
പൂയംകുട്ടിയാറിന്റെ പുതപ്പണിഞ്ഞ നാട്.
വിശേഷണങ്ങളില്ലാതെ എന്ത് കുട്ടമ്പുഴ..?
കാടുമൂടിയ വഴികളിലൂടെ എത്ര ചുറ്റിത്തിരിഞ്ഞാലും ഇവിടം മടുക്കുകയേയില്ല.
വീണ്ടും വീണ്ടും പോയ ഇടങ്ങളിലേക്ക് തന്നെ തിരിച്ചെത്തുന്നു.
ഓരോ കാഴ്ചയും എത്രമേൽ വ്യത്യസ്തമാണ്…
കുട്ടമ്പുഴയും, വടാട്ടുപാറയും, മാമലക്കണ്ടവും, ഇടമലയാറുമെല്ലാം
കാടും, കാടിനോട് ചേർന്ന് നിൽക്കുന്ന ഗ്രാമങ്ങളുമാണ്.
ഇടയ്ക്കിടെ ഉയർന്നുനിൽക്കുന്ന കുന്നുകളുടെ തലയെടുപ്പാണ്
കാഴ്ചകളെ കൂടുതൽ വന്യവും സുന്ദരവുമാക്കുന്നത്.
കുട്ടമ്പുഴയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള മാമലക്കണ്ടത്തെ
സുന്ദരനായ പൊക്കക്കാരൻ കൊയ്നിപ്പാറയാണ് ഇവിടുത്തെ ആകർഷണങ്ങളിൽ ഒന്ന്.
മാമലക്കണ്ടത്ത് നിന്നും കൊയ്നിപ്പാറയുടെ മുകളിലേക്കുള്ള രണ്ടു കിലോമീറ്റർ
ഓഫ്‌റോഡ് യാത്ര അതിഗംഭീരമായ ഒരു കാഴ്ചാനുഭവമാണ്.

പേര് അന്വർത്ഥമാക്കും വിധം പാറയിൽ പണിതെടുത്ത മനോഹരമായൊരു കോട്ടയാണത്..!!
അത് കീഴടക്കാൻ കരുത്തുള്ള മഹീന്ദ്രയുടെ പോരാളികൾ ഊഴം കാത്ത്
താഴ് വരയിൽ വരിയിട്ട് കിടപ്പുണ്ട്.
ചെങ്കുത്തായ പാറയിൽ അള്ളിപ്പിടിച്ച്
മഹീന്ദ്രയുടെ ആ പഴഞ്ചൻ ജീപ്പുകൾ
ആകാശത്ത് , ചന്ദ്രനെ ചാടിപ്പിടിക്കാനെന്നവണ്ണം
മുകളിലേക്ക് കുതിക്കുമ്പോൾ
അകത്ത് ചിലപ്പോൾ നമ്മൾ നക്ഷത്രമെണ്ണുകയാവും..
എന്നിരുന്നാലും ഒരു യമണ്ടൻ ഓഫ്‌റോഡ് യാത്ര തന്നെയാണിത്..!!
കുട്ടമ്പുഴയിലേക്കുള്ള എല്ലാ യാത്രയിലും
ഇടമലയാറും പൂയംകുട്ടിയാറും ഒന്നിക്കുന്ന ആനക്കയം കടവിൽ
ക്യാമറയുമായി അൽപ്പനേരം ചുറ്റിത്തിരിയാറുണ്ട്.
ആനയുടെ നീരാട്ടുകടവാണെന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും
ആ കാഴ്ചയുടെ ഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല.
ആ കാത്തിരിപ്പ് നീണ്ടതുകൊണ്ടാകാം മാമലക്കണ്ടത്തെത്തിയപ്പോഴേക്കും
വൈകിയിരുന്നു. നേരം വൈകും മുമ്പ് തന്നെ മലമുകളിലെത്തണമെന്ന്
മാമലക്കണ്ടത്തുകാരൻ സുഹൃത്ത് അപ്പുണ്ണി ഇടയ്ക്കെപ്പോഴോ പറഞ്ഞത് മറന്നുപോയി.
നേരത്തേ പറഞ്ഞ കോട്ട കീഴടക്കുന്ന പോരാളികളിൽ പ്രധാനിയാണ് അപ്പുണ്ണി എന്ന അഖിൽ.
അദ്ദേഹത്തിന്റെ മഹീന്ദ്ര ജീപ്പ് തയാറായിക്കിടക്കുന്നു.

സായാഹ്നവെയിൽ വെട്ടിത്തിളങ്ങുന്ന കൊയ്നിപ്പാറയുടെ
നെറുകയിലേക്ക് നോക്കി ആശ്ചര്യപ്പെട്ടു.
