കോക്സർ
ഇടയൻ തെളിച്ചുവരുന്ന ചെമ്മരിയാടിൻപറ്റങ്ങൾക്കിടയിൽ ഒളിച്ചിരുന്ന ആ ഗ്രാമം
പുറത്തേക്ക് തലനീട്ടുന്നു. വഴിയരുകിൽ ഒരു ചെക്പോസ്റ്റ്.
ലാഹൂൽ താഴ് വരയിലെ ഗ്രാമമാണ് കോക്സർ. ലേയിൽ നിന്നും മണാലിയ്ക്ക് യാത്ര ചെയ്യുന്നവർക്ക്
ഇരുട്ടും മുമ്പ് റോത്തങ് കടക്കാനായില്ലെങ്കിൽ രാത്രിവെളുപ്പിക്കാൻ പരിമിതമായ
സൗകര്യങ്ങൾ ഇവിടെയുണ്ട്. കോക്‌സറിൽ നിന്നും സിസ്സു വഴി റ്റാൻഡിയിലേക്ക്
മുപ്പത്തെട്ട് കിലോമീറ്റർ. ഈ പാതയിലെ അവസാനത്തെ പെട്രോൾ പമ്പ് റ്റാൻഡിയിലാണ്.
അടുത്ത ഫില്ലിംഗ് സ്റ്റേഷൻ 365 കിലോമീറ്റർ അകലെ ലേയിൽ. അതുകൊണ്ടുതന്നെ ഇതുവഴി
ലേയിലേക്ക് കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ടാങ്ക് നിറച്ചാകും കടന്നുപോകുക.
ബൈക്ക് യാത്രികർ ഉൾപ്പെടെ വലിയ കന്നാസുകളിൽ എണ്ണ അധികമായി കരുതിവയ്ക്കുന്നു.
ഇടയ്ക്കുള്ള ധാബകളിൽ ഉയർന്നവിലയ്ക്ക് അത് ലഭ്യമാണെന്ന് കേട്ടിട്ടുണ്ട്.

പൊടിപടർന്ന വഴിയിലൂടെ വണ്ടി പായുന്നു. ചിനാബിലേക്ക് പതിക്കുന്ന ചന്ദ്രാനദിയും ഭാഗാനദിയും
ഒന്നിക്കുന്ന ഇടമാണ് റ്റാൻഡി. വരണ്ടകുന്നുകൾക്കിടയിലെ പച്ചകലർന്ന താഴ് വരകൾ പിന്നിട്ടാൽ
വെയിൽ വെട്ടിത്തിളങ്ങുന്ന കുന്നുകൾക്കിടയിൽ കെലോങ് എന്ന ചെറുപട്ടണം.
ഹിമാചലിലെ ഏറ്റവും വലിയ ജില്ലയായ ലാഹൂൽ & സ്പിറ്റിയുടെ ആസ്ഥാനമാണ് കെലോങ്.
ഹിമാചൽ ടൂറിസത്തിന്റെ ഹോട്ടലും PWD റെസ്റ്റുഹൗസും ഇവിടെ ലഭ്യമാണ്.
ഇരുചക്രയാത്രക്കാർക്കായി വർക്ക്ഷോപ്പും മറ്റുസൗകര്യങ്ങളും ലഭിക്കും. ഇവിടെ
ബൈക്കിന്റെ കണ്ടീഷൻ ഒരിക്കൽക്കൂടി പരിശോധിക്കുന്നത് നന്നാകും.
ഹിമാലയൻ പാതയിലെ കൈത്തഴക്കം കൊണ്ടാകാം ജിഗ്‌മിത്ത് വണ്ടി കരുതിയതിലും
നേരത്തെതന്നെ എത്തിച്ചിരുന്നു. വിശപ്പായിരുന്നില്ല… കഴിവതും വേഗത്തിൽ വഴികൾ പിന്നിടാനുള്ള
തിടുക്കമായിരുന്നു മുന്നിൽ..
യാത്ര തുടർന്നു..
റോഡ് നീളുകയാണ്..
വെയിൽത്തിളപ്പിൽ പർവ്വതങ്ങൾ തിളയ്ക്കുന്നു.
എങ്കിലും മലകളിൽത്തട്ടി താഴേക്ക് പതിയ്ക്കുന്ന മഞ്ഞുകാറ്റിൽ നിന്നും തണുപ്പ് കൂടെകൂടുന്നു.
മങ്കിക്യാപ്പും UV പ്രൊട്ടക്ഷനുള്ള സൺഗ്ലാസ്സും ജാക്കറ്റുമൊക്കെ ധരിച്ച് പ്രതിരോധത്തിന്റെ
പലവിധവഴികൾ..
