മണാലിയിലെ സുന്ദരമായ പ്രഭാതം..
തണുപ്പിന്റെ തട്ടിവിളിക്കലുകൾ ഇല്ലാതെ തന്നെ സുഖമായുറങ്ങിയിരുന്നു.
ചുറ്റുമുള്ള മലനിരകളിൽ ഉരുകിത്തീർന്ന മഞ്ഞ് താഴ് വരയുടെ തണുപ്പുമുഴുവൻ
ചോർത്തിക്കളഞ്ഞിട്ടുണ്ടാകും. രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കേണ്ടിവന്നു.
ഓർക്കുകയായിരുന്നു, കഴിഞ്ഞ മണാലിയാത്ര. ഒക്ടോബറിന്റെ അവസാനവാരമായിരുന്നു
അന്ന്. തണുത്തുലഞ്ഞുപോയ സായാഹ്നങ്ങൾ.. ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ടുകൂടിയ രാത്രികൾ.

മലഞ്ചെരുവിലെ മരക്കൂട്ടങ്ങൾക്കിടയിൽ വെയിൽ പരന്നുതുടങ്ങി.
റെസ്റ്റോറന്റിൽ വിളിച്ച് ബ്ളാക്ക് ടീ ഓർഡർ ചെയ്ത് യാത്രയ്ക്കുള്ള തയ്യാറെടുപ്പു തുടങ്ങി.
കുളികഴിഞ്ഞെത്തിയപ്പോഴേക്കും സഹയാത്രികർ കെട്ടുമുറുക്കിക്കഴിഞ്ഞിരുന്നു.
ഒരുക്കങ്ങൾ കഴിഞ്ഞ് റെസ്റ്റോറന്റിൽ എത്തിയപ്പോഴേക്കും ഭക്ഷണം റെഡി.
പൂരിയും ചന്നമസാലയും കഴിച്ചു. ചില്ലുഗ്ലാസ്സുകൾക്കപ്പുറം മരങ്ങൾ നിറഞ്ഞ
മലമുകളിൽ വെയിൽ വേട്ടയ്ക്കിറങ്ങിത്തുടങ്ങി. അകലെ, വരണ്ട കുന്നിൻമുകളിൽ
പറ്റിപ്പിടിച്ച മഞ്ഞിന്റെ അവസാനപാളികളേയും ഉരുക്കിക്കളയാനെന്നപോലെ
അത് വെട്ടിത്തിളങ്ങുകയാണ്
ബാഗുകൾ റെസ്റ്റോറന്റിൽ നിന്നും പുറത്തേക്കിറക്കിയപ്പോഴേക്കും ജിഗ്‌മിത്ത്
യാത്രയ്ക്കുള്ള വാഹനവുമായെത്തി. അധികം പഴക്കമില്ലാത്ത ഇന്നോവ തന്നെ.
സുഹൃത്തും യൂണിവേഴ്സൽ ട്രാവൽ കമ്പനിയുടെ പങ്കാളിയുമായ ഹരീഷ് വാക്കുപാലിച്ചു.
യാത്രാപാക്കേജിൽ സൈലോ പറഞ്ഞിരുന്നെടുത്താണ് ഇപ്പോൾ ഇന്നോവ അയച്ചുതന്നത്.

