ഔലി-മഞ്ഞുകാറ്റിന്റെ  മേൽക്കൂട്‌

ഹോട്ടൽ നാരായൺപാലസിന്റെ പോർട്ടിക്കോയിൽ ലെഗേജുമായി കാത്തിരിപ്പ് തുടങ്ങിയിട്ട്
അരമണിക്കൂറായി..
തലേന്നുരാത്രിയിൽ സംസാരിച്ചപ്പോൾ മോനുഖാനോട് രാവിലെ 9 മണിക്ക്
പുറപ്പെട്ടാൽ മതിയെന്നു പറഞ്ഞത്
ഞങ്ങൾ തന്നെയാണ്.
അതുകൊണ്ട് കുറ്റം അയാളുടേതല്ല, ഞങ്ങളുടേതാണ്..
ഇതിപ്പോൾ 8 .30 നു തന്നെ ഭാണ്ഡം മുറുക്കി പുറത്തെത്തി വണ്ടി കാത്തിരിക്കുന്നു.
മുന്നിലെ ചെമ്മൺപാതയുടെ അരികിൽ ചെറിയ പാർക്കിങ് ഏരിയായുടെ നടുവിൽ
കാറുകിടപ്പുണ്ട്. അയാൾ അതിലുണ്ടായിരുന്നില്ല…
മൊബൈൽ റേഞ്ചില്ലാത്തതിനാൽ വിളിച്ചിട്ടും കാര്യമില്ല..
ഇത്തരം യാത്രകളിൽ സമയം വളരെ പ്രധാനപ്പെട്ടതാണ്.
പറയുന്ന സമയം കൃത്യമായി പാലിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കുകയും ചെയ്യും.
ഹിമാലയത്തിൽ ഒരല്പം മുന്നേ വെയിൽ പരക്കുന്നതിനാൽ പ്രതീക്ഷിച്ചതിലും
നേരത്തെ ഉണർന്നിരുന്നു.
അതാണിങ്ങനെ സംഭവിച്ചത്..

ചെരിവിനപ്പുറം അളകനന്ദ,
കെട്ടുപൊട്ടിച്ച് പായുന്ന മൃഗത്തെ പോലെ അലറിവിളിച്ച്,
കുതറിത്തെറിച്ച്
താഴേക്ക് പായുന്നുണ്ട്.
സമയം 9 മണി.
കിഴക്കുനിന്നും തുളച്ച കയറുന്ന പ്രഭാതസൂര്യന്റെ, സൂചിത്തുമ്പിൻ തിളക്കമുള്ള പ്രകാശത്തിനിടയിൽ നിന്നും ഉടയാത്ത, ഇളം നീല യൂണിഫോം ധരിച്ച് മോനുഖാൻ കടന്നുവന്നു.
ലഗേജുമായി ഞങ്ങൾ പുറത്തുനിൽക്കുന്നത് കണ്ടിട്ടാകും അയാളൊന്നു പരുങ്ങി.
യഥാർത്ഥത്തിൽ അയാൾ കൃത്യസമയം പാലിക്കുകയാണ് ചെയ്തത്..

കാറിനുമുന്നിൽ ചില വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്.
അത് മാറ്റേണ്ടതുണ്ട്..
ചുറ്റും പരതി നടന്നു.
തെരുവിൽ നിന്നും അതിന്റെ ഡ്രൈവർമാരെ കണ്ടെടുത്തു.
കാർ പുറത്തെടുത്തപ്പോഴേക്കും പിന്നെയും പതിനഞ്ചുമിനിറ്റ് വൈകി.
ധൃതിപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല..
സത്യത്തിൽ അധികദൂരം സഞ്ചരിക്കേണ്ടതില്ല..
50 കിലോമീറ്റർ അകലെ ജോഷിമഠിലാണിന്ന് താമസം.
പോകും വഴി വിഷ്ണുപ്രയാഗിൽ ഒന്നിറങ്ങുക.. പിന്നെ 15 കിലോമീറ്റർ അകലെ ഔലി…

