സോനാമാർഗ്ഗ്(Meadow of gold)

2019 ഏപ്രിൽ 13 ന് ഉച്ചയ്ക്ക് ശ്രീനഗർ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ തണുത്തിരുണ്ട
കാലാവസ്ഥ കണ്ട് ശെരിക്കും നിരാശനായി. മഴമേഘങ്ങൾ അലസമായി പറന്നുനടക്കുന്ന ശ്രീനഗറിലെ ആകാശത്ത് വിമാനം വട്ടമിട്ട് പറക്കുമ്പോൾ ചിറകിനടിയിൽ ഭൂമിയിലേക്ക് പെയ്തുനിറയാൻ
കാത്തുനിൽക്കുന്ന അനേകായിരം മഴത്തുള്ളികളെ ഒളിപ്പിച്ചുവെച്ച കരിമേഘക്കൂട്ടങ്ങൾ
കടന്നുപൊയ്‌ക്കൊണ്ടിരുന്നു. താഴെ വിശാലമായ കൃഷിയിടങ്ങൾക്കിടയിൽ പൂത്തുനിൽക്കുന്ന
കടുകുപാടങ്ങൾ. അതിരുകൾ തീർത്ത് ചതുരക്കളങ്ങളിൽ കാശ്മീരീവില്ലോ മരങ്ങൾ.
മാനം കുടഞ്ഞിടുന്ന മഞ്ഞുതരികളെ താഴേക്കൊഴുക്കിവിടാൻ പാകത്തിന് ചെരിഞ്ഞ കൂരകൾ നിർമ്മിച്ച്
പലനിറങ്ങളിൽ വീടുകൾ നിരന്നിരിക്കുന്നു. ശ്രീനഗറിലെ ആകാശക്കാഴ്ച
മറ്റിടങ്ങളിൽ നിന്നും വിഭിന്നമല്ല. നീണ്ടുപരന്ന കൃഷിയിടങ്ങൾക്ക് മുകളിലൂടെയാണ്
വിമാനം പറന്നിറങ്ങുക. ഹിമാലയത്തിന്റെ താഴ് വര തന്നെയോ ഇതെന്ന് ആശ്ചര്യപ്പെട്ടേക്കാം…!!
പേരിനുപോലും പർവതങ്ങളുടെ വിദൂരദൃശ്യങ്ങൾ കാഴ്ചയിൽപ്പെട്ടതേയില്ല. അനന്തമായി
ചിതറിക്കിടക്കുന്ന കൃഷിയിടങ്ങൾ മാത്രം.. ഒരുപക്ഷേ മഞ്ഞിനുള്ളിൽ അത് ആണ്ടു പോയതാകുമോ..?

ലഗേജുകൾ കൈപ്പറ്റി കാശ്മീരിന്റെ കുളിരിലേക്കിറങ്ങി. യൂണിവേഴ്സൽ ട്രാവൽ കമ്പനി
5 ദിവസത്തേക്കുള്ള യാത്രയ്ക്കായി വേണ്ടതെല്ലാം തയാറാക്കിയിട്ടുണ്ടായിരുന്നു.
കുടുംബത്തോടൊപ്പമുള്ള യാത്രകൾക്ക് ഇത്തരം തയ്യാറെടുപ്പുകൾ നല്ലതാണ്..
പുറത്ത് കാറുമായി ഡ്രൈവർ കാത്തുനിൽക്കുമെന്ന് ഹരീഷ് അറിയിച്ചിരുന്നു. പുറത്തേക്കുള്ള വഴിയിൽ
പ്ലക്കാർഡുമായി നിരവധി ടാക്സിക്കാർ നിരന്നുനിൽക്കുന്നു. ഓരോ വിമാനത്തിലും ഇവിടേയ്‌ക്കെത്തുന്ന
എണ്ണമറ്റ യാത്രക്കാരാണ് ഇനി ശ്രീനഗറിന്റെ രാപ്പകലുകളെ ചലിപ്പിച്ച് നിർത്തുന്നത്.
