ഗുൽമാർഗ്-
ശൈത്യകാലത്ത്
പടിഞ്ഞാറൻ ഹിമാലയത്തിലെ പീർ പാഞ്ചാൽ മലനിരകൾക്കിടയിൽ മഞ്ഞുമൂടിക്കിടക്കുന്ന
സ്ഫടികതുല്യമായ പട്ടണമാണത്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ
മഞ്ഞുകാല വിനോദകേന്ദ്രങ്ങളിലൊന്ന്..!! കാശ്മീർ മേഖലയിലെ മറ്റു താഴ് വാരങ്ങളെപ്പോലെ
തന്നെ കുന്നിൻചെരിവുകളും പുൽമേടുകളും പൈൻമരങ്ങളുമൊക്കെ
നിറഞ്ഞ ഹിമാലയൻ വനപ്രദേശമാണെങ്കിലും മറ്റുള്ളവയിൽ നിന്നൊക്കെ വ്യത്യസ്തമായി
എന്തോ ഒന്ന് ഗുൽമാർഗ് ഒളിപ്പിച്ചുവെച്ചിരിക്കുന്നു. മഞ്ഞ് ചോർന്നൊലിച്ചുപോയ വരണ്ട
ദിനങ്ങളിൽ ഗുൽമാർഗ് കാശ്മീരിലെ ഒരു സാധാരണ താഴ് വര മാത്രമായി മാറിപ്പോയേക്കാം.
എങ്കിലും മഞ്ഞുകാലം തുന്നിപ്പിടിപ്പിച്ച സുന്ദരമായ മേൽക്കുപ്പായം ധരിച്ച് ഓരോ ഡിസംബറിലും
ഗുൽമാർഗ് വീണ്ടും അണിഞ്ഞൊരുങ്ങുന്നുണ്ട്.. മലകയറിയെത്തുന്ന സഞ്ചാരികൾക്കായി
മഞ്ഞുപാളികൾക്കിടയിലങ്ങനെ, നീണ്ടുനിവർന്നുകിടക്കും…

ഒരുകാലത്ത് ഗൗരിമാർഗ് എന്നറിയപ്പെട്ടിരുന്ന താഴ് വരയാണിത്. പതിനാറാം നൂറ്റാണ്ടിൽ
ചക് സാമ്രാജ്യത്തിലെ സുൽത്താൻ യൂസുഫ് ഷായാണ് ഗുൽമാർഗ് എന്ന് പുനർനാമകരണം ചെയ്തത്.
ഗുൽമാർഗ് എന്നാൽ പൂക്കളുടെ താഴ് വര എന്നർത്ഥം. താഴ് വരയെ അത്രയധികം സ്നേഹിച്ചിരുന്ന
സുൽത്താൻ, പത്നി ഹാവാ ഹാത്തൂണിനൊപ്പം ഇടയ്ക്കിടെ ഇവിടം സന്ദർശിച്ചിരുന്നു.
പൂക്കളെ സ്നേഹിച്ചിരുന്ന മുഗൾ ചക്രവർത്തി ജഹാംഗീർ ഗുൽമാർഗിലെ 21 ഇനം
പൂക്കൾകൊണ്ട് തന്റെ പൂന്തോട്ടം അലങ്കരിച്ചിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് അധിനിവേശത്തിനുശേഷം, വേനൽക്കാലത്തിത്
ബ്രിട്ടീഷ് ഇടത്താവളമായി മാറി. വേട്ടയും വിനോദങ്ങളുമായി ചിലവഴിക്കാൻ പറ്റിയ ഇടമായിരുന്നു
അവർക്കിത്..!! അക്കാലത്താണവർ ഇവിടെ മൂന്നു ഗോൾഫ്‌കോഴ്‌സ് സ്ഥാപിച്ചത്. അതിലൊന്ന്
8690 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗോൾഫ് കോഴ്സാണ്..
മഞ്ഞുകാല വിനോദങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടമെന്നതിനാൽ 1927 ൽ
ഇവിടെയൊരു സ്കീയിങ് ക്ളബ്ബും സ്ഥാപിക്കപ്പെട്ടു.