വണ്ടി പുറപ്പെട്ടു..
ഇരുട്ടുപറ്റി ഇങ്ങോട്ടെത്തിയ വഴികളിലിപ്പോൾ വെയിൽ ചായം നിറച്ചിരിക്കുന്നു.
ഇരുട്ടിൽ മുങ്ങിക്കിടന്ന മലനിരകളിൽ വെയിൽത്തിളക്കം.
സഞ്ചരിച്ച വഴികളിൽ മികച്ചതൊന്നിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ
ഉറപ്പായും ജോഷിമഠിൽ നിന്നും ബദരീനാഥിലേക്കുള്ള ഈ വഴി ഞാൻ തെരഞ്ഞെടുത്തുപോയേക്കാം..
അത്രത്തോളം അതെന്നെ കൊതിപ്പിക്കുകയും, ഭീതിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വണ്ടിയിപ്പോൾ വിഷ്ണുപ്രയാഗിലെത്തി..
അളകനന്ദയുടെ പ്രയാഗുകളിൽ ഇതിപ്പോൾ രണ്ടാമത്തേതാണ്.
ഇവിടെ, കിഴക്കേ ചെരിവിൽ നിന്നും ഒഴുകിയെത്തുന്ന ദോലീഗംഗ,
പർവ്വതങ്ങളെ
പിളർന്നെത്തുന്ന അളകനന്ദയിൽ ചേരുന്നു.
ഹിമനദികളുടെ വശ്യതയും സൗന്ദര്യവും പൂർണ്ണമായ അർത്ഥത്തിൽ
ദർശിക്കാൻ കഴിയുന്നുണ്ടിവിടെ…!!
പച്ചയും നീലയും കലർന്ന മനോഹരമായ ദൃശ്യം.
പ്രയാഗിലേക്കിറങ്ങിച്ചെല്ലാൻ പടവുകൾ നിർമ്മിച്ചിട്ടുണ്ട്.
അതിന് സമീപത്തായി ചെറിയൊരു ക്ഷേത്രം.
ദോലീഗംഗയ്ക്ക് കുറുകെ ഉരുക്കിൽ നിർമ്മിച്ച തൂക്കുപാലം മനോഹരമായൊരു
കാഴ്ചയാണ്.
ഹിമാലയത്തിലെ നദികൾക്ക് കുറുകെ ജനനിബിഡ മേഖലകളിലൊക്കെ ഇത്തരം
പാലങ്ങൾ കാണാൻ കഴിയും.
പലപ്പോഴും നദിയ്ക്കപ്പുറം പർവ്വതത്തിന്റെ ചെരിവിൽ, പച്ചപ്പിനിടയിൽ
ചില ഗ്രാമങ്ങൾ നിശബ്ദമായി തലപൊക്കിനോക്കാറുണ്ട്.
ഓരോ ഗ്രാമത്തിനും ഓരോ കാഴ്ചയാണ്.
ഋതുഭേദങ്ങൾക്കിടയിൽ ആ കാഴ്ച നിറങ്ങൾ മാറ്റിക്കളിക്കും..
തിരക്കുപിടിച്ച ജീവിതത്തിന്റെ അസ്വസ്ഥതകളെ പുഴയിലേക്കെറിഞ്ഞ്,
പലനാളുകൾ, അതിലൊരു ഗ്രാമത്തിന്റെ ഇതളുകൾക്കിടയിൽ മുഖം പൂഴ്ത്തിക്കിടക്കണം.
മഞ്ഞുപാളിയിൽ നിന്നൂർന്നു വരുന്ന ജലത്തിന്റെ അവസാനതുള്ളിയും
നദിയിലൂടൊഴുകിപ്പോയാൽ, പച്ചനിറയുന്ന അതിന്റെ കൊച്ചുവഴികളിലൂടെ
നദിക്കരയിൽ അലസം നടക്കുന്ന സായാഹ്നങ്ങൾ വെറുതേ, കൊതിച്ചുപോകുന്നു.

വെയിലിന് തീപിടിക്കും മുമ്പ് വണ്ടി ജോഷിമഠിലേക്കുള്ള കുന്നുകയറി.
രണ്ടുദിനം മുമ്പ് കണ്ട സായാഹ്നത്തിൽ നിന്നൊരല്പം വ്യത്യാസമുണ്ട് ജോഷിമഠിന്.
ജനത്തിരക്ക് നന്നേ കുറവ്..
ഔലിയിലേക്കാണിനി യാത്ര.
ബദരിയിലേക്കുള്ള യാത്രയിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത ഒന്ന്..

