മലനിരകൾക്ക് താഴെ മരങ്ങൾക്കിടയിൽ ഒരു തടാകം

ദാൽ-
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ തടാകം.
അങ്ങനെ അടയാളപ്പെട്ടിരിക്കുന്നു…
തിരുത്താൻ കഴിയില്ല..!!
എഴുതിത്തീർക്കാൻ വാക്കുകൾ തികയാത്തവിധം ഓരോ കാഴ്ചയും അതിമനോഹരമായ അനുഭവം.
ഓരോ ഋതുവിലും അത്രത്തോളം സുന്ദരമായ കാഴ്ചകൾ സാക്ഷ്യം…
ഇരുപത്തിരണ്ട് ചതുരശ്രകിലോമീറ്ററിൽ ശ്രീനഗർ പട്ടണത്തിന്റെ ഉടലിൽ സർപ്പംപോലെ
ചുറ്റിപ്പിണഞ്ഞ ജലനീലിമ.
മഞ്ഞിറങ്ങിപ്പോയ നീലിച്ച മലനിരകൾക്ക് താഴെ,
ഇലകൾമൂടിയ പച്ചമരങ്ങൾക്കിടയിൽ,
നിശ്ചലമായത് ചുറ്റിക്കിടപ്പുണ്ട്…
നിരനിരയായ് ഷിക്കാരകൾ സഞ്ചാരികളെ കാത്ത്
കരയോട് പറ്റിച്ചേർന്ന് കാറ്റുകൊള്ളുന്നു…
മറുകരയിൽ എണ്ണിത്തീർക്കാൻ കഴിയാത്തവിധം ഹൗസ്ബോട്ടുകളുടെ നീണ്ട നിര..
പ്രകൃതിയൊരുക്കിയ പച്ചപ്പിന്റെ കൈപ്പിടിയിലൊതുങ്ങാതെ
ആകാശത്തെ മുഴുവൻ ഉള്ളിലേക്ക് പിടിച്ചിട്ട് നിശ്ചലം നീലിച്ചുകിടക്കുന്ന
തടാകത്തിന്റെ കര മുഴുവൻ കാടുമൂടിക്കിടക്കുന്ന വസന്തത്തിന്റെ മായാക്കാഴ്ചകൾ..

ചാറ്റമഴയിൽ കുതിർന്ന് നഷ്ടപ്പെട്ടുപോയ ആദ്യദിനത്തിലെ സായാഹ്നത്തിൽ
ട്രാവൽ കമ്പനി അനുവദിച്ചു തന്ന ഇന്നോവയിൽ നഗരം ചുറ്റുമ്പോൾ ഏറിയപങ്കും
ദാൽ തടാകത്തെ ചുറ്റിപ്പറ്റിയായിരുന്നു യാത്ര.
മഴയൂർന്നു വീഴുന്ന വഴിയരുകിൽ ഇടതൂർന്നു നിൽക്കുന്ന വൃക്ഷങ്ങൾ
നഗരാതിർത്തിയിൽ കാവൽനിൽക്കുന്ന സൈനികരെപ്പോലെ…
മഴക്കാറ് ചോർത്തിയെടുത്ത പ്രകാശം,
വൃദ്ധനെപ്പോലെ തെരുവിൽ കാഴ്ച പരതി നടക്കുന്നുണ്ട്..!!
ലക്ഷ്യബോധമില്ലാതെ വണ്ടി അലഞ്ഞുനീങ്ങുന്നു..
ഒടുവിൽ യാത്ര അവസാനിപ്പിച്ച് ഹോട്ടൽ തേടിപ്പോകാൻ തീരുമാനിച്ചു.
പകലൊടുങ്ങും മുമ്പ് ഇരുൾമൂടിയ ശ്രീനഗറിൽ,
ചാറ്റമഴ ചെളിപ്പാടം പോലെ തെരുവിനെ ഉഴുതുമറിച്ചു.
മഴപ്പെയ്ത്തിൽ മുങ്ങി മോട്ടോർവാഹനങ്ങൾ നിരതെറ്റി നീങ്ങുന്ന ചെമ്മരിയാടിൻപ്പറ്റം പോലെ
തെരുവിൽ നിലവിളിച്ചുകൊണ്ടിരുന്നു.
നഗരത്തിന്റെ മുഖം നഷ്ടപ്പെട്ട പ്രക്ഷുബ്ദനായ യുവാവിനെപ്പോലെയാണ്
ചിലപ്പോഴൊക്കെ ശ്രീനഗർ..!!