മനോഹരമായ ഈ ഭൂമി തേടിയെത്തുന്ന ഓരോ മനുഷ്യനും ഈ നാടിന്റെ ജീവനെ അത്രമേൽ
സ്വാധീനിക്കുന്നു. ആറു മാസം നീളുന്ന വറുതിയുടെ മഞ്ഞുകാലം ജനജീവിതത്തെ വല്ലാതെ ദുസ്സഹമാക്കുന്നുണ്ട്. കൃഷിയും ടൂറിസവും വരുമാനമാർഗ്ഗമായ ജനതയാണിത്. ട്രോളിയിൽ
ലഗേജുകൾ വാരിനിറച്ച് പുറത്തേക്ക് നടന്നു. പുറംകാഴ്ചയിൽ സിലിഗുരിയിലെ ബാഗ്ദോഗ്ര എയർപോർട്ടിന്
സമാനമാണ് ഈ എയർപോർട്ട്. നിരന്നുനിൽക്കുന്ന ടാക്സിക്കാർക്കിടയിൽ പെട്ടെന്നാണ് “അരുൺ”
എന്ന പ്ളക്കാർഡ് കണ്ടത്. ഒരിക്കൽക്കൂടി വായിച്ചപ്പോഴാണ് അബദ്ധം മനസിലായത് “അരുൺ ഭട്ടാചാര്യ”
പതുക്കെ പിന്നിലേക്ക് മാറി. രണ്ടാളപ്പുറം മഴയൊഴിഞ്ഞ് കൂടാരത്തിന്റെ ചെരുവിൽ തന്നെയുണ്ടായിരുന്നു
“അരുൺ കളപ്പില” എന്ന പ്ലക്കാർഡുമായി നാസിർ അഹമ്മദ് എന്ന കാശ്മീരി ഡ്രൈവർ.
അയാളുടെ ഇന്നോവയിലേക്ക് ലഗേജുകൾ കയറ്റിവെച്ചു.
മഴവീഴുന്ന വഴിയിലൂടെ യാത്ര തുടങ്ങുകയാണ്…

ശ്രീനഗറിൽ ഇത് രണ്ടാംതവണയാണ്. കഴിഞ്ഞ സെപ്റ്റംബറിലെ വരണ്ട വെയിൽക്കാലത്താണ്
ലഡാക്ക് യാത്രയുടെ ഭാഗമായി ഇതുവഴി കടന്നുപോയത്. ഇനി എത്രതവണ വരുമെന്നറിയില്ല. കാഴ്ചകൾ വ്യത്യസ്തമാണിപ്പോൾ..
തെരുവുകൾ അപരിചിതമായ ഇടങ്ങളാകുന്നു.. പാതയോരത്തെ ചെടികൾ പലതും പൂത്തുനിൽക്കുന്നു.
തളിരിട്ടു നിൽക്കുന്ന മരങ്ങൾ കൂട്ടംകൂടി പച്ചയുടെ ഒരു കൂടു നിർമ്മിക്കുംപോലെ….
നിരത്തിലെ പട്ടാളവണ്ടികൾ മാത്രം ഒരു മാറ്റവുമില്ലാതെ തുടരുന്നു… മഞ്ഞും കാറ്റും മഴയും പൊരിവെയിലും
അവരറിയുന്നതേയില്ല…
മണിക്കൂറുകൾ നീണ്ട വിമാനയാത്ര കഴിഞ്ഞെത്തിയതാണ്.. വിശന്നുതുടങ്ങിരുന്നു.
കൊച്ചിയിൽ നിന്നും ബാംഗ്‌ളൂരേക്കും, അവിടെ നിന്ന് ശ്രീനഗറിലേക്കും…ഇതിനിടെ കണക്ഷൻ ഫ്ലൈറ്റ്
കാത്തിരുന്ന് ബാംഗ്ലൂർ എയർപോർട്ടിൽ 3 മണിക്കൂർ നഷ്ടപ്പെട്ടിരുന്നു.