വിഭജനകാലത്ത് പാക് സൈന്യത്തിന്റെ സഹായത്തോടെ ഗുൽമാർഗ് വഴി ശ്രീനഗറിലേക്കെത്തിയ
പഠാൻ ഗോത്രവിഭാഗത്തിലെ അക്രമകാരികളെ തുരത്തിയോടിച്ച് നിലയുറപ്പിച്ച ഇന്ത്യൻ സൈന്യം
പാക് അധിനിവേശ കാശ്മീരിനോട് ചേർന്നുകിടക്കുന്ന ഈ മലയോര പട്ടണത്തിൽ സുസജ്ജമായി
ഇപ്പോഴും തുടരുന്നു.കാശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഗുൽമാർഗ്.1990 കളിൽ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഫലമായി നിലച്ചുപോയിരുന്ന ടൂറിസം രണ്ടായിരമാണ്ടോടുകൂടി പുനഃസ്ഥാപിക്കപ്പെട്ടു.

ഗുൽമാർഗിലേക്ക് മിഴിതുറക്കുന്ന രണ്ടുകാലത്തിന്റെ കാഴ്ചകളാണിപ്പോൾ ഉള്ളു നിറയ്ക്കുന്നത്.
ആദ്യയാത്ര ലഡാക്ക് യാത്രയോടനുബന്ധിച്ച് 2018 സെപ്റ്റംബറിൽ വരണ്ടകാലത്തും,
രണ്ടാമത്തേത് 2019 ഏപ്രിൽ മാസത്തിലെ മഞ്ഞുരുകിത്തീരാത്ത വസന്തകാലത്തും.
രണ്ടു യാത്രകളും ഋതുഭേദങ്ങൾ ഭൂമിയ്ക്ക് ചാർത്തിക്കൊടുക്കുന്ന മുഖത്തെഴുത്തിന്റെ
വ്യത്യസ്തരൂപങ്ങൾ കാണിച്ചുതരുന്നു. ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ നിശ്ചലമായിക്കിടന്ന
പുൽമേടുകളും പൂക്കളുമായിട്ടായിരുന്നു സെപ്റ്റംബറിലെ വേനലിൽ ഗുൽമാർഗ് വരവേറ്റത്.
ഇടയ്ക്കിടെ വഴിതെറ്റിയെത്തുന്ന സഞ്ചാരികളെക്കാത്ത് തുറന്നിട്ടിരിക്കുന്ന കടകൾ, ഗൈഡുകൾ,
കുതിരക്കാർ… മനോഹാരിതയെപ്പറ്റി മാത്രം കേട്ട് പഴകിപ്പോയതുകൊണ്ട് സത്യത്തിൽ അന്ന്, നിരാശനായിരുന്നു…ചുറ്റുംകൂടി നിന്ന കുതിരക്കാരുടെ ദയനീയ മുഖങ്ങളാണന്നൊരു
കുതിരസവാരിക്ക് വഴിവെച്ചത്. പുൽമൈതാനങ്ങളെച്ചുറ്റിയുള്ള കുതിരയുടെ നടത്തം
അന്ന് ഏഴോ എട്ടോ കിലോമീറ്റർകൊണ്ട് അവസാനിച്ചു. പച്ചപിടിച്ച് മഞ്ഞുകാലത്തെ
വരവേൽക്കാൻ നിന്ന ഗുൽമാർഗമായിരുന്നു അന്ന് കണ്ടുമറന്നത്. തിരിച്ചുള്ള യാത്ര മുഴുവൻ
ടാക്സിഡ്രൈവർ മഞ്ഞുകാലത്തെപ്പറ്റി മാത്രമാണ് സംസാരിച്ചുകൊണ്ടിരുന്നത്..
അതുകൊണ്ട് തന്നെ മഞ്ഞുകാലത്തേക്കായി ഒരു യാത്ര മാറ്റിവച്ചിരുന്നു.
