സെല്ലുലാർ ജയിൽ എന്ന മരണത്തടവറ

ചെന്നൈയിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം രണ്ടുമണിക്കൂറോളം ബംഗാൾ ഉൾക്കടലിനു
മുകളിലൂടെ ചിറകുവിരിച്ച് പറക്കുമ്പോൾ മറ്റൊന്നും തന്നെ കാഴ്ചയിലേക്ക് കടന്നുവരുന്നില്ല.
അനന്തമായ നീലാകാശവും, നീലിച്ച് നിശ്ചലമായി കിടക്കുന്ന കടലും അക്ഷരാർത്ഥത്തിൽ
കാഴ്ചയെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നുണ്ട്. ഇടയ്ക്കിടെ പഞ്ഞിക്കെട്ടുകൾ പോലെ
പറന്നുനടക്കുന്ന മേഘങ്ങൾ മാത്രമാണ് നീലിച്ച ക്യാൻവാസിലേക്ക് കടന്നുവരുന്ന
ക്ഷണിക്കപ്പെടാത്ത അതിഥി. വെയിലിൽ വെട്ടിത്തിളങ്ങുന്ന മേഘക്കീറുകളെ , കീറിമുറിച്ച്
ആ വിമാനം ആൻഡമാൻ ദ്വീപിന്റെ ആകാശത്ത് വട്ടമിടുമ്പോൾ
താഴെ, ഉൾക്കടലിൽ ചിതറിക്കിടക്കുന്ന കരയുടെ കഷ്ണങ്ങൾ..
എവിടെ നിന്നാണത് ചിതറി വീണതെന്ന് അത്ഭുതം തോന്നാം..
ചിറക് ചെരിച്ച് വിമാനം താഴേക്ക് പറക്കുമ്പോൾ വെയിൽത്തിളക്കത്തിനൊപ്പം
കാഴ്ചകൾ കൂടുതൽ വ്യക്തമാകുന്നു.
കടലിൽ ഒഴുകിനടക്കുന്ന കറുത്തിരുണ്ട പായ്ക്കപ്പൽ പോലെ കാഴ്ചയെ
അത് ഭ്രമിപ്പിക്കുന്നുണ്ട്…

പോർട്ട് ബ്ളയറിലെ വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വിമാനം
പറന്നിറങ്ങിയപ്പോഴേക്കും നട്ടുച്ചയുടെ കടുപ്പം ശരീരം തിരിച്ചറിയുന്നു.
നേവിയുടെ അധീനതയിലുള്ള തന്ത്രപ്രധാനമായ എയർപോർട്ട് ആയതിനാൽ ആരും
ഫോട്ടോയ്ക്ക് തുനിയരുതെന്ന് ടൂർ മാനേജർ വക ചൂടുള്ള നിർദേശം കിട്ടി.
ഹാൻഡ്ബാഗിൽ നിന്നും കഷ്ടപ്പെട്ട് തപ്പിയെടുത്ത സെൽഫിസ്റ്റിക്ക് പതുക്കെ ഉള്ളിലേക്ക് തള്ളി,
ബാഗ് തോളിൽ തൂക്കി.
ഒറ്റ റൺവേ മാത്രമുള്ള വളരെ ചെറിയ എയർപോർട്ട് ആയിരുന്നു അത്.
രാജ്യത്തെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്താൻ കഴിയാത്തവിധം
പരിമിതമായ സൗകര്യങ്ങൾ. സോളാറിലും ജനറേറ്ററുകളിലുമായി ഉത്പാദിപ്പിക്കപ്പെടുന്ന
ദ്വീപിലെ വൈദ്യുതിയെ പറ്റി കേട്ടപ്പോൾ പെട്ടെന്ന്, ഭൂമി കേരളത്തിനായി അനുവദിച്ചു
തന്ന പ്രകൃതിയുടെ സൗജന്യങ്ങളെപ്പറ്റി ഓർത്തുപോയി.
തിരുവനന്തപുരം ഡൊമസ്റ്റിക്ക് എയർപോർട്ടിനെ അനുസ്മരിപ്പിക്കുംവിധം
നിർമ്മിക്കപ്പെട്ട ടെർമിനലിലൂടെ പുറത്തേക്കിറങ്ങി. ട്രോളിയുമായി പാതയോരത്ത്
പാർക്കുചെയ്തിരുന്ന ബസിനു മുന്നിലേക്ക് നടന്നു.

