അതിരുകളില്ലാത്ത മലനിരയിൽ ഒരു മാത്തേരാൻ

മാത്തേരാനെപ്പറ്റി കേട്ടുതുടങ്ങിയിട്ട് കാലങ്ങളാകുന്നു.

എങ്കിലും പരന്നും, പറന്നുമുള്ള സഞ്ചാരങ്ങൾ ഒരിക്കലും അവിടേയ്ക്ക് നീണ്ടുപോയതേയില്ല.
നഗരസ്വപ്നങ്ങളുടെ നിലാക്കാഴ്ചകൾ എത്തിനോക്കാതെപോയ മാത്തേരാനിലെ
മരങ്ങളും , മലനിരകളും അവയെ താണ്ടിയെത്തുന്ന കളിത്തീവണ്ടിയും താഴ് വാരങ്ങളിൽ
മുഴങ്ങിക്കേൾക്കുന്ന ചൂളംവിളിയും ഒറ്റവായനയിൽ തന്നെ ഹൃദയത്തിലേക്ക്
കാലിഡോസ്കോപ്പുമായാണ് കടന്നുവന്നത്..
കൊഴിഞ്ഞടരുന്ന ദിവസങ്ങളിൽ ഓരോന്നിലും, ആ സ്വപ്‌നങ്ങൾ അഭ്രപാളിയിലെ
ഭ്രമിപ്പിക്കുന്ന ചലച്ചിത്രങ്ങൾപോലെ വളർന്നുവന്നു.
കാഴ്ചയെ നിറയ്ക്കുന്ന കുന്നുകളും, കളിത്തീവണ്ടിയും, കാട്ടുമരങ്ങളും, കുതിരകളും
വിയർത്തും, കിതച്ചും പായുന്ന കൈവണ്ടികളും..
അങ്ങനെയങ്ങനെ മാത്തേരാനിലെ ടൂറിസം വളരുകയാണ്…

മാത്തേരനിലേക്കുള്ള കവാടം

മുംബൈ നഗരത്തിൽ നിന്നും 90 കിലോമീറ്ററുണ്ട് മാത്തേരാനിലേക്ക്.
അന്ധേരി ഈസ്റ്റിൽ തലയെടുപ്പുള്ള ഫെഡറൽടവറിൽ നിന്നും തെരുവിലേക്കിറങ്ങി നടന്നു.
വഴിയരികിലെ ടാക്സീവാലകൾക്കൊന്നും മാത്തേരാനിലേക്കുള്ള വഴിയറിയില്ലത്രേ..!!!
നഗരക്കുരുക്കിൽ കുരുങ്ങിക്കറങ്ങുന്ന ജീവിതം, ചിലപ്പോഴൊക്കെ അകലങ്ങളെ മറന്നുപോകുന്നതാകാം..
കണ്മുന്നിൽ തുറക്കുന്ന സൗഭാഗ്യങ്ങളും തെരുവുജീവിതവും എന്തിന് അകലെക്കാണുന്ന
മലനിരകളെ തേടിനടക്കണം..??
ഒടുവിൽ 2000 രൂപയ്ക്ക് മലനിരയുടെ അടിവാരത്തുള്ള നെരാൾ എന്ന
ചെറിയ പട്ടണത്തിലേക്ക് ടാക്സി റെഡിയായി. ഒരു പാവം മനുഷ്യൻ…
ഉച്ചവെയിലിനൊപ്പം ടാക്സി പറന്നു..
കണ്ണെത്താദൂരം മുംബൈനഗരം പരന്നുകിടക്കുന്നു.
മണിക്കൂറുകൾക്കൊടുവിൽ വശംകെട്ട് വണ്ടി നഗരം കടന്നു.
നേരാൾ എന്ന പട്ടണത്തിലെത്തി
അകലെ തലയെടുപ്പുള്ള മലനിരകൾ.
പച്ചയിൽ പൊതിഞ്ഞ് അത് മനോഹരമായ കാഴ്ചയാകുന്നു.
മഴയൊഴിഞ്ഞ മലനിരകളിൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നതുകൊണ്ടാകാം
താഴ് വരകളെ തഴുകി ചൂളംവിളിച്ച് മലകയറുന്ന ചെറിയ തീവണ്ടി മാത്തേരാനിലേക്കുള്ള
യാത്ര തുടങ്ങിയിരുന്നില്ല. അത് നേരാൾ സ്റ്റേഷനിൽ നീണ്ട ഉറക്കത്തിലാണ്ടിരിക്കുന്നു.
ഇനി നവംബർ മാസത്തിലാകും തട്ടിയുണർത്തുക… നിരാശ തോന്നി..!!
മോട്ടോർ വാഹനങ്ങളെ നിരോധിച്ചിട്ടുള്ള മാത്തേരാനിലേക്കെത്താൻ ഇനി രണ്ടു വഴികൾ
ഒന്നുകിൽ മലമുഴുവൻ നടന്നുകയറുക അല്ലെങ്കിൽ 8 കിലോമീറ്റർ അകലെ
മലഞ്ചെരുവിൽ ദസ്തൂരി എന്ന സ്ഥലം വരെ ടാക്സിയിൽ എത്തുക…

