മലേഷ്യൻ മുരുകൻ

നിശ്ചയിച്ചിരുന്നതിലും വൈകിയാണ് സിംഗപ്പൂരിൽ നിന്നുള്ള വിമാനം ക്വലാലംപൂരിൽ
പറന്നിറങ്ങിയത്. നഗരാതിർത്തിക്കപ്പുറമുള്ള എയർപോർട്ടിൽ നിന്നും യാത്ര തുടങ്ങി. 50 കിലോമീറ്റർ അകലെയായിരുന്നു നഗരം. യാത്രയ്ക്കിടയിൽ പുത്രജയാ പാലസിനെ ഒന്നു ചുറ്റിക്കറങ്ങി. മലേഷ്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരമാണത്. പുതിയ തലസ്ഥാനമാകാൻ പോകുന്നയിടം. അതിനടുത്തുതന്നെയായിരുന്നു അത്താഴമൊരുക്കിയിരുന്ന റെസ്റ്റോറന്റ്. സിംഗപ്പൂർ നഗരം മനോഹരവും വൃത്തിയുള്ളതുമായിരുന്നെങ്കിൽ, മലേഷ്യയിൽ അത്തരം കാഴ്ചകൾ ഒന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പുത്രജയാ റെസ്റ്റോറന്റ് മടുപ്പിച്ചു. രാത്രി പത്തുമണിയോടെ ബസ് നഗരത്തിലുള്ള ഹോട്ടലിലെത്തി. വിശാലമായ ലോബി. അധികം കാത്തിരിക്കേണ്ടി വന്നില്ല. 18 ആം നിലയിലെ റൂമിന്റെ കീ കൈപ്പറ്റി. ആദ്യമായാണ് ഇത്ര ഉയരത്തിൽ കൂടുകെട്ടുന്നത്..!!!! 25 ൽ പരം നിലകളുള്ള “പേൾ ഇൻറർ നാഷണൽ” അതായിരുന്നു ഹോട്ടൽ. കയറ്റിറക്കങ്ങളിൽ നിരവധി ലിഫ്റ്റുകൾ. അവയുടെ വേഗം യാത്രയെ സുഗമമാക്കുന്നു. വെളിച്ചം മുങ്ങിക്കിടക്കുന്ന വിജനമായ
ഇടനാഴിക്കൊടുവിൽ മുറികണ്ടെത്തി. വിശാലമായ റൂം. പതിവുകാഴ്ചകൾ…..

ഏഴു മണിക്കുണർന്നു. അതു ശീലമായിക്കഴിഞ്ഞിരുന്നു. ജാലകവിരിക്കപ്പുറം മലേഷ്യയിലെ ആദ്യത്തെ പ്രഭാതം നോക്കിയിരുന്നു. ചുറ്റുമുള്ള കാഴ്ചകളിൽ മടുപ്പിക്കുന്ന തെരുവ്. എന്തോ ഒരു നഷ്ടപ്പെടൽ അലട്ടുന്നുണ്ടായിരുന്നു.സിംഗപ്പൂരിൽ ഉപേക്ഷിച്ചിട്ടുവന്ന മനസുതന്നെയാണോ അത്…? മലേഷ്യയിൽ എത്തിയപ്പോൾ തുടങ്ങിയതാണ് ഈ അന്യതാബോധം. എട്ടുമണിക്കുമുന്നേ റെഡിയായിറങ്ങി. പാസ്പോർട്ട് അടക്കം വിലപിടിച്ചതെല്ലാം കയ്യിൽ കരുതി, അഞ്ചാം നിലയിലുള്ള റെസ്റ്റോറന്റിലേക്ക് ഇറങ്ങിച്ചെന്നു. ക്വലാലംപൂർ അത്ര സുരക്ഷിത നഗരമല്ല എന്നു കേട്ടിരുന്നു. മോഷണസാധ്യത തള്ളിക്കളയാൻ കഴിയില്ല, അതാണീ മുൻകരുതൽ.