TSG ഗ്രാൻഡ് ഹോട്ടൽ കാഴ്ചയിൽ ഗംഭീരമായിരുന്നെങ്കിലും സൗകര്യങ്ങൾ അല്പം
ബുദ്ധിമുട്ടിക്കുന്നതായിരുന്നു. നഗരത്തിൽ നിന്നും ഒഴിഞ്ഞ ഇടമായതിനാൽ
നിശബ്ദത ഹോട്ടലിനെ സുന്ദരമാക്കി. സമയം തീരെ കളയുവാനുണ്ടായിരുന്നില്ല.
ആൻഡമാനിലെ നാലുപകലുകൾ പരമാവധി കാഴ്ചകൾ കണ്ടുതീർക്കണം.അതുകൊണ്ടുതന്നെ
ലഗേജുകൾ മുറിയിലേക്ക് തള്ളി, വേഗം ഫ്രഷായിറങ്ങി.
ലോബിയിൽ സഹയാത്രികർ കാത്തിരിക്കുന്നു. റെസ്റ്റോറന്റിലെ കൂട്ടപ്പൊരിച്ചിൽ കഴിഞ്ഞ്
പുറത്തെത്തിയപ്പോഴേക്കും യാത്രയ്ക്കുള്ള ബസ് തയാറായി കിടപ്പുണ്ടായിരുന്നു.
പോർട്ട് ബ്ളയർ കാഴ്ചകളെപ്പറ്റി സോജിമോൻ സോവിയറ്റ് ആദ്യം തന്നെ ചെറുവിവരണം
തന്നിരുന്നതിനാൽ റോഡുകളെയും വാഹനങ്ങളേയും പറ്റി അമിതമായ പ്രതീക്ഷ
പുലർത്തിയിരുന്നില്ല. എയർപോർട്ടിന് സമാന്തരമായി ഇടുങ്ങിയ , തകർന്ന റോഡിലൂടെ
നഗരത്തിലേക്കുള്ള യാത്ര തുടങ്ങി . ഇളകിത്തെറിക്കും വിധം വണ്ടിയുടെ കടകട ശബ്ദം..
നഗരത്തിലെ ചെറിയ കുന്നിൻചെരുവിലൂടെ വണ്ടി പതുക്കെ താഴേക്കിറങ്ങി.

1996 ലാണ് കാലാപാനി എന്ന സിനിമ റിലീസാകുന്നത്.
ഓർക്കുന്നുണ്ട്,
അന്നതൊരാഘോഷമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഇരുണ്ട ആൻഡമാൻ കാലഘട്ടത്തെപ്പറ്റി
പറഞ്ഞ സിനിമ. നാടുകടത്തപ്പെട്ട സമരസേനാനികളുടെ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലുകൾ.
വി ഡി സവർക്കർ ഉൾപ്പെടെ അറിയപ്പെടുന്നവരും, അറിയപ്പെടാത്തവരുമായ ഒരുപാട് മനുഷ്യർ
മനുഷ്യത്വമില്ലാതെ ആക്രമിക്കപ്പെട്ട സെല്ലുലാർ ജയിലിനു മുന്നിലേക്ക്
ബസ് കടന്നു നിന്നു. 1906 ൽ നിർമ്മിക്കപ്പെട്ട കരിങ്കൽ തടവറ.
പീഡനങ്ങളുടെയും ഒറ്റപ്പെടലിന്റെയും ദുരിതങ്ങൾ പേറി ഒരു ജനത സ്വാതന്ത്ര്യത്തിനായി
അലമുറയിട്ട് പ്രകമ്പനം കൊള്ളിച്ച കരിങ്കൽചുവരുകൾ.
വിറകൊള്ളുന്ന കാൽപ്പാടുകളോടെയല്ലാതെ മതിൽക്കെട്ടിനുള്ളിൽ നിൽക്കാൻ കഴിയില്ല…??
ദളങ്ങളായി എഴുകെട്ടിടങ്ങൾ ചേർന്നതായിരുന്നു പഴയ സെല്ലുലാർ ജയിൽ.
1942 ലെ ജപ്പാൻ അധിനിവേശത്തിൽ 2 ദളങ്ങൾ തകർക്കപ്പെട്ടിരുന്നു.
2 ദളങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു. അവശേഷിക്കുന്ന കെട്ടിടങ്ങളാണ്
സെല്ലുലാർ ജയിലിന്റെ ഇപ്പോഴത്തെ കാഴ്ച്ച. മനോഹരമായത് സംരക്ഷിച്ച് സൂക്ഷിക്കുന്നുണ്ട്.
ജയിൽഗേറ്റിനോട് ചേർന്നാണ് കഴുമരങ്ങൾ കാണപ്പെടുന്നത്.അതിനായി ഒരു കെട്ടിടം തന്നെ
നിർമ്മിച്ചിരിക്കുന്നു. കഴുമരങ്ങൾക്ക് ചുറ്റും കനത്ത നിശബ്ദത…

കെട്ടിടങ്ങൾക്കുള്ളിലെ ഇടനാഴികളിലൂടെ അലഞ്ഞുനടന്നു.
മൂന്നാം നിലയിലെ നടവഴികൾക്കൊടുവിൽ സവർക്കറെ പാർപ്പിച്ച തടവറ.
മുകൽപ്പരപ്പിലെ കൂടിൽ നിന്ന് ആജ്ഞ പുറപ്പെടുവിക്കുന്ന ജയിലർ ഡേവിഡ് ബാരിയുടെ
ശബ്ദം കാതിൽ മുഴങ്ങുന്നു. ചുറ്റും കടൽ നീലിച്ചുകിടക്കുന്നു.
കാടും കടലും ചേരുന്ന ജയിൽവാസത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണെങ്ങും.
നേരും വൈകുവോളം ഉള്ളിൽ ചുറ്റിത്തിരിഞ്ഞു.
ഇരുട്ട്, ഇരുണ്ട തടവറയെ കൂടുതൽ ഭീകരമാക്കുന്നു.
ഒപ്പം, ശബ്ദവിന്യാസത്തിൽ, നിറങ്ങൾക്കൊപ്പം കാലാപാനിയുടെ കഥകേട്ട്
പുറത്തിറങ്ങുമ്പോൾ ഒരു നൂറ്റാണ്ടിനിപ്പുറത്തേക്ക് നൂണ്ടിറങ്ങിയപോലെ
തണുത്ത് മരവിച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *