ചുവന്ന സന്യാസികളുടെ ലാമയുരു

രാവിലെ;
ലേയിൽ നിന്നാരംഭിച്ച യാത്രയാണിത്.
ലാമയുരു മൊണാസ്ട്രിയിലേക്കാണ് ഈ യാത്ര.
പിന്നിട്ട ദിനങ്ങളിൽ ലഡാക്ക് പ്രവിശ്യയിലെ എണ്ണമറ്റ ബുദ്ധസന്യാസിമഠങ്ങളിലൂടെ
കടന്നുപോയിരിക്കുന്നു.
ടിബറ്റൻ ബുദ്ധിസത്തിലെ പ്രധാനപ്പെട്ട മൊണാസ്ട്രികളെല്ലാം ലേ പട്ടണത്തിന്റെ
നൂറോ ഇരുന്നൂറോ കിലോമീറ്റർ ചുറ്റളവിൽ കാണാം.
ഹെമിസ്,
തിക്‌സേ,
ഡിസ്‌കിറ്റ്,
സ്പിടുക് എന്നിവയൊക്കെയാണ് അതിൽ പ്രധാനപ്പെട്ടവ.
അതിനൊപ്പം ടിബറ്റൻ ബുദ്ധിസത്തിലെ റെഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട
ഏറ്റവും പ്രധാനപ്പെട്ട മൊണാസ്ട്രിയാണ് ലാമയുരു.
ലേയിൽ നിന്നും കാർഗിലിലേക്കുള്ള വഴിയിൽ ഹിമാലയം അതിന്റെ
അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ അലങ്കരിച്ചെടുത്ത മനോഹരമായ ഭൂമിയുടെ
നെറുകയിൽ തലയെടുപ്പോടെയാണത് നിൽക്കുന്നത്.
കഗ്യു വിഭാഗത്തിന്റെ ഗോംപെയാണിത്.
സമുദ്രനിരപ്പിൽ നിന്നും 3511 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

ലേയിൽ നിന്നും ലാമയുരുവിലേക്കുള്ള ദൂരം 115 കിലോമീറ്ററാണ്.
ഇതിനിടയിൽ മാഗ്നറ്റിക് ഹിൽസും , സംഗം താഴ് വരയും.
ലേയിൽ നിന്നും 48 കിലോമീറ്റർ ദൂരമാണ് സംഗം താഴ് വരയിലേക്ക്.
ഈ പാതയിലൂടെ യാത്ര ചെയ്യുന്ന ഒരു സഞ്ചാരിയ്ക്ക് ഒരിക്കലും ഒഴിവാക്കാൻ
കഴിയാത്ത ഇടം. സിന്ധുവിന്റേയും സംസ്‌കാർ നദിയുടേയും സംഗമസ്ഥാനം.
കുന്നിന്മുകളിലൂടെ കടന്നുപോകുന്ന പാത താഴ് വരയുടെ കാഴ്ചയെ സുന്ദരമാക്കുന്നു.
സംഗമസ്ഥാനത്തിന്റെ മനോഹരമായ കാഴ്ച റോഡിൽ നിന്നുതന്നെ ലഭിക്കും.
ഇവിടെ റിവർ റാഫ്റ്റിംഗ് അനുവദിച്ചിട്ടുണ്ട്.
മൺസൂൺ കഴിഞ്ഞുള്ള കാലങ്ങളിൽ ചെളികലങ്ങി കുത്തിയൊഴുകുന്ന
നദിയുടെ കാഴ്ചയാണ് ഹിമാലയൻ യാത്രകളിൽ ചിലപ്പോഴൊക്കെ കാണാനാവുക.
ഈ യാത്രയിലുടനീളം കണ്ട നദിയുടെ കാഴ്ചകൾ അതിൽനിന്നും ഒട്ടും വിഭിന്നമല്ല.
ബിയാസ്, ഷിയോക്ക്, സിന്ധു, സംസ്‌കാർ എല്ലാം മണ്ണടർത്തി കടന്നുപോകുന്നു.
നദികളുടെ അതിഭയാനകമായ ചിലദൃശ്യങ്ങളാണത്.
ശാന്തമായൊഴുകുന്ന ഹിമനദികൾ മനോഹരമായൊരു കാഴ്ചയാണ്.
നീലകലർന്ന പച്ചനിറത്തിലാണത് കാണപ്പെടുക.
ചിലയിടങ്ങളിൽ സ്ഫടികതുല്യമായ നീരൊഴുക്ക്.
സംഗം വാലിയുടെ സുന്ദരമായ ചില ദൃശ്യങ്ങൾ മുമ്പ് കണ്ടിരുന്നു.
പക്ഷേ,
ഇവിടെയിപ്പോൾ ഭൂമിയെ അപ്പാടെ വിഴുങ്ങിത്തുപ്പുന്ന ജലത്തിന്റെ പ്രവാഹമാണിത്.
തവിട്ടുനിറത്തിൽ ചെളികലർന്നൊഴുകുന്ന ഹിമനദി.
താഴ് വരയിലേക്കുള്ള ചെറുവഴിലൂടെ യാത്രചെയ്താൽ താഴെ,
നദിയുടെ സംഗമസ്ഥാനത്തെത്തിച്ചേരാൻ കഴിയും.
കാർഗിലിലേക്കുള്ള യാത്രയായതിനാൽ അധികസമയം അവിടെ ചെലവഴിക്കാനുണ്ടായിരുന്നില്ല.
ചില ചിത്രങ്ങൾ പകർത്തി യാത്ര തുടർന്നു.