എത്ര പെട്ടന്നാണ് മൂന്നു ദിനങ്ങൾ കടന്നുപോയത്…
കാശ്മീരിലെ നാലാമത്തെ ദിവസമാണിന്ന്..
തെരുവിൽ വെയിൽവീണിരിക്കുന്നു.
ഹോട്ടൽമുറിയിൽ നിന്നും ലഗേജുകൾ വാരിക്കെട്ടിയിറങ്ങി.
പകൽക്കാഴ്ചകൾക്കൊടുവിൽ ദാൽ തടാകത്തിന്റെ മറുകരയിൽ ഉറപ്പിച്ചുനിർത്തിയിരിക്കുന്ന
എണ്ണമറ്റ ഹൗസ്ബോട്ടുകളിൽ ഒന്നിലാണ് ഇന്നത്തെ രാത്രി..
അതിനകം ശ്രീനഗർ മുഴുവൻ കണ്ടുതീർക്കേണ്ടതുണ്ട്.
ENCO റിസോർട്ട്സിൽ നിന്നും പ്രഭാതഭക്ഷണം കഴിഞ്ഞിറങ്ങി.

ശ്രീനഗർ..
ഏകദേശം 12 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന നഗരം..
ത്ധലം നദിക്കരയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ചുറ്റിപ്പടർന്ന ജനസഞ്ചയം..
നദി കുപിതനാകുന്ന ചില വേനൽക്കാലങ്ങളിൽ പ്രളയത്തിന്റെ കെടുതിയിൽപ്പെട്ട്
വലയാറുണ്ടിവിടം. പ്രളയത്തെ ചെറുക്കാൻ ജലം ഗതിമാറ്റിവിടാൻ ഉതകും വിധം
പുഴയോളം പോന്ന വലിയ കനാലുകൾ നിരവധി. പ്രകൃതിയും മനുഷ്യനുമൊരുക്കുന്ന
എത്ര വിധത്തിലുള്ള കെടുതികളാണ് മനോഹരമായ ഈ ഭൂമി ഇടയ്ക്കിടെ
മറികടക്കേണ്ടി വരിക…?
മരങ്ങൾക്കിടയിൽ പച്ചപ്പിലൂടെ വണ്ടിപായുന്നു..
കാശ്മീരിലെ വസന്തം തേടിയാണ് ഇന്നത്തെ യാത്ര..
“ഇന്ദിരാ ഗാന്ധി മെമ്മോറിയൽ തുളിപ് ഗാർഡൻ”
ഏപ്രിൽ മാസം കാശ്മീരിലെത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്ന ഏറ്റവും വിലപ്പെട്ട
കാഴ്ചകളിലൊന്നാണിത്.. ഏഷ്യയിലെ ഏറ്റവും വലിയ തുളിപ് ഗാർഡൻ.
സബർവൻ മലനിരകൾക്ക് താഴെ,
ദാൽ തടാകത്തിന്റെ കരയിൽ,
30 ഹെക്‌ടറോളം പടർന്നുകിടക്കുന്ന മനോഹരമായ കാഴ്ച.
ടൂറിസത്തിനും, പുഷ്പകൃഷിയുടെ വളർച്ചയ്ക്കുമായി ജമ്മുകാശ്മീർ ഗവൺമെന്റിന്റെ
നേതൃത്വത്തിൽ 2007ൽ ആരംഭിച്ച പദ്ധതിയാണിത്.
48 ഇനങ്ങളിലായി ഏകദേശം ഒന്നര ദശലക്ഷം ചെടികളാണിവിടെ
മനോഹരമായ വച്ചുപിടിപ്പിക്കുന്നത്.

