മലയിടുക്കുകൾക്കിടയിലെ ചെറിയ ടാർവഴികളിൽ
തിങ്ങിഞെരുങ്ങി വാഹനങ്ങളുടെ
വലിയ നിര.
എത്ര കിലോമീറ്റർ ദൂരത്തേക്കാണത് നീണ്ടുകിടക്കുന്നത്…!!
മഴമേഘങ്ങൾ ഇരുട്ടുമൂടി,
മരങ്ങൾക്കിടയിലൂടെ
വന്യമായി പെയ്യുമ്പോൾ
പുറത്തിറങ്ങിയയൊന്നു
നടുനിവർത്താൻ കഴിയാതെ
അടച്ചിട്ട കാറിനുള്ളിൽ പഗാഡിപ്പാട്ടുകൾക്കൊപ്പം
അനന്തമായ കാത്തിരിപ്പ്..
മണിക്കൂറുകൾ നീളുന്ന മുഷിപ്പ്..

പ്രാഷാർ തടാകം കാണാനായി രാവിലെ കുളുവിൽ നിന്നും ഇറങ്ങിത്തിരിച്ചതാണ്.
തലേന്ന് രാത്രി പെയ്ത അതിഭീകര മഴയിൽ മണാലി-ചണ്ഡീഗഡ്
ദേശീയ പാതയിൽ മണ്ണിടിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ ഡൽഹിയിലേക്കുള്ള യാത്രികരെല്ലാം മാണ്ഡിയിലേക്കുള്ള
ഈ ചെറുവഴിയിലൂടെ കൂട്ടപ്പലായനം തുടരുകയാണ്..

ഇതിപ്പോൾ സമയമേറുന്നു..
പ്രാഷാറിൽ എപ്പോഴെത്തും….!!!
ഇതിനകം മടങ്ങിപ്പോകാമെന്ന് എത്രതവണ പറഞ്ഞിരിക്കുന്നു..
ഡ്രൈവർ ശ്യാം ഭയ്യ അപ്പോഴും ആത്മവിശ്വാസത്തിലാണ്.
ഇരുട്ടും മുമ്പ് തടാകത്തിന്റെ കരയിലെത്തിച്ചിരിക്കും
എന്നാണ് അയാളുടെ വാക്ക്.
വിശപ്പും ദാഹവും തളർത്തിയ പകൽ.

ഈർപ്പമുള്ള മലഞ്ചെരിവിൽ
റോഡിലേക്ക് ചെരിഞ്ഞ
കൂറ്റൻ പാറയ്ക്ക് കീഴിലാണ്
കാറിന്റെ ഈ കിടപ്പ്.
നിലയ്ക്കാതെ പെയ്യുന്ന മഴ ഞെരുക്കിക്കളയാൻ പാകത്തിന്
ഒരുക്കിനിറുത്തിയതു പോലൊരു
ഭയമാണപ്പോൾ മനസ്സിൽ തോന്നിയത്.
അരമണിക്കൂറിൽ അരക്കിലോമീറ്റർ പോലും നീങ്ങാൻ കഴിയാത്ത യാത്ര.
എത്രകാലമായി ഹിമാലയൻ യാത്ര ചെയ്യുന്നു.
നിരന്തരം മണ്ണിടിച്ചിലുകളിൽ റോഡ് ബ്ലോക്കാകുന്നതിനെപ്പറ്റി കേട്ടിട്ടുള്ളതല്ലാതെ
ആദ്യമായിട്ടാണതിന്റെ ഭീകരത മുഖാമുഖം ഇങ്ങനെ അനുഭവിക്കുന്നത്.

പകലൊടുങ്ങുന്നു…
ചെളിക്കുളമായ ആ പാതയിലെ കുരുക്കുകൾ ഒന്നൊന്നായി അഴിയുന്നു.
ശ്യാം ഭയ്യയുടെ വെളുത്ത ഡിസൈർ കാറിപ്പോൾ ആ ചെറുപാതയിലെ
മലനിരകൾ ഒന്നൊന്നായി പിന്നിടുകയാണ്..
സൂര്യൻ ഇരുട്ടിലേക്കിറങ്ങിപ്പോകും മുമ്പ് തന്നെ ശ്യാം തന്റെ വാക്കുപാലിച്ചു.
ഒരു പക്ഷെ യാത്രാ മാഗസിനിൽ വർഷങ്ങൾക്ക് മുമ്പ് വായിച്ച് കരുതിവെച്ചിരുന്ന,
തടാകത്തിനുള്ളിൽ ഒഴുകിനടക്കുന്ന പുൽത്തകിടിയുള്ള
മനോഹരമായ പ്രാഷാർ ലേക്ക്..
കരയിൽ പരാശര മഹർഷിയുടെ
ഗംഭീരമായ ക്ഷേത്രം..
ചുറ്റും മാണ്ഡിയിലെ പച്ചകലർന്ന മലനിരകൾ….

ചെറുചാറ്റമഴയിൽ ആ കുന്നുകയറുമ്പോൾ
സൂര്യൻ അതിമനോഹരമായ ഒരാകാശം വരച്ചുവെച്ചിട്ട്
താഴേക്കിറങ്ങിത്തുടങ്ങിയിരുന്നു….
തടാകക്കരയിൽ ക്ഷേത്രത്തിൽ സായാഹ്നപൂജയ്‌ക്കൊപ്പം
പഗാഡി താളങ്ങൾ ആ സന്ധ്യയെ അതിസുന്ദരമായ
ഒരനുഭവമാക്കി മാറ്റിയിരിക്കുന്നപ്പോൾ…
