നുബ്രയിലെ തണുത്തുലയുന്ന വെളുപ്പാൻകാലത്ത് വെറുതേ വിളിച്ചുണർത്തിയിട്ട് ഒന്നുമറിയാത്തപോലെ
മിണ്ടാതിരിക്കുന്നുണ്ട് മേശപ്പുറത്ത് ചെറിയ മൊബൈൽഫോൺ. പൊട്ടിത്തെറിച്ച് ചെകിട് പൊട്ടിക്കുന്ന
പഴയ അലാറം കാലമാണപ്പോൾ ഓർമ്മവരുന്നത്. രാത്രിമുഴുവൻ പൊതിഞ്ഞുപിടിച്ച ബ്ളാങ്കറ്റിനെ കിടക്കയുടെ പുറത്തേക്ക് കുടഞ്ഞെറിഞ്ഞ് ടെന്റിന്റെ സിബ് തുറന്ന് പുറത്തേക്കിറങ്ങി.
വെയിലിന്റെ വരവറിയിച്ച് കുന്നിന്റെ മുകളിൽ വെളിച്ചം ഇരിപ്പുറപ്പിച്ചിരിക്കുന്നു.
താഴ് വരയെ പ്രകമ്പനംകൊള്ളിച്ച് നിരന്തരം പായുന്ന ഹെലികോപ്റ്ററിന്റെ നിരീക്ഷണപ്പറക്കലുകൾ.
തലേദിവസം രാവിലേയും ഏറെനേരം ആ ശബ്ദം കേട്ടിരുന്നു. മലകളെച്ചുറ്റി പട്ടാളക്യാമ്പുകൾക്കിടയിലൂടെ
കടന്നുപോകുന്ന യന്ത്രപ്പക്ഷിയുടെ കൂറ്റൻ ചിറകടിശബ്ദം. മഞ്ഞുപെയ്തുവീണ പച്ചപ്പിൽ നിരത്തിയിട്ടിരിക്കുന്ന
കസേരകളിൽ ഇരിപ്പുറപ്പിച്ച് കളിമൺകോപ്പകളിൽ പകർന്നുവച്ച ചൂടുചായ ഊതിക്കുടിച്ചു.

സമയം ഏറെ ഉണ്ടായിരുന്നില്ല. 9 മണിക്ക് പുറപ്പെടണമെന്ന് തലേന്ന് പിരിയുംമുമ്പ് ജിഗ്‌മിത്ത് പലവട്ടം ഓർമ്മിപ്പിച്ചിരുന്നു. ലഡാക്ക് മേഖലയിലെ അപകടംപിടിച്ച പാതയിലൂടാണത്രെ ഇന്നത്തെ യാത്ര.
ഈ യാത്രയിൽ ഏറ്റവും ഒടുവിൽ കൂട്ടിച്ചേർത്ത പാതയാണിത്. ഏറെ വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഗൂഗിളിൽ ചിത്രങ്ങൾക്കായി പരതി നടന്നു. നിരവധി യാത്രികരിൽ അന്വേഷണം നടത്തി.
അടുത്തകാലത്താണ് ഈ പാത സുഗമസഞ്ചാരത്തിന് കഴിയുംവിധം BRO ഒരുക്കിയെടുത്തത്. എങ്കിൽപ്പോലും
അത്രയധികം വിശ്വസിക്കാനാകില്ലതിനെ… നല്ലൊരു ഭാഗം ഷിയോക്ക് നദിയുടെ തീരത്തുകൂടിയാണത് കടന്നുപോകുന്നത്. അപ്രതീക്ഷിതമായി ഷിയോക്ക് അതിനെ വിഴുങ്ങിയെങ്കിൽ
അമ്പരക്കേണ്ട..!! പ്രവചനാതീതമാണവിടെ എല്ലാം… കാറ്റും കാലാവസ്ഥയും വഴിയോട് ചേർന്നൊഴുകുന്ന
നദിയും അതിരുകടക്കുന്ന ഹിമപാതവും… ഏറെ ആലോചിച്ചിട്ടുതന്നെയാണ് അതുവഴി കടന്നുപോകാൻ തീരുമാനിച്ചത്. പ്രവചനാതീതമായ സഞ്ചാരമാണ് യാത്രയ്ക്ക് പലപ്പോഴും ജീവൻ നൽകുന്നത്.