ചെങ്കുത്തായ ആ മലമുകളിലേക്കാണ് ജീപ്പ് ഓടിച്ചുകയറ്റുന്നത്.
മാമലക്കണ്ടത്തുകാരെ സംബന്ധിച്ചിടത്തോളം കൊയ്നിപ്പാറ ഓഫ്‌റോഡ്
എന്നത് പൂ പറിക്കുംപോലെ നിസ്സാരമാണെന്ന് ഇടയ്ക്കിടെ അപ്പുണ്ണി തട്ടിവിടുന്നുണ്ട്.
വണ്ടി പതുക്കെ മുകളിലേക്ക് കയറിത്തുടങ്ങി.
പിൻസീറ്റിൽ നട്ടും ബോൾട്ടും ഇളകിത്തെറിക്കുംവിധം
കരകര ശബ്ദത്തോടെ പാഞ്ഞുകയറുന്ന ആ ജീപ്പ് അപ്പോൾ,
ചുഴിയിലകപ്പെട്ട ഏതോ പായ്ക്കപ്പലാണെന്ന് എനിക്ക് തോന്നിപ്പോയി.
ചെങ്കുത്തായ പാതയ്ക്ക് വശങ്ങളിലായി ഏതാനും വീടുകൾ കാണാം.
മലമുകളിൽ ചെറിയ കൃഷിയുമായി കഴിഞ്ഞുകൂടുന്ന കുടുംബങ്ങളാണ്.
അപ്പുണ്ണി പതുക്കെ ഹനുമാൻ ഗീയറിൽ പിടുത്തമിട്ടു.
ഇനിയങ്ങോട്ട് പാറകളിൽ അള്ളിപ്പിടിച്ചാണ് മലകയറ്റം.
ഗംഭീരമാണത്,
ചുമച്ചുവലിച്ച്
പുകതുപ്പി കടന്നുപോകുന്ന കരുത്തനായ ഈ പഴഞ്ചൻ ജീപ്പിന് പകരം വെയ്ക്കാനുള്ള
വണ്ടി മാർക്കറ്റിലിപ്പോൾ ഉണ്ടോയെന്നത് സംശയമാണ്..!!
അരമണിക്കൂറിലധികം വേണ്ടിവന്നിട്ടുണ്ടാകും
കൊയ്നിപ്പാറയുടെ മുകളിലെത്താൻ..
ഇതിനിടയിൽ മനോഹരമായ രണ്ടു വ്യൂ പോയിന്റുകൾ.
രണ്ടും, എതിർവശത്ത് മുഖാമുഖം നിൽക്കുന്ന പൊക്കക്കാരൻ
പെരുവര എന്ന മുടിയുടേതാണ്.
പെരുവര മുടിയുടെ ചെരുവിൽ ഒന്നോ രണ്ടോ കുടുംബങ്ങളാണിപ്പോൾ താമസിക്കുന്നത്.
അതിന്റെ ചെരിവ് മാങ്കുളത്താണ് അവസാനിക്കുന്നത്.
കൊയ്നിപ്പാറയുടെ മുകളിലിപ്പോൾ ഏതാനും ചില കുടുംബങ്ങളാണ് താമസമുള്ളത്.
മുമ്പ് ധാരാളം കുടുംബങ്ങൾ കൃഷിയുമായി കഴിഞ്ഞിരുന്നതാണ്.
അവരിൽ പലരുമിപ്പോൾ താഴ് വരയിലേക്ക് താമസം മാറിയിരിക്കുന്നു.
മൃഗശല്യവും, താഴ് വരയിലേക്കുള്ള പോക്കുവരവിന്റെ ബുദ്ധിമുട്ടുമാണ്
ഈ മാറ്റത്തിനുള്ള കാരണങ്ങളിൽ പ്രധാനം.
കാടരികിൽ തകർന്നുപോയ ചില വീടുകളുടെ അവശിഷ്ടങ്ങളിപ്പോൾ
മലമുകളിൽ ഇരുട്ടുമൂടിക്കിടപ്പുണ്ട്.
അതിന്റെ മുറ്റത്തെ വള്ളിപ്പടർപ്പുകളിൽ ആർക്കുവേണ്ടിയോ
ചില ചെടികൾ പൂത്തുനിൽക്കുന്നുണ്ട്.

കൊയ്നിപ്പാറയുടെ നെറുകയിൽ ഇരുവശത്തുമായി
ആടുമുടിയെന്നും പട്ടിമുടിയെന്നും പ്രാദേശീയമായി വിളിപ്പേരുള്ള
രണ്ടു കുന്നുകളുണ്ട്
അതിനിടയിൽ പുൽമേടുകളും
പാറക്കെട്ടുകളും
പൂത്തുനിൽക്കുന്ന കാട്ടുചെടികളും നിറഞ്ഞ
മനോഹരമായ വ്യൂ പോയിന്റാണ് കൊയ്നിപ്പാറ.
