വെയിൽ തീഷ്ണതയിൽ കത്തിനിൽക്കുന്ന കൽക്കത്തയിൽ സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ
1995 ൽ പുനർനാമകരണം ചെയ്യപ്പെട്ട മനോഹരമായ പഴയ ഡംഡം എയർപോർട്ടിൽ
വിമാനമിറങ്ങുമ്പോൾ സമയം 3 മണി കഴിഞ്ഞിരുന്നു. വലിപ്പം കൊണ്ടും മനോഹാരിത കൊണ്ടും
ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നാണിത്. സ്കൂൾ പഠനകാലത്ത് ഇന്ത്യയിലെ അന്തർദേശീയ വിമാനത്താവളങ്ങളെ പറ്റി പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമാണത്. എന്തുകൊണ്ടോ കൽക്കത്തയെയും ബംഗാളിനേയും അന്ന് വല്ലാതെ സ്നേഹിച്ചിരുന്നു.

വിശാലമായ ടെർമിനലിലൂടെ ബാഗേജ് ബെൽറ്റ് തേടി നടന്നു. ബെൽറ്റിലെത്തിയപ്പോഴേക്കും ലഗേജും എത്തിയിരുന്നു. ലഗേജുകൾ കൈപ്പറ്റി പുറത്തേക്ക് നടന്നു. ഉള്ളിൽ വിശപ്പിന്റെ കൊലവിളി.
ഡാർജിലിംഗ്-ഗാങ്ടോക്ക് യാത്രയ്ക്കായിറങ്ങിയതാണ്. ഇടയ്ക്ക് കൽക്കത്തയിൽ രണ്ടു ദിനം.
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രവിശ്യയുടെ കവാടമാണ് കൽക്കത്ത. 1911 വരെ
ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാന നഗരമായിരുന്ന പ്രൗഢഗംഭീരമായിരുന്ന പട്ടണം.
ബാല്യകാലത്ത് കേട്ടറിഞ്ഞ കൽക്കത്തയ്ക്ക് ഇന്നത്തേക്കാൾ പെരുമയുണ്ടായിരുന്നു.
മാത്രമല്ല ഇന്ത്യയിലെ മറ്റുനഗരങ്ങൾ അന്നിത്രത്തോളം വളർന്നിരുന്നില്ല. കാലം കഴിയുംതോറും
നഗരങ്ങൾക്കൊപ്പമുള്ള ഓട്ടപ്പാച്ചിലിൽ കൽക്കത്ത വല്ലാതെ പിന്തള്ളപ്പെട്ടതായി അനുഭവപ്പെടുന്നു.
ടെർമിനലിന് മുന്നിൽ തന്നെയുള്ള റെസ്റ്റോറന്റിലേക്ക് യാത്രാസംഘത്തോടൊപ്പം നടന്നു.
കോറിഡോറിൽ ലഗേജുകൾ സൂക്ഷിച്ച് ഡൈനിങ് ഏരിയയിലേക്ക് കയറി.
ചെറിയ ചതുരത്തിൽ നിരത്തിയിട്ടിരിക്കുന്ന തീൻമേശകൾ.
ഞെരുക്കം അനുഭവപ്പെടുന്നു.
പുറത്തെ ചൂടിൽനിന്നും ശീതീകരിച്ച റെസ്റ്റോറന്റ് താൽക്കാലികമായ ഒരു രക്ഷപ്പെടൽ തന്നെ.
ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചു. രാത്രി ഹോട്ടൽ മുറിയിലെത്തും മുമ്പുതന്നെ
നഗരം ഒന്ന് ചുറ്റേണ്ടതുണ്ട്.

ഇന്ത്യയിലെ മറ്റു നഗരങ്ങളിലെ പാതകൾപോലെ തന്നെ കൊൽക്കത്തയിലും വാഹനങ്ങൾ കുരുങ്ങി മുറുകുന്നു. ഓരോ വഴിയിലും ഭൂതകാലത്തിന്റെ ശേഷിപ്പുകൾപോലെ തകർന്ന കെട്ടിടങ്ങൾ.
ചിലയിടങ്ങൾ കണ്ടാൽ ഇന്ത്യയിലെ മഹാനഗരങ്ങളിലൊന്ന് തന്നെയോ ഇത് എന്ന ചിന്ത
ചിരിപ്പിക്കുന്നു. നഗരത്തെ ചുറ്റിക്കിടക്കുന്ന ഹൂഗ്ലീനദി പലയിടങ്ങളിലും മുഖംകാട്ടി ഒഴുകുന്നുണ്ട്.
വണ്ടിയിപ്പോൾ ഹൗറ പാലത്തിലൂടെ കടന്നുപോകുന്നു. ബ്രിട്ടീഷ് നിർമാണ വൈദഗ്ധ്യത്തിൽ
1943 ൽ കൽക്കത്തയെയും വ്യാവസായിക കേന്ദ്രമായ ഹൗറയേയും ബന്ധിപ്പിക്കാൻ നിർമ്മിച്ച പാലം.