അതിനിടയിൽ പ്രതിബന്ധങ്ങളെ നേരിട്ടേക്കാം.. മടക്കയാത്ര മോഹിച്ചുപോയേക്കാം…

240 കിലോമീറ്ററാണ് നുബ്രയിൽ നിന്ന് പാങ്കോങ്ങിലേക്ക്. മുൻദിവസങ്ങളെപോലെ ജിഗ്‌മിത്ത്
കൃത്യസമയത്ത് ഹാജർ. ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങി. വഴിയിൽ വെയിൽ വീണുതുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ രണ്ടുദിവസം പ്രകൃതിയോട് ചേർത്തുവച്ച “നുബ്ര ഇക്കോ വില്ലേജ്” പിന്നിലേക്ക് മായുന്നു.
തണുത്തകാറ്റ് പൊതിയുന്ന താഴ് വരയിലൂടെ വണ്ടിപായുന്നു. നുബ്രവാലി ഇപ്പോൾ നദിയുടെ
ഒഴുക്കിനൊപ്പം പിന്നിലേക്ക് മറഞ്ഞു. 98 കിലോമീറ്റർ അകലെയാണ് സിയാച്ചിൻ യുദ്ധഭൂമി.
തണുത്ത മഞ്ഞുമലകൾക്ക് മുകളിൽ തോക്കേന്തി കാവൽ നിൽക്കുന്ന ജവാന്മാരുടെ പോരാട്ടവീര്യം
നുബ്രയ്ക്ക് മുകളിൽ തണൽവിരിച്ച് നിൽക്കുംപോലെ.
ഖൽസാർ കടന്നുപോയി. ഇവിടെ വഴി രണ്ടായി തിരിയുകയാണ്. മലകൾ ചുറ്റി മുകളിലേക്ക്
പോകുന്നത് ഖാർദുങ് ലാ വഴി ലേ നഗരത്തിലേക്കാണ്. താഴേക്കുള്ളതാണ് പാങ്കോങ്ങിലേക്കുള്ള
പാത. മലകൾ ചുറ്റി അത് പുഴയുടെ കൈകളിലേക്കിറങ്ങിപ്പോവുകയാണെന്ന് തോന്നും.
ഭാഗ്യം… രൗദ്രതാളത്തിൽ കലങ്ങിയൊഴുകുന്ന നദി കരയിലേക്ക് കയറിത്തുടങ്ങിയിരുന്നില്ല.
വെയിൽ വീണ് മഞ്ഞുപാളികൾ ഉരുകിത്തുടങ്ങിയാൽ നദിയിൽ ജലനിരപ്പുയരും.
റോഡ് വിഴുങ്ങിത്തുടങ്ങിയാൽ പിന്നെ മടങ്ങിപോവുകയാണത്രേ മാർഗം. അതുകൊണ്ടാകും
രാവിലെ തന്നെ യാത്രതുടങ്ങാൻ അയാൾ ധൃതിപ്പെട്ടത്. അവിസ്മരണീയമായ ചില
വാട്ടർക്രോസിങ്ങിലൂടെയാണിപ്പോൾ കടന്നുപോകുന്നത്. തലേദിവസം തകർന്നുപോയ പാതയ്ക്ക്
സമാനമായി താല്ക്കാലികമായി മറ്റൊരു പാത രൂപപ്പെട്ടിരിക്കുന്നു. വാട്ടർക്രോസ്സിങ്ങിൽ
വലയുന്ന ബൈക്ക് യാത്രികർ വഴിയരുകിൽ പരസ്പരം സഹായിക്കുന്നുണ്ട്. നദിക്കരയിലൂടെ
നീണ്ടുനീണ്ടുപോകുന്ന ആ വഴി ഒരു ഹിമാലയൻ സഞ്ചാരി ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല.
