ബഡാ മുംബൈ

മുംബൈ…
മുമ്പൊരിക്കൽ ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇൻഡിഗോ വിമാനം ഛത്രപതി ശിവാജി
എയർപോർട്ടിന്റെ റൺവേയിലേക്ക് പറന്നിറങ്ങിയത്. തിളനില നഷ്ടപ്പെട്ട് സായാഹ്നസൂര്യൻ
പടിഞ്ഞാറേ ചക്രവാളത്തിലേക്ക് പതുക്കെ നടന്നുപോകുമ്പോഴാണ് പരന്നുകിടക്കുന്ന ജൂഹു ബീച്ചിന്റെ
മുകളിലൂടെ വിമാനം താണുപറന്നത്. അപ്പോൾ മെലിഞ്ഞസൂര്യന്റെ സുവർണ്ണരശ്മികൾ തട്ടി
കൂറ്റൻകെട്ടിടങ്ങൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. ഒരു മണിക്കൂർ യാത്രക്കാരുടെ കയറ്റിറക്കങ്ങളിൽപ്പെട്ടു
കെട്ടിക്കിടന്ന വിമാനം മുംബൈയുടെ ആകാശത്തേക്ക് വീണ്ടും ഉയർന്നുപറക്കുമ്പോൾ സ്വർണ്ണനിറത്തിൽകണ്ട
കെട്ടിടങ്ങൾ ചുവന്നുതുടുത്തിരുന്നു. നോട്ടിക്കൽമൈലുകൾക്കപ്പുറം മറഞ്ഞിരിക്കുന്ന രാത്രിയെ
പ്രതീക്ഷിച്ചായിരിക്കാം ജുഹുകടപ്പുറത്ത് തിരകളെണ്ണി ആയിരങ്ങൾ കാത്തിരിക്കുന്നത്.
വെളുത്ത മേഘങ്ങൾക്കിടയിലൂടെ ഊളിയിട്ടുപറക്കുന്ന വിമാനത്തിന്റെ ചിറകുകൾക്കുതാഴെ
മുംബൈനഗരം ഒരു പൊട്ടുപോലെ കടന്നുപോയപ്പോൾ വെറുതെ ഒരു നൊമ്പരം തോന്നിയിരുന്നു.
തിരമറിയുന്ന കടലും, നങ്കൂരമിട്ടിരിക്കുന്ന കൂറ്റൻ നൗകകളും ഇരുണ്ട കെട്ടിടങ്ങളുടെ നിഴൽവീണ
കറുത്തനഗരത്തോടൊപ്പം സൃഷ്ടിച്ച ഒരു വലിയ ക്യാൻവാസിലെ അസ്തമയക്കാഴ്ചകളാകും
ചിലപ്പോൾ അങ്ങനെയൊരു നൊമ്പരത്തിനു പിന്നിൽ…