കാശ്മീരിലെ തനത് വിഭവങ്ങൾ ലഭിക്കുന്ന ഏതെങ്കിലും റെസ്റ്റോറന്റിൽ വണ്ടിയൊതുക്കാൻ
നാസിറിനോട് പറഞ്ഞു. വണ്ടി പതുക്കെ തിരക്കുകുറഞ്ഞ തെരുവിലെ ഒരു പഴയ റെസ്റ്റോറെന്റിനു
മുന്നിൽ നിന്നു. കാശ്മീരി റൈസും,പുലാവും, പനീറും, ചിക്കൻഫ്രൈയുമൊക്കെയായി മനസുനിറയെ
കഴിച്ചു. ടൂർ കമ്പനിയുമായുള്ള ധാരണപ്രകാരം ആദ്യദിനം ഉച്ചയ്‌ക്കുശേഷമുള്ള സമയം ശ്രീനഗർ
പട്ടണവും , ദാൽ തടാകവും, തടാകക്കരയിലെ മുഗൾ പൂന്തോട്ടങ്ങളും കാണേണ്ടതുണ്ട്. ഒന്നിനും
സമ്മതിക്കാതെ തണുത്ത ചാറ്റമഴ അനുസരണയില്ലാത്ത കുട്ടിയെപ്പോലെ കുസൃതിപെയ്യിച്ച് കളിക്കുന്നു.
അവശേഷിക്കുന്ന മൂന്നു ദിവസങ്ങളിലൊന്നിൽ അതിനു സമയം കണ്ടെത്താം എന്ന ഉറപ്പിന്മേൽ
വണ്ടിനേരെ Enko resorts ലേക്ക് പാഞ്ഞു. മഴയ്‌ക്കൊപ്പം വാഹനങ്ങൾ കുരുങ്ങിപ്പിടയുന്ന ചെളിപുരണ്ട
തെരുവുകൾക്കൊടുവിൽ മനോഹരമായ ഹോട്ടൽ കണ്ടെത്തി. കാശ്മീരിലെ സീസൺ തുടങ്ങുന്നതേയുള്ളൂ.
അതാകാം ഹോട്ടലിൽ തിരക്ക് കുറവ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള BSNL പോസ്റ്റ്പെയ്ഡ് സിം മാത്രമേ കാശ്മീരിൽ പ്രവർത്തിക്കൂ. അതുകൊണ്ടുതന്നെ ബാംഗ്ലൂർ എയർപോർട്ടിൽ
വച്ച് സുഷുപ്തിയിലാണ്ടുപോയ മൊബൈൽ ഫോണുകൾ ഹോട്ടലിലെ wifi ലേക്ക് ബ്ളാങ്കറ്റിനൊപ്പം
നൂണ്ടുകേറി. നിലയ്ക്കാതെ തുടരുന്ന ചാറ്റമഴ ഉറക്കത്തിനിടയിലും ആധിയായി. തുടർന്നുള്ള
ദിവസങ്ങൾ എങ്ങനെ യാത്ര ചെയ്യും…? കുടുംബത്തിനൊപ്പം ഇനിയുമൊരു കാശ്മീർ യാത്ര..?

വരിതെറ്റിക്കിടന്ന ജനാലവിരിക്കിടയിലൂടെ ഇളംവെയിൽ തൊട്ടപ്പോഴാണ് രാവിലെ
കണ്ണുതുറന്നത്. സമയം 7 മണി. വെയിൽ ചിറകുവിരിക്കുന്ന പക്ഷിയെപ്പോലെ ഓരോ ജനാലയിലും
തട്ടിവിളിക്കുന്നുണ്ട്. സോനാമാർഗ്ഗിലേക്കാണിന്നത്തെ യാത്ര… കശ്മീരിലെ ഗന്ധർബെൽ
ജില്ലയിലെ മഞ്ഞുകാല വിനോദകേന്ദ്രം. മഞ്ഞുപെയ്യുന്ന മലഞ്ചെരിവുകളും പുൽമൈതാനങ്ങളും
അതിരിട്ടുനിൽക്കുന്ന ഹിമപർവ്വതങ്ങളും സോനാമാർഗ്ഗിനെ സ്വർഗ്ഗതുല്യമായ ഇടമാക്കി മാറ്റുന്നു.