റെസ്റ്റോറന്റിൽ നല്ല തിരക്ക്. തമിഴ് യാത്രാസംഘങ്ങൾ തമ്പടിച്ചിരുന്നു. അവരുടെ ഉച്ചത്തിലുള്ള സംസാരം
ഭക്ഷണശാലയുടെ രസം കെടുത്തുന്നു. തിരക്കിൽമുങ്ങിയ തീന്മേശകൾക്കിടയിലൂടെ നടന്നു. പലതരം വിഭവങ്ങൾ നിരത്തിവച്ചിരിക്കുന്നു. കറുത്തകുടത്തിൽ പച്ചരിക്കഞ്ഞിപോലെ എന്തോ ഒന്ന്…തമിഴ്‌നാട്ടിലെ ചൂടുള്ള പൊങ്കലിനെ ഓർമ്മപ്പെടുത്തി. അതിനടുത്തുതന്നെ വറുത്തെടുത്ത ഉണക്കച്ചെമ്മീനും ചെറുമത്സ്യങ്ങളും. തീന്മേശയിൽ ഇടംപിടിച്ചിരിക്കുന്ന വിഭവങ്ങൾ കണ്ട് കണ്ണുതള്ളി. കിഴക്കനേഷ്യൻ രാജ്യങ്ങളുടെ ഭക്ഷണം വളരെ വ്യത്യസ്‌ഥവും കൗതുകമുണർത്തുന്നതുമാണ്. ഒരിക്കൽപോലും അതു പരീക്ഷിച്ചു നോക്കുവാൻവിധം മനസ് പാകപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭക്ഷണത്തിലായിരുന്നു കണ്ണ്. പിന്നെ ഏറെനേരം തിരക്കിൽ മുങ്ങിയ റെസ്റ്റോറന്റിൽ ഭക്ഷണത്തോടു
മല്ലിട്ടിരുന്നു.

ബാറ്റു കേവ്സിലേക്കാണ് രാവിലത്തെ യാത്ര. പോകുംവഴി പകൽവെളിച്ചത്തിൽ നഗരത്തിന്റെ ചിലയിടങ്ങൾ കണ്ടു. കണ്ടുമറന്ന ഏതോ തമിഴ്നഗരം പോലെ.. നഗരാതിർത്തിയിലുള്ള ഒരു മലയുടെ ചെരുവിൽ വണ്ടിനിന്നു. മുന്നിൽ സ്വർണ്ണവർണ്ണത്തിൽ കൂറ്റൻപ്രതിമ. ഇതാണ് വായിച്ചറിഞ്ഞ, വാർത്തകളിൽ കണ്ടുനിറഞ്ഞ മലേഷ്യൻ മുരുകൻ. പിന്നിൽകാണുന്ന മലയോളം വളർന്ന് അക്ഷോഭ്യനായി നിൽക്കുന്നു. ഇരുന്നൂറ്റമ്പതിൽപരം പടികളാണ് ഗുഹയിലേക്കുള്ള ദൂരം. വെയിൽ തിളച്ചുമറിയുന്നു. വലിയ ആയാസമില്ലാതെ പടവുകൾ പിന്നിട്ടു. മുന്നിൽ ഗുഹാമുഖം.അതിനുള്ളിൽ പ്രകൃതിയൊരുക്കിയ ചിത്രവേലകൾ. എത്ര വലിപ്പമുള്ള ഗുഹയാണത്…!!!! മലതുരന്നു നിൽക്കുന്ന മേൽക്കൂടിലൂടെ സൂര്യൻ അകത്തേയ്ക്ക് വരുന്നുണ്ട്… ഉള്ളിൽ ചെറിയൊരു ക്ഷേത്രം.ഒന്നു ചുറ്റിത്തിരിച്ചിറങ്ങി. പാതിവഴിയിൽ മറ്റൊരു ഗുഹാമുഖം..??? ഡാർക്ക് കേവ് ആയിരുന്നു
അത്. ഇരുട്ടുനിറഞ്ഞ ഇടുങ്ങിയ ഗുഹയിലൂടെ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് 45 മിനുട്ട് നടക്കാം. ഫീസടച്ചാൽ ഹെൽമറ്റും ബൂട്ടും ലഭിക്കും. മനസിനെ പതുക്കെ ശാസിച്ചു നിറുത്തി.