നന്ദാദേവി ദേശീയ ഉദ്യാനത്തിലെ മനോഹരമായ ഹിൽസ്റ്റേഷനാണ് ഔലി.
ജോഷിമഠിൽ നിന്നും പതിനഞ്ച് കിലോമീറ്റർ അകലം.
ഇന്ത്യയുടെ സ്കീയിങ് ക്യാപ്പിറ്റൽ എന്നറിയപ്പെടുന്ന മനോഹരമായ മഞ്ഞുകാല വിനോദകേന്ദ്രമാണിത്.
വിന്ററിൽ ഈ മലഞ്ചെരിവ് മുഴുവൻ മഞ്ഞിൽ പുതഞ്ഞുകിടക്കും.
സ്കീയിങ്, സ്‌കേറ്റിങ്, സ്ലെഡ്ജിങ്, മറ്റു മോട്ടോർ വാഹനവിനോദങ്ങൾ..
സഞ്ചാരികളുടെ ഒഴുക്കുണ്ടാകും അക്കാലത്ത് ഇവിടേക്ക്…
കുന്നുകളുടെ ഈ ചെരിവ് തന്നെയാണ് സ്കീയിങ് അഭ്യാസികൾ ഇവിടെ തെരഞ്ഞെടുക്കാനുള്ള
പ്രധാന കാരണം.
മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ഔലി കാണാൻ വല്ലാത്ത മോഹം തോന്നുന്നു.
ചുറ്റും കാണുന്ന കാടിനെ വിഴുങ്ങി മഞ്ഞുമലകൾ നയിക്കുന്ന ധവളവിപ്ലവമാണ് ഓരോ മഞ്ഞുകാലവും.
കോണിഫെറസ് മരങ്ങളിൽ മഞ്ഞുപെയ്തുനിറയുന്നതും മനോഹരമായ ഒരു കാഴ്ചതന്നെ..
പിരമിഡുകൾ പോലെ ഉയർന്നുനിൽക്കുന്ന കുന്നുകൾ മഞ്ഞിൽപൊതിഞ്ഞ്
ചുറ്റും കൂട്ടംകൂടി നിൽക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമ്മിത തടാകമാണ് മറ്റൊരാകർഷണം.
ഔലി സഞ്ചാരികൾക്കായി ഒരുക്കിവെച്ചിരിക്കുന്ന അടയാളങ്ങളിലൊന്നാണത്..