വണ്ടി പുറപ്പെട്ടു. മഞ്ഞുതുന്നിയ തണുപ്പിന്റെ നേർത്ത വലകൾ ശരീരത്തെ മൂടുന്നു.
ജാക്കറ്റും തൊപ്പിയും ധരിച്ചു. ഇരുവശവും കടൽപോലെ പൂത്തുനിൽക്കുന്ന കടുകുപാടങ്ങൾ..
പാടങ്ങൾക്ക് നടുവിൽ നിരന്നുനിൽക്കുന്ന വില്ലോമരങ്ങൾ. ഹിമക്കാറ്റ് മൂടിയ മലമുടിയുടെ
നീലിച്ച ചെരിവുകളിൽ മനോഹരമായ വീടുകൾ. സുന്ദരമായ ജലച്ചായചിത്രമാണീ ഭൂമി.
ഓരോ കാഴ്ചയും അവിശ്വസനീയമായ മറ്റൊന്നിലേക്ക് വലിച്ചുകൊണ്ടുപോകുന്നു.
കാശ്മീരിൽ വസന്തമെത്തുകയാണ്..പൂവിട്ടുനിൽക്കുന്ന ചെടികളോരോന്നും അതിന്റെ അടയാളങ്ങൾ
കാട്ടി നിൽക്കുകയാണിപ്പോൾ. ഇരുവശവും ഉയർന്നുനിൽക്കുന്ന പർവ്വതങ്ങൾ മഞ്ഞുമൂടിക്കിടക്കുന്നു.
താഴ് വാരങ്ങളിൽ ചുരുണ്ടുകിടക്കുന്ന പാതയിലൂടെ വണ്ടി പായുന്നു.
വഴിയരുകിൽ പോലീസ് ചെക്കിങ്..
വണ്ടിനിർത്താൻ അവർ ആവശ്യപ്പെട്ടു.
പിറുപിറുത്തുകൊണ്ട് നാസിർ വണ്ടിയൊതുക്കി.
അടുത്തേക്ക് വന്ന പോലീസുകാരൻ വണ്ടിയുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രാസംഘമായിട്ടും പ്രത്യേക പരിഗണനകൾ ഒന്നുമുണ്ടായിരുന്നില്ല.. അസ്വസ്ഥനായിട്ടാണയാൾ പോലീസിന്റെ മുന്നിലേക്ക് രേഖകളുമായി പോയത്.
ചുറ്റിലുമുള്ള കാഴ്ചകൾ കണ്ടിരിക്കുമ്പോഴാണ് പെട്ടെന്നൊരു ബഹളം കേട്ടത്..
നാസിർ അഹമ്മദ് പോലീസുകാരുമായി കയ്യാങ്കളിയിലെത്തിയിരിക്കുന്നു. പരസ്പരം
പിടിച്ചുതള്ളുന്നു.കോളറിൽ പിടിച്ചുവലിക്കുന്നു. കാശ്മീരികൾക്ക് പോലീസിനോടുള്ള ബഹുമാനം
ഇത്രത്തോളമേ ഉള്ളൂ എന്ന് കഴിഞ്ഞയാത്രയിൽ തന്നെ മനസിലാക്കിയിരുന്നു. അന്ന് കൈക്കുഞ്ഞുമായി
പട്ടണത്തിലൂടെ സ്കൂട്ടറിൽ പോയ ഒരു കുടുംബം പൊലീസുകാരെ പ്രതിരോധിക്കുന്നത് കണ്ടിരുന്നു.