ദിനം പ്രതി ഒന്നര ലക്ഷത്തോളം ഇരുചക്രവാഹനങ്ങളും ഒരു ലക്ഷത്തോളം മറ്റു വാഹനങ്ങളും
ഇതുവഴി കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. കൊൽക്കത്തയുടെ ലാന്റ് മാർക്കാണിത്.
1965 ജൂൺ 14 ന് രവീന്ദ്രസേതു എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ പാലം പൂർണമായും ഉരുക്കിൽ നിർമ്മിച്ചതാണ്.

ഹൂഗ്ലീനദിയുടെ കരയിലെ ലോകപ്രസിദ്ധമായ ദക്ഷിണേശ്വർ കാളീക്ഷേത്രത്തിലെത്തിയപ്പോഴേക്കും ഇരുട്ടുവീണ് തുടങ്ങിയിരുന്നു. കാളീഘട്ട് എന്ന പേരിൽ നിന്നാണ് കൽക്കത്ത
എന്ന സ്ഥലനാമം ഉണ്ടായതെന്ന് ദേശചരിത്രം പറയുന്നു. നദീതീരത്ത് വ്യത്യസ്തമായൊരു
വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ട മനോഹരമായൊരു ക്ഷേത്രം. 1855 നിർമ്മിക്കപ്പെട്ടതാണിത്.
സ്വാമി വിവേകാനന്ദന്റെയും അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടേയും
ജീവിതം ഈ കാളീ മാതാ ക്ഷേത്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. വലിയ ചത്വരത്തിൽ
പ്രധാന പ്രതിഷ്ഠയായ ദേവി ക്ഷേത്രത്തെ കൂടാതെ ഒരു രാധാകൃഷ്ണ ക്ഷേത്രവും 12 ശിവമന്ദിരങ്ങളും
ചേർന്നതാണ് ക്ഷേത്രസമുച്ചയം. ഹൂഗ്ലീ നദീതീരത്തെ സ്നാനഘട്ടും ഇതിനോട് കൂട്ടിച്ചേർക്കുന്നു.
ജലസമൃദ്ധമാണ് ഹൂഗ്ലി. നദിയ്ക്ക് കുറുകെ ഇപ്പോൾ വിവേകാനന്ദസേതു എന്ന ബെയ്‌ലി പാലം കാണാം.
രവീന്ദ്രസേതു എന്ന ഹൗറാപാലം കൂടാതെ വിവേകാനന്ദ സേതു, വിദ്യാസാഗർ സേതു, നിവേദിത സേതു
എന്നിങ്ങനെ നാല് പാലങ്ങൾ ഹൂഗ്ളീ നദിക്കു കുറുകെ കൊൽക്കത്തയെ ഹൗറയുമായി ബന്ധിപ്പിക്കുന്നു.
ക്ഷേത്രത്തിൽ നിന്നും ബേലൂർ മഠത്തിലേക്കായിരുന്നു അടുത്ത യാത്ര. സ്വാമി വിവേകാന്ദൻ സ്ഥാപിച്ച
ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനം. നദിയുടെ കരയിൽ നിർമ്മിക്കപ്പെട്ട ആശ്രമം. അതിന്റെ
നിർമ്മാണത്തിൽ ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ ബുദ്ധ മുദ്രകൾ അടയാളപ്പെടുത്തിയിരിക്കുന്നു.
മരങ്ങൾ നിറഞ്ഞ പുൽമൈതാനത്തിന്റെ ഇടവഴിയിലൂടെ നടന്നു. നേരം രാത്രിയായിരുന്നു.
അടഞ്ഞ താഴുകൾ മാത്രം. പതുക്കെ പുറത്തേക്ക് നടന്നു. ഹോട്ടലിലേക്കുള്ള യാത്ര തുടങ്ങി.
അധികദൂരം പോകേണ്ടിവന്നില്ല , സാൾട്ട്ലേക്ക് സ്റ്റേഡിയത്തിനുമുന്നിൽ വഴിയരുകിൽ
യാത്രാകമ്പനി ബുക്കുചെയ്തിരുന്ന ഹോട്ടൽ കാണപ്പെട്ടു. റൂമിലെത്തി വളരെവേഗം ഫ്രഷായി
പുറത്തിറങ്ങി. റെസ്റ്റോറന്റിൽ തയാറാക്കി വെച്ചിരുന്ന ഭക്ഷണം കഴിച്ചു.

കൽക്കത്തയിലെ തെരുവുകളിലൂടെയുള്ള ഒരു രാത്രിസഞ്ചാരം ഒരുപാട് നാളത്തെ മോഹമായിരുന്നു.