മാത്തേരാൻ


രണ്ടാമത്തെ വഴിതന്നെ തെരഞ്ഞെടുത്തു.
ടാക്സിക്കാരനോട് ആവശ്യം അറിയിച്ചപ്പോൾ 500 രൂപ ദക്ഷിണ വെക്കാൻ പറഞ്ഞു.
വച്ചു…!!
അതൊട്ടും കൂടുതലായിരുന്നില്ല
അത്രത്തോളം ചെരിവുകളും കയറ്റങ്ങളുമായിരുന്നു കാത്തിരുന്നത്..
ഇടയ്ക്കിടെ തീവണ്ടിപ്പാതയെ രണ്ടായി പകുത്ത് പൊളിഞ്ഞടർന്ന മലമ്പാതയിലൂടെ
ഞരങ്ങിയും നിലവിളിച്ചും കാർ ദസ്തൂരിയിലെത്തി.
മാത്തേരാനിലേക്കുള്ള കവാടമായിരുന്നു അത്..
ലഗേജുമായി പുറത്തേക്കിറങ്ങിയപ്പോഴേക്കും കുതിരക്കാർ വളഞ്ഞുപിടിച്ചിരുന്നു.
ഇനി മാത്തേരാനിലേക്ക് 40 മിനുട്ട് നടക്കാനുണ്ടത്രേ…!!!
കുതിരസവാരിക്ക് 550 രൂപ
ഒടുവിൽ എൻട്രീ ഫീസടച്ച് കുതിരസവാരി തുടങ്ങി.
സവാരി രസമുള്ള അനുഭവമായിരുന്നു.
യജമാനന്റെ നിർദ്ദേശങ്ങൾക്ക് കാത്തുനിൽക്കാതെ അച്ചടക്കത്തോടെ അവ നടന്നുനീങ്ങി.
മാത്തേരാനിലെ ചെമ്മൺപാതകൾ മുഴുവൻ കുതിരക്കൂട്ടങ്ങളാണ് .
അണമുറിയാതെ കടന്നുവരുന്ന സന്ദർശകരെ ചുമലിലേറ്റി അവ കുന്നുകയറുകയാണ്.
പൊടിപറക്കുന്ന ചെമ്മൺവഴികൾക്ക് സമാന്തരമായി നാരോഗേജ് തീവണ്ടിപ്പാത കടന്നുപോകുന്നു.
പാളങ്ങളിലൂടെ നടന്നുനീങ്ങുന്ന മനുഷ്യർ.
മാത്തേരാനിലെ മാർക്കറ്റ് ജംഗ്‌ഷൻ ഒരു ചെറിയ തെരുവായിരുന്നു.
പ്രാദേശീയമായ സാധനങ്ങൾ വിൽക്കുന്ന ഫാൻസി ഷോപ്പുകൾ, ചെരുപ്പുകടകൾ,
ബേക്കറികൾ, റസ്റ്റോറന്റുകൾ അങ്ങനെ ചെറുതും വലുതുമായ കടകളുടെ ചെറിയ നിര
അതിനപ്പുറം ഒരു കുഞ്ഞു റെയിൽവേസ്റ്റേഷൻ, സ്‌കൂൾ, പോലീസ് സ്റ്റേഷൻ, പോസ്റ്റോഫീസ്
പാർക്ക്, ചെമ്മൺവഴികൾക്കിരുവശവും കാണുന്ന ഇടതൂർന്ന മരങ്ങൾക്കിടയിൽ
ഒളിച്ചിരിക്കുന്ന മനോഹരമായ ഹെറിറ്റേജ് ഹോട്ടലുകൾ..
കാഴ്ചകൾ കൊണ്ട് സമ്പന്നമാണിവിടം
തെരുവിന്റെ കണ്ണിൽപ്പെടാതെ , അകലെ മരങ്ങൾക്കിടയിൽ ചുവന്ന് , തലയെടുപ്പോടെ
നിൽക്കുന്ന രാധാകോട്ടേജിലാണ് താമസം തരപ്പെടുത്തിയിരിക്കുന്നത്
കോട്ടേജിനുള്ളിലേക്ക് കടന്നു. നിശബ്ദമായ ഇടം.

