ചില സൗഹൃദങ്ങൾ കൂടിച്ചേരുമ്പോൾ അതിവേഗം
ചില യാത്രകൾ രൂപപ്പെട്ടുവരും.

അങ്ങനെയൊരു സൗഹൃദക്കൂട്ടായ്മയിലാണ് തമിഴ്‌നാടിന്റെ തെക്കേമുനമ്പിലെ
കന്യാകുമാരിജില്ലയിൽ നാഗർകോവിൽ പട്ടണവും അതിനെ ചുറ്റിപ്പറ്റിയുള്ള
ഗ്രാമങ്ങളും കടന്നുവന്നത്.
എത്രയധികം തീർത്ഥാടന-വിനോദസഞ്ചാരകേന്ദ്രങ്ങളാൽ സമ്പന്നമായ
കന്യാകുമാരി ജില്ലയുടെ ആസ്ഥാനമായ പട്ടണം.
നാഗർകോവിലിൽ നിന്ന് ദേശീയപാതയിൽ ഇരുപത് കിലോമീറ്റർ ദൂരമാണ്
കന്യാകുമാരിയിലേക്ക്…
കണ്ണെത്താദൂരം കൃഷിയിടങ്ങൾ.
അതിനപ്പുറം അതിരുകാത്തുനിൽക്കുന്നതുപോലെ മലനിരകൾ…
മനോഹരമായ കാഴ്ചയാണെല്ലാം..!!
തക്കലയിൽ സ്ഥിതിചെയ്യുന്ന പത്മനാഭപുരം പാലസ് , ശുചീന്ദ്രം ക്ഷേത്രം,
കുമാരകോവിൽ, ചിതറാൽ ജൈനക്ഷേത്രം, മാത്തൂർ തൊട്ടിപ്പാലം, വട്ടക്കോട്ടൈ…
എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ…

കൊല്ലത്തുനിന്നും അലസമായി പുറപ്പെട്ട യാത്ര 140 കിലോമീറ്റർ അകലെ
നാഗർകോവിൽ എത്തിയപ്പോഴേക്കും ഉച്ചയോടടുത്തിരുന്നു.
തിരുവതാംകൂർ രാജവംശത്തിന്റെ രാജമുദ്രകൾ ശേഷിക്കുന്ന പ്രദേശങ്ങൾ..
കന്യാകുമാരി ജില്ല ഒരിക്കലും മലയാളികൾക്ക് അന്യമല്ല..
ഭാഷയിലും ഭക്ഷണത്തിലും അത്തരമൊരു വേർതിരിവ്
ഒരിക്കൽപ്പോലും അനുഭവപ്പെടില്ല..
അതിരുകളറിയാതെ പരസ്പരം ഇഴുകിച്ചേർന്ന രണ്ടു പ്രദേശങ്ങൾ..

പട്ടണത്തിൽ നിന്നും വണ്ടി പതുക്കെ ഗ്രാമവഴികൾ തേടിയിറങ്ങി.
ചുറ്റും നിറഞ്ഞ കൃഷിയിടങ്ങളും മലനിരകളും മഴമേഘങ്ങളെ കാത്തുനിൽക്കുന്നുണ്ട്.
തമിഴ് കാഴ്ചയിൽ പടിഞ്ഞാറ് സഹ്യൻ,
ഒരിക്കലും അസഹ്യനല്ല.
മൺസൂൺ മേഘങ്ങളെ കൃഷിയിടങ്ങളിലേക്ക് ഒഴുക്കിവിടുന്ന,
കൃഷിജീവിതത്തിൽ നുകമേന്തിയ വലിയൊരു കൃഷിക്കാരൻ തന്നെ…!!
എത്ര മനുഷ്യർ വയലുകളിൽ വെയിൽകൊണ്ട്
പണിയെടുക്കുന്നു…
എത്രയെത്ര കാർഷിക ഗ്രാമങ്ങൾ
കടന്നുപോകുന്നു…
ചെറിയ കവലകൾ…
പാതയോരത്തെ മഹാവൃക്ഷങ്ങൾ..
തണൽത്തൂങ്ങിയ അവയുടെ വേരുകൾ…
കാളവണ്ടിചക്രങ്ങൾ..
പാടങ്ങൾക്ക് നടുവിൽ
നീണ്ടുനിവർന്ന് ചെറിയ ടാർവഴികൾ..

സുന്ദരമാണ് ഓരോ തമിഴ് ഗ്രാമവും..
ചെറുവഴികളിലൂടെ അതിന്റെ ഹൃദയത്തിലേക്ക്
ഇറങ്ങിച്ചെല്ലണം….
കൃഷിയുടെ താളവും
ചേറിന്റെ മണവും
പാതയോരത്ത് കൊയ്തുകൂട്ടിയ വിളകളുടെ
രുചിയും അനുഭവിച്ചറിയണം….

