തുർത്തുക്ക്;
കാലം ചുവരിൽ കൊളുത്തിയിട്ട ചരിത്രത്തിന്റെ അമ്പരപ്പിക്കുന്ന ചിത്രമാണത്.
ഒരേസമയം അത് നമ്മെ ആനന്ദിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.
ചരിത്രം കീറിവരച്ച കാശ്മീർ താഴ് വരയുടെ ഒരുതുണ്ടു ഭൂമിയാണ് തുർത്തുക്ക്.
ബാൾട്ടിസ്ഥാൻ പ്രവിശ്യയിൽ ഇന്ത്യയുടെ പരമാധികാരത്തിൻ കീഴിലുള്ള നാലുഗ്രാമങ്ങളിൽ ഒന്ന്.
കാശ്മീരിലെ ലഡാക്ക് ജില്ലയുടെ ഭാഗം. നുബ്രാ താഴ് വരയുടെ പടിഞ്ഞാറ് പാകിസ്ഥാൻ
അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അവസാനഗ്രാമം.

ചുളിവുകൾ വീണ മുഖങ്ങളിൽ നിറയെ വിഷാദം ഒളിപ്പിച്ച് കടന്നുപോകുന്ന ഗ്രാമീണജീവിതങ്ങൾ.
1971 ലെ യുദ്ധകാലം വരെ പാകിസ്ഥാൻ അധീനതയിലുള്ള കാശ്മീരിന്റെ ഭാഗമായിരുന്നു തുർത്തുക്ക്.
ഇന്ത്യാ വിഭജനകാലം മുതൽ തന്നെ പാകിസ്ഥാനോടൊപ്പം കൂട്ടിച്ചേർക്കപ്പെട്ട് കാത്തുസൂക്ഷിച്ചിരുന്ന
ഈ ഗ്രാമം യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു. പെട്ടന്നൊരു ദിനം മറ്റൊരു രാജ്യത്തിന്റെ
ഭാഗമായത് മാറുന്നു. ഇരുട്ടിവെളുക്കുംമുമ്പ് ഇരുവശത്തും ഉറ്റവരെ നഷ്ടപ്പെട്ടുപോയ ജനത.
ഭാര്യ, ഭർത്താവ്, അച്ഛനമ്മമാർ, കുട്ടികൾ, ഉറ്റബന്ധുക്കൾ.. അങ്ങനെ എല്ലാം അതിർത്തിക്കപ്പുറവും
ഇപ്പുറവുമായ് നിലകൊണ്ടു. ഒരിക്കലും തമ്മിൽ കാണാനാകാതെ.
ഇന്ത്യയെന്നോ പാകിസ്ഥാനിയെന്നോ അറിയാതെ അസ്തിത്വത്തിൽ ആശങ്കയൊളിപ്പിച്ച് കടന്നുപോയ
ദിനങ്ങൾ.
ഇരുപകുതികളായി മുറിഞ്ഞുപോകുന്ന ഭൂമിയുടെ അപ്പുറവും ഇപ്പുറവുമിരുന്ന്
വിലപിക്കുന്ന മനുഷ്യരെപ്പറ്റി ഒരുപാട് കഥകൾ ലോകചരിത്രത്തിൽ പലയിടങ്ങളിലായി
ഖനീഭവിച്ച് കിടക്കുന്നുണ്ട്. ഭൂമിയൊരുക്കിയെടുത്ത കാഴ്ചപ്പെരുക്കത്തിന്റെ മറവിൽ
കാണുന്ന ഇരുണ്ട വിഷാദച്ചുവ ആ നഷ്ടപ്പെടലുകളുടേതുമാകാം..
ലഡാക്ക് യാത്രയ്ക്കുള്ള തയ്യാറെടുപ്പ് നടത്തുന്ന കാലം മുതൽ തന്നെ ഓരോ വായനയിലും
അമ്പരപ്പിക്കുകയും അതേസമയം അതിശയിപ്പിക്കുകയും ചെയ്ത ഇടമാണിത്. തുർത്തുക്കിനെ
പറ്റി വായിച്ചതെല്ലാം സത്യംതന്നെയാണോ..?
യാത്ര സുരക്ഷിതമാണോ..?
ചോദ്യങ്ങൾ നിരവധി.
ഇന്ത്യാ-പാകിസ്ഥാൻ യുദ്ധമേഖലയിലെ അവസാനത്തെ ഇന്ത്യൻ വില്ലേജാണിത്.