ഉച്ചയോടടുത്തു ലാമയുരുവിലെത്തിച്ചേരാൻ..
ചുറ്റും മനോഹരമായ ഭൂമിയുടെ അതിശയക്കാഴ്ചകൾ..
കൃത്യമായി ചരിത്രം അടയാളപ്പെടുത്താൻ കഴിയാതെപോയ
പുരാതനമായ ഗോംപേകളിലൊന്നാണിത്.
പത്താം നൂറ്റാണ്ടിലോ,
പതിനൊന്നാം നൂറ്റാണ്ടിലോ,
പതിനാറാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ടു
എന്നതരത്തിൽ വ്യത്യസ്തമായ കഥകൾ നിലനിൽക്കുന്നുണ്ട്.
ആചാര്യനായ ഗുരു നാരോപ പത്താം നൂറ്റാണ്ടിൽ സ്ഥാപിച്ച മൊണാസ്ട്രിയാണിത്, എന്ന്
പൊതുവെ അറിയപ്പെടുന്നു. അദ്ദേഹം നിർമ്മിച്ച 5 കെട്ടിടങ്ങളിൽ ഒന്ന് മാത്രമാണ്
ഇപ്പോൾ കാണപ്പെടുന്നതത്രേ.. തടാകം വറ്റിവരണ്ട ഭൂമിയിലാണ് നാരോപ ഈ മഠം
സ്ഥാപിച്ചത്.
പതിനാറാം നൂറ്റാണ്ടിൽ ലഡാക്കി രാജാവായ ജാമിയാങ് നങ്യാലിന് കുഷ്ഠരോഗം
പിടിപെട്ടതായും അപരിചിതനായ ഒരു ലാമ അത് ചികിത്സിച്ച് സുഖപ്പെടുത്തിയെന്നും
മറ്റൊരു കഥ നിലവിലുണ്ട്.
അതിൽ സന്തുഷ്ടനായ രാജാവ് ഈ മൊണാസ്ട്രി നിർമ്മിച്ച് നൽകിയെന്നും,
ചുറ്റുമുള്ള പ്രദേശങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കികൊടുത്തു എന്നാണ് ആ കഥ.
അതുകൊണ്ടാണത്രേ,
തർപ്പലിങ്(സ്വാതന്ത്ര്യത്തിന്റെ സ്ഥലം) എന്ന് ഇവിടം അറിയപ്പെടുന്നത്.