ഇനി എന്ത് ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാണ് അയാളെ ചില പോലീസുകാർ തള്ളി
കാറിലേക്ക് കയറ്റിയത്. പ്രകോപിതനായി നിൽക്കുന്ന ആ മനുഷ്യനെ ടൂറിസ്റ്റുകൾക്ക്
ബുദ്ധിമുട്ടുണ്ടാക്കേണ്ടതില്ല എന്നുകരുതിയാകും ചിലപ്പോൾ അവർ അങ്ങനെ ചെയ്തത്..
രേഖകൾ കൃത്യമായിരുന്നിട്ടും 100 രൂപ ഫൈൻ നൽകിയതാണ് അയാളെ പ്രകോപിപ്പിച്ചത്..
ഓർക്കുകയായിരുന്നു… അത്തരമൊരു കയ്യാങ്കളി കേരളത്തിലായിരുന്നെങ്കിൽ…?
നാസിർ അഹമ്മദിന്റെ മറ്റൊരു മുഖമാണ് അവിടെ കണ്ടത്.. തുടർന്നുള്ള യാത്ര മുഴുവൻ അയാൾ
അസ്വസ്ഥനായി നിലകൊണ്ടു. ഇടയ്ക്കിടെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.
നിശ്ശബ്ദതയിലൂടെയുള്ള ആ പാച്ചിൽ സോനാമാർഗ് എന്ന ചെറിയ പട്ടണത്തിലാണ്
അവസാനിച്ചത്. ശ്രീനഗറിൽ നിന്നും 80 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സോനാമാർഗ്
അവസാനിക്കുന്നിടത്തു നിന്നാണ് സോജി ലാ തുടങ്ങുന്നത്. തെരുവ് നിറയെ താജിവാസ്
ഗ്ലേഷിയറിലേക്കുള്ള സവാരി തരപ്പെടുത്തുന്ന വാഹനങ്ങളുടെ ഏജന്റുമാരാണ്.. പെർമിഷനും,
10 കിലോമീറ്റർ ദൂരേയ്ക്കുള്ള യാത്രയും ഉൾപ്പെടെ അഞ്ചുപേർക്ക് 12500 രൂപ ആവശ്യപ്പെട്ടു.
വിലപേശലിനൊടുവിൽ 7000 രൂപയ്ക്ക് സമ്മതിച്ചു. ബൂട്ടും ജാക്കറ്റും ഉൾപ്പെടെയുള്ള
റേറ്റായിരുന്നു അത്. കൃത്യമായ ഫീസ് വിവരങ്ങൾ ശേഖരിക്കാത്തതിനാൽ യാത്രികർ
മറ്റിടങ്ങളെപോലെ കാശ്മീരിലും വഞ്ചിക്കപ്പെടുന്നുണ്ട്. ഗൈഡായും സഹായിയായും കൂടെ
കൂടുന്നവർ സാമാന്യം ഭേദപ്പെട്ട തുക ടിപ്പായി ചോദിച്ചുവാങ്ങുന്നുണ്ട്. കാശ്മീർ എയർപോർട്ടിൽ
തുടങ്ങുന്ന ഇത്തരം സഹായ വാഗ്ദാനങ്ങൾ മടങ്ങുംവരെ ഉണ്ടാകും..
സോനാമാർഗ്ഗിലെത്തിയപ്പോഴാണ് അറിഞ്ഞത്. ഗ്ലേഷിയറിലേക്കുള്ള പാത ഔദ്യോഗികമായി
തുറന്നിരുന്നില്ല.. സർക്കാർ ഉത്തരവ് പ്രകാരം അടുത്ത ദിവസമാണ് സീസൺ ആരംഭിക്കുന്നത്. പക്ഷേ, ഉന്നതരായ പട്ടാള ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ ഇന്നെത്തിയതിനാൽ
സോനാമാർഗ് തുറന്നിട്ടുണ്ടത്രേ… ചിലപ്പോഴൊക്കെ യാത്രയിൽ ഇങ്ങനെ ചില ഭാഗ്യങ്ങളുണ്ടാകും.
പഴഞ്ചൻ ടവേരയിപ്പോൾ താജിവാസ് ഗ്ലേഷിയറിലേക്ക് കടന്നുനിന്നു.

വിസ്മയിപ്പിക്കുന്ന ഒരു ലോകമായിരുന്നു അത്
ആകാശവും ഭൂമിയും വെളുത്തുരുണ്ട് ഒറ്റഗോളം പോലെ..
മലഞ്ചെരുവിൽ കൊടിക്കമ്പുകൾ കുത്തിനിർത്തിയതുപോലെയാണ്
മഞ്ഞുപാളിക്കിടയിൽ ദേവദാരു വൃക്ഷങ്ങൾ..
പൈൻ മരങ്ങളുടെ ഇരുൾപച്ച…
സോനാമാർഗ് ടൗണിൽ നിന്നും സഹായിയായി ഒപ്പം കൂടിയ റിസ്‌വാൻ മനോഹരമായ
ചിത്രങ്ങളെടുത്തുതന്നു. MBA വിദ്യാർഥിയാണയാൾ. ടൂറിസ്റ്റുകൾക്കൊപ്പം സഹായിയായി കൂടി
പഠനത്തിനുള്ള പണം കണ്ടെത്തുകയാണയാൾ. അതിശൈത്യത്തിന്റെ കഠിനമായ കാലത്ത്
ശ്രീനഗറിലെ മറ്റിടങ്ങളിലേക്ക് താമസം മാറുന്ന ജനതയാണ് സോനാമാർഗിലേത്.
മഞ്ഞുമൂടിക്കിടക്കുന്ന വീട്ടുപരിസരങ്ങളെ ഉപേക്ഷിച്ചൊരു പലായനമാണത്..
ഹിമപാതങ്ങൾ നോവിക്കാത്ത ഭൂമിയുടെ ഏതെങ്കിലുമൊരു കോണിലേക്ക്… മഞ്ഞുരുകി തുടങ്ങുമ്പോഴേക്കും
വീടുകളിലേക്കവർ തിരിച്ചെത്തും. ഹിമാലയത്തിന്റെ താഴ്‌വാരം ഇങ്ങനെ വ്യത്യസ്തമായ
ജീവിതരീതികൊണ്ട് നമ്മെ അമ്പരപ്പിക്കുകതന്നെ ചെയ്യും. തീരെ പരിചിതമല്ല ഇവയൊന്നും നമുക്ക്…

മഞ്ഞിൽ കളിക്കുകയെന്ന മകളുടെ ദീർഘനാളത്തെ ആഗ്രഹമാണിപ്പോൾ യാഥാർഥ്യമായത്.
കഴിഞ്ഞ നവംബറിൽ സിക്കിമിലെ നാഥുലാ പാസിലേക്കുള്ള യാത്രയിൽ ഇന്ത്യ-ചൈനാ
അതിർത്തിയിൽ മഞ്ഞില്ലാതെ അവൾ സങ്കടപ്പെട്ടു നിന്നതാണിപ്പോൾ ഓർമവന്നത്.. അന്ന് അവളുടെ
സങ്കടം കണ്ടിട്ട് ഒരിന്ത്യൻ സൈനികൻ ക്യാമ്പിന്റെ മേൽക്കൂരയ്ക്ക് കീഴെ കിടന്ന മഞ്ഞുകട്ട സമ്മാനിച്ചു.എന്ത് വിലപിടിച്ച സമ്മാനമായിരുന്നു അന്നവൾക്കത്…!!