അവിടേയ്ക്കാണ് യാത്ര ചെയ്യേണ്ടത്. അതിരുകളില്ലാത്ത അമ്പരപ്പും ആഹ്ലാദവുമൊക്കെത്തന്നെയാണ്
യാത്രയെ കാത്തിരിക്കുന്നത്.

9 മണിക്ക് തന്നെ ഹുന്തറിലെ ഇക്കോ വില്ലേജിൽ നിന്നും പുറപ്പെട്ടു.
80 കിലോമീറ്ററാണ് തുർത്തുക്കിലേക്കുള്ള ദൂരം.
യാത്രയിലുടനീളം വെല്ലുവിളി ഉയർത്തുന്ന പാത.
അദൃശ്യമായ കരങ്ങളാൽ ആകാശത്തേക്ക് ഉയർത്തിയെടുത്ത് ലംബമായ് നിറുത്തിയിരിക്കുന്ന
ഹിമാലയത്തിന്റെ ചില കൊടുമുടികൾ. സമാന്തരസഞ്ചാരവുമായ് ഷിയോക്കിന്റെ
അനുയാത്ര. തലേദിവസം മുതൽ തുടങ്ങിയതാണത്.. ഈ പിന്തുടരൽ…!!
നുബ്രവാലിയിലെ മറ്റിടങ്ങളെപോലെ തുർത്തുക്കും ഷിയോക്കിന്റെ ദാനംതന്നെ.
എങ്കിലും 2010 മാണ്ടിൽ പ്രളയജലം കൊണ്ട് അത് തുർത്തുക്കിനെ മുക്കിയെടുത്തിരുന്നു.
ജിഗ്‌മിത്ത് സെഫലിന് ഏതു പാതിരാവിലും പരിചിതമായ വഴിയാണിവിടം.
നുബ്രാ താഴ് വരയിൽ തന്നെയാണ് അയാളുടെ വീട്. മലഞ്ചെരിവുകളിലൂടെ നേർത്ത
പാത കടന്നുപോകുന്നു. ഇടയ്ക്കിടെ സൈനിക ക്യാമ്പുകൾ. മലകൾക്കിടയിൽ വിമാനങ്ങൾ
പറന്നിറങ്ങാനുള്ള താവളങ്ങൾ. അങ്ങനെ തീർത്തും ഒറ്റപ്പെട്ട വഴിയല്ലിത്..
ഇന്ത്യയുടെ പരമാധികാരത്തിന്റെ നേർത്ത ഞരമ്പുകളിലൊന്ന് ജീവരക്തമൊഴുക്കി
ദാ ഇതുവഴി കടന്നുപോകുന്നു..
വഴി നിറയെ പട്ടാളവണ്ടികൾ..
പച്ചപ്പിന്റെ സൂചന നൽകി ഒരു പുൽക്കൊടിപോലും മലഞ്ചെരിവിൽ കാണാനില്ല.
അതിജീവനം മടുത്തിറങ്ങിപ്പോയതാകാം..
അത് തന്നെയാകും താഴ് വരയിൽ പുനർജനിച്ച് നിൽക്കുന്ന വില്ലോമരങ്ങൾ..
കാടുപിടിച്ച് നിൽക്കുന്ന കുറ്റിക്കാടുകൾ..
ആളിപ്പടരുന്ന തീനാളങ്ങൾ പോലെ മലമ്പാതയെച്ചുറ്റി വെയിൽപ്പാളികൾ..
അവയെ കീറിമുറിച്ച് കടന്നുപോകുന്ന വണ്ടിയിലിരുന്ന് അവിസ്മരണീയമായ ഈ
കാഴ്ചകൾ കാണുമ്പോൾ ജീവിതത്തോട് വല്ലാതെ കടപ്പെട്ടുപോകുന്നു.
അനന്തമായി നീളുന്ന തരിശുഭൂമിയുടെ അവസാനഭാഗത്ത് മലയുടെ ചെരിവിൽ
വരച്ചുവെച്ച ചിത്രംപോലെ ചില ഗ്രാമങ്ങൾ തെളിഞ്ഞു വന്നു. സ്‌കൂൾ, ചെറിയചെറിയ
കടകൾ, വീടുകൾ…
വഴിയിടങ്ങളെ കളിസ്ഥലമാക്കി ചില കുട്ടിക്കൂട്ടങ്ങൾ…

പിന്നെയും ദൂരമുണ്ടായിരുന്നു തുർത്തുക്കിന്…
ഉച്ചയോടടുത്തു അവിടെയെത്താൻ..