ത്രസിപ്പിക്കുന്ന അനുഭവങ്ങൾ പലതും പിന്നിട്ടുപോകുന്ന പാതകളിൽ കണ്ടേക്കാം.
അടന്നുവീഴാൻ പാകത്തിന് കാത്തിരിക്കുന്ന പാറക്കൂട്ടങ്ങൾ, തലയ്ക്ക് മുകളിൽ കോട്ടകെട്ടി നിൽക്കുന്ന മലഞ്ചെരിവുകൾ, വഴിയുടെ വരകൾക്കപ്പുറം അഗാധമായ കിടങ്ങുകൾ, കയറ്റിറക്കങ്ങൾ,
റോഡിലേക്ക് പതിക്കുവാൻ കാത്ത് മൺകൂനകൾ..
ഭാഗ്യം….!!!
എല്ലാം ഫണം വിടർത്തി നിൽക്കുംപോലെ ഭയപ്പെടുത്തുക മാത്രമേ ചെയ്തിരിന്നുള്ളൂ.
തടസങ്ങളില്ലാതെ മൈലുകൾ കടന്നുപോയി. കുന്നിറങ്ങിച്ചെന്നത് ഒരുകൂട്ടം ഹിമാലയൻ യാക്കുകൾക്ക്
മുന്നിലാണ്. കൂറ്റൻ കൊമ്പുകളുമായത് കാറിനെ കുത്തിമറിയ്ക്കുമോ എന്ന് ഭയന്നു.
പാവം മൃഗങ്ങളാണത്…. ജിഗ്‌മിത്ത് തിരുത്തി. താഴ് വരയിലെ പുൽപ്പടർപ്പിനപ്പുറം മേയുന്ന
ചെമ്മരിയാടിൻപറ്റത്തോട് ചേർന്ന് ചാങ്ങ്മാ നാടോടി സംഘങ്ങൾ തമ്പടിച്ചിരുന്നു.
കാഴ്ചകൾ കണ്ട് ദർബുക്കിലെത്തിയപ്പോഴേക്കും ഉച്ചയായിരുന്നു.

ദർബുക്ക് ഒരു സൈനിക താവളമാണ്. ലേയിൽ നിന്നും പാങ്കോങ്ങിലേക്കുള്ള വഴിയിൽ
ഒരിടത്താവളം. ജിഗ്‌മിത്ത് വണ്ടിയൊതുക്കി. വിശന്നുതുടങ്ങിയിരുന്നു. പാതയോരത്തെ
കടയിലേക്ക് കടന്നിരുന്നു. നല്ല തിരക്ക്.. ലഡാക്കി മേഖലയിലെ സ്ഥിരം മെനു തന്നെ…
ഭക്ഷണം മടുത്തുതുടങ്ങിയിരുന്നു. വിശപ്പൊടുക്കാൻ എന്തെങ്കിലും ഒന്നു കഴിക്കണം എന്ന അവസ്ഥ.
ഒരു കപ്പ് നൂഡിൽസും ബ്ലാക്ക് ടീയും മുന്നിലെത്തി. പാങ്കോങ്ങിലേക്ക് ഇനി നൂറ് കിലോമീറ്റർ.
പിന്നിടുന്ന വഴികൾ ഇപ്പോൾ അത്ര ദുർഘടമല്ല. ഉള്ളിൽ പാന്ഗോങ് എന്ന ജലനീലിമയുടെ
കാഴ്ചകൾ മാത്രം. ലഡാക്കിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്.
താൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ ഒതുങ്ങി ജീവിച്ചിരുന്ന മനുഷ്യൻ ഒരു സുപ്രഭാതത്തിൽ
ബാക്ക്പായ്ക്കുമായി, അതിരുകളില്ലാത്ത ലോകത്തേക്ക് ഇറങ്ങിത്തിരിക്കുകയാണ്.
അനന്തവിഹായസിലേക്ക് തടസമില്ലാതെ പറന്നുപോകാൻ മോഹിച്ച് ഉള്ളിൽ ചിറകുകൾ വളർത്തി പറക്കുകയാണ്….

വരണ്ട മരുക്കാഴ്ചകൾക്കിടയിലെ പച്ചപ്പും ചെറിയ അരുവികളും വഴിയരുകിൽ തെളിഞ്ഞുവരുന്നുണ്ടിപ്പോൾ.
ഹിമസഞ്ചാരത്തിന്റെ വഴിക്കാഴ്ചകളാണത്. എത്രനേരമായ് അക്ഷമയോടെ സ്ഫടികസമാനമായ
ആ ജലക്കൂട്ടിനെ കാത്തിരിക്കുന്നു.മലകൾക്കിടയിൽ എവിടെയോ അതിപ്പോഴും മറഞ്ഞിരിക്കുകയാണ്.
സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞുതുടങ്ങിയിരിക്കുന്നു. അനന്തമായ് വഴി നീണ്ടുനീണ്ടു
പോകുമ്പോഴാണ് കൂറ്റൻ മലനിരയുടെ ചെരുവിൽ നീലനിറത്തിൽ ആ തടാകം ദൃശ്യമായത്.
ആകാശത്തിലെ മേഘങ്ങളെ അപ്പാടെ ഉള്ളിലേക്ക് പിടിച്ചിട്ട് വരണ്ട മലകൾക്കിടയിലത്
നിശ്ചലം കിടക്കുകയാണ്. തടാകത്തിന്റെ കാഴ്ചകൾ പതുക്കെ വലുതാകുന്നു. കാഴ്ചയ്ക്കുമപ്പുറം
ചക്രവാളത്തിന്റെ ചെരുവിലേക്കത് നീണ്ടുപോകുംപോലെ…
കുന്നുകൾ ചുറ്റിക്കറങ്ങി വണ്ടിയിപ്പോൾ പാങ്കോങ്ങിന്റെ കരയിൽ നിശ്ചലമായി.
പുറത്തേക്കിറങ്ങി.. വിശ്വപ്രകൃതി ഒരുക്കിവച്ച കാഴ്ചയുടെ ആ കൗതുകത്തെ വെറുതേ
നോക്കിനിന്നുപോയി.. തടാകത്തിലേക്കിറങ്ങി കാലുനനച്ചു. തണുപ്പിന്റെ സൂചിക്കുത്ത്.
14000 അടി ഉയരത്തിലുള്ള ഉപ്പുതടാകമാണ് പാന്ഗോങ്. 600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ
അത് പടർന്നുകിടക്കുന്നു. 60 ശതമാനത്തോളം ഭാഗം ചൈനയിലാണ്. 100 മീറ്റർ ആഴത്തിൽ
5 കിലോമീറ്റർ വീതിയിൽ ആ തടാകം കാഴ്ചയെ നിറയ്ക്കുന്നു. കാറ്റിനൊപ്പം തിരയടിക്കുന്ന
ജലക്കൂട്ടിനെ ചിലപ്പോഴൊക്കെ കടലുപോലെ തോന്നിച്ചു. ചുറ്റിലും തലയെടുത്തുനിൽക്കുന്ന
മലയുടെ മുനമ്പിൽ നിന്നും മഞ്ഞ് പൂർണ്ണമായി ഉരുകിത്തീർന്നിരുന്നില്ല. തീരത്ത് വീശിയടിക്കുന്ന
ചെറിയ