നോർത്ത് കോറൽ ദ്വീപിൽ നിന്നും പുറപ്പെട്ട വൈറ്റ് സഫയർ എന്ന ആഡംബര ബോട്ട് റോസ്
ഐലൻഡിനെ ലക്ഷ്യമാക്കി കടന്നുപോകുന്നു. തീരത്തേക്കടുത്തപ്പോഴേക്കും വെയിൽ കടുത്തിരുന്നു.
ഉച്ചസൂര്യന്റെ തീഷ്ണതയിൽ തീരം തിളങ്ങുന്നു. 1941 വരെ ആൻഡമാൻ ദ്വീപിന്റെ
ഭരണകേന്ദ്രമായിരുന്നു ഈ കുഞ്ഞുദ്വീപ്. പോർട്ട്ബ്ളയറിൽ നിന്നും 3 കിലോമീറ്റർ കടൽദൂരം.
സെല്ലുലാർ ജയിലിന്റെ മുകൽപ്പരപ്പിലെ പ്രധാനകാഴ്ചകളിലൊന്ന് റോസ് ഐലൻഡ് തന്നെയാണ്.
ബ്രിട്ടീഷ് പരമാധികാരത്തിന് പ്രകൃതിയൊരുക്കിക്കൊടുത്ത വിലപ്പെട്ട സൗജന്യങ്ങളിലൊന്നാണത്.

1857 ലെ കലാപത്തിന് ശേഷം ആൻഡമാൻ ദ്വീപിൽ ചുവടുറപ്പിച്ച ബ്രിട്ടീഷ് രാജിന്റെ
തൊണ്ണൂറ് വർഷം നീണ്ട ഭരണകാലം. ഇതിനിടെ രണ്ടാംലോക മഹായുദ്ധം. 1942 മുതൽ
1945 വരെ ഈ ദ്വീപസമൂഹം ജപ്പാൻ ഭരണത്തിന് കീഴിൽ. അക്കാലത്തൊരിക്കൽ
നേതാജി ഇവിടെ സന്ദർശിച്ചിരുന്നതായും റോസ് ഐലൻഡിൽ ഇന്ത്യൻ പതാക ഉയർത്തിയതായും
ചരിത്രം പറയുന്നുണ്ട്. മറൈൻ സർവേയർ ആയിരുന്ന സർ ഡാനിയേൽ റോസ്സിന്റെ
പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. തന്ത്രപ്രധാനമായ പോർട്ട്ബ്ളയറിനെ നിരീക്ഷിക്കാനും
സംരക്ഷിക്കാനുമായി റോസ്സ് ഐലൻഡിനെ ഉപയോഗപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ
നിർദേശം മൂലമാണ്. 1941 ലെ ഭൂകമ്പത്തിൽ തകർന്നടിയും വരെ റോസ്സ് ഐലൻഡ്
ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ തലയെടുപ്പോടെ നിന്നു.
സെക്രട്ടേറിയറ്റ്,
സൈനിക കേന്ദ്രങ്ങൾ ,
മാർക്കറ്റ്,
ബേക്കറി,
മറ്റു കടകൾ,
ഹോസ്പിറ്റൽ ,
പ്രസ്,
ടെന്നീസ് കോർട്ട്,
വാട്ടർ പ്യൂരിഫയിങ് പ്ലാന്റ്…അങ്ങനെ അക്കാലത്തെ മറ്റെല്ലാ നഗരവികസനങ്ങളോടും
കിടപിടിക്കത്തക്കവിധം ആസൂത്രിതമായി നിർമ്മിക്കപ്പെട്ട പ്രൗഢഗംഭീരമായ ദ്വീപ്.

ബോട്ട് തീരത്തടുത്തു.
വെയിൽ വല്ലാതെ കടുത്തു..
നീലക്കളറിൽ വെട്ടിത്തിളങ്ങുന്ന കടൽജലത്തിന്റെ ഭംഗി കാഴ്ചയെ കൊതിപ്പിക്കുന്നുണ്ട്.
നഗ്നത വെളിപ്പെടുത്തി കടൽ നേർത്ത തുണിപോലെ ജലത്തെ വാരിപ്പുതച്ചിരിക്കുന്നു.
ഉള്ളിൽ , തുടിക്കുന്ന കടൽമത്സ്യങ്ങൾ കാഴ്ചയിലേക്ക് കയറിവരുന്നു.
ബോട്ടിറങ്ങി. കരയിൽ നേവി വക ചെക്ക്പോസ്റ്റ്.
മനോഹരമായ തെങ്ങിൻതോപ്പുകളാണ് ചുറ്റിലും. അവിടെ ആട്ടിൻപറ്റംപോലെ
മാൻകൂട്ടങ്ങൾ.ബ്രിട്ടീഷ്ഭരണകാലത്ത് കാട്ടിൽനിന്നെത്തിച്ച അന്തേവാസികളുടെ പരമ്പരകൾ..
മാൻക്കൂട്ടത്തിന് തീറ്റ നൽകുന്ന ആൾക്കൂട്ടങ്ങൾ..
അവർ തണൽപ്പറ്റി കൂട്ടംകൂടി നിൽക്കുന്നു.
റോസ് ഐലൻഡ് ശരിക്കുമൊരു പ്രേതനഗരിയാണ്..
കൂറ്റൻവൃക്ഷങ്ങളുടെ വേരുകൾ പടർന്ന് ശ്വാസം മുട്ടിക്കുന്നതുപോലെ
കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ.
ഭൂകമ്പത്തിലോ,ജപ്പാൻ ആക്രമണങ്ങൾക്കിടയിൽ നടന്ന ബോംബ് വർഷത്തിലോ
തകർന്നുപോയതാകാം ആ കെട്ടിടങ്ങൾ..
അതുകൊണ്ടുതന്നെ ആ കാഴ്ചകൾ നമ്മെ ഒരുപാട് ചരിത്രം പഠിപ്പിക്കുന്നുണ്ട്..

