വാരണാസിയിലെ താമസത്തിനിടയ്ക്കാണ്
ഗ്വാളിയറിലേക്ക് യാത്ര ചെയ്യുക എന്ന തീരുമാനത്തിലെത്തുന്നത്.
സത്യത്തിൽ യാത്രയുടെ ഒരു ഘട്ടത്തിലും ഗ്വാളിയർ എന്ന ചിത്രം അതിലേക്ക് വന്നിട്ടുണ്ടായിരുന്നില്ല.
വാരണാസിയിൽ നിന്നും ലക്നൗ വഴി ആഗ്രയ്ക്ക് പോവുക എന്നതായിരുന്നു യാത്രാപദ്ധതിയിലുണ്ടായിരുന്നത്. തലേ ദിവസം രാത്രിയിലാണ് ഗ്വാളിയർ എന്ന ചിന്ത
പെട്ടന്ന് കടന്നുകൂടുന്നത്. ദൂരം അൽപ്പം കൂടുതലായതുകൊണ്ട് വാരണാസിയിൽ നിന്ന്
രാവിലെതന്നെ പുറപ്പെട്ടു. പ്രയാഗരാജും കാൺപൂരും കടന്ന് വണ്ടി ഡൽഹിയിലേക്കുള്ള എക്സ്പ്രസ്സ് വേയിലൂടെ പായുന്നു. ഡൽഹിയിൽ നിന്നും വാരാണസിയിലേക്കുള്ള അതിവേഗപാതയുടെ
നിർമ്മാണം ഏറെക്കുറെ പൂർത്തിയാകുകയാണ്. ഉത്തർപ്രദേശിന്റെ റോഡുവികസനം
കണ്ണഞ്ചുന്ന വേഗത്തിലാണ്. നട്ടുച്ചപിന്നിട്ടപ്പോഴേക്കും വണ്ടി മധ്യപ്രദേശിന്റെ പാതയിലൂടെ
സഞ്ചരിച്ചുതുടങ്ങി. ഒച്ചിഴയുന്ന വേഗം, ഇടുങ്ങിയ പാത.. അതുവരെയുണ്ടായിരുന്ന യാത്രാസുഖം
മധ്യപ്രദേശിലേക്ക് കടന്നപ്പോഴേക്കും നഷ്ടമായിരിക്കുന്നു.

മടുപ്പിക്കുന്ന തെരുവുകളാണ് ഗ്വാളിയറിന് ചുറ്റും പരന്നുകിടക്കുന്നത്. വടക്കേയിന്ത്യൻ തെരുവുകളുടെ
കാഴ്ചകളെല്ലാം ഏകദേശം ഒന്നുതന്നെയാണ്. ആൾത്തിരക്കും, സൈക്കിൾറിക്ഷകളും, കച്ചവടക്കാരും
അതിനൊപ്പം പശുക്കളും കയ്യടക്കുന്ന മുഷിഞ്ഞ നിരത്തുകൾ. അതിലൂടെ സൂക്ഷ്മതയോടെ വണ്ടിയോടിക്കുന്നത് അത്യന്തം ശ്രമകരമായ ജോലിതന്നെയാണ്. പാതയോരത്ത് വണ്ടിയൊതുക്കി
അൽപനേരം തെരുവ് കണ്ടുനടന്നു. ആകെ ബഹളത്തിൽ കുളിച്ച് നഗരം സജീവമായിരിക്കുന്നു.റോഡരികിലെ ചെറിയൊരു ടീ ഷോപ്പിലേക്ക് കയറി. രണ്ടു മിനിറ്റിനുള്ളിൽ ആവിപറക്കുന്ന ചായ മുന്നിലെത്തി.
മൺകോപ്പയിൽ മസാലയുടെ മണമുള്ള ചായ. തെരുവിലെ കാഴ്ചകൾ കണ്ട് ചായ നുണഞ്ഞിരുന്നു.
ദൂരെ, മലമുകളിൽ കോട്ടയുടെ തലയെടുപ്പ് കാണാം. അല്പദൂരം കൂടി സഞ്ചരിച്ചാൽ അതിന്റെ
ചുവട്ടിലെത്താൻ കഴിയും. വീണ്ടും യാത്ര തുടങ്ങി പഴയ സർക്കസ് തന്നെ, ആൾത്തിരക്കിനെ
ഹോണടിശബ്ദത്തിൽ ചിതറിച്ച് പതുക്കെ ആ വണ്ടി മുന്നോട്ടു നീങ്ങി.
ഗ്വാളിയർ അത്രത്തോളം തിരക്കുപിടിച്ച ഒരു നഗരമാണ്. ദില്ലിയിൽ നിന്നും 343 ഉം
ആഗ്രയിൽ നിന്നും 120 ഉം കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മധ്യപ്രദേശിന്റെ
തലസ്ഥാന നഗരമായ ഭോപ്പാലിലേക്ക് 414 കിലോമീറ്റർ അകലമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത്
21 ഗൺ സല്യൂട്ട് എന്ന ബഹുമതി ലഭിച്ചിരുന്ന അഞ്ച് നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു ഇത്.
അക്ബറിന്റെ സദസ്സിലെ സംഗീതചക്രവർത്തി മിയാൻ താൻസന്റെ ജന്മദേശം കൂടിയാണ്
ഗ്വാളിയർ. അദ്ദേഹത്തിന്റെ ശവകുടീരവും ഇവിടെ തന്നെയാണ്.
ഹിന്ദുസ്ഥാനി സംഗീതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രം കൂടിയാണ് ഈ കോട്ടയ്ക്കും
ഈ നഗരത്തിനുമുള്ളത്. ഇന്ന് ഹിന്ദുസ്ഥാനീ സംഗീതത്തിലെ ഏറ്റവും പഴക്കമേറിയ
ഖരാനകളിൽ ഒന്ന് ഇവിടെയാണ്.

വണ്ടിയിപ്പോൾ ഗ്വാളിയർ കോട്ടയുടെ ചുവട്ടിലെ ചെറിയ പാർക്കിങ് ഗ്രൗണ്ടിലാണ്. വണ്ടിയിറങ്ങി
മലമുകളിലേക്ക് നോക്കി. അതിന്റെ തലപ്പ് കാണാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ വംശജരായ
യാത്രികർക്ക് 75 രൂപയും വിദേശികൾക്ക് 250 രൂപയുമാണ് ആളൊന്നിന് പ്രവേശനഫീസായി ഈടാക്കുന്നത്.
കോട്ടയുടെ ആദ്യത്തെ കവാടം കടന്നു. അവിടെ നിന്നും മുകളിലേക്കുള്ള കയറ്റം തുടങ്ങുന്നു.
ബാഗ് തുറന്ന് ക്യാമറ കയ്യിലെടുത്തു. വെയിൽതീഷ്ണത സ്വർണ്ണവർണ്ണമാർന്ന ആ കോട്ടയെ
കൂടുതൽ ജ്വലിപ്പിക്കുന്നുണ്ട്.
പലദേശങ്ങളിൽ നിന്നെത്തിയ മനുഷ്യർ പതുക്കെ പതുക്കെ കുന്നുകയറുന്നു.
കല്ലുപാകിയ വഴികൾക്കിരുവശവും ചെറുമരങ്ങൾ തണൽവിരിച്ച് നിൽക്കുന്നുണ്ട്.
അതിന്റെ തണുപ്പ് വെയിൽച്ചൂടിന് തെല്ലൊരാശ്വാസം നൽകുന്നു.
ഉയരം പിന്നിടുംതോറും കാഴ്ചകളുടെ രുചിയും കൂടുന്നു. താഴെ കടൽപോലെ ഗ്വാളിയർ നഗരം
വെയിൽകൊണ്ട് കിടക്കുന്നു. അടുക്കടുക്കായി ചെറുവീടുകൾ അതിനുചുറ്റും നേരത്ത നാരു പോലെ വഴികൾ എത്രയെത്ര രാജാക്കന്മാർ കടന്നുപോയ പാതകൾ. പട്ടണത്തിലെവിടെനിന്നോ ഉച്ചഭാഷിണിയിൽ
മനോഹരമായ ഹിന്ദുസ്ഥാനി സംഗീതം ചിറകടിച്ച് മലകയറുന്നു. മലമുകളിലെ കൂറ്റൻ വാതിൽ പിന്നിട്ടപ്പോൾ
കോട്ടയുടെ ഗാംഭീര്യം ഞങ്ങൾക്ക് മുന്നിൽ അനാവൃതമായി. എണ്ണമറ്റ കോട്ടകൾ കൊണ്ട് നമ്മുടെ രാജ്യം
സമ്പന്നമാണെങ്കിലും അതിന്റെ പട്ടികയിൽ ഏറ്റവും മുന്നിൽത്തന്നെയുണ്ടാകും ഗ്വാളിയർ.

ഇന്ത്യയുടെ പ്രൗഢഗംഭീരമായ കോട്ടനഗരം.
അതിലുമുപരി സംഗീതത്തിന്റേയും,എണ്ണമറ്റ പടയോട്ടങ്ങളുടേയും ഭാരതത്തിലെ
അതിശക്തമായ രാജവംശങ്ങളുടേയും ചരിത്രം ഉറങ്ങുന്ന ഭൂമിക.
നഗരത്തിന്റെ ഒത്തമധ്യത്ത് എ ഡി മൂന്നാം നൂറ്റാണ്ടിൽ പ്രാദേശീയ രാജാവായിരുന്ന
സൂരജ്സെൻ പണിതുയർത്തിയ, ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു ഘടാഗഡിയൻ കോട്ട.