വണ്ടി മലഞ്ചെരിവുകളിറങ്ങി പൂന്തോട്ടത്തിന്റെ മുന്നിലെ വലിയ കവാടത്തിലെത്തി.
നാസിർ അഹമ്മദ് ഒരു മണിക്കൂർ സമയം അനുവദിച്ചിരിക്കുന്നു.
മറ്റു യാത്രകളെപ്പോലെ ധൃതിപിടിച്ചുള്ള ഓട്ടമല്ല ഇക്കുറി..
ഓരോ കാഴ്ചയിലേക്കും മതിവരുവോളം ഇറങ്ങിച്ചെല്ലാൻ കഴിയുന്നുണ്ട്..
എൻട്രി പാസ് കൈപ്പറ്റി. കുട്ടികൾക്ക് 25 ഉം, മുതിർന്നവർക്ക് 50 രൂപയുമാണ്
ടിക്കറ്റ് നിരക്ക്. ഏകദേശം ഒരുമാസം നീണ്ടു നിൽക്കുന്ന പൂന്തോട്ടമാണിത്.
അതിനിടയിൽ ചെടികൾ പൂവിട്ട് കൊഴിയുന്നു.
ഗേറ്റ് കടന്നു..
പലനിറങ്ങളിൽ പൂക്കളുടെ ഒരു കടൽ..
മലഞ്ചെരിവിലെ മനോഹരമായ പുൽത്തകിടിയിൽ എത്ര നിറങ്ങളിലായത്‌ പൂത്തുനിൽക്കുന്നു.
റെറ്റിനയിൽ പതിഞ്ഞ വസന്തത്തിന്റെ ഈ നിറക്കാഴ്ച എത്രനാൾ ഇങ്ങനെ പൂത്തുനിൽക്കും..?
വിവരിക്കാനാവാത്തവിധം കണ്ണുകളെ അത് അമ്പരപ്പിക്കുന്നു..
തുളിപ്സ് മാത്രമായിരുന്നില്ല ആ തോട്ടം നിറയെ..
പലനിറങ്ങളിൽ പൂത്തുനിൽക്കുന്ന പലതരം ചെടികൾ..
ഒരേ ഇനത്തിൽപ്പെട്ട പൂക്കൾ നേർരേഖയിൽ വരത്തക്കവിധം എത്ര കൃത്യമായത്
നട്ടുപിടിപ്പിച്ചിരിക്കുന്നു.
പൂക്കൾക്കിടയിലൂടെ പച്ചപ്പിൽ നടന്നു. ജലാംശത്തിൽ ഈർപ്പമുള്ള കറുത്തമണ്ണ്..
വാട്ടർ ഫൗണ്ടൻ…
ചിലയിടങ്ങളിൽ ആൾക്കൂട്ടം ആഘോഷമാകുന്നു..
കാശ്മീരിലെ കാഴ്ചകൾ മോഹിച്ചെത്തുന്ന ഒരു സഞ്ചാരി ഒരിക്കലും, താഴ് വര മുഴുവൻ
പൂത്തുകിടക്കുന്ന ഈ മനോഹരമായ കാഴ്ച നഷ്ടപ്പെടുത്താൻ പാടില്ല..
അതുകൊണ്ടുതന്നെ ഏപ്രിൽ മാസമാകും യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ കാലം..

ദാൽ തടാകത്തിന്റെ കിഴക്കായി സബർവൻ മലനിരയുടെ താഴ് വരയിലെ പച്ചപ്പിലാണ്
മുഗൾഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ രണ്ടു പൂന്തോട്ടങ്ങളുള്ളത്.
AD 1619 ൽ ചക്രവർത്തി ജഹാംഗീർ പത്നി നൂർജഹാനുവേണ്ടി നിർമ്മിച്ച ഷാലിമാർ ബാഗും
1633 ൽ നൂർജഹാന്റെ മൂത്ത സഹോദരൻ ആസിഫ് ഖാൻ നിർമ്മിച്ച നിഷാന്ത് ബാഗും.
തടാകത്തെ ചുറ്റിയുള്ള മനോഹരമായ പാതയുടെ അരികിൽ മുകളിലായാണ് രണ്ടു പൂന്തോട്ടങ്ങളും
നിർമ്മിച്ചിരിക്കുന്നത്. 46 ഏക്കറിൽ പടർന്നുകിടക്കുന്ന നിഷാന്ത് ബാഗിൽ നിന്നും
ദാൽ തടാകത്തിലേക്ക് മനോഹരമായ കാഴ്ച തുറന്നുവയ്ക്കുന്നു.
സായാഹ്നങ്ങൾ മനോഹരമാക്കാൻ ഭൂമിയിൽ ഇതുപോലൊരിടം..വേറെയുണ്ടാകില്ല…!!
തടാകത്തിൽ നിന്നും അല്പദൂരം മാറി വടക്കുകിഴക്കായാണ് വാട്ടർ ഫൗണ്ടൻ ഉൾപ്പെടെ
ഷാലിമാർ ഗാർഡൻ നിർമ്മിച്ചിരിക്കുന്നത്. ഫൗണ്ടനിൽ നിന്നും ഒഴുകിയെത്തുന്ന ജലം
ഒരു ചെറുകനാലിലൂടെ തടാകത്തിലേക്കൊഴുകുന്നു.
ശ്രീനഗറിന്റെ കിരീടത്തിലെ രത്നങ്ങളായി ഈ പൂന്തോട്ടങ്ങൾ വിശേഷിപ്പിക്കപ്പെടുന്നുണ്ട്…
കാശ്മീരിൽ വസന്തകാലം പതിയെ പടിതുറന്ന് വരുന്നു…
കൃഷിയിടങ്ങളിൽ മുഴുവൻ കടുക് പൂത്തിരിക്കുന്നു.
അതിനൊപ്പം ദാൽ കരയിലെ മനോഹരമായ ഈ പൂന്തോട്ടങ്ങളിൽ ചെടികൾ
മൊട്ടിട്ട് തുടങ്ങിയിരിക്കുന്നു.

വെയിലൊടുങ്ങിയിട്ടാണ് ദാൽ ലേക്കിലേക്ക് ഇറങ്ങിയത്..
തടാകത്തിനുള്ളിൽ എണ്ണമറ്റ ഷിക്കാരകൾ…
ഹൗസ്ബോട്ടിലെ ജീവനക്കാർ ഷിക്കാരയുമായ് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ലെഗേജുകളെല്ലാം മനോഹരമായ ആ ചെറുവള്ളത്തിലേക്ക് മാറ്റി.
തടാകത്തിന്റെ പടിക്കെട്ടുകളിലേക്ക് കയറിക്കിടന്ന ഷിക്കാരയ്ക്ക് പതിയെ ജീവൻ വെച്ചു.
മറുകരയിൽ നിശ്ചലം കിടന്ന ‘പ്രിൻസസ് അലക്‌സാണ്ഡ്രാ’ എന്ന ഹൗസ്‌ബോട്ടിനെ
ലക്ഷ്യമാക്കിയത് തുഴയെറിഞ്ഞു.
ദേവദാരുവിന്റെ തടിയിൽ നിർമ്മിക്കപ്പെട്ട മനോഹരമായ ബോട്ടായിരുന്നു അത്..
ഉള്ളിൽ, മുഗൾ രാജകൊട്ടാരത്തെ അനുസ്മരിക്കത്തക്കവിധം മനോഹരമായ അലങ്കാരങ്ങൾ..
കൊത്തുപണികൾ…
സിറ്റൗട്ടും, സ്വീകരണമുറിയും, ഡൈനിങ് ഹാളും, ചെറിയൊരു അടുക്കളയും,
അതിഥികൾക്കായി, ഹോട്ടൽമുറികളെ വെല്ലുന്ന അഞ്ചു കിടപ്പുമുറികളും
ചേർന്ന മനോഹരമായ ബോട്ടായിരുന്നു അത്..
ഷിക്കാരയിലെ ജലയാത്ര ട്രിപ്പിന്റെ ഭാഗമായിരുന്നതിനാൽ വെയിൽ നഷ്ടമാകും മുമ്പ്
പുറത്തേക്കിറങ്ങി. മനോഹരമായ ആ ചെറുവള്ളത്തിലേക്ക് കടന്നിരുന്നു.
തടാകത്തിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ഒഴുകി നീങ്ങുന്ന ഷിക്കാരയ്‌ക്കൊപ്പം
വള്ളം അടുപ്പിച്ച് സമാന്തര തുഴച്ചിലുമായി പ്രാദേശീയ കച്ചവടക്കാർ..
ഫോട്ടോഗ്രാഫർമാർ…
ചായയും പാനീയങ്ങളും വിൽക്കുന്നവർ..
പഴക്കച്ചവടക്കാർ..
കാശ്മീരിലെ തനത് കരകൗശല വസ്തുക്കൾ വിൽക്കുന്നവർ..
ദാൽ തടാകവും ഷിക്കാരയും ഈ മനുഷ്യരുടെ ജീവിത മാർഗങ്ങളാണ്..
ഒഴുകിനടക്കുന്ന കച്ചവട സ്ഥാപനങ്ങളാണ് പലതും..
തടാകത്തിനുള്ളിൽ ചെറിയ ചില ദ്വീപുകൾ..
ചതുപ്പിൽ തലപൂഴ്ത്തുന്ന പക്ഷികൾ..
കൃഷിയിടങ്ങൾ..
താമസക്കാർ..
എന്തെന്തു കാഴ്ചകളാണ് ദാൽ തരുന്നത്…
മഞ്ഞുകാലത്ത് ചിലപ്പോഴൊക്കെ ജലം ഉറഞ്ഞുപോകാറുണ്ടത്രെ…!!!
കുട്ടികൾക്ക് ക്രിക്കറ്റ് മൈതാനമാകുന്ന തടാകം…!!
ഷിക്കാരകൾ കൂട്ടപ്പൊരിച്ചിൽ നടത്തുന്ന കൈവഴികൾക്കിരുവശവും നിരവധി കടകളുണ്ട്.
പലയിടങ്ങളിലും സഞ്ചാരികൾ നിറയുന്നു. കച്ചവടം പൊടിപൊടിക്കുന്നു.