കോട്ടേജ്


അരികിൽ മനോഹരമായ റസ്റ്റോറന്റ്..
ഹൃദ്യമായ ഉച്ചഭക്ഷണം.
ഒരു ചെറുമയക്കത്തിനുശേഷം മുന്നിലെ ചെമ്മൺവഴിയിലേക്കിറങ്ങി നടന്നു.
ഒട്ടും സമയം കളയാനുണ്ടായിരുന്നില്ല.
ഷാർലറ്റ് ലേക്കിലാണ് ആ വഴിയെത്തിയത്. മലനിരകളിൽ നിന്നും
ഒഴുകിയെത്തിയ ജലം തടഞ്ഞുനിർത്തിയിരിക്കുന്നു.
അതിനപ്പുറം മനോഹരമായ എക്കോ പോയിന്റ് .
തലയെടുപ്പുള്ള കുന്നുകളുടെ മനോഹരമായ കാഴ്ചകളാണവിടെ
മലകൾ മുഴുവൻ പടർന്നുപിടിച്ച് മഞ്ഞനിറത്തിൽ കാട്ടുപൂക്കൾ…
ചെറുതും വലുതുമായ അമ്പതോളം പോയിന്റുകളുണ്ടവിടെ…!!!
എല്ലാ വഴികളും മലനിരയുടെ മുനമ്പിൽ അവസാനിക്കുന്നു.
താഴെ, ആഴങ്ങളിലേക്ക് കൈകാട്ടിവിളിച്ച് കാറ്റിന്റെ മൂളൽ
ഇരുട്ട് വീണുതുടങ്ങി..
പതുക്കെ തിരിച്ചുനടന്നു
എത്ര പെട്ടന്നാണ് കാടിനുള്ളിലേക്ക് രാത്രി വന്നുവീണത്
ഇരുട്ടിൽ മരങ്ങൾ ചൂളംവിളിക്കുന്നു.
നടവഴികളിൽ ഇളകിയടരുന്ന ഉരുളൻകല്ലുകൾ ചവിട്ടിയൊതുക്കി കാടിന് പുറത്തേക്ക് കടന്നു.

ലൂസിയ പോയിന്റ്

കോട്ടേജിന്റെ മേൽക്കൂരയിൽ പതിച്ച കുരങ്ങിൻകൂട്ടങ്ങളുടെ ആക്രോശം കേട്ടിട്ടാണ്
ഉറക്കമുണർന്നത്.
പൂമുഖത്തേക്കുള്ള വാതിൽത്തുറന്നപ്പോഴേക്കും അഴികളിൽ അള്ളിപ്പിടിച്ച്
അവറ്റകൾ ബഹളം വയ്ക്കുന്നു.
റെഡിയായിറങ്ങി.
രുചിയുള്ള പ്രഭാതഭക്ഷണം.
കോട്ടേജിന്റെ താക്കോൽ കൊടുത്ത് പുറത്തിറങ്ങി.

വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്ന അലക്‌സാണ്ടർ പോയിന്റിലേക്കും
ലൂസിയാപോയിന്റിലേക്കും നടന്നുകയറി.
ചെമ്മൺവഴികളിലെ ദീർഘമായ നടത്തങ്ങൾ ക്ഷീണിപ്പിച്ചതേയില്ല..
മാത്തേരാനിലെ മനോഹരമായ കാഴ്ചയാണ് ലൂസിയാപോയിന്റ്.
കാഴ്ചകൾ മുഴുവൻ ക്യാമറയിലാക്കി മാർക്കറ്റ് റോഡിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും
ഉച്ചയായിരുന്നു. തെരുവിലെ ചെറിയ റെസ്റ്റോറന്റിൽ നിന്നും ഗുജറാത്തി താലി കഴിച്ച്
പതുക്കെ ദസ്തൂരിയിലേക്ക് നടന്നിറങ്ങി.
നിരന്നുകിടക്കുന്ന ടാക്സിസ്റ്റാന്റിൽ നിന്നും മുംബൈയ്ക്ക് ടാക്സിപിടിച്ചു.
അകലെ മലമുകളിൽ മാത്തേരാൻ…!!!!!

മനോഹരമായ താഴ് വാരങ്ങൾ


നഗരജീവിതത്തിൽ നിന്നും ഒളിഞ്ഞുനിൽക്കുന്ന തെളിഞ്ഞ കാഴ്ചയാണത്..
ചുറ്റിലും പരക്കുന്ന വായുവിലും വീശുന്ന കാറ്റിലും അത് നമുക്കനുഭവിച്ചറിയാം..
നിഷ്കളങ്കരായ മനുഷ്യർ, ഉരുളൻകല്ലുകൾ നിറഞ്ഞ ചെമ്മൺവഴികൾ,
മരക്കൂട്ടങ്ങൾ, കുതിരകൾ , റിക്ഷാവണ്ടികൾ…….
കാലങ്ങളോളം മാത്തേരാൻ മാത്തേരാനായി നിലനിൽക്കട്ടെ….!!!!!!

Leave a Reply

Your email address will not be published. Required fields are marked *