ഇന്നിപ്പോൾ മഞ്ഞിൽ അവൾ കളിച്ചുതിമിർക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്…
തലയെടുപ്പോടെ നിൽക്കുന്ന ഈ ഹിമപാടങ്ങൾക്കിടയിലൂടെ ത്ധലം നദിയുടെ പോക്ഷകനദിയായ
സിന്ധ് കരകളെ തകർത്തും പാറക്കൂട്ടങ്ങളിൽ തിമിർത്തും ഗ്ലേഷിയറിനെ പകുത്ത് താഴേക്കൊഴുകിപോകുന്നു. മഞ്ഞുരുകുംതോറും പെരുകുന്ന നദികൾ…
നദിയുടെ ഇരുകരകളേയും ചൂണ്ടി റിസ്‌വാൻ പറഞ്ഞു. “ബജ്‌രംഗി ഭായിജാൻ”
ക്ലൈമാക്സ് ഷൂട്ട് ചെയ്ത സ്ഥലമാണത്..
ശരിയാണ്… മഞ്ഞുമലകൾക്കിടയിലൂടെ താഴേക്കൊഴുകുന്ന നദി. അതെ കാഴ്ച തന്നെ..!!

സോനാമാർഗ്…
ലഡാക്കിൽ നിന്നും ശ്രീനഗറിലേക്കുള്ള കഴിഞ്ഞ യാത്രയിൽ വരണ്ടുണങ്ങിക്കിടന്ന പുൽമൈതാനം..
അതാണിപ്പോൾ അന്തമില്ലാത്ത ഹിമപാടമായ് ചുറ്റും നിരന്നുകിടക്കുന്നത്..
അടരുകളായി മുകളിലേക്ക് പടർന്നുകയറുന്ന ഹിമശൈലത്തിന്റെ നെറുകയിൽ
വിറളിപിടിച്ച കുതിരയെപ്പോലെ കാറ്റ് വട്ടംചുറ്റുന്നു. മഞ്ഞുമലയുടെ മുകളിൽ ആളനക്കങ്ങൾ…
മൂളിയെത്തുന്ന മോട്ടോർ ബൈക്കുകൾ, സ്ലെഡ്‌ജുകൾ.. ഇനിയുള്ള ദിനങ്ങളിൽ ഈ മഞ്ഞുമലകൾ
ഇരമ്പിയെത്തുന്ന സഞ്ചാരികളെക്കൊണ്ട് നിറയും. ആൾക്കൂട്ടത്തിരക്കില്ലാത്ത ഈ ദിനം
ഞങ്ങൾക്കായി മാറ്റിവെച്ചപോലെ മഞ്ഞുകാറ്റ് എവിടേക്കോ കടന്നുകളഞ്ഞു. ജീവിതത്തിന്റെ
മുഴുവൻ സന്തോഷങ്ങളേയും ചേർത്തുവയ്ക്കുകയാണ്.. ഇന്നുവരെ കണ്ടിട്ടില്ലാത്ത
മനോഹരമായ കാഴ്ചയാണിത്… സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലൂടെ വെറുതെ, ചുറ്റിത്തിരിയുകയാണോ..?
ആയിരുന്നില്ല..
മലയുടെ നെറുകയിലേക്ക് കൈപ്പിടിച്ച് പ്രണയത്തിന്റെ കൊടുമുടി കയറുകയാണിപ്പോൾ..
ചേർത്തണച്ച് നെറുകയിൽ കിതപ്പാറ്റുമ്പോൾ
മലയിറങ്ങുന്ന മഞ്ഞുകാറ്റ് അവളുടെ മുടിയിഴകളെ
തഴുകി താഴ് വരയിലേക്കിറങ്ങിപ്പോയി.
അതിനൊപ്പം സ്വയമറിയാതെ മലയിറങ്ങുകയാണ്..ഞങ്ങൾ..
അകലെ, കുന്നിൻനെറുകയിലെ പൈൻമരത്തിൽ
പ്രണയം പൂത്തുനിൽക്കുന്നുണ്ടിപ്പോഴും..!!

Leave a Reply

Your email address will not be published. Required fields are marked *