വണ്ടി ജിസ്പ എന്ന ഗ്രാമത്തിലെത്തി. വഴിയരുകിൽ പൊടിപുരണ്ട ഒരു ധാബ.
വിശപ്പിന്റെ നിലവിളി…
അതിനകം ആളനക്കം കണ്ടിട്ട് കിലോമീറ്ററുകൾ പിന്നിട്ടിരുന്നു.
വണ്ടി നിർത്തി. ധാബയിലേക്ക് കടന്നിരുന്നു. റൊട്ടിയും ധാൽചാവലും കഴിച്ച് വിശ്രമിച്ചു.
കെലോങിൽ നിന്നും ജിസ്പയിലേക്ക് 22 കിലോമീറ്ററാണ്. യാത്രികർക്കുള്ള ഹോട്ടൽ, ടെന്റ്
സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. വൈകിയെത്തുന്ന യാത്രക്കാർ കെലോങ്ങിലോ ജിസ്പയിലോ
താമസിക്കുന്നതാകും നല്ലത്. പിന്നീടങ്ങോട്ടുള്ള 90 കിലോമീറ്റർ ഒറ്റപ്പെട്ട ചുരങ്ങളിലൂടെയാണ്.
ഇതിനിടയിൽ ദർച്ച എന്ന ഗ്രാമം. പിന്നീട് സിങ്‌സിങ് ബർ.

സിങ്‌സിങ്ബറിൽ ഇരുവശങ്ങളിലായി
ചില കോഫീഷോപ്പുകൾ തുറന്നിരിക്കുന്നു. ഇവിടെ നിന്നാണ് ബാരലച്ച ചുരം തുടങ്ങുക.
എല്ലായ്പ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന ചുരമാണത്. അപൂർവ്വമായിട്ടാകും അതിനൊരു
മാറ്റമുണ്ടാകുക. ആ അപൂർവ്വതയിലേക്കാണ് ഞങ്ങൾ വണ്ടിയോടിച്ചെത്തിയത്.
ഒരേ സമയം സന്തോഷവും ദുഃഖവും തോന്നി. മഞ്ഞുമൂടിക്കിടക്കുന്ന ബാരലച്ച ചുരത്തിന്റെ
മനോഹാരിത കാണാൻ കഴിഞ്ഞില്ല, എങ്കിലും ഡ്രൈവിങ്ങിന് ഒരു വിധത്തിലും ബുദ്ധിമുട്ട്
നേരിട്ടിരുന്നില്ല. റോത്തങ്ങിലെ പച്ചകലർന്ന ചുരത്തിൽനിന്നും വരണ്ടുണങ്ങിയ ഈ ചുരത്തിലേക്കുള്ള
കയറ്റിറക്കങ്ങളാണ് ഹിമാലയൻ സഞ്ചാരങ്ങളിൽ വൈവിധ്യം നിറയ്ക്കുന്നത്.
കാഴ്ചയുടെ ഈ ധാരാളിത്തംകൊണ്ട് അവ നമ്മളിൽ സൃഷ്ടിക്കുന്ന അമ്പരപ്പ് കാലങ്ങൾ കഴിഞ്ഞാലും
മറന്നുപോകില്ല… ഉരുകിയൊലിക്കുന്ന മഞ്ഞിന്റെ ഒഴുക്ക് ഇരുവശങ്ങളിലേക്കും തിരിഞ്ഞ് രണ്ടുനദിയായി ഒഴുകുന്നുണ്ടിവിടെ.. അതാണ് ചന്ദ്രാനദിയും ഭാഗാനദിയും. ചന്ദ്രന്റെ മകളാണ് ചന്ദ്രാനദിയെന്നും സൂര്യന്റെ മകനാണ് ഭാഗാനദിയെന്നും ഒരു നാടോടിക്കഥ ഇവിടെ ഇപ്പോഴുമുണ്ട്. റ്റാൻഡിയിലേക്കുള്ള അവരുടെ മത്സരപ്പാച്ചിലിൽ ചന്ദ്രാനദിയ്ക്കായിരുന്നു വിജയമത്രേ…!!
16000 അടി പൊക്കമുണ്ട് ബാരലച്ച ചുരത്തിന്. ചുരത്തെ അടയാളപ്പെടുത്തിയ BROയുടെ
ബോഡുകണ്ടപ്പോൾ ഇറങ്ങാതിരിക്കാൻ കഴിഞ്ഞില്ല. ഓർമ്മയിലേക്ക് സൂക്ഷിക്കാൻ ചില
ചിത്രങ്ങളെടുത്ത് തിരിച്ചുകയറി.

കുന്നുകളിലൂടെ, മലഞ്ചെരുവിലൂടെ യാത്ര വീണ്ടും തുടർന്നു.
എപ്പോൾ വേണമെങ്കിലും റോഡിലേക്ക് അടർന്നുവീഴാൻ പാകത്തിന് ഓരോ കുന്നിനേയും
അടുക്കിവച്ചിരിക്കുന്നു. സ്വയം അടർന്നുപൊഴിയുന്ന പാറക്കൂട്ടങ്ങളുടെ കൂമ്പാരമാണ്
ഹിമാലയം എന്ന് ചില കാഴ്ചകൾ നമ്മളെ തോന്നിപ്പിച്ചേക്കാം..
വരണ്ട കാഴ്ചകളാണ് ചുറ്റിലും.
കുന്നുകൾ…
കുന്നുകൾ !!!!!
ഇടയിലൂടെ സ്വയം പൊട്ടിയൊലിച്ച് സൃഷ്ടിക്കപ്പെട്ട താഴ് വരകൾ…
ഓരോ മഞ്ഞുകാലം കഴിയുമ്പോഴേക്കും ഉരുകിയൊലിച്ചെത്തുന്ന ജലത്തിന്റെ ഒഴുക്ക്,
താഴ് വരകളെ തകർത്തെറിയുന്നു. പലപ്പോഴും റോഡുകളെ വിഴുങ്ങിയാവും അത് കടന്നുപോവുക.
സമയം കടന്നുപോകുന്നു.
നിഴലുകൾ നീണ്ടുതുടങ്ങി..
ചായ മോഹിച്ചുതുടങ്ങിയപ്പോഴാണ് താഴ് വരയിലെ ധാബയോട് ചേർത്ത് ജിഗ്‌മിത്ത് വണ്ടിനിർത്തിയത്.
നടുനിവർത്താനായി പുറത്തേക്കിറങ്ങി. ധാബയുടെ ഉള്ളിൽ, ചുരുട്ടിവച്ചിരിക്കുന്ന ബ്ളാങ്കറ്റുകൾ…
രാത്രികളിൽ ഓടിയെത്തുന്ന യാത്രികർക്കുള്ള താവളങ്ങളാണത്. നിരവധിപേർക്ക് നിരന്നുകിടക്കാനുള്ള
സൗകര്യമുണ്ടതിൽ.. ബ്ളാക്ക് ടീ കഴിച്ച് പുറത്തിറങ്ങി. ജിഗ്‌മിത്തിനെ കാണാനില്ല..
അയാളെവിടെ…? സമയം കടന്നുപോകുന്നു…
അപ്പോഴാണ് ശ്രദ്ധിച്ചത്…
കുറച്ചകലെ മുന്നോട്ടുള്ള പാതയിൽ മൂന്നു വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.
അവിടെയുണ്ടയാൾ….
വലിയൊരു വാട്ടർ ക്രോസിങ്ങായിരുന്നു അത്..
പകൽച്ചൂടിൽ ഉരുകിയൊലിച്ച് മഞ്ഞ് ഒരു ഗർത്തമായി രൂപപ്പെട്ടിരിക്കുന്നു. അതിനുമീതെ
ചെറിയചെറിയ പാറക്കൂട്ടങ്ങൾക്കിടയിൽ ടയർ കുരുങ്ങി രണ്ടുട്രക്കും ഒരു കാറും..
ഏറെ പണിപ്പെട്ട് മറ്റൊരു ട്രക്കുകൊണ്ട് കാറിനെ കെട്ടിവലിച്ച് വഴിതുറന്നു.

എങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് ജിഗ്‌മിത്ത് അവിടം കടന്നത്… ഒരു ഹിമാലയൻ ഡ്രൈവറുടെ
പരിചയസമ്പന്നത മുഴുവനുണ്ടായിരുന്നു ആ അതിജീവനത്തിൽ…
രാത്രിമുഴുവൻ കുടുങ്ങിക്കിടക്കേണ്ടി വരും എന്ന ചിന്തയായിരുന്നു അപ്പോഴൊക്കെ…
ഒരു പകൽ നീണ്ട യാത്ര ശരീരത്തെ തളർത്തിത്തുടങ്ങി.
കയറ്റിറക്കങ്ങളിൽ ഉലഞ്ഞുലഞ്ഞ്…
സഹയാത്രികർ സീറ്റിലേക്ക് ചാഞ്ഞിരുന്നു…
കിടക്കയിലേക്കൊന്നു വീണുപോകാൻ മോഹിച്ചു.
