കാറ്റ് കൈ നീട്ടുന്ന ബോഡിമെട്ട്

ബോഡിമെട്ട്…
മനോഹരമായ കാഴ്ചയാണത്
രണ്ടായിരത്തിന്റെ ആദ്യപകുതിയിൽ പൂപ്പാറ എന്ന ചെറിയ പട്ടണത്തിൽ ജോലിചെയ്യുന്ന
കാലം മുതൽ കൊണ്ടുനടന്ന മോഹം. കാലങ്ങൾ വേണ്ടിവന്നു അതു സഫലമാകാൻ.

കഴിഞ്ഞ ദിനം പകലൊടുങ്ങിയപ്പോൾ എത്തിയതാണ് മൂന്നാറിൽ. ഇറുകിപിടിക്കുന്ന
സ്വെറ്ററിനുള്ളിലേക്ക്
ഇരപിടിക്കാനെന്നപോലെ
ഇഴഞ്ഞെത്തുന്ന
തണുപ്പിനെ ആസ്വദിച്ച് മഞ്ഞുവീണ തെരുവിലൂടെ രാത്രികൊണ്ടുനടന്നു.
തെരുവിലെ ആഘോഷങ്ങൾക്കൊടുവിൽ, എപ്പോഴോ ഹോട്ടൽമുറിയിലേക്ക് മടങ്ങി.
മഞ്ഞും തണുപ്പും ചുരുണ്ടുകൂടിയ കിടക്കയിൽ പുതച്ചുമൂടിക്കിടന്നു.

മുപ്പത്തിയാറ് കിലോമീറ്ററുണ്ട് മൂന്നാറിൽ നിന്നും ബോഡിമെട്ടിലേക്ക്..
കാടിന്റെ ജീവനെ വിഴുങ്ങിത്തുടങ്ങിയ വേനൽ, വഴിയോരത്ത് കത്തിയാളുന്നുണ്ട്..
പച്ച നഷ്ടപ്പെട്ട കാട്..
മഴ പെയ്തുനിറയുന്ന മൺസൂണിലാണ് കാടുകയറേണ്ടത്…
അരിച്ചുകയറുന്ന മഴയുടെ തണുപ്പും
അടിക്കാടുകളിൽ പെയ്തുവീഴുന്ന മഴയുടെ മുഴക്കവും
അനുഭവിച്ചറിയണം…
മഴമരങ്ങളിൽ നിന്നും ഇറ്റുവീഴുന്ന മഴത്തുള്ളികൾകൊണ്ട്
ഇടയ്ക്കിടെ ഉള്ളു നനയ്ക്കണം..

മൂന്നാറിൽ നിന്നും പൂപ്പാറ എത്തിയപ്പോഴേക്കും വെയിൽ വഴിയിലേക്കിറങ്ങിയിരുന്നു..
ഉച്ചവെയിൽച്ചൂടിൽ തിളച്ചുമറിഞ്ഞ് ഏതോ രാഷ്ട്രീയപ്പാർട്ടിയുടെ ജാഥ പോകുന്നു.
ചെറിയ ഗതാഗത കുരുക്ക്..
തേനി റോഡിലേക്ക് വണ്ടിതിരിച്ചു. തേയിലക്കാടുകൾക്ക് പിന്നിലെ മലഞ്ചെരിവിൽ കണ്ട
സിനിമാടാക്കീസ് എന്നോ പൂട്ടിപ്പോയിരിക്കുന്നു…
തുരുമ്പുവീണു ദ്രവിച്ച താഴിൽ കാലപ്പഴക്കത്തിന്റെ അടയാളം…
ഏലക്കാടുകൾക്കിടയിലൂടെ വണ്ടി നീങ്ങി..
കാടിന്റെ വന്യത സമ്മാനിക്കുംവിധം റോഡിലേക്ക് പടർന്നിറങ്ങിയ അടിക്കാടുകൾ
വെയിൽച്ചൂടിനെ ആട്ടിയോടിക്കുന്നു…
അധികദൂരം പിന്നിട്ടില്ല മലമുകളിൽ ചെക്ക്പോസ്റ്റു കണ്ടു. വണ്ടി മുഴുവൻ അരിച്ചുപെറുക്കി.
കാടുകളും കാഴ്ചകളും ലഹരിയാക്കുമ്പോൾ മറ്റെന്തു കിട്ടാൻ….
വണ്ടി വേഗം പറഞ്ഞുവിട്ടു. വളവുകൾക്കപ്പുറം കാഴ്ചയുടെ വിരുന്ന്..
ഹെയർപിൻ വളവുകൾക്ക് താഴെ മലകൾചുറ്റി കടന്നുപോകുന്ന
കൊച്ചി-ധനുഷ്‌കോടി ദേശീയപാത… അതാണ് ബോഡിമെട്ട്… എത്ര മനോഹരമാണത്…
അനന്തമായ ആകാശത്തിന് ചുവട്ടിൽ കടൽവലിപ്പത്തിൽ പരന്നുകിടക്കുന്നു.. തമിഴ്‌നാട്…
മനസ്സുനിറയ്ക്കാൻ കാലങ്ങളോളം സഞ്ചരിക്കേണ്ട…
കാഴ്ചകൾക്കപ്പുറത്തേക്ക് പറന്നുനടക്കേണ്ട….
മലകൾചുറ്റി പെരുമ്പാമ്പുപോലെ ഒരു മലമ്പാത…
ചുരംചുറ്റി കിതച്ചുവരുന്നുണ്ട് തമിഴ്‌നാട് സർക്കാരിന്റെ അന്തർസംസ്ഥാന വണ്ടികൾ…
കാറൊതുക്കി… റോഡിന്റെ ഓരം ചേർന്ന് കാഴ്ചകൾ കണ്ടുനിന്നു.
സമൃദ്ധമായ കാറ്റ്..
അതിരുകൾക്കപ്പുറം ആഴങ്ങൾ അമ്പരപ്പിക്കുന്നു.

ഹെയർപിൻ വളവുകൾ പിന്നിട്ട് താഴെയെത്തി.
വരണ്ടുണങ്ങിയ കൃഷിയിടങ്ങൾ…
പാതയോരത്ത് നിറയെ കൊയ്ത്തുപാടങ്ങൾ..
തേനിയിലെ തെരുവിൽ ഇറങ്ങിനടക്കുമ്പോഴും മനസ് ബോഡിമെട്ടിലെ
ആകാശങ്ങളിൽ പറന്നുനടക്കുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *