെ കയറിപ്പറ്റി.
ജങ്കാറിൽ നിന്നും ബസിലേക്ക് ഓടിക്കയറുകയായിരുന്നു.
ഒന്നൊന്നായ് വാഹനങ്ങൾ കടന്നുപോകുന്നു.
ജർവകളുടെ സംരക്ഷിത മേഖല വീണ്ടും..
ബോട്ട് ജെട്ടിയിൽ നിന്നും അധികദൂരം പിന്നിട്ടില്ല..
നിരനിരയായ് കടന്നുപോകുന്ന വാഹനങ്ങൾക്ക് മുന്നിൽ കൈ നീട്ടി അവർ..!!!
കുട്ടികൾ..
അമ്മമാർ..
എത്ര വ്യത്യസ്ഥരായ മനുഷ്യർ..
നിസ്സഹായർ..
മുന്നിലെ വാഹനങ്ങളിലേക്ക് കൗതുകത്തോടെ നോക്കിയിരിക്കുന്ന കുട്ടി..
വല്ലാത്ത സങ്കടം തോന്നി.
കിലോമീറ്ററുകൾക്കപ്പുറം പരിഷ്കൃതമായ മനുഷ്യജീവിതം മുന്നിൽ..
ഇവിടെ നഗ്നരായി കാടിനുള്ളിൽ അലഞ്ഞുനടക്കുന്ന മനുഷ്യർ..
അന്നത്തേക്കുള്ള മീൻ, പഴങ്ങൾ ,കാട്ടുകിഴങ്ങുകൾ അങ്ങനെ സ്വപ്നം കണ്ടു നടക്കുന്നവർ..
ചീറിപ്പായുന്ന വാഹനത്തിനു മുന്നിലൂടെ മീൻകെണിയുമായി ഒരു മനുഷ്യൻ കടന്നുപോയി.
കണ്ണുകൾ തുറന്നടയും മുമ്പ് , വണ്ടി തടഞ്ഞു നിർത്തി കറുത്തിരുണ്ട ഒരു പറ്റം മനുഷ്യർ
ഭക്ഷണത്തിനായി കൈ കാണിക്കുന്നു.
ബലിഷ്ഠമായ അവരുടെ കൈകളിൽ
അമ്പും വില്ലും,
കഠാര,
കുന്തം…
നെഞ്ചിൽ കുരുങ്ങുന്ന ചരടിന്റെ അറ്റത്ത് മൃഗത്തിന്റെ പല്ല്..
വിഷം തേച്ച അമ്പുമായ് അവർ നോക്കി നിൽക്കെ
ബസ് പതുക്കെ മുന്നോട്ടു പാഞ്ഞു….