തലയെടുത്തു നിൽക്കുന്ന കെട്ടിടങ്ങളുടെ, തിളങ്ങുന്ന പാതകളുടെ കാഴ്ചകൾക്കിടയിലൂടെ
നൂണ്ടുകേറിയാൽ അധികം യാത്രചെയ്യാതെ തന്നെ തെരുവ് ജീവിതങ്ങളുടെ തനതു കാഴ്ചയുമായി
ഇരുണ്ട ഗലികളെ കണ്ടെത്താം. അതിന്റെ രാത്രിക്ക് ജീവിതത്തിന്റെ ഗന്ധമുണ്ടാകും.
മുറിവുകളിൽ ഉപ്പുനീറ്റലും തുറന്ന കണ്ണുകളിൽ മുളക് തേച്ചുനീറുംപോലെ കാഴ്ചയുടെ പിടച്ചിലും.
ടൂർ മാനേജർ വളരെ പെട്ടന്നുതന്നെ ഒരു ടാക്സി ഒരുക്കിത്തന്നു. തെരുവുജീവിതത്തിന്റെ
ചിത്രങ്ങൾ പകർത്താനായി ക്യാമറ കയ്യിൽ കരുതിയിരുന്നു. കാർ തിരക്കൊഴിഞ്ഞ കൽക്കത്തയുടെ
ഇരുട്ടിലേക്ക് ഊളിയിട്ടു. കടൽസസ്യങ്ങൾക്കിടയിലൂടെ നൂണ്ടുപോകുന്ന മത്സ്യത്തെപ്പോലെ
അതിപ്പോൾ സൈക്കിൾറിക്ഷകളും ഉന്തുവണ്ടികളും മുഷിഞ്ഞ മനുഷ്യരുമൊക്കെയുള്ള
തെരുവിലൂടെ പായുന്നു. മാനംമുട്ടി നിൽക്കുന്ന കെട്ടിടങ്ങൾക്കിടയിലൂടെ നിരവധി
ട്രാക്കുകളുള്ള റോഡിലൂടെ ചീറിപ്പായുമ്പോൾ കാണുന്ന ജീവിതമല്ലിത്.പകൽ മുഴുവൻ വെയിൽകൊണ്ട്
നഗരത്തിന്റെ പൊള്ളലിൽ തലചായ്ക്കുന്നവർ. ടിൻഷീറ്റ് മേഞ്ഞ കൂരകളിലേക്ക് പായുന്ന
പച്ച മനുഷ്യരുടെ കൂട്ടപ്പൊരിച്ചിൽ. വളവിനപ്പുറം കണ്ട നഗരത്തിന്റെ സമ്പന്നമുഖമല്ലിത്…
ദുർഗന്ധം വമിക്കുന്ന ഓടകൾ ഞരമ്പുകൾപോലെ നഗരത്തെ വലിച്ചുമുറുക്കുന്നു.
ഇരുട്ട് മുറ്റും വരെ ആ വണ്ടി തെരുവുകളെ അരിച്ചുപെറുക്കി നടന്നു…

കൽക്കത്തയിലെ ആദ്യത്തെ പ്രഭാതത്തിലേക്കാണ് കണ്ണുതുറന്നത്. ജനാലയ്ക്കപ്പുറം
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ പച്ചപ്പ്. ഒരു ദിനം കൂടി കൊൽക്കത്തയിൽ തങ്ങേണ്ടതുണ്ട്.