നൂറ്റമ്പതോളം സന്യാസിമാർ താമസിക്കുന്ന വലിയ മൊണാസ്ട്രിയാണിത്.
മുൻകാലങ്ങളിൽ ഇവിടെ നാനൂറ് സന്യാസിമാർ വരെ താമസിച്ച് വന്നിരുന്നു.
ടിബറ്റൻ ചാന്ദ്രകലണ്ടറിന്റെ രണ്ട്, അഞ്ച് മാസങ്ങളിൽ ഇവിടെ വലിയ ഉത്സവങ്ങൾ അരങ്ങേറുന്നു.
ചൈന,
നേപ്പാൾ,
ഭൂട്ടാൻ,
കൊറിയ,
ജപ്പാൻ എന്നിങ്ങനെ വിവിധ ദേശങ്ങളിലുള്ളവർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
മുഖംമൂടി നൃത്തങ്ങളാണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം.
അതുകൂടാതെ ബുദ്ധന്റെ ജീവിതം ആധാരമാക്കി നാടകങ്ങളും മറ്റു കലാരൂപങ്ങളും
അരങ്ങേറുന്നു.
പരമ്പരാഗത വസ്ത്രങ്ങളും,
പ്രാദേശീയ ഭക്ഷണവും കഴിക്കാനുള്ള അവസരമാണിത്.
വാദ്യോപകരണങ്ങളുടെയും, കരകൗശല വസ്തുക്കളുടേയും പ്രദർശനം
ഇതിനൊപ്പം ഉണ്ടാകാറുണ്ട്..

ഏപ്രിൽ-ജൂൺ മാസങ്ങളിലെ വേനൽക്കാലമാണ് ലാമയുരു യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.
ജൂലായ് മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ ചിലപ്പോഴൊക്കെ
അതിതീവ്ര മഴയൊരുക്കാറുണ്ട്, അതിനൊപ്പം മണ്ണിടിച്ചിലും യാത്ര ബുദ്ധിമുട്ടിലാക്കുന്നു.
മഞ്ഞുകാലം അതികഠിനമായ തണുപ്പിന്റെ കരിമ്പടം കൊണ്ട് ലാമയുരുവിനെ മൂടുന്നു.

ദേശീയപാതയിൽ നിന്നും മൊണാസ്ട്രിയിലേക്കുള്ള ചെറുവഴിയിലേക്ക് തിരിഞ്ഞു.
ഉച്ചവെയിൽ കുന്നിൻ മുകളിൽ ജ്വലിച്ച് നിൽക്കുന്നു.
മൊണാസ്ട്രിയിലെ പ്രാർത്ഥനാമന്ദിരങ്ങൾ മുകളിലേക്ക് കൈകൂപ്പി ആകാശത്തെ വണങ്ങുന്നു.
ചുവന്നവസ്ത്രങ്ങൾ ചുറ്റിയ ചെറിയ സന്ന്യാസിമാർ ഉച്ചവെയിലിനൊപ്പം
താഴ് വരയിലേക്ക് ഒഴുകിപ്പോകുന്നു.
അവരുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചെങ്കിലും തോക്കിന്മുനയിലെന്നപോലെ
ക്യാമറയുടെ മിഴികളിൽ നിന്നവർ വഴുതിപ്പോകുന്നു.
താഴ് വരയിൽ മനോഹരമായ കൃഷിയിടങ്ങൾ.
ചെറിയൊരു ഗ്രാമമാണ് ലാമയുരു.
കുന്നിൻനെറുകയിൽ കാണുന്ന മൊണാസ്ട്രി തന്നെയാണ് അതിന്റെ കേന്ദ്രബിന്ദു.
ഹുസൈൻ ഭായി, കാർ പാതയോരത്തെ ചെറിയ പാർക്കിങ് ഏരിയയിൽ ഒതുക്കി.
ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
വെയിൽ അതികഠിനമായി അതിന്റെ പ്രഹരം തുടങ്ങുമെന്ന് തോന്നിയെങ്കിലും
ചൂട് അത്രത്തോളം അനുഭവപ്പെടാനില്ല, തണുപ്പിന്റെ ഒരു വലയം
അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങുന്നു.
പഠനം കഴിഞ്ഞ് പുറത്തേക്ക് പോകുന്ന കുട്ടികൾ മാത്രമാണിപ്പോൾ അവിടെ കാണപ്പെടുന്നത്.
കെട്ടിടത്തോട് ചേർന്ന് പ്രാർത്ഥനാ ചക്രങ്ങളുടെ നീണ്ട നിര.
കെട്ടിടത്തിന്റെ ഓരം ചേർന്ന് തണൽകൊണ്ട് ചില വൃദ്ധസ്ത്രീകൾ സംസാരിച്ചിരുന്നു.
അവർ കറുത്ത വസ്ത്രങ്ങൾ ചുറ്റിയിരിക്കുന്നു.
ബൈക്ക് യാത്രികരായ ചില ചെറുപ്പക്കാർ അവരുടെ ചിത്രങ്ങളെടുക്കാനായി
ചുറ്റും കൂടിയിട്ടുണ്ട്.

ടിബറ്റൻ വാസ്തുവിദ്യയിൽ പണിതെടുത്ത മൊണാസ്ട്രിയായിരുന്നു അത്.
ചുവരുകളിൽ സുന്ദരമായ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
കല്ലും തടിയും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ബലമുള്ള കെട്ടിടം.
മച്ചിൽ കോർത്തിട്ട മണി ഇടയ്ക്കിടെ മുഴങ്ങുന്നു.
പലനിലകളിൽ കുന്നിന്റെ സ്വാഭാവിക ഘടനയ്ക്ക് മാറ്റം വരുത്താതെയാണത് നിർമ്മിച്ചിരിക്കുന്നത്.
ആയിരത്തിൽപരം വർഷങ്ങൾ പഴക്കമുണ്ടതിന്. ചിലപ്പോൾ പുതുക്കിപ്പണിതിരിക്കാം..
മട്ടുപ്പാവിൽ നിന്നാൽ കാണാനാകുന്ന മനോഹരമായ കാഴ്ചകൾ ലാമയുരുവിനെ
സുന്ദരമാക്കുന്നു. ചുറ്റിലും അതിന്റെ പനോരമിക് വ്യൂ…
തൊട്ടടുത്തായി ഉഴുതുമറിച്ചിട്ടപോലെ പർവതങ്ങളുടെ വ്യത്യസ്തമായ ചില കാഴ്ചകൾ
ചന്ദ്രോപരിതലംപോലെയാണത് കാണപ്പെടുന്നത്.
അതുകൊണ്ട് തന്നെ മൂൺലാൻഡ് എന്നാണ് അവിടം അറിയപ്പെടുന്നത്.
ഒരുപക്ഷെ തടാകത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ
ചെളിക്കൂമ്പാരങ്ങൾ പോലെയാണത് കാണപ്പെടുന്നത്.
തടാകം വറ്റിയിടത്താണ് ലാമയുരു മൊണാസ്ട്രി നിർമ്മിക്കപ്പെട്ടത് എന്ന കഥ
ചിലപ്പോൾ സത്യമായേക്കാം.

താഴ് വരയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന പാതയിപ്പോൾ കുന്നുകയറുന്നു.
അധികം ദൂരത്തല്ല ശ്രീനഗർ- ലേ ദേശീയപാതയിലെ ഏറ്റവും ഉയർന്ന പ്രദേശമായ
ഫട്ടു ലാ ടോപ് സ്ഥിതിചെയ്യുന്നത്.
പലനിറങ്ങളിൽ മലനിരകൾ,
കൃഷിയിടങ്ങൾ,
ആളനക്കങ്ങൾ..
താഴ വരയെ ചുറ്റുന്ന കാറ്റ്, വെയിൽച്ചൂടിനെ
മലനിരകൾക്കപ്പുറത്തേക്ക് പറത്തിവിടുന്നു.
ചുറ്റിലും ചിതറിക്കിടക്കുന്ന ചെറിയ വഴിയിലൂടെ ചുവന്ന സന്യാസിമാർ
നടന്നുനീങ്ങുന്നു.
അതികഠിനമായ പർവ്വതജീവിതത്തെ എത്ര ലളിതമായിട്ടാണവർ
കടന്നുപോകുന്നത്.
ബുദ്ധമാർഗത്തിലും പ്രാർത്ഥനയിലും ജീവിതം കണ്ടെത്തുന്ന
സാധാരണ മനുഷ്യർ…

ഫട്ടു ലാ ടോപ്പിന്റെ മുകളിലാണിപ്പോൾ..
ലാമയുരുവിൽ നിന്നും കുന്നുകയറിവരുന്ന വാഹനങ്ങളുടെ നീണ്ടനിര…
ഉറുമ്പിൻകൂട്ടങ്ങളുടെ അതിജീവനസഞ്ചാരംപോലെ…
ദൂരെ, കാറ്റിനൊപ്പം മണിമുഴങ്ങുന്നുണ്ടിപ്പോൾ…

Leave a Reply

Your email address will not be published. Required fields are marked *