തുഴയെറിഞ്ഞ് വള്ളം പതിയെ കരയടുത്തപ്പോഴേക്കും ഇരുൾ വീണുതുടങ്ങിയിരുന്നു.
വള്ളത്തിൽ നിന്നിറങ്ങി ബോട്ടിലേക്ക് നടന്നു. തടാകത്തിലേക്ക് പടർന്ന ഇരുട്ടിൽ
വെളിച്ചം തെളിച്ച് നൂറുകണക്കിന് ഹൗസ് ബോട്ടുകൾ നിരനിരയായ്, മലനിരകളിലേക്ക്
കണ്ണുപായിച്ച് ചലിക്കാതെ കിടക്കുന്നു.
ലണ്ടനിൽ നിന്നെത്തിയ ഒരു ഗുജറാത്തി കുടുംബത്തോടൊപ്പം തീൻമേശയിൽ
ഇരുപ്പുറപ്പിച്ചു. അതിഥികൾക്ക് ഭക്ഷണം വിളമ്പാനും
മറ്റു സഹായങ്ങൾക്കുമായി മധ്യവയസ്ക്കനായൊരു മനുഷ്യൻ അതിനുള്ളിൽ
കാത്തിരിക്കുന്നുണ്ടായിരുന്നു.
ഭക്ഷണം മോശമായിരുന്നില്ല..!!

തടാകം മുഴുവൻ ഇപ്പോൾ ഇരുൾ മൂടിയിരിക്കുന്നു…
അതിനൊപ്പം ജലത്തിലെ ശബ്ദങ്ങൾ നേർത്തുപോകുന്നു…

രാവിലെ മടങ്ങിപ്പോകേണ്ടതുണ്ട്…
ഇനി എന്നാണ്
മനോഹരമായ ഈ ഭൂമിയിലേക്ക് മടങ്ങി വരിക..?
നിശബ്ദമായ ഈ തടാകത്തിൽ,
നിശ്ചലമായി കിടക്കുന്ന ഈ
ആഡംബര നൗകയിൽ അവിസ്മരണീയമായ ഒരു രാത്രി…
തടാകത്തിൽ മുങ്ങി നിവർന്നെത്തുന്ന തണുത്ത കാറ്റിനൊപ്പം അത്
കടന്നുപോകുന്നു….

Leave a Reply

Your email address will not be published. Required fields are marked *