ഒരു പകൽകൊണ്ടൊന്നും കണ്ടു തീർക്കാൻ കഴിയുന്ന നഗരമല്ലിത്. എങ്കിലും പ്രധാനമെന്ന്
കരുതുന്ന ചിലയിടങ്ങൾ. അതിൽ മദർ തെരേസയുടെ മിഷിനറീസ് ഓഫ് ചാരിറ്റിയും
ടാഗോർഹൗസും, വിക്ടോറിയ മേമ്മോറിയലുമൊക്കെ ഉൾപ്പെടുന്നു. നഗരപരിധിക്കുള്ളിൽ തന്നെയായിരുന്നു മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം. 1950 ൽ മദർ തെരേസ
സ്ഥാപിച്ചതാണിത്. പാതയോരത്തെ കെട്ടിടങ്ങൾക്കിടയിൽ ഇടുങ്ങിയ വഴിയിലൂടെ
ഉള്ളിലേക്ക് കടന്നു. മദറിന്റെ ശരീരം അടക്കം ചെയ്ത ഹാളിനുള്ളിൽ പ്രാർത്ഥനാനിർഭരം
നിമിഷങ്ങൾ. വിദേശരാജ്യങ്ങളിൽ നിന്നും സേവനസന്നദ്ധരായി ഇവിടേക്കെത്തുന്ന നിരവധി മനുഷ്യരെ കാണാൻ കഴിഞ്ഞു. മദറിന്റെ അന്ത്യനാളുകൾ കഴിച്ചുകൂട്ടിയ മുറി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
വിക്ടോറിയ മെമ്മോറിയൽ മ്യൂസിയത്തിലേക്കായിരുന്നു അടുത്ത യാത്ര. 1901 മരണപ്പെട്ട
വിക്ടോറിയ രാഞ്ജിയുടെ ഓർമ്മയ്ക്കായി ഹൂഗ്ളീ നദിയുടെ തീരത്ത് അന്നത്തെ വൈസ്രോയിയായിരുന്ന
കഴ്‌സൺ പ്രഭുവിന്റെ നിർദ്ദേശത്തിൽ വില്യം എമേഴ്‌സൺ മാർബിളിൽ നിർമ്മിച്ച മനോഹരമായ
കെട്ടിടം. 1906 ൽ തറക്കല്ലിട്ട കെട്ടിടം 1921 ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
മനോഹരമായൊരു മൈതാനത്തിനു നടുവിൽ വെളുത്ത മാർബിളിൽ തിളങ്ങിനിൽക്കുന്ന
കെട്ടിടം. ആയിരക്കണക്കിന് സന്ദർശകരാണ് വർഷം തോറും ഇവിടേക്കെത്തുന്നത്.
നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് ശാന്തസുന്ദരമായ ഭൂമിയിലാണിത് നിർമ്മിച്ചിരിക്കുന്നത്.
വളരെ വേഗം കാഴ്ചകൾ കണ്ട് പുറത്തേക്കിറങ്ങി.
ട്രാമുകൾ നിറയുന്ന പാതയുടെ ഇടയിൽ പഴയ തെരുവിനോട് ചേർന്ന് ടാഗോർ മന്ദിരം…
അധികമൊന്നും കാണുവാനുണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ ജീവചരിത്രമൊഴികെ…

വെയിൽ കനക്കുന്നു..
തെരുവുകളും റോഡുകളും വലിഞ്ഞുമുറുകുന്നു..
കൊൽക്കത്തയുടെ ഇരുണ്ട ഗലികളിലൂടെ വണ്ടിപായുമ്പോൾ തലേന്ന് രാത്രികണ്ട മുഷിഞ്ഞ
ജീവിതങ്ങൾ തെരുവിൽ വിയർപ്പിൽ മുങ്ങിനിൽക്കുന്നത് കണ്ടു.
നിരന്നു കിടക്കുന്ന സൈക്കിൾ റിക്ഷകൾ..
കൈവണ്ടികൾ..
ചെരുപ്പുതുന്നുന്നവർ…
പാതയോരത്തിരുന്ന് പൊരിവെയിലിൽ ക്ഷൗരം ചെയ്തു നൽകുന്നവർ…
തെരുവുകച്ചവടക്കാർ…
പുതിയ കാലത്തിലേക്ക് ഈ നഗരം വളർന്നിട്ടില്ല..
പഴക്കം പുകതുപ്പുന്ന യാത്രാബസുകൾ ഒരു തരത്തിലും ഒരു മെട്രോ നഗരത്തിന്
ചേരുന്ന കാഴ്ചയായിരുന്നില്ല.. റോഡിലൂടെ തലങ്ങുംവിലങ്ങും പായുന്ന ട്രാമുകൾ..
ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ നിന്നും പിന്തള്ളപ്പെട്ട അംബാസിഡർ കാറുകൾ ടാക്സികളായി നിറയുന്നു.
ബ്രിട്ടീഷ് നിർമ്മിതമായ ചുവന്നകെട്ടിടങ്ങളാണിപ്പോഴും നഗരത്തിന് ഭംഗികൂട്ടുന്നത്.
ആകാശത്തേക്ക് വളരുന്ന കൂറ്റൻ കെട്ടിടങ്ങൾക്കൊപ്പം,
നഗരം പുറംതള്ളുന്ന ചെളിയും അഴുക്കും പേറുന്ന ഇരുണ്ട ഗലികളും അവിടുത്തെ മുഷിഞ്ഞു
മങ്ങിയ ജീവിതം നയിക്കുന്ന മനുഷ്യരും ഉയർന്നുവന്നാൽ മാത്രമേ, ഒരു നഗരവും
അവിടുത്തെ ജനതയും പൂർണ്ണമായ അർത്ഥത്തിൽ വളർന്നിരിക്കുന്നു എന്ന് നമുക്ക്
പറയാൻ കഴിയുകയുള്ളൂ…
ഒരു പക്ഷെ,
ഒരു കാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഈ നഗരം പ്രൗഢമായ ഭൂതകാലത്തിലേക്ക്
വളരെ വേഗം തിരിച്ചുവന്നേക്കാം….