പർവ്വതങ്ങൾക്ക് താഴെ ഇരുട്ട് നിഴലിച്ചു…
അനന്തമായി നീളുന്ന ഓട്ടത്തിനിടയിലെപ്പോഴോ സർച്ചുവിലെ ANTREK എന്ന ക്യാംപിലേക്ക്
ജിഗ്‌മിത്ത് വണ്ടി ഓടിച്ചുകയറ്റി..

മലകളാൽ ചുറ്റപ്പെട്ട താഴ് വരയിൽ നിരവധി ടെന്റുകൾ…
വലിയ തടാകത്തിൽ നീന്തുന്ന വെളുത്ത അരയന്നങ്ങളെപ്പോലെ അത് കാഴ്ചയെ
മോഹിപ്പിച്ചു. പർവ്വതങ്ങളിലെ മഞ്ഞുപാളിയിൽ തട്ടി താഴേക്ക് നീളുന്ന കൊടുങ്കാറ്റ്
ശരീരത്തെ കൊത്തിവലിക്കുന്നു. മലഞ്ചെരുവിലൂടെ ഒഴുകിപ്പോകുന്ന പുഴ
നിശബ്ദതയെ കീറിമുറിക്കുന്നു.
സോപ്പുപെട്ടിക്കൂടുപോലെ നിരത്തിവെച്ച ടെന്റുകളിൽ 16 ആം നമ്പറിൽ ചേക്കേറി.
സിബുകൾക്കുള്ളിൽ സുരക്ഷിതമായ ഒളിയിടം.
ടെന്റിനുള്ളിൽ ഹോട്ടൽമുറിയെ ഓർമ്മിപ്പിക്കുന്ന സൗകര്യം…
അത്താഴത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വാ പിളർന്നെത്തുന്ന തണുപ്പിന്റെ
ഭീകരത മനസിലായത്.. റൊട്ടിയും വെജിറ്റബിൾ സൂപ്പും കഴിച്ച് വേഗം ടെന്റിലേക്ക് മടങ്ങി.
ബാഗിൽ സൂക്ഷിച്ചിരുന്ന തെർമൽ ഇന്നെർവെയർ പുറത്തെടുത്തു. ജാക്കെറ്റും
വൂളൻ കയ്യുറയും സോക്സുമൊക്കെ ധരിച്ചെങ്കിലും പഴുതുകൾ തേടി ഇഴഞ്ഞെത്തുന്ന
തണുപ്പിന്റെ സീൽക്കാരങ്ങൾ… അട്ടഹാസങ്ങൾ…
14000 അടി പൊക്കമുണ്ട് സർച്ചുവിന്… അതുകൊണ്ടുതന്നെ ഓക്സിജന്റെ അളവ്
കുറവുള്ളതായി അറിയാൻ കഴിയുന്നുണ്ട്.. അക്യൂട്ട് മൗണ്ടൻ സിക്‌നസ്സിന്(AMS) സാധ്യതയുള്ള
സ്ഥലമാണ് സർച്ചു. 5000 അടിയിൽ നിന്ന് ചുരങ്ങൾ താണ്ടി കയറ്റിറക്കങ്ങളിലൂടെ 14000 അടി മുകളിലേക്ക്
എത്തപ്പെടുമ്പോഴുണ്ടാകുന്ന വ്യതിയാനങ്ങൾ ശരീരം അറിയേണ്ടിയിരിക്കുന്നു…
DIAMOX കഴിച്ചതുകൊണ്ടാകാം അത്തരം ബുദ്ധിമുട്ടുകൾ അറിയാതിരുന്നത്..
മൊബൈൽഫോൺ കയ്യിലെടുത്തെപ്പോഴാണ് ഓർത്തത്.. അതിന്റെ സിഗ്നൽ കെലോങ് കഴിഞ്ഞപ്പോൾ തന്നെ നഷ്ടപ്പെട്ടിരുന്നു. അകലെയുള്ള പട്ടാളക്യാമ്പിലെ ഫോൺസൗകര്യമല്ലാതെ പുറംലോകത്തേക്ക്
സർച്ചുവിന് വേറെ മാർഗ്ഗങ്ങളില്ല
ശ്വാസമെടുക്കുമ്പോൾ ഇടയ്ക്കൊക്കെ കിതയ്ക്കുന്നു.
കണ്ണുകൾ ഇറുക്കിയടച്ച് ഉറങ്ങാൻ കിടന്നു… ഇടയ്ക്കൊക്കെ ശ്വാസം വലിച്ചെടുത്തു.
കുപ്പി തുറന്ന് വെള്ളം കുടിച്ചു. പുറത്ത് കാറ്റിന്റെ കൊലവിളി…

ഈ രാത്രിയൊന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ……!
