പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ നിന്നും സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിലേക്കുള്ള
ദൂരം 98 കിലോമീറ്ററാണ്. തലയെടുപ്പുള്ള ഹിമാലയത്തിന്റെ കിഴക്കൻ ചെരിവിലൂടെ വളഞ്ഞുപുളഞ്ഞു
കിടക്കുന്ന ഇടുങ്ങിയ പാത. മനോഹരമാണവിടുത്തെ കാഴ്ചകൾ.. ഏതൊരു സഞ്ചാരിയുടേയും മനസ്സുനിറയ്ക്കാൻ പാകമായതത്രയും ഒളിപ്പിച്ച് വച്ച് ഇക്കാലമത്രയും ലോകസഞ്ചാര ഭൂപടത്തിന്റെ
ഇടങ്ങളിലൊന്നും തലകാണിക്കാതെ ഒളിഞ്ഞിരിക്കുന്ന ഗാങ്ടോക്ക്. തണുത്ത പച്ചപ്പിൽ പൊതിഞ്ഞു സൂക്ഷിച്ച
കിഴക്കൻ ഹിമാലയത്തിന്റെ നിധിയാണത്.

ഡാർജിലിംഗിലെ രണ്ടുദിനം അതികഠിനമായ തണുപ്പിനെ പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെയായിരുന്നില്ല
കാര്യങ്ങൾ. നവംബർ അതിന്റെ ചില്ലകളിൽ മഞ്ഞിന്റെ തളിരിലകൾ തുന്നിച്ചേർത്തിരുന്നില്ല.. നിരത്തുകളിൽ വെയിൽവീണുതുടങ്ങിയപ്പോഴേക്കും തിരക്കിൽ മുങ്ങിയ ഡാർജിലിംഗിൽ നിന്ന് 15 പേരടങ്ങിയ
സംഘത്തോടൊപ്പം ഗാങ്ടോക്കിലേക്ക് പുറപ്പെട്ടു. നഗരത്തിന്റെ അതിരുകൾ വിട്ട് ബസ് പതുക്കെ
മലഞ്ചെരിവിലെ ഇടുങ്ങിയ പാതയിലൂടെ നിശബ്ദമായ് നീങ്ങിത്തുടങ്ങി. പൊളിഞ്ഞിളകിയ
അതിന്റെ ശരീരം യാത്രക്കാരെ ഇടിച്ചും തൊഴിച്ചും നോവിച്ചുകൊണ്ടേയിരുന്നു. കൽക്കത്ത മുതൽ
കാണുന്നതാണത് , പൊളിഞ്ഞിളകിയ പഴഞ്ചൻ ബസുകളാണ് നിരത്ത് മുഴുവൻ. അതുകൊണ്ടുതന്നെ
യാത്ര ഒരിക്കലും സുഖകരമായ അനുഭവമേയല്ലാതായിരിക്കുന്നു. ഇടുങ്ങിയ പാതയിലെ തകർന്നയിടങ്ങൾ
അതിന്റെ ആയാസം വർധിപ്പിക്കുന്നു. ജനാലച്ചില്ലിലെ പഴുതുകൾ തേടി അകത്തേക്കുപായുന്ന
പൊടിപടലങ്ങൾ. പാൻമസാല ചവച്ചുതുപ്പുന്ന ബംഗാളി ഡ്രൈവറുടെ കൈത്തഴക്കം സ്റ്റീയറിങ്ങിൽ
തെളിഞ്ഞുകാണാം. ഇടയ്ക്കെപ്പോഴോ മലഞ്ചെരിവുകൾക്കപ്പുറം ഡാർജിലിംഗ് മറഞ്ഞുപോയി.
ചെറുമയക്കത്തിലേക്കൊന്നു വഴുതിവീഴാൻ മോഹിച്ച് ജനാലച്ചില്ലയിലേക്ക് തലചായ്ച്ചു.
പെട്ടെന്ന്…
മലഞ്ചെരിവുകൾക്കപ്പുറം കണ്ടു, നീലിച്ച മലകൾക്ക് മുകളിൽ മഞ്ഞിൽക്കുളിച്ച് മനോഹരമായ
കാഞ്ചൻജംഗ പർവ്വതം. എന്തൊരു കാഴ്ചയാണത്.. അടരുകളായ് ഉയർന്നുനിൽക്കുന്ന കൊടുമുടികൾക്ക്
മുകളിൽ തലയെടുപ്പുള്ള ചക്രവർത്തിയെ പോലെ കാഞ്ചൻജംഗ എന്ന കൊടുമുടി.
കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണത്. 28169 അടി ഉയരമുണ്ടതിന്റെ
തലപ്പിന്. ഉയരത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമുണ്ടതിന്. നേപ്പാളിലെ
മൗണ്ട് എവറെസ്റ്റും കാരക്കോറം നിരയിലെ മൗണ്ട് K 2 കൊടുമുടിയുമാണ് കാഞ്ചൻജംഗയ്ക്ക്
മുകളിലായ് ഉയരമുള്ള പർവതങ്ങൾ…

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഡാർജിലിംഗിൽ നിന്നുകാണുന്ന പർവത ദൃശ്യമായിരുന്നില്ല അത്..
ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ താഴേക്കൂർന്നുപോകുന്ന മലമ്പാത ഇന്ത്യയിലെ
ഏറ്റവും മനോഹരമായ പാതയിലൊന്നാണെന്ന് പറയാൻ കഴിയും.
തിരക്കൊഴിഞ്ഞ പാതയിപ്പോൾ മരങ്ങളുടെ നിഴൽവീണ ചെരിവുകളിലൂടെ കുന്നുകൾ
കയറിയിറങ്ങുന്നു. ഇടുങ്ങിയതെങ്കിലും പാതയിപ്പോൾ തീരെ മോശമായിരുന്നില്ല.
കിലോമീറ്ററുകൾ പിന്നിട്ട കാഞ്ചൻജംഗയുടെ കാഴ്ച, ബസിന്റെ പിന്നാലെ കൂടിയിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തിനായി ബസ് സൈഡൊതുക്കി.
വിജനമായയിടം…
ചുറ്റും കൊടുംകാടിന്റെ വന്യത…
മരങ്ങൾ തിങ്ങിനിറഞ്ഞ മലഞ്ചെരിവിൽ വന്യമൃഗങ്ങൾ ഇല്ലെന്ന് ഡ്രൈവറുടെ സാക്ഷ്യം..
ഭക്ഷണം കഴിച്ചെന്നു വരുത്തി ചെരിവുകളിലൂടെ താഴേക്കൊഴുകുന്ന തെളിനീരിൽ മുഖംകഴുകി
വണ്ടിയിലേക്ക് കയറി. സമയം കടന്നുപോകുന്നു. ബസിപ്പോൾ മുങ്പോയിൽ(MUNGPOO) എത്തിയിരിക്കുന്നു.
ഡാർജിലിംങ് ഗാങ്ടോക്ക് പാതയിലെ ചെറിയ വില്ലേജാണത്.. മലഞ്ചെരുവിൽ അനവധിയായ
കൃഷിയിടങ്ങൾ. താഴ് വരകളിൽ ചിതറിക്കിടക്കുന്ന വീടുകൾ. ചായയും ബ്രെഡും കഴിച്ച്
വേഗം വണ്ടിയിലേക്ക് മടങ്ങിയെത്തി.

ഡാർജിലിംഗിൽ നിന്നും ബംഗാളിന്റെ അതിർത്തി ജില്ലയായ കാലിപ്പോങ്ങിലേക്കാണിപ്പോൾ
യാത്ര. മലയിറങ്ങി താഴ് വരകളിലൂടെ വണ്ടിപായുന്നു. പൊടിപടരുന്ന പാതയ്ക്കപ്പുറം പച്ചനിറത്തിൽ
ഒഴുകിപ്പരക്കുന്നുണ്ട് ടീസ്റ്റാ നദി. സിക്കിമിന്റെ മുഖമാണത്. റാങ്പോയും കാലിപോങ്ങും
ജൽപായ്ഗുരിയും കടന്ന്, അത് ബ്രഹ്മപുത്രയിൽ ലയിക്കുന്നു. അതിനകം 315 കിലോമീറ്ററാണത്
ഒഴുകിത്തീർക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന പച്ചമരങ്ങൾക്കിടയിലൂടെ വിശാലമായ മണൽപ്പരപ്പിനൊപ്പം
വെളുത്തുരുണ്ട പാറക്കൂട്ടങ്ങളിൽ ചിതറിത്തെറിച്ച് നേർത്തനൂലുപോൽ ടീസ്റ്റാ…