ഗർവാൾ റൈഫിൾസിന്റെ സൗത്ത് ബറ്റാലിയനെ ഗർവാൾ സ്കൗട്സ് എന്നാണറിയപ്പെടുക.
ഗർവാൾ സ്കൗട്സിന്റെ അതിവിശാലമായ ക്യാമ്പ് ജോഷിമഠിന് മുകളിൽ മലഞ്ചെരിവിലായി
സ്ഥിതിചെയ്യുന്നു.
വിശാലമായ മിലിട്ടറി ക്യാമ്പിനുള്ളിലെ ടാർവഴിയിലൂടെയാണിപ്പോൾ വണ്ടിപോകുന്നത്
ഔലിയിലേക്കാണീ യാത്ര.
നന്ദദേവീ നാഷണൽ പാർക്കിന്റെ ഭാഗമായ ഗോർസൺ റിസർവ് ഫോറസ്റ്റിലൂടെയുള്ള
സുന്ദരമായ യാത്ര.
അപൂർവ്വയിനം ഹിമാലയൻ വന്യജീവികളെ കണ്ടുവരുന്ന വനമേഖലയാണിത്.
മഞ്ഞുപുലികൾ,
കസ്തൂരിമാൻ,
കഴുതപ്പുലി,
കാട്ടുപൂച്ച,
ചെന്നായ്,
കുറുക്കൻ,
കരടി… അങ്ങനെ പട്ടിക നീളുന്നു..
അടിക്കാട് തുരന്ന് കടന്നുപോകുന്ന പാത സുന്ദരമായ കാഴ്ചകളെ സമ്മാനിക്കുന്നു.
ചുറ്റിലും കോണിഫെറസ് മരങ്ങൾ..
ഓക്ക്,
ദേവദാരു,
പൈൻ,
ബുറാഷ്… അങ്ങനെ നീളുന്നു അതിന്റെ പേരുകൾ..
വൃക്ഷത്തലപ്പുകൾക്ക് മീതെ ഇലകളെ തൊട്ട് ഏഷ്യയിലെ ഏറ്റവും വലിയ കേബിൾക്കാർ
കുന്നുകയറിവരുന്നു.
മഞ്ഞൊഴിഞ്ഞ മാസമായതിനാൽ പച്ചപ്പിന്റെ കൂടാണിപ്പോൾ ഔലിയിലെ
മലഞ്ചെരിവുകൾ.
ഏതുകാഴ്ചയിലും സുന്ദരമായ അനുഭവം.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലം പലനിറങ്ങളിൽ ചെടികൾ പൂത്ത്
താഴ് വരയിൽ വസന്തം നിറയ്ക്കുന്നുണ്ട്.
ഏറെ അകലെയല്ലാത്ത വാലി ഓഫ് ഫ്ലവേഴ്‌സിൽ കാണുന്ന പലയിനം ചെടികൾ
ഈ മലഞ്ചെരിവിൽ പൂത്തുനിൽക്കുന്നുണ്ട്.
ഒരു കിലോമീറ്റർ ദൂരത്തിൽ കുന്നിൻ മുകളിലേക്ക് പ്രൈവറ്റ് കമ്പനി നടത്തുന്ന ചെയർ ലിഫ്റ്റ്
ഇവിടെ ലഭ്യമാണ്.
അടച്ചുപൂട്ടലുകളില്ലാതെ ആകാശത്തിന്റെ തുറന്ന കാഴ്ചയാണത് സഞ്ചാരികൾക്ക് നൽകുന്നത്.
മലഞ്ചെരിവിലൂടെ തുമ്പികളെപ്പോലെയത് പറന്നുനടക്കുന്നു.

ജോഷിമഠിലേക്ക് തിരിച്ചെത്തി.
കേബിൾകാർ സ്റ്റേഷന് മുന്നിൽ
മോനുഖാൻ വണ്ടിയൊതുക്കി.
ഔലിയിലേക്ക് ഒരിക്കൽക്കൂടി യാത്ര ചെയ്യുന്നു.
ഇനി കേബിൾകാറിലാണ് ഈ യാത്ര..
കേദാർനാഥിൽ ഹെലിക്കോപ്റ്റർ സർവീസ് നടത്തുന്ന GWVN തന്നെയാണ് ഇവിടെ
കേബിൾകാർ സർവീസും നടത്തുന്നത്.
ഒരു കാറിൽ പതിനഞ്ചിലധികം യാത്രക്കാർക്ക് ഒരേ സമയം യാത്രചെയ്യാം.
ബസിനുള്ളിൽ എന്നപോലെ പുറം കാഴ്ചകൾ കണ്ട്,
യാത്രചെയ്യാനുള്ള സൗകര്യമാണതിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
4 കിലോമീറ്റർ ദൂരം,
മലനിരയിൽ ഉറപ്പിച്ചിരിക്കുന്ന10 തൂണുകൾ,
15 മിനുട്ട് യാത്ര.