മണാലിയിൽ നിന്നും യാത്ര തുടങ്ങി.
സ്റ്റീരിയോയിൽ ലഡാക്കിപാട്ടുകളുടെ താളക്കൊഴുപ്പ്.
പൊടിപുരണ്ടുകിടക്കുന്ന മണാലി പതുക്കെ ഉണർന്നുവരുന്നുണ്ട്.
നവംബറിൽ തുടങ്ങുന്ന സീസണിൽ മിക്കപ്പോഴും മഞ്ഞുവീണുകിടക്കുന്ന വഴിയാണിത്.
ബിയാസിന്റെ കരയിലൂടാണിപ്പോൾ യാത്ര. മഞ്ഞുകാലത്ത് ഉറഞ്ഞുപോകാറുള്ള ബിയാസ്…
മർഹി എന്ന വില്ലേജ് പിന്നിട്ടു. വണ്ടി പതുക്കെ ദേവദാരു വൃക്ഷങ്ങൾക്കിടയിലെ
മനോഹരമായ വഴിയിലൂടെ കുന്നുകയറിത്തുടങ്ങി. എത്ര സുന്ദരമായ കാഴ്ചയാണത്..
പലനിറങ്ങളിൽ വരച്ചിട്ട ചിത്രംപോലെ ഹിമാലയത്തിന്റെ അനന്തമായ കാഴ്ചകൾ.
അത് പലപ്പോഴും വാക്കുകൾക്കോ, ചിത്രങ്ങൾക്കോ, പകർത്തിവയ്ക്കാൻ കഴിയാത്തവിധം
നമ്മെ അമ്പരപ്പിക്കുന്നു, ആനന്ദിപ്പിക്കുന്നു…
ഒരു സ്വപ്നംപോലെ ആ കാഴ്ചയിലേക്ക് നമുക്ക് അലിഞ്ഞുചേരാം.
വണ്ടി പതുക്കെ ഒരു ചെക്പോസ്റ്റിലേക്ക് കടന്നുനിന്നു. മുൻകൂർ പാസെടുത്ത് വയ്ക്കാത്തതിനാൽ
ഓൺലൈനിലെടുക്കാൻ ഡ്രൈവർ ബുദ്ധിമുട്ടുന്നത് കണ്ടു. മണാലിയിൽ വെച്ചുതന്നെ
മുൻകൂർ പാസെടുക്കുന്നതിനെ പറ്റി ജിഗ്‌മിത്തിനോട് സംസാരിക്കാതിരുന്നത് അബദ്ധമായി..
ഒരു മണിക്കൂറോളം ചെക്പോസ്റ്റിൽ കുടുങ്ങിക്കിടന്നു. നിഴലുകൾ താഴ് വരകളിലേക്ക്
നീണ്ടുതുടങ്ങി. മലനിരകളുടെ മനോഹരമായ കാഴ്ചകളാണ് ചുറ്റിലും. കാറിൽ നിന്ന്
പുറത്തേക്കിറങ്ങി. കാഴ്ചകളെ ക്യാമറയിലേക്ക് പകർത്തിവന്നപ്പോഴേക്കും
പാസുമായി ജിഗ്‌മിത്ത് തിരിച്ചെത്തി. വണ്ടി അനങ്ങിത്തുടങ്ങി. യന്ത്രവേഗത്തിൽ ചലിക്കുന്ന
ചക്രങ്ങൾ പെരുമ്പാമ്പുപോലെ മലമുടി ചുറ്റി കടന്നുപോകുന്ന, റോത്തങ് പാസെന്ന
മനോഹരമായ ചുരത്തെ ചുറ്റിവരിഞ്ഞു. ഹിമാലയൻ ചുരങ്ങളിൽ ഏറ്റവും മനോഹരമായത്,
ഏതെന്ന ചോദ്യത്തിനുമുന്നിൽ ഒരിക്കലും എനിക്ക് മറ്റൊരുത്തരമുണ്ടാകില്ല..
ദേവദാരു വൃക്ഷങ്ങൾക്കിടയിലൂടെ, പച്ചപിടിച്ചുനിൽക്കുന്ന കുന്നിൻചെരുവിലൂടെ,
പാറക്കൂട്ടങ്ങളെ ഭേദിച്ച്, അഗാധമായ ഗർത്തങ്ങൾക്കിടയിലൂടെ ആ പാത കടന്നുപോകുന്നു.

റോത്താങ് എന്നാൽ ശവങ്ങളുടെ കൂമ്പാരം എന്നർത്ഥം. കാലാവസ്ഥയുടെ അമ്പരപ്പിക്കുന്ന
മാറ്റങ്ങൾക്കിടയിൽ പണ്ടെങ്ങോ പൊലിഞ്ഞുപോയ സഞ്ചാരികളുടെ ജീവൻ കൊടുത്തുനേടിയ
പേരാണത്. ഒരിക്കലും പേടിക്കേണ്ടതില്ല റോത്താങ്ങിനെ… അത്രമേൽ സുന്ദരമായ ചുരമാണിത്..

അയ്യായിരം അടി പൊക്കമുള്ള മണാലിപ്പട്ടണത്തിൽ നിന്നും അമ്പത്തൊന്നു കിലോമീറ്റർ അകലെ
പതിമൂവായിരം അടി പൊക്കമുള്ള റോത്തങ്ങിന്റെ മുകളിലേക്കുള്ള യാത്ര
ആദ്യ യാത്രികനെ അമ്പരപ്പിക്കാതിരിക്കില്ല. ഓരോ സഞ്ചാരിയും കാലങ്ങളോളം ഉള്ളിൽ
കൊണ്ടുനടക്കുമത്.
റോത്തങ്ങിന്റെ മറുവശം ദുർഘടമായിരുന്നു. ആഗസ്റ്റിൽ അവസാനിച്ച മൺസൂണിൽ
നെറ്റിപിളർന്നെത്തിയ കുന്നിന്റെ പതനം, ആ പാതയെ തകർത്തുകൊണ്ടായിരുന്നു. അവിടെയാണ്
BRO എന്ന ബോർഡർ റോഡ് ഓർഗനൈസേഷന്റെ സേവനത്തിൽ നമ്മൾ അമ്പരക്കുന്നത്.
എത്ര പെട്ടന്നാണവർ തകർന്നുപോകുന്ന ഹിമാലയൻപാതകളെ പുനർനിർമ്മിക്കുന്നത്…!!
നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽപ്പെട്ട്, വണ്ടി കുടുങ്ങി. വാലുപോലെ നീളുന്ന
വാഹനങ്ങളുടെ നിര, ബൈക്ക് യാത്രികർ…. ഹിമാലയൻ സഞ്ചാരികളുടെ എണ്ണം കൂടുകയാണ്..!!

വണ്ടി നീങ്ങിത്തുടങ്ങി. മഞ്ഞുരുകിയൊലിക്കുന്ന വാട്ടർക്രോസിങ്ങിനിടയിലൂടെ,
കല്ലുകൾ തെളിഞ്ഞ്, ചെളിപുരണ്ട വഴിയിലൂടെ ചുരം നീളുന്നു…
വളഞ്ഞുചുറ്റുന്ന സർപ്പം പോലെ കിഴക്കൻ പീർ പാഞ്ചാൽ മലനിരകളെ ചുറ്റി
റോത്തങ്ങിന്റെ ആ യാത്ര മലഞ്ചരുവിലെ കോക്‌സാർ എന്ന ചെക്പോസ്റ്റിൽ
നിശബ്ദമായി അവസാനിച്ചു….