കൃത്യം ഒരു വർഷത്തിന് ശേഷം ഛത്രപതി ശിവാജി എയർപോർട്ടിന്റെ റൺവേയിൽ പറന്നിറങ്ങുമ്പോൾ
കുട്ടിക്കാലം മുതൽ കേട്ടറിഞ്ഞ മുംബൈയെ അനുഭവിച്ചറിയുക എന്ന ആഗ്രഹം മാത്രമായിരുന്നു
മനസ്സിൽ. രാവിലെ 9.30 നു തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടതാണ്. ഉച്ചയ്ക്ക് 12 മണിയോടെ
ലഗേജുകൾ കൈപ്പറ്റി പുറത്തുകടന്നു. രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നാണിത്.
വിമാനത്തിൽ നിന്നും ലഭിച്ച ലഘുഭക്ഷണം വിശപ്പുകെടുത്തിയിരുന്നു. ടാക്സിയെപ്പറ്റി ചിന്തിച്ചപ്പോൾ
മുംബൈയിലെ തെരുവുകളെ നിറയ്ക്കുന്ന കറുപ്പും മഞ്ഞയും കലർന്ന ഫിയറ്റ് കാറുകളായിരുന്നു
മനസ്സിൽ.
ഇല്ലാ..
പണ്ടേതോ സിനിമകളിൽ കണ്ട കാഴ്ചകൾ ഒരുപാട് മാറിയിരിക്കുന്നു.
ഫിയറ്റിന്റെ സ്ഥാനത്ത് സാൻട്രോയും, വാഗണാറും സ്വിഫ്റ്റ് ഡിസയറും മറ്റും…
ഓല,യൂബർ പോലുള്ള പുതിയകാലത്തിന്റെ സൗകര്യങ്ങൾ വിരൽത്തുമ്പിലുള്ളപ്പോൾ ടാക്സി
സംസ്കാരം മാറുകയാണ്. മുന്നിൽ കണ്ട സാൻട്രോയിലേക്ക് കടന്നിരുന്നു.
പത്ത് കിലോമീറ്റർ അകലെ അന്ധേരി ഈസ്റ്റിലേക്കാണ് പോകേണ്ടത്.
സ്ഥലം കണ്ടെത്താൻ പ്രയാസമായിരുന്നെങ്കിലും ഗൂഗിൾ മാപ്പ് കൃത്യമായി എത്തിച്ചു.
ഫെഡറൽ ടവറിൽ സ്ഥിതിചെയ്യുന്ന ഫെഡറൽബാങ്കിന്റെ ഗസ്റ്റ്ഹൗസിലാണ് താമസം.
യാത്രാക്ഷീണം അലട്ടിയിരുന്നു. എങ്കിലും ചെറുതായൊന്നു മയങ്ങി.
വളരെ പെട്ടന്ന് ഇറങ്ങേണ്ടിയിരുന്നു. മുംബൈ പോലൊരു മഹാനഗരം കണ്ടുതീർക്കാൻ
രണ്ടുദിനം വളരെ കുറവായിരുന്നു.

രണ്ടുമണിയോടെ ola cab എത്തി.
എലഫന്റാ കേവ്സിലേക്കായിരുന്നു ആ യാത്ര. താജ് ഹോട്ടലിനു മുന്നിൽ ഗേറ്റ് വേ ഓഫ് ഇന്ത്യയോട്
ചേർന്നാണ് ഫെറി. ടിക്കറ്റ് കൈപ്പറ്റി എത്തിയപ്പോഴേക്കും അവസാനബോട്ട് പോകാനൊരുങ്ങി
നിൽക്കുന്നു. 10 കിലോമീറ്റർ അകലെ കടലിനുള്ളിൽ എലഫന്റാ ദ്വീപിനുള്ളിലാണ് എലഫന്റാ കേവ്സ്.
6 ഉം 8 ഉം നൂറ്റാണ്ടുകൾക്കിടയിൽ നിർമ്മിക്കപ്പെട്ടതെന്നുകരുതുന്ന ഗുഹാക്ഷേത്രനിർമ്മിതികളാണവ.
1 മണിക്കൂർ 15 മിനുട്ട് യാത്ര…..
ബോട്ടിറങ്ങി…
അകലെ കുന്നിൻചെരുവിൽ മുകളിലേക്കുള്ള നടപ്പാത കാണുന്നു. അവിടേക്കു പോകാൻ
ചെറിയ കളിത്തീവണ്ടിയുടെ സഹായം. ബോട്ടിറങ്ങുന്നവരെ കാത്തുകിടക്കുകയാണ് തീവണ്ടി.
ഇരുട്ടുവീണുതുടങ്ങിയ മലഞ്ചെരുവിൽ ഗുഹാക്ഷേത്രക്കാഴ്ചകളുടെ അമ്പരപ്പ് നിഴലിക്കുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള നിർമാണ വൈദഗ്ധ്യം. അതുകൊണ്ടാകാം യുനെസ്‌കോയുടെ ലോക
പൈതൃകപ്പട്ടികയിൽ ഇടംനേടിയത്.