ദ്വീപിനെ ചുറ്റിനടക്കാൻ ഒരു മണിക്കൂർ സമയമാണ് അനുവദിച്ചത്..
നടവഴികളിൽ ചുറ്റിത്തിരിഞ്ഞ് , സെൽഫിക്ക് കൈകോർക്കുന്ന ഹണിമൂൺ സംഘങ്ങൾ.
വിദൂരതയിലേക്ക് നോക്കി കടൽത്തീരത്ത് കാറ്റുകൊള്ളുന്ന വിദേശസഞ്ചാരികൾ.
ഓരോ കാഴ്ചയും വ്യത്യസ്തമാണ്.
ഒരുകാലത്ത്, ബ്രിട്ടീഷ് ബൂട്ടിന്റെ ചെവിട്ടടിയിൽ പ്രകമ്പനം കൊണ്ടിരുന്ന നഗരതുല്യമായ
ഇടമാണിത്. ഇന്ന്, തകർന്നടിഞ്ഞ് വേരുകൾ ചുറ്റി ,
ശ്വാസം മുട്ടിക്കുന്ന ഇടമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
നടപ്പാതയിലൂടെ മുകളിലേക്ക് നടന്നു.
വരണ്ട ചെരുവിൽ നിറയെ പനത്തലപ്പുകൾ വരിവെച്ച് നിൽക്കുന്നു.
കൂട്ടംകൂടി നിൽക്കുന്ന വൃക്ഷങ്ങൾക്കിടയിലൂടെ കടൽക്കാറ്റ് കുന്നുകയറിവരുന്നു.
നടവഴിയുടെ അരികിൽ തകർന്ന കെട്ടിടങ്ങളുടെ ചിതറിയ കാഴ്ചകൾ.
കോൺക്രീറ്റ് ചെയ്ത നടവഴികൾ മനോഹരമാണ്. ഒരു കഷ്ണം പ്ലാസ്റ്റിക്കോ,
മറ്റു മാലിന്യങ്ങളോ ഒരിടത്തും അലക്ഷ്യമായി നിക്ഷേപിക്കപ്പെട്ടിരുന്നില്ല.
പാത അവസാനിക്കുന്നയിടം ഒരു വ്യൂ പോയിന്റാണ്.
കോൺക്രീറ്റ് ചെയ്തുറപ്പിച്ച് വച്ച നങ്കൂരത്തിനു താഴെ കടലിലേക്കിറങ്ങി നിൽക്കുന്ന
വിളക്കുമാടം. അവിടേക്കിറങ്ങിച്ചെല്ലാൻ മോഹം തോന്നി. ഇടുങ്ങിയ വഴിയിലൂടെ
താഴേക്കിറങ്ങിയപ്പോഴാണ് വഴിയടച്ചിരിക്കുന്നതായി കണ്ടത്.
പുതിയ നിർമ്മാണങ്ങൾ…
ആൻഡമാൻ ടൂറിസം വളരുകയാണ്..
മറ്റു ദ്വീപുകൾപോലെ തന്നെ റോസ്സ് ഐലൻഡും മനോഹരമായി
സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
മരങ്ങൾക്കിടയിൽ നീണ്ടുനിവർന്ന് നീലിച്ച കടൽ.
ഇടയ്ക്കിടെ വെയിലിനെ ദൂരേക്ക് പറത്തി കടൽക്കാറ്റിന്റെ പ്രയാണം.
കാഴ്ചകൾ നീണ്ടുനീണ്ട് കടൽക്കടക്കുമ്പോൾ തിരിച്ചുപോകാനായി
താഴെ, കടൽത്തീരത്തുനിന്നും വൈറ്റ്സഫയർ രണ്ടുവട്ടം നീട്ടി വിളിച്ചു….