താഴെ വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ ചിതറിക്കിടക്കുന്നു. സഞ്ചാരികൾ നന്നേ കുറവ്.
തൈപ്പൂയം ഇവിടെ പ്രധാന ഉത്സവമാണത്രേ.. “തൈപ്പൂസം” എന്നുപേരുള്ള ഉത്സവത്തിന് മലേഷ്യയിലെ അവിശ്വാസികളായ ഇന്ത്യൻ വംശജർ പോലും പങ്കെടുക്കും. ഇന്ത്യൻ ജനതയുടെ
സംഘബലം തെളിയിക്കുന്ന അവസരമായി അതുമാറും. പാർക്കിങ് ഗ്രൗണ്ടിൽനിന്നും ഒരിക്കൽക്കൂടി മുകളിലേക്ക് നോക്കി. ഒരു കോട്ടപോലെ കാണുന്ന മലമടക്കുകളിൽ വെയിൽ തട്ടിത്തെറിക്കുന്നു.
ക്ഷീണമകറ്റാനായി കെട്ടിടങ്ങളുടെ നിഴലിൽ തണൽകൊണ്ടിരുന്നു. അപ്പോഴാണ് തൊട്ടടുത്തിരുന്ന തമിഴ്‌സ്ത്രീയെ ശ്രദ്ധിച്ചത്. അറുപതു വയസിനുമുകളിൽ പ്രായം വരും. പെട്ടന്ന്, ആ കണ്ണുകൾ
ഒന്നു തുറിച്ചു, പതുക്കെയടഞ്ഞ് അവർ പിന്നിലേക്ക് മറിയുന്നു. ഒരു നിമിഷം, ഭിത്തിയിൽ ഇടിച്ച്,മറിയും മുമ്പേ ആ അമ്മയുടെ തല താങ്ങിനിറുത്താൻ കഴിഞ്ഞു. ഒന്നുകുലുക്കി വിളിക്കാൻ ശ്രമിച്ചു.
എല്ലാം നിശ്ചലമാകുന്നതുപോലെ…. അവരുടെ കൂട്ടത്തിലുള്ള ആരെയും കാണുന്നില്ല. സഹായത്തിന് ഞങ്ങൾ ചുറ്റും നോക്കി. വെയിൽ വീണ ഗ്രൗണ്ട് അനാഥമായി കിടക്കുന്നു. പൊള്ളുന്ന തറയോടിൽ പാദങ്ങൾ നിലവിളിക്കുന്നു. വീണ്ടും വീണ്ടും കുലുക്കിവിളിച്ചു. ഒരു മൂളൽ, ഒരു ഞരക്കം….
ബാഗിൽ ഉണ്ടായിരുന്ന തണുത്തവെള്ളം കുടിപ്പിച്ചു. പതുക്കെപ്പതുക്കെ അവർ ഓർമ്മയിലേക്ക് തിരിച്ചുവന്നു. ഇരുട്ടുവീണ കണ്ണുകൾ തുറന്ന് ചുറ്റുംനോക്കി…. ഞങ്ങളുടെ മുഖത്തേക്കും…….

സമയം കടന്നുപോയിരുന്നു. ബസിന്റെ ഹോൺ മുഴങ്ങിയതുപോലെ…. തനിച്ചിരിക്കുന്ന അമ്മയെ, കാവലിനായി ഏൽപ്പിച്ച് പുഞ്ചിരിച്ചു നിൽക്കുന്ന മുരുകന്റെ മുന്നിലൂടെ ഞങ്ങൾ
നടന്നുനീങ്ങി……

Leave a Reply

Your email address will not be published. Required fields are marked *