മലഞ്ചെരിവിലെ ചെറിയ പാർക്കിങ് സൗകര്യത്തിൽ വണ്ടിയൊതുക്കി.
കൊടുംവെയിൽ ചിറകുവിടർത്തി കഴുകനെപോലെ മലമുകളിൽ കാത്തിരിക്കുന്നു.
ചെരിവുകളിൽ നിന്നും മഞ്ഞ് ഉരുകിയൊലിച്ച് അരുവികളിൽ പ്രളയം നിറച്ച് കടന്നുപോയതിന്റെ
മാഞ്ഞുപോകാത്ത ചില അടയാളങ്ങൾ..
ഇരുവശത്തേക്കും ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന
മരപ്പാലത്തിൽ സഞ്ചാരികളുടെ തിരക്ക്.
മറുകരയിൽ ചില കടകൾ സഞ്ചാരികൾക്കായി തുറന്നിരിക്കുന്നു.
മരപ്പാലം കടന്നു. കടയിലേക്കുള്ള നടത്തത്തിനിടയിലാണ് ചെറിയ വീടിന്റെ ചെരുവിൽ
ആപ്രിക്കോട്ട് മരങ്ങൾക്കിടയിൽ രണ്ടുമാലാഖമാരെ കണ്ടത്..
തീർത്തും ഒറ്റപ്പെട്ടുപോയ ഇടത്തേക്ക് ഭൂമിയുടെ പലഭാഗങ്ങളിൽ നിന്നും തീർത്തും
വ്യത്യസ്തരൂപികളായ മനുഷ്യർ വന്നുപോകുന്നത് കണ്ട് വെറുതേ നിൽക്കുകയാണവർ..
അതിന്റെ കൗതുകം നിഷ്കളങ്കമായ ആ കണ്ണുകളിലുണ്ട്. തുർത്തുക്കിലെ കുട്ടികളെപ്പറ്റി
നേരത്തെതന്നെ വായിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ധാരാളം ചോക്ലേറ്റ്
കയ്യിൽ കരുതിയിരുന്നു. ചോദ്യങ്ങൾക്കൊന്നും മറുപടിനൽകാതെ നിഷ്കളങ്കമായ
ചിരിയോടെ പരസ്പരം നോക്കി അവരിരുന്നു. ചോക്ലേറ്റ് കിട്ടിയപ്പോഴേക്കും
ചിരിച്ചുകൊണ്ട് മലഞ്ചെരുവിലെ വീട്ടിലേക്കോടിപ്പോയി.

ആപ്രിക്കോട്ട് മരങ്ങൾക്കിടയിൽകണ്ട ചെറിയ കടയിൽ അത്യാവശ്യം ഭക്ഷണസാധനങ്ങൾ
കരുതിയിട്ടുണ്ടായിരുന്നു. ചില്ലകൾ നിറയെ പഴുത്ത് പാകമായ ആപ്രിക്കോട്ട്.
ചില്ലകൾ ചായ്ച്ച് പഴങ്ങൾ ഇറുത്തെടുത്തു. ഉണക്കിയ ആപ്രിക്കോട്ടിനെക്കാൾ
രുചിയുള്ളതായിരുന്നു അത്. ചുറ്റിലും മഞ്ഞുമൂടി ലോകം നഷ്ടപ്പെട്ട് ജീവിക്കേണ്ടിവരുന്ന
ലഡാക്കിലെ സാധാരണ മനുഷ്യർ അക്കാലങ്ങളിലൊക്കെ അതിജീവനത്തിനായി കരുതി ഉണക്കിസൂക്ഷിക്കുന്ന
ഏറ്റവും പ്രധാനപ്പെട്ട ആഹാരങ്ങളിലൊന്നാണിത്.
റെസ്റ്റോറന്റിന് പുറത്ത് നിരത്തിയിരിക്കുന്ന കസേരകളിൽ യൂറോപ്യൻ സംഘങ്ങൾ
തമ്പടിച്ചിരിക്കുന്നു. ഗിറ്റാറും കയ്യിൽപിടിച്ച് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന
ഇംഗ്ളീഷുകാരി പെൺകുട്ടിയുടെ കണ്ണുകളിൽ ഒരു ഗ്രീക്കുദേവതയുടെ പ്രകാശം നിറഞ്ഞിരിക്കുന്നു.
70 mm ക്യാമറാ ക്ളിക്കിന്റെ പ്രണയത്തിലേക്ക് ആ കാഴ്ചയെ ക്ഷണിച്ചെങ്കിലും
ഗ്രീക്കുദൈവങ്ങളുടെ ഉടൽശാപം പതിക്കാതെ പതുക്കെ പിന്മാറി.
കുന്നിന്റെ നെറുകയിലിരുന്ന് നട്ടുച്ചയുടെ താഴ് വരയിലേക്ക് വെറുതെ കണ്ണോടിച്ച്
ചൂടുള്ള ഒരു ബ്ലാക്ക് ടീ മോന്തി. ചായക്കോപ്പ മടക്കിനൽകി കുന്നിറങ്ങിയപ്പോഴേക്കും
റെസ്റ്റോറന്റിൽ ആളൊഴിഞ്ഞിരുന്നു. മടങ്ങിപ്പോകാനായി മരപ്പാലമെത്തിയപ്പോഴേക്കും
ആപ്രിക്കോട്ട് മരത്തിനിടയിലെ ചെറിയ കെട്ടിടത്തിന്റെ തലപ്പിൽ വീണ്ടും മാലാഖമാരുടെ തലകൾ.
ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ പുഞ്ചിരിയോടെ നിന്നു.
ചോക്ലേറ്റിന് വേണ്ടിയുള്ള കാത്തിരിപ്പാണെന്ന് അറിയാവുന്നതുകൊണ്ടുതന്നെ
ഡയറി മിൽക്കിന്റെ രണ്ടുപായ്ക്കറ്റ് മുകളിലേക്കെറിഞ്ഞുകൊടുത്തു. ക്രിക്കറ്റ് താരങ്ങളുടെ അഭ്യാസം പോലെയത്
കൈപ്പറ്റി വീണ്ടും വീട്ടിലേക്കോടിപ്പോയി.

2009 ലാണ് തുർത്തുക്ക് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. ലഡാക്ക് മേഖലയിലെ
ജനവാസമുള്ള അവസാനത്തെ ഈ ഇന്ത്യൻ ഗ്രാമം ആതിഥേയത്വം കൊണ്ട് സഞ്ചാരികളെ
അമ്പരപ്പിച്ചിരിക്കും. നാലായിരത്തോളം വരുന്ന ജനത.. അവരുടെ നിഷ്കളങ്കത…
ആടുവളർത്തലും കൃഷിയുമൊക്കെയാണ് ഉപജീവനമാർഗം. വൈകിയെത്തിയ ടൂറിസത്തിന്റെ
സാധ്യതകൾ ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകതകൾ കൊണ്ടുതന്നെ സഞ്ചാരികളുടെ ശ്രദ്ധയിൽ
പെട്ടേക്കാം. അതുകൊണ്ടുതന്നെ കലർപ്പില്ലാത്ത ജീവശ്വാസത്തിന്റെ ഈ നിശബ്ദമായ ഇടവും
ഇവിടുത്തെ മനുഷ്യരും അതിജീവനങ്ങൾക്കപ്പുറം ഔന്നത്യമുള്ള ജീവിതത്തിന്റെ
ഹിമാലയൻ പാതകൾ കടന്ന് നിർഭയം മുന്നോട്ടുപായട്ടെ…
അവരുടെ തലമുറകൾ ലോകത്തിലെ ഏറ്റവും സുന്ദരമായ താഴ് വരയിലെ
മനുഷ്യരായി അറിയപ്പെടട്ടെ…
വണ്ടി തിരിച്ചു.
തുർത്തുകിൽ നിന്നും മടങ്ങുകയാണ്..
ഇടവഴികളിലൂടെ പൊടിപടർത്തി അത് പായുന്നു.
അകലെ ചെറിയൊരു സ്‌കൂൾ. അതിനു മുന്നിൽ കുറച്ച് കുട്ടികൾ നിൽക്കുന്നു.
വണ്ടി നിർത്തി പാക്കറ്റിൽ ബാക്കി വന്ന ചോക്ക്ളേറ്റ്സ് അവർക്ക് നൽകി തിരിച്ച് കയറി.
മലഞ്ചെരിവിലെ കാഴ്ചകൾ മായുകയാണ്. തുർത്തുക്ക് എന്ന ഗ്രാമവും…
മലകൾക്ക് മുകളിൽ പ്രകാശംപടർത്തി മാലാഖമാരുടെ ഒരു കൂട്ടം ആ ഗ്രാമത്തിന്
മുകളിലൂടെ ചിറക് വിടർത്തി പറന്നുപോകുന്നുണ്ടിപ്പോൾ…