സത്യത്തിൽ സൂരജ്സെൻ തുടങ്ങിവെച്ച കോട്ടയുടെ നിർമ്മാണം പലകാലങ്ങളിലായി
പൂർത്തിയാക്കപ്പെട്ടതാണ്. അതിനൊപ്പം നൂറ്റാണ്ടുകളുടെ ചരിത്രങ്ങളോടെ കോട്ടയ്ക്ക് ചുറ്റും
തലപൊക്കിവന്ന നഗരമാണിത്. അതിവിശാലമായ കാഴ്ചയിൽ നോക്കെത്താദൂരം
അത് പടർന്നുകിടക്കുന്നു. മധ്യഭാരതത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്.
മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് ആഗ്രയ്ക്കടുത്താണിത് സ്ഥിതിചെയ്യുന്നത്.
അതുകൊണ്ടുതന്നെ ഉത്തർപ്രദേശിന്റേയും, ഡൽഹിയുടേയും, ചരിത്രവും ചില ഐതിഹ്യങ്ങളും
ഗ്വാളിയറിനെ സ്പർശിച്ച് കടന്നുപോയേക്കാം.

അറിയപ്പെടുന്ന ചരിത്രവും കഥകളും പലതാണ്.
വാമൊഴിയായും ലിഖിതങ്ങളായും കോട്ടയ്ക്കുള്ളിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളുടെ
സൂഷ്മപരിശോധനയിൽ നിന്നും ചരിത്രത്തെ വളരെ കൃത്യമെന്ന് പറയാൻ കഴിയില്ലെങ്കിലും
ഏറെക്കുറെ മനസിലാക്കിയെടുത്തിട്ടുണ്ട്. കോട്ടയുടെ ആദ്യകാലത്തെ സംബന്ധിച്ച്
നിരവധി കഥകൾ പറഞ്ഞുകേൾക്കുന്നുണ്ട്. അതിൽ പ്രധാനം എ ഡി മൂന്നാം നൂറ്റാണ്ടിൽ
പ്രാദേശീയ രാജാവായ സൂരജ്സെൻ പണിതുയർത്തിയതാണ് ഈ കോട്ടയുടെ ആദ്യരൂപം
എന്ന് തന്നെയാണ്.
കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്.
ഒരിക്കൽ കുഷ്ഠരോഗം പിടിപെട്ട് അവശനായിരുന്ന സൂരജ്സെൻ രാജാവിനെ സന്ദർശിച്ച
ഗ്വാലിപ എന്ന് പേരുള്ള ഒരു സന്ന്യാസി അദ്ദേഹത്തിന്റെ രോഗം ഭേദമാക്കി കൊടുക്കാം എന്ന് വാക്കുനൽകുകയും അതിനായി ഇപ്പോൾ കോട്ട നിൽക്കുന്ന ഗോപാചൽ എന്ന കുന്നിൻമുകളിലെ
ഉറവയിൽ നിന്നും ശേഖരിച്ച ജലം അദ്ദേഹത്തിന് കുടിക്കാനായി നൽകുകയും ചെയ്തു.
പെട്ടെന്ന് രോഗമുക്തനായ രാജാവ് അതിന്റെ സന്തോഷത്തിനായി ഗോപാചൽ കുന്നിൻമുകളിൽ
ഒരു കോട്ട നിർമ്മിക്കുകയും അതിന് ആ സന്ന്യാസിയുടെ പേര് നൽകുകയും ചെയ്തു.
അതിൽ സന്തോഷവാനായ ഋഷി അദ്ദേഹത്തിന് സംരക്ഷകൻ എന്ന അർഥം വരുന്ന
‘പാൽ’ എന്ന സ്ഥാനപ്പേര് നൽകുകയും ആ പേര് കൂടെ ചേർക്കുന്നിടത്തോളം കാലം
ആ കോട്ട അദ്ദേഹത്തിന്റെ തലമുറയ്ക്ക് സംരക്ഷിക്കാൻ കഴിയും എന്ന് അനുഗ്രഹിക്കുകയും
ചെയ്തു. അങ്ങനെ സൂരജ്സെൻ പാലിന്റെ പിൻഗാമികളായ 83 പേര് കോട്ട നിലനിർത്തുകയും
84 മത്തെ രാജാവായ തേജ്കിരണിന് പക്ഷേ, ശത്രുക്കളുടെ ആക്രമണത്തിൽ കോട്ട
നഷ്ടപ്പെടുകയും ചെയ്തു എന്നാണു കഥ.
കഥ എന്തായാലും കോട്ടയ്ക്കുള്ളിൽ നിന്നും കണ്ടെടുത്തിട്ടുള്ള ലിഖിതങ്ങളും സ്മാരകങ്ങളും
ആറാം നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ കോട്ട നിലനിന്നിരുന്നു എന്നതിനുള്ള തെളിവുകൾ
നൽകുന്നു.