ബസ് റാങ്പോ(RANGPO)യിലെത്തി നദിക്ക് കുറുകെ നിർമ്മിക്കപ്പെട്ട ഇരുമ്പുപാലത്തിന്റെ കരയിൽ
വണ്ടിയൊതുക്കി. കാലിപോങ് ജില്ലയിൽ നിന്നും സിക്കിമിലേക്കുള്ള പ്രവേശനകവാടമാണിത്.
ബംഗാൾ ഇവിടെ അവസാനിക്കുന്നു. യാത്രക്കാരുടെ പട്ടികയും അനുബന്ധരേഖകളുമായി
ഡ്രൈവറും സഹായിയും മറുകരയിലെ ചെക്പോസ്റ്റിലേക്ക് നടന്നു. പാതയോരത്ത് ചെറുകടകൾ.
നിലത്ത് പ്ലാസ്റ്റിക് ചാക്കുകൾ നിരത്തി, നിലക്കടല വിൽക്കുന്ന കച്ചവടക്കാരന്റെ നോട്ടം തെറ്റാൻ
മോഹിച്ച് ചുറ്റും കൂടുന്ന വാനരപ്പടകൾ…
പാലത്തിലേക്ക് നടന്നു… ടീസ്റ്റാ നദിയിലേക്ക് മുഖംപൂഴ്ത്തി ചില ചിത്രങ്ങൾ പകർത്തി.
ഡ്രൈവർ മടങ്ങിയെത്തിയപ്പോഴേക്കും ബസിനുള്ളിൽ ഹാജരായി.
തിരക്കില്ലാതെ റാങ്പോ പിന്നിട്ടു. ബസിപ്പോൾ ഗാങ്ടോക്കിന്റെ തണുത്തയിടങ്ങളിലേക്ക്
കുന്നുകയറുകയാണ്. ഓർഗാനിക് സിക്കിമിന്റെ പരസ്യപ്പലകകൾ സന്ദർശകർക്കുമുന്നിൽ
സർക്കാർ തുറന്നുവച്ചിരിക്കുന്നു. മുൻചക്രങ്ങളിൽ ഘടിപ്പിച്ച ചങ്ങലക്കൊളുത്തുപോലെ ബസ്
ഞരങ്ങിയും മൂളിയും കയറ്റങ്ങൾ ഒന്നൊന്നായി പിടിച്ചുകയറുന്നു. വളഞ്ഞും പുളഞ്ഞും അതിപ്പോൾ
പട്ടണത്തിന്റെ താഴ് വരകൾ കീഴടക്കുന്നു.
സമയം കടന്നുപോകുന്നു..
നഗരത്തിന്റെ താഴ് വാരങ്ങളിൽ എവിടെയോ ആണിപ്പോൾ ബസ് ചുറ്റിക്കറങ്ങുന്നത്..
ഒടുവിൽ
അത് കിതച്ചും വിയർത്തും നിരന്നുനിൽക്കുന്ന മരച്ചുവട്ടിൽ ഒതുക്കിനിർത്തി.
ഡ്രൈവർ കാര്യങ്ങൾ വിശദമാക്കിയപ്പോഴാണ് കാര്യങ്ങൾ മനസിലായത്..
ആൾട്ടോയും വാഗണുമൊക്കെയടങ്ങുന്ന ചെറു വാഹനങ്ങൾക്ക് മാത്രമേ പകൽ സമയം പട്ടണത്തിന്റെ
പ്രധാനയിടങ്ങളിൽ പ്രവേശനമുള്ളൂ. മറ്റെല്ലാം നഗരവലയത്തിന് പുറത്തെവിടെങ്കിലും വിശ്രമിക്കേണ്ടി വരും.
ഇടുങ്ങിയ പാതകളിൽ കുടുങ്ങിക്കിടക്കാതിരിക്കാനുള്ള മുൻകരുതലാണെല്ലാം.
മാരുതി ആൾട്ടോയിൽ പട്ടണത്തിനുള്ളിലെ ഹോട്ടലിലേക്കുള്ള യാത്രയിൽ കാര്യങ്ങൾ
കൂടുതൽ വ്യക്തമായി.

മനോഹരമായ പട്ടണമാണ് ഗാങ്ടോക്ക്. അത്രത്തോളം വൃത്തിയും ഭംഗിയും നിരത്തുകളിൽ കാണാം..
ചുറ്റിവരുന്ന റോഡുകൾക്കിരുവശവും കെട്ടിടങ്ങൾ തലയെടുപ്പോടെ നിൽക്കുന്നുണ്ട്.
നിരത്തുമുഴുവൻ കല്ലുകൾ പാകിയ മനോഹരമായ നടവഴികൾക്കപ്പുറം മാൾറോഡ്..
നിരത്തുകളിൽ അരിച്ചുപെറുക്കുന്ന ജനസഞ്ചയം കുറവാണിവിടെ.. കാഴ്ചയിൽ ടിബറ്റൻ
ആകാരഭംഗിയുള്ള ജനത. സ്നേഹിക്കാൻ മാത്രമറിയുന്നവർ..
മാൾറോഡിനപ്പുറമുള്ള ഹോട്ടലിന്റെ വശത്തേക്ക് ഡ്രൈവർ വണ്ടിയൊതുക്കി.

രണ്ടു ദിനം പച്ചയും പ്രകൃതിയും ഒരുക്കിവെച്ച ഗാങ്ടോക്കിന്റെ പുതിയ ലോകത്തേക്ക്
കാഴ്ചയുടെ ആകാശം തുറന്നുവെയ്ക്കുകയാണ്… മറക്കാൻ കഴിയാത്തവിധം അതുനമ്മെ
വീണ്ടും വീണ്ടും വലിച്ചടുപ്പിക്കുകയാണ്…