നടവഴികളിൽ , മരക്കൊമ്പുകളിൽ ഭക്ഷണംതേടി കുരങ്ങിൻകൂട്ടങ്ങൾ.
സ്വീറ്റ്‌കോൺ ചവയ്ക്കുന്ന മകളുടെ നേരെ അവ ആക്രോശിച്ചെടുക്കുന്നു. ഒടുവിൽ അവറ്റകൾ അത്
സ്വന്തമാക്കി. ഭക്ഷണം ലഭിച്ച സന്തോഷത്തിൽ മരക്കൊമ്പിലേക്ക് ചാടിമറഞ്ഞു.
ആക്രമിക്കാനും ചെറുത്തുനിൽക്കാനും കെൽപ്പുള്ള കുരങ്ങിൻകൂട്ടങ്ങളാണ് ഇവിടുള്ളത്.
മലയിറങ്ങിയെത്തിയപ്പോഴേക്കും കളിത്തീവണ്ടി കടന്നുവന്നിരുന്നു. തീവണ്ടിയിൽ നിന്നും ബോട്ടിലേക്ക്..
ഇരുട്ടുപരക്കുന്ന കടലിൽ ധാരാളം ബോട്ടുകൾ കരയിലേക്ക് നീന്തുന്നു.
പലയിടങ്ങളിൽ നങ്കൂരമിട്ട്, പടുകൂറ്റൻ കപ്പലുകൾ.
തീരമടുക്കുംതോറും നിറങ്ങളിൽകുളിച്ച് താജിന്റെ തലയെടുപ്പ്.
അതിന്റെ നിഴൽവീണ വഴിക്കരുകിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ…

കടലിൽ നിന്നുള്ള അവയുടെ കാഴ്ച്ച മനോഹരമാണ്.
പണ്ട്…
ഇതുപോലൊരു സന്ധ്യയിലാണ് തീരത്തേക്ക് പാഞ്ഞടുത്ത സ്പീഡ്‌ബോട്ടിൽ
യന്ത്രത്തോക്കുകളുമായി കുറെ തെമ്മാടികൾ….

ജനൽപഴുതിലൂടെ സൂര്യൻ അകത്തേക്ക് കടക്കുവോളം പുതച്ചുറങ്ങി.
ഇന്നത്തെ പകൽ ആവുന്നത്രെ മുംബൈ നഗരം കണ്ടുതീർക്കേണ്ടതുണ്ട്.
ഗസ്റ്റ്ഹൗസിനടുത്തുള്ള സായ്‌കൃഷ്ണ എന്ന വെജ്‌ഹോട്ടൽ മോശമല്ലാത്ത ഭക്ഷണം വിളമ്പി.
9 മണിക്ക് തന്നെ ola cab എത്തി. നഗരത്തിൽ തന്നെയുള്ള സിദ്ധി വിനായക് ടെമ്പിളിലേക്കാണ്
ആദ്യം പോയത്. തിരക്കിൽ നുഴഞ്ഞു തൊഴുതിറങ്ങി. പിന്നെ ഹാജിഅലി ദർഗയിലേക്ക്..
കടലിനുള്ളിലേക്ക് കടന്നുനിൽക്കുന്ന ദർഗയിലേക്ക് ഒരു കിലോമീറ്ററോളം നീളുന്ന കോൺക്രീറ്റ് നടപ്പാത.
നടപ്പാതയിൽ വിശ്വാസികളുടെ നീണ്ടനിര.
മികച്ച റോഡുകളാണ് മുംബൈ നഗരത്തിലേത്…
ഇരുവശവും മനോഹരമായ ബ്രിട്ടീഷ്നിർമ്മിതികൾ…
യൂറോപ്യൻ വാസ്തുവിദ്യയുടെ പ്രതിഫലനങ്ങൾ..
അതിനൊപ്പം ചേർത്ത് വായിക്കണം ബാന്ദ്ര-വർളി സീ ലിങ്ക്..
അതിശയക്കാഴ്ചകളുടെ വശ്യത…
പാലം കടക്കുവോളം മഹാനഗരത്തിന്റെ കടൽക്കാഴ്ചകൾ…
സായഹ്നത്തിൽ മറൈൻഡ്രൈവിലൂടെ കാർ കടന്നുപോകുമ്പോൾ
കടൽക്കരയിൽ കാറ്റ് കൊണ്ടിരിക്കുന്ന പ്രണയത്തിന്റെ ചില തിരക്കാഴ്ചകൾ…
തീരദേശറോഡിലൂടെ കാർ കടന്നുപോകുമ്പോൾ, കവലകളിൽ കുരുക്ക് മുറുകുന്നു.
നവരാത്രിയോടനുബന്ധിച്ചുള്ള ഉത്സവങ്ങളാകാം..
അസ്തമയക്കാഴ്ചയ്ക്കുമുമ്പേ കേട്ടുമോഹിച്ചിരുന്ന ജൂഹുബീച്ചിലേക്കെത്താൻ മോഹിച്ചു.
തെരുവുകളിലെ ചില ഇടുങ്ങിയ വഴികൾ അത് അപ്രാപ്യമാക്കി.
സച്ചിൻ, ഷാരൂഖ്, സൽമാൻ ഓരോ വീടുകളും കടന്നുപോകുന്നു.
എല്ലാം കാർഡ്രൈവർ കൃത്യമായി കാണിച്ചു തരുന്നുണ്ട്… ഒടുവിൽ തെരുവിലെ ഓരോ കുരുക്കും
അഴിച്ചെടുത്ത് കാർ ജൂഹുവിലേക്ക് കടന്നുനിന്നു. തിരക്ക് മുറുകുന്നു…
മൈലുകൾക്കപ്പുറത്തേക്ക് കടന്നുപോകുന്ന തീരത്തിന്റെ ഈ കാഴ്ച തീരങ്ങളിലേക്ക് നീളുന്ന
മിഴികളുമായി രാത്രിയെ കാത്തിരിക്കുന്ന ആയിരങ്ങളുടെ ആഘോഷങ്ങളെ പ്രതിബിംബിക്കുന്നു.
ചുറ്റിലും ഇരുട്ട് മുറുകുംതോറും നിയോൺ വിളക്കുകൾ കൂടുതൽ പ്രകാശം പൊഴിക്കുംപോലെ..
ജുഹുവിലെ ആകാശത്തിന് മുകളിലേക്ക് മിനിറ്റുകളുടെ ഇടവേളകളിൽ പറന്നുയരുന്ന
വിമാനക്കാഴ്ചകൾ…
അത്, കടലിനുമുകളിൽ പൊട്ടുപോലെ തെക്കും വടക്കുമായി ചെരിഞ്ഞുപറക്കുന്നു..

മടക്കയാത്രയിൽ പകൽവെളിച്ചത്തിൽ കണ്ടുതീർത്ത നഗരക്കാഴ്ചകളുടെ രാത്രിദൃശ്യങ്ങൾ..
വൈവിധ്യമുള്ള നിറങ്ങളിൽ വെട്ടിത്തിളങ്ങി നഗരം രാത്രിയിലേക്ക് ഉറക്കമുണരുകയാണ്..
തെരുവുകളിൽ ആൾത്തിരക്കേറുന്നു.
ആരവമൊടുങ്ങാതെ വാഹനങ്ങളുടെ പാച്ചിൽ..
എങ്കിലും ബഹുനിലക്കെട്ടിടങ്ങളുടെ നിഴൽവീണ ഇരുട്ടുവഴികൾ ഇപ്പോഴും
ബാന്ദ്രയിലും, അന്ധേരിയിലും, ധാരാവിയിലുമൊക്കെയുള്ള
വൃത്തിഹീനമായ ചേരിയിലേക്കുതന്നെ നീണ്ടുപോകുന്നു.
അതേ, മറ്റുനഗരങ്ങൾപോലെ തന്നെ , അല്ലെങ്കിൽ ഒരുപടി മുന്നിൽ
കറുപ്പും വെളുപ്പും കലർന്ന നഗരമാണ് മുംബൈയും…
കണ്ടു തീർക്കാൻ ഒരുപാട് കാഴ്ചകളുണ്ടവിടെ…!!!!!

Leave a Reply

Your email address will not be published. Required fields are marked *