മുന്നിലെ അതിവിശാലമായ താഴ് വരയിലേക്ക് നോക്കിയാൽ
നക്ഷത്രങ്ങൾ കൊളുത്തിയിട്ട നിരവധി ഗ്രാമങ്ങൾ കാണാം.
നിറങ്ങൾ വാരിയിട്ട അസ്തമയത്തിന്റെ അതിമനോഹരമായ കാഴ്ചയുണ്ട്.
കാട്ടാനക്കൂട്ടംപോലെ കുന്നുകയറിയെത്തുന്ന കാറ്റിന്റെ കൊലവിളിയുണ്ട്.
ചുറ്റും ഇരുട്ട് പരക്കുന്നു.
തണുത്ത കാറ്റിൽ പൊതിഞ്ഞ്
ഇളംചൂടുള്ള പാറയുടെ മുകളിൽ
ആകാശം നോക്കി കിടന്നു.
എത്ര നിശബ്ദമായിട്ടാണ്
ഈ പ്രകൃതി നമ്മോട് സംവദിക്കുന്നത്..!!
ഇരുളിനൊപ്പമുള്ള കാടിന്റെ ഈ ശബ്ദം
കാറ്റിന്റെ ഈ മുഴക്കം
ചിലപ്പോഴൊക്കെ ആസ്വാദ്യകരമാകുന്നു.
ഇടയ്ക്കൊക്കെ കടുവയും, പുലിയും സന്ദർശനത്തിനെത്തുന്ന ഇടമാണ്.
സമീപവാസികളുടെ ആടിനേയും പട്ടിയേയുമൊക്കെ
തട്ടിക്കൊണ്ടുപോകുന്നത് ഇവരാണെന്ന് വ്യാപക പരാതിയുണ്ട്.
പിന്നെ കാടായതുകൊണ്ടുമാത്രം കാട്ടാനശല്യം കൂടിയുണ്ട്. അത്രമാത്രം..
ചെറിയ മൃഗങ്ങളെ വന്യമായതിന്റെ കൂട്ടത്തിൽപ്പെടുത്തിയിട്ടില്ലാത്തതിനാൽ
അക്കാര്യം ആരും ഗൗരവമായി പറഞ്ഞുകേൾക്കുന്നില്ല.

കാറ്റുകൊണ്ട് ഇടയ്ക്കെപ്പോഴോ മയങ്ങിപ്പോയി..
താഴ് വരയിലെവിടെയോ അലർച്ചകേട്ടാണ് ഉണർന്നത്.
ഭാഗ്യം..
മൃഗത്തിന്റേതായിരുന്നില്ല അത്.
ആകാശത്ത് അസാധാരണമാവും വിധം താണുപറന്ന വിമാനത്തിന്റെ
ഘനഗംഭീരമായ മുഴക്കമായിരുന്നു അത്.
തൊട്ടടുത്തുള്ള നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങാനുള്ള
വിമാനങ്ങൾ കൊയ്നിപ്പാറയുടെ മുകളിലെത്തുമ്പോഴാണത്രേ ദിശ തിരിയുന്നത്.
നിറങ്ങളിൽ വെളിച്ചം തെളിച്ച് അതിപ്പോൾ അകന്നുപോയിരിക്കുന്നു.
ഭക്ഷണമായി മാമലക്കണ്ടത്തുനിന്നും കരുതിയ
കപ്പയും ചിക്കനുമിപ്പോൾ കാട്ടിലകളിൽ നിരന്നു.
എല്ലുകളിൽ ഊറിപ്പിടിച്ച എരിവ് തൊണ്ടയിലൂടെ താഴേക്ക് പോകുന്നു.
പാറക്കൂട്ടങ്ങളോട് ചേർന്ന ഉറവയിൽ തൊണ്ട നനച്ച്
അരണ്ട നിലാവിൽ
നടവഴിയിലെ പുല്ല് വകഞ്ഞുമാറ്റി
തിരികെ നടന്നു.
അപ്പുണ്ണി ജീപ്പിലെ വെളിച്ചം തെളിച്ചു.
അസാധാരണമായ ശബ്ദത്തിലതിപ്പോൾ സ്റ്റാർട്ടായി.
മുന്നിലെ രണ്ടു മിന്നാമിന്നികൾ തെളിച്ച വഴിയിലൂടെ,
മഹീന്ദ്രയുടെ ആ കരുത്തൻ
കാട്ടുപാത
ഇറങ്ങിത്തുടങ്ങി…
Location:
മാമലക്കണ്ടം.
കുട്ടമ്പുഴ പഞ്ചായത്ത്
എറണാകുളം.
