ഇരുട്ടുമുറിച്ച് ഇന്ത്യൻമഹാസമുദ്രത്തിന് കുറുകെ മലിൻഡോ എയർവേയ്‌സിന്റെ മനോഹരമായ വിമാനം പറന്നുയർന്നു. ഇമചിമ്മാതെ കാത്തിരുന്ന യാത്രയ്‌ക്കൊടുവിൽ കണ്ടു, മഞ്ഞുപാളികൾക്കിടയിലൂടെ പ്രഭാതസൂര്യൻ ചിത്രംവരച്ചുവെച്ചിരിക്കുന്ന ക്വലാലംപൂർ എയർപോർട്ട്. കണ്ണെത്താദൂരം ചെറുതും വലുതുമായ യാത്രാവിമാനങ്ങൾ നിരത്തി നിറുത്തിയിരിക്കുന്നു. കൊച്ചിയിൽ നിന്നുള്ള യാത്രാവിമാനത്തെ കാത്തുകിടക്കുംപോലെ സിംഗപ്പൂരേയ്ക്കുള്ള മലിൻഡോയുടെ മറ്റൊരുവിമാനം കാണുന്നു. എയർപോർട്ടിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്ക് കാത്തുനിൽക്കാതെ സഹയാത്രികർക്കൊപ്പം ധൃതിപ്പെട്ട് നടന്നുനീങ്ങി. ഉറക്കം തൂങ്ങുന്ന കൺപോളകൾക്കിടയിൽ വെളുത്ത ആകാശത്തിന്റെ മറ്റൊരുചിത്രം കൂടി. താഴെ,
പഞ്ഞിക്കെട്ടുകൾപോലെ തെന്നിമാറുന്ന മേഘങ്ങൾ. ഒരുമയക്കത്തിലേക്ക് വഴുതിവീണു.

അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും. ഉയരങ്ങളിൽ നിന്നും പതുക്കെ പതുക്കെ പറന്നിറങ്ങുന്ന പക്ഷിച്ചിറകുകൾക്കിടയിലൂടെ താഴേക്കുനോക്കി. കടൽ, കൈപ്പിടിയിൽ കരുതിവച്ചിരിക്കുന്ന ഒരു നഗരം. വെട്ടിത്തിളങ്ങുന്ന നീലക്കടലിൽ ഒഴുകിനീങ്ങുന്ന ആഡംബര നൗകകൾ . കാഴ്ചകൾ മനോഹരമാക്കുന്നു. വെയിൽ കടുക്കുംമുമ്പുതന്നെ വിമാനം സിംഗപ്പൂർ എയർപോർട്ടിലേക്ക് പറന്നിറങ്ങി. പരിശോധനകൾ പൂർത്തീകരിച്ച് വേഗത്തിൽ പുറത്തിറങ്ങി. ബസ് കാത്തുകിടക്കുന്നുണ്ടായിരുന്നു. സുതാര്യമായ സൈഡ് ഗ്ളാസുകൾക്കപ്പുറം സിംഗപ്പൂരിന്റെ
മനോഹരമായ കാഴ്ച. മസിൽമാനായ അനശ്വരനടൻ ജയനെ നൃത്തം ചെയ്യിച്ച നഗരം. ലവ് ഇൻ സിംഗപ്പൂർ സിനിമ ഓർമ്മ വന്നു. നീലാകാശത്തിനും നീലിച്ച കടലിനുമിടയിൽ തലയെടുപ്പോടെ നഗരം. ആകാശം മുട്ടെ നിൽക്കുന്ന ബഹുനിലക്കെട്ടിടങ്ങൾ ചുവരുകൾക്കപ്പുറം നീലഗ്‌ളാസുകൾ പതിപ്പിച്ച് മനോഹരമാക്കുന്നു. പത്രങ്ങളിൽ, ദൃശ്യമാധ്യമങ്ങളിൽ കണ്ടുമറന്ന എത്രയെത്ര കെട്ടിടങ്ങൾ കടന്നുപോകുന്നു.

മരങ്ങളും പൂക്കളുംകൊണ്ട് സമ്പന്നമായ നാട്. ഓരോ സിഗ്നൽപോയിന്റിലും ക്ഷമയോടെ കാത്തുകിടക്കുന്ന
വാഹനങ്ങൾ സൗമ്യരായ ജനത. അനാവശ്യമായ ഒരു ഹോൺപോലും മുഴങ്ങിയില്ല. ഒരു പോലീസുകാരൻ
പോലും കാത്തുനിൽക്കുന്നുണ്ടായിരുന്നില്ല. വഴിയരുകിൽ ഒരു ചവർകൂനപോലും
വെന്തുനീറുന്നുണ്ടായിരുന്നില്ല. ഇലകൾപോലും കൊഴിഞ്ഞുവീഴാൻ മടിക്കുന്ന നിരത്തിലൂടെ വണ്ടിപാഞ്ഞു. സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിലൂടെ ഒരു യാത്ര. ഗ്രാൻഡ് സെൻട്രൽ എന്ന മനോഹരമായ ഹോട്ടലിനുമുന്നിൽ ആ യാത്ര അവസാനിച്ചു.അഞ്ചാം നിലയിലെ 513 ആം നമ്പർ റൂം അനുവദിച്ചുകിട്ടി. മനോഹരമായ റൂം. തണുത്തുറഞ്ഞ പഞ്ഞിക്കിടക്കയിൽ ഉറക്കം വലകെട്ടിനിന്നു.

നിലയ്ക്കാതെ ടെലഫോൺ ശബ്ദിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്. വൈകിട്ട് 5 മണി കഴിഞ്ഞിരുന്നു. തലേരാത്രിയിലെ ഉറക്കമാണ് കഴിഞ്ഞ രണ്ടുമണിക്കൂറിൽ ഉറങ്ങിത്തീർത്തത്. സിംഗപ്പൂർ ഓർക്കിഡ് ഗാർഡനിലേക്കു പോകാൻ സമയമായി. വേഗത്തിലിറങ്ങി. ബസ് തയാറായി നിൽക്കുന്നുണ്ടായിരുന്നു.
GARDEN BY THE BAY, ഒച്ചുകളുടെ പുറന്തോടുപോലെ ഗ്ലാസ്സുകൊണ്ട് പണിതുയർത്തിയ മേൽക്കൂരയ്ക്ക് കീഴെ കടൽക്കരയിൽ മനോഹരമായ പൂന്തോട്ടം.ഓർക്കിഡുകളുടെ കൊട്ടാരം , മനുഷ്യനിർമ്മിതമായ വെള്ളച്ചാട്ടങ്ങൾ, നിലതെറ്റിയ്ക്കുന്ന ഇടുങ്ങിയ പാലങ്ങൾ, ഇരുട്ടിൽ നിറംമാറ്റി ഭ്രമിപ്പിക്കുന്ന സൂപ്പർ ട്രീസ്.. കാഴ്ചകൾ അവസാനിക്കുന്നില്ല. ഇരുളുപടർന്നുതുടങ്ങിയ മേൽക്കൂരയ്ക്കുകീഴെ അത് കണ്ടുനിന്നു. ഒറ്റരാത്രികൊണ്ട്, അതിശയിപ്പിക്കുന്ന കാഴ്ചയിലേക്കുള്ള മലക്കംമറിച്ചിലിലിൽ അമ്പരന്നുനിൽക്കുകയായിരുന്നു അപ്പോഴും ഞാൻ.