കാശ്മീരിലെ ഈ യാത്രയിലെ നാലാം ദിനമാണിന്ന്. മറ്റിടങ്ങളിലേക്കെന്നപോലെ ഗുൽമാർഗിലേക്കുള്ള
യാത്രയും പഴകിമുഷിഞ്ഞുപോയ തെരുവുകളിലൂടെ തന്നെ..!! പുതിയ നിർമ്മാണങ്ങളൊന്നും തന്നെയില്ല.
ഇരുവശത്തും പൂത്തുനിൽക്കുന്ന കടുകുപാടങ്ങൾ. ശ്രീനഗറിൽ നിന്നും 50 കിലോമീറ്ററാണ്
ഗുൽമാർഗിലേക്ക്. 13 കിലോമീറ്റർ അകലെയുള്ള റ്റാങ്ങ്മാർഗാണ് മഞ്ഞുകാലത്ത്
ഗുൽമാർഗിന്റെ ബേസ്‌ക്യാമ്പെന്നു പറയപ്പെടാവുന്ന ഇടം. റ്റാങ്ങ്മാർഗ് വളരെ ചെറിയൊരു
പട്ടണമാണ്. ശൈത്യകാലത്തെ മഞ്ഞുവീഴ്ചയിൽ ഇവിടെ നിന്നും മഞ്ഞിനെ മുറിച്ചുകടക്കാൻ
ചങ്ങലകൾ ചുറ്റിയ ചക്രങ്ങൾ ഘടിപ്പിച്ചാണ് ഗുൽമാർഗിലേക്കുള്ള വാഹനങ്ങൾ കടന്നുപോവുക.
ഹിമാലയൻ മേഖലകളിലെ സൈനിക വാഹനങ്ങൾക്കെല്ലാം ഇത്തരം ചക്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്.
മഞ്ഞിൽ കുടുങ്ങിപോകാതിരിക്കാനുള്ള മാർഗങ്ങളാണത്.
വണ്ടിയിപ്പോൾ മഞ്ഞുകുപ്പായങ്ങൾ വാടകയ്ക്ക് നൽകുന്ന കടയുടെ മുന്നിലേക്ക് നിന്നു.
ബൂട്ടും ജാക്കെറ്റും ഗ്ലൗസുമെല്ലാം ധരിച്ച് മഞ്ഞിനെ നേരിടാൻ തയാറെടുത്തു. മലമുകളിലേക്ക്
ഇനിയും ദൂരമുണ്ട്. വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാത തുടങ്ങിയിരിക്കുന്നു. പൈൻമരങ്ങൾ
നിറഞ്ഞ ചെരിവുകൾ മഞ്ഞുമൂടിക്കിടക്കുന്നു. തണുത്തകാറ്റ് തുറന്നിട്ട ഗ്ളാസ്‌ചില്ലിലൂടെ
അകത്തേക്ക് കടന്നിരിക്കുന്നു. മഞ്ഞുകാലം മനോഹരമായ കാഴ്ചയുടെ കാലമാണ്.
ഭൂമി അതുവരെ കൊണ്ടുനടന്ന നിറങ്ങളിലേക്ക് കിറുക്കനായ ചിത്രകാരൻ വെളുത്തചായം
തലങ്ങും വിലങ്ങും വാരിതേച്ചതുപോലെ.
ചെവിയോർത്താൽ മഞ്ഞുപാളിക്കുള്ളിലെ കടലിരമ്പം കേൾക്കാൻ കഴിയും…!!
മലമുടിയുടെ നെറുകയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുപാളികൾ താഴേക്ക് വലിച്ചെറിയാനാകുമോ കാറ്റ്,പർവതങ്ങളുടെ തലപ്പിൽ ചുറ്റിത്തിരിയുന്നത്…?
ഭൂമിയുടെ പൊള്ളുന്ന ശരീരത്തെ എത്രനാളിങ്ങനെ പൊതിഞ്ഞിരിക്കാനാകും..!!
വെയിൽതീഷ്ണത ഉരുക്കിക്കളഞ്ഞ മഞ്ഞുപാളികൾ ഇപ്പോൾ അരുവികളായ് താഴേക്കൊഴുകിപ്പോകുന്നു.

കാർ ഗുൽമാർഗിലെത്തി. റ്റാങ്മാർഗിൽ നിന്നും കൂടെക്കൂടിയ ഗൈഡ് ചുറ്റും കൂടുന്നവരോട്
സംസാരിക്കേണ്ടതില്ല എന്ന നിർദേശം നൽകിയിരുന്നു. ഗൊണ്ടോല കേബിൾകാർ യാത്ര,
മാത്രം മതിയെന്ന് ഉറപ്പിച്ചിരുന്നതിനാൽ അതിന്റെ സ്റ്റേഷനിലേക്ക് നടത്തം തുടങ്ങി.
ഒരു മൈലോളം നടക്കാനുണ്ടായിരുന്നു. പിന്നാലെ കൂടിയ ഗുൽമാർഗിലെ ടാക്സിക്കാരനെ
ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയാൾ പിന്മാറാൻ കൂട്ടാക്കുന്നില്ല. പാക്കിസ്ഥാനിലേക്കുള്ള നടത്തമാണോ
എന്ന കളിയാക്കലുകൾ… ടൂറിസം മേഖലയിലെ ഇത്തരം പിടിച്ചുപറിക്കാരാണ് യാത്രയുടെ
നിറംകെടുത്തുന്നത്.
മഞ്ഞുവഴികളിലെ നടത്തം പതുക്കെ ഗൊണ്ടോല കേബിൾ സ്റ്റേഷന് മുന്നിലെത്തിച്ചു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കേബിൾകാർ സംവിധാനങ്ങളിലൊന്നാണിത്. ഗുൽമാർഗിൽ
നിന്നും കോങ്ടോറിയിലേക്കുള്ള ആദ്യഘട്ടത്തിന്റെ പ്രവർത്തനം വാണിജ്യാടിസ്ഥാനത്തിൽ
തുടങ്ങിയത് 1998 ലാണ്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ റോപ്പ് വേയായി രണ്ടാം ഘട്ടത്തിന്റെ
പ്രവർത്തനം തുടങ്ങിയത് 2005 ലും. ശൈത്യകാല വിനോദങ്ങൾക്കുള്ള മൂന്നാം ഘട്ടം
2011 ലും ആരംഭിച്ചു. യാത്രയ്ക്കായി അധികം സഞ്ചാരികൾ ഉണ്ടായിരുന്നില്ല.
മഞ്ഞിനുമുകളിലൂടെ കേബിൾകാർ സഞ്ചാരം തുടങ്ങി. ആറുപേർക്കിരിക്കാവുന്ന പേടകമായിരുന്നു അത്.
സിംഗപ്പൂരിലെ സെന്റോസ
ഐലന്റിലേക്കുള്ള ആദ്യ കേബിൾകാർ യാത്രയാണ് ഓർമ്മവന്നത്. ഗ്‌ളാസ്‌പേടകത്തിനുള്ളിൽ
കടലിനുകുറുകേ…

ഇടയന്മാരുടെ കുടിലുകൾക്കുമീതെയാണ് ഇപ്പോൾ കാർ ഒഴുകിനീങ്ങുന്നത്. ഇരപിടിക്കുന്ന
മൃഗത്തെപ്പോലെ വാ പിളർന്ന് കുടിലുകളെ ഉള്ളിലാക്കി ദംഷ്ട്രയുള്ള മഞ്ഞുപാളികൾ.
പൈൻമരത്തലപ്പുകൾക്കൊപ്പം കാർ മുകളിലേക്ക് പറക്കുന്നു. മലമുകളിലിപ്പോൾ
പച്ചനിറത്തിൽ കൂരകൾ കാണാം. സ്റ്റേഷനാണത്.. ആദ്യഘട്ടം അവസാനിക്കുന്നു.
അവിടെയാണ് സഞ്ചാരികൾക്കുള്ള മഞ്ഞുകാല വിനോദങ്ങൾ..
മഞ്ഞിലേക്കിറങ്ങി നടന്നു.
സ്കീയിങ്ങിന്റെ തിരക്കാണെങ്ങും. ചുറ്റും കടലുപോലെ മഞ്ഞുപാടങ്ങൾ..
ഭൂമിയിൽ തന്നെയോ ഈ നിൽപ്പ് എന്ന് കൗതുകത്തോടെ ചിന്തിച്ചുപോകുന്നു…
ചെങ്കുത്തായ കൂറ്റൻ മലനിരകളുടെ മുകളിലേക്കുള്ള രണ്ടാംഘട്ട കേബിൾകാർ ഇപ്പോൾ നിശ്ചലമായി
നിൽക്കുന്നു. മഞ്ഞുകാറ്റിൽ അന്തരീക്ഷം പ്രക്ഷുബ്ദമായാൽ അതിന്റെ പ്രവർത്തനം
ഇടയ്ക്കിടെ നിർത്തിവെയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഒന്നാം ഘട്ടത്തിലും അത്
സംഭവിക്കാറുണ്ട്..!!
തുക പറഞ്ഞുറപ്പിച്ച് സ്‌കീയിങിനായി ഉപകരണങ്ങൾ കാലിൽ ഘടിപ്പിച്ചാൽ പിന്നെ
തുക നൽകേണ്ടി വരും. പരിശീലനത്തിൽ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ തുക
തരേണ്ടതില്ല എന്ന വാഗ്‌ദാനം കച്ചവട തന്ത്രമായി മാത്രം കണ്ടാൽ മതി.
യാത്രികരുടെ കൗതുകങ്ങൾക്കാണിവിടെ വിലയിടുക. ഇത്തരം ടൂറിസ്റ്റ് മേഖലകളിൽ
എല്ലായിടവും ഫീസ് നിരക്കില്ലാത്തതിനാൽ സഞ്ചാരികളുടെ പോക്കറ്റ് വല്ലാതെ ചോരുന്നുണ്ട്…!!
സ്കീയിങ് ഒരിക്കലും മടുപ്പിക്കുന്ന ഒരു വിനോദമായിരുന്നില്ല..
ലഡാക്കിലെ നുബ്രവാലിയിൽ, മണൽക്കുന്നുകളിൽ എന്നപോലെ
മലഞ്ചെരിവുകളിലെ മഞ്ഞുകൂനയിൽ സഞ്ചാരികളേയും കൊണ്ട് മൂളിപ്പറക്കുന്നുണ്ട് മോട്ടോർ ബൈക്കുകൾ..

മലമുകളിൽ ആകാശം കറുത്ത് തുടങ്ങി. കോടമഞ്ഞിന്റെ തോളിൽചുറ്റി താഴേക്ക് പറക്കുന്ന
മലങ്കാറ്റിപ്പോൾ പരസ്പരം കാണാൻ കഴിയാത്തവിധം ഞങ്ങളെ മൂടിക്കളഞ്ഞു.
വേഗം താഴേക്ക് പോകേണ്ടതുണ്ട്..
നിനച്ചിരിക്കാതെയാകും കാറ്റ്
മലയിറങ്ങിവരുന്നത്… ഇരുട്ടിന്റെ കറുപ്പ് രാത്രിയെ മൂടുംപോലെ
മഞ്ഞിന്റെ വെളുപ്പ് ഇപ്പോൾ പകലിനെ പൊതിഞ്ഞിരിക്കുന്നു..
പതുക്കെ താഴേക്കുള്ള യാത്ര തുടങ്ങി..
മലമുഴുവൻ മൂടും വിധം മഞ്ഞുകാറ്റ്, കൊടുമുടിത്തലപ്പിൽ നിന്നും കഴുകനെപോലെ
ചിറക് വിരിച്ച് താഴേക്ക് പറക്കുന്നു.
ഒഴുകി നീങ്ങുന്ന കാറിനു പിന്നാലെ അത് പാഞ്ഞുവരും പോലെ…
മലമുകളിലെ പച്ചക്കൂടാരമിപ്പോൾ കാറ്റുവിഴുങ്ങി കാണാതെയായി…
എപ്പോഴാകും ഇനിയത് പുറത്തുകടക്കുക…?
