ഒരിക്കലും ഇതൊരു യാത്രാക്കുറിപ്പല്ല..
ഒരു യാത്രാനുഭവം മാത്രമാണ്.
പലകാലങ്ങളിൽ ചെയ്ത
യാത്രകളിൽ മനസ് നിറയ്ക്കുന്ന
ഒരുപാടനുഭവങ്ങളുണ്ടാകാം
എഴുതാൻ തോന്നുന്ന ചിലതും..
അത്തരത്തിലൊന്നാണിത്..

2021 ഒക്ടോബർ 4 ന്
ദ് ഫോട്ടോറൂട്ട്സ്
എന്ന ഇന്ത്യായാത്രയുമായി പുറപ്പെട്ട്, ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, ഒഡിഷയിലെ പൊടിപാറുന്ന പാതയോരത്തെ വളരെ ചെറിയൊരു കടയിലിരുന്ന് ചൂടുചായ വാങ്ങി, ക്ഷീണമാറ്റുമ്പോഴാണ് പോക്കറ്റിലിരുന്ന് ഫോൺ ശബ്ദിച്ചത്…
കഷ്ടപ്പെട്ട് അതെടുത്തു നോക്കി.
ചന്തുവാണ്…
ഇന്ത്യൻ കരസേനയിൽ ജോലിചെയ്യുന്ന
പരിചിതൻ..
കണ്ടിട്ട് വർഷങ്ങളാകുന്നു.
എന്നാണ് കാശ്മീരെത്തുക…?
അതായിരുന്നു ചന്തുവിന്റെ ചോദ്യം…
അറിയില്ല അടുത്ത മാസമാകും..
എന്നു മറുപടി നൽകി…
ഞങ്ങളിവിടെ ഉധംപൂരുണ്ട്..
ഇതുവഴി നിങ്ങൾ പോകുമ്പോൾ വിളിക്കൂ…
ശരിയെന്ന് പറഞ്ഞു ഫോൺ വച്ചു…
കൃത്യം ഒരുമാസമായപ്പോഴേക്കും…
വണ്ടി ഡൽഹി പിന്നിട്ട് ശ്രീനഗറിലേക്കുള്ള പാതയിലെത്തി.
ജലന്ധറിലെ രാത്രിയിലാണ് ചന്തുവിന്റെ
ക്ഷണത്തെ പറ്റി ഓർത്തത്..
ഉധംപൂര് വഴിയല്ലേ
എന്തായാലും തമ്മിൽ കാണാല്ലോ..
എന്തായാലും വിളിക്കാൻ തീരുമാനിച്ചു
ആള് നൈറ്റ് ഷിഫ്റ്റിലാണ്..
ചുരുക്കം ചില വിവരങ്ങൾ തന്നു.
ജലന്ധറിൽ നിന്ന് പുറപ്പെട്ടാൽ
ദീപാവലി നാളുകളായതിനാൽ
പത്താൻകോട്ടിൽ കർശന പരിശോധനയുണ്ടാകും
നേരത്തേ പുറപ്പെട്ടോളൂ
എന്ന മുന്നറിയിപ്പും കിട്ടി…
അതുകൊണ്ടുതന്നെ
അതിരാവിലെ പുറപ്പെട്ടു..
പക്ഷേ പറഞ്ഞതിന് വിപരീതമായി പത്താൻകോട്ട്
വേഗത്തിൽ കടന്നുകിട്ടി.
വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നില്ല.
വേഗം
ചന്തുവിന്റെ ലൊക്കേഷൻ
മാപ്പനനുസരിച്ച്
ഉധംപൂർ ലക്ഷ്യമാക്കി പാഞ്ഞു.

നേരത്തേ ഇറങ്ങിയതിനാൽ ഉച്ചയ്ക്ക് മുന്നേ
ഉധംപൂരെത്താൻ കഴിഞ്ഞു.
പറഞ്ഞതുപോലെ
തെരുവിൽ ചന്തു കാത്തുനിൽക്കുന്നു…
അയാളുടെ
സൈനിക ക്വാർട്ടേഴ്സിലേക്ക് ക്ഷണിച്ചു.
ഭാര്യയ്ക്കും കുഞ്ഞുമകനുമൊപ്പമാണ് താമസം..
തെരുവുകൾ പിന്നിട്ട് ഇരുമ്പുഗേറ്റിനുള്ളിൽ
സൈനികർ താമസിക്കുന്ന മനോഹരമായൊരു ഫ്ളാറ്റ് സമുച്ചയത്തിലെത്തി.
ചുറ്റും
കാശ്മീരിന്റെ പച്ചപ്പുകൾ…
പോപ്ളാർ മരങ്ങളുടെ ചൂളംവിളി.

വീട്ടിൽ ചന്തുവിന്റെ ഭാര്യ ജയലക്ഷ്മി
ഒരു സദ്യയൊരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.
കുത്തരിച്ചോറ്…
സാമ്പാർ
രസം
പുളിശ്ശേരി
തോരൻ
അവിയൽ
വെളിച്ചെണ്ണയിൽ വറുത്തെടുത്ത
ചിക്കൻ ഫ്രൈ,
പിന്നെ
തേങ്ങാകൊത്തിട്ട
ചിക്കൻ കറിയും…
ഒന്നര വയസുള്ള മകനെ
ഉറക്കികിടത്തിയിട്ട്
രണ്ടുപേരുംകൂടി
വെളുപ്പിനെ തുടങ്ങിയ
അധ്വാനമാണ്…
ഒരു മാസക്കാലം റൊട്ടിയും ദാലും
കഴിച്ച് ശീലിച്ച നാവിന്
ജീവിതത്തിലൊരിക്കലും
മറക്കാനാവാത്ത രുചിയായിരുന്നു അത്…
അത്രത്തോളം ആസ്വദിച്ച്
അതു കഴിച്ചു തീർത്തു..

ജീവിതത്തിന്റെ ചില വഴികളിൽ
വിലമതിക്കാൻ കഴിയാത്ത
ചില കരുതലുകൾ നമ്മെ തേടിയെത്തും
ഇതുപോലെ…
എത്ര നന്ദിപറഞ്ഞാലും
പകരമാവില്ല
ഈ കരുതലിന്..
മറക്കാനാകാത്ത ഈ രുചിയ്ക്ക്…
ആഹാരം കഴിഞ്ഞിറങ്ങുമ്പോൾ
രാത്രിയിലേക്ക് പൊതിഞ്ഞു
നൽകിയ റൊട്ടിയും ചിക്കനും
കൈകളിൽ വാങ്ങുമ്പോൾ
ഉള്ളുകൊണ്ടൊന്നു
കരഞ്ഞുപോയി…
പിന്നെ കൈകളിൽ കരുതിയിരുന്ന
ദീപാവലി മധുരം
കുഞ്ഞിന്റെ കൈകളിലേക്ക് നൽകി
മടങ്ങിപ്പോരുന്നു.
അപ്പോഴും
സൈനിക വേഷത്തിലായിരുന്ന
ചന്തു അയാളുടെ തിരക്കിലേക്ക്
വീണ്ടും ഇറങ്ങിനടന്നു….
♥♥