ഒരു ഡസനോളമുള്ള ഗുജറാത്തി സംഘത്തോടൊപ്പം യാത്ര തുടങ്ങി.
ഇതുവരെ കണ്ട കാഴ്ചയായിരുന്നില്ല അത്,
ജോഷിമഠിന്റെ മനോഹരമായ ദൃശ്യം താഴെ,
മഞ്ഞുമൂടിക്കിടക്കുന്ന മലഞ്ചെരിവുകൾ.
കാറ്റുചുറ്റി നടക്കുന്ന താഴ് വരകൾ..
പർവതങ്ങൾക്ക് മുകളിലൂടെ പറന്നുനടക്കും പോലെ..
തട്ടുതട്ടായി അടുക്കിനിർത്തിയിരിക്കുന്ന പട്ടണത്തിന് മുകളിൽ പഞ്ഞിക്കെട്ടുകൾപോലെ
വെളുത്ത മേഘക്കൂട്ടങ്ങൾ പറന്നുനടക്കുന്നു.
താഴെ,
വീടുകൾ,
കൃഷിയിടങ്ങൾ,
സഞ്ചാരികൾക്കായി നിർമ്മിച്ചിരിക്കുന്ന കോട്ടേജുകൾ,
അതിന്റെ മുറ്റത്തെ ആപ്പിൾമരങ്ങൾ….
അങ്ങനെ ഒന്നൊന്നായി പിന്നിടുന്നു..
അതിപ്പോൾ മരങ്ങൾക്ക് മുകളിലൂടെ പറക്കുകയാണ്
ഒരു തൂവൽ കൊഴിഞ്ഞുവീഴും പോലെ മൃദുവാണത്..
താഴെയിപ്പോൾ,
കാടിനുള്ളിൽ വളഞ്ഞുപുളഞ്ഞ് പാത കടന്നുപോകുന്നു.
മനോഹരമായ കാഴ്ചയാണത്..
കാടുകടന്നിപ്പോൾ കേബിൾ കാർ,
ഒരു വലിയ പുൽമേടിന് മുകളിലൂടെ യാത്ര ചെയ്യുന്നു.
കുന്നിൻ മുകളിൽ സ്റ്റേഷൻ കാണുന്നുണ്ട്…!!
തണുപ്പ് ഉടലിനെ ചുറ്റിപ്പിടിക്കുന്നു.

സ്റ്റേഷനിലിറങ്ങി.
4 കിലോമീറ്റർ താഴെയുള്ള ജോഷിമഠിലെ കാലാവസ്ഥയായിരുന്നില്ല ഇവിടെ,
ഉച്ചവെയിലിനെ താഴേക്ക് പായിച്ച് മഞ്ഞുകാറ്റിന്റെ പ്രയാണമാണിവിടെ.
നോക്കി നിൽക്കെ കോടമഞ്ഞ് മൂടി,
ചുറ്റും നിന്ന മനുഷ്യരെ മായാജാലം എന്നപോലെ നിമിഷനേരത്തേക്ക് മായ്ച്ചുകളഞ്ഞു.
പുറത്തെ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയാതെ
സ്റ്റേഷനുള്ളിലേക്ക് കയറി. ചൂടുള്ള ചായയും, എരിവുള്ള പക്കോടയും കഴിച്ചു.
മഞ്ഞുകാറ്റ് ശമിച്ചപ്പോഴേക്കും പുറത്തേക്കിറങ്ങി.
താഴ് വരയുടെ ചിത്രങ്ങൾ പകർത്തി.
കേബിൾ കാറിന്റെ സ്റ്റേഷന് മുകളിൽ പുൽമേടുകൾക്കപ്പുറം വീണ്ടും
കാടുതുടങ്ങുന്നു.
മലഞ്ചെരിവിൽ കുതിരസവാരിക്കായി വിലപേശുന്നുണ്ട് കുതിരക്കാർ.
കാടിനുള്ളിൽ ട്രെക്കിങ്ങിനുള്ള സൗകര്യവും ലഭ്യമാണിവിടെ.

ചിന്തിച്ചുപോയി..
സെപ്റ്റംബറിൽ ഔലി ഇതാണെങ്കിൽ
ഡിസംബറിലെ മഞ്ഞുകാലം..?
വിശാലമായ താഴ് വരയിൽ ചുറ്റിനടക്കുന്ന കാറ്റിന്റെ സുന്ദരമായ അനുഭവമാണ്
ഔലിയെ മറ്റു ഹിൽസ്റ്റേഷനിൽ നിന്നും വ്യത്യസ്തമാക്കുന്നത്..!!

താഴേക്കുള്ള യാത്ര തുടങ്ങി.
താഴ് വരയെ ചുറ്റുന്ന മഞ്ഞുകാറ്റിന് മുകളിൽ ഒരു മേൽക്കൂടുപോലെ
ഔലി ഇപ്പോൾ മല മുകളിൽ
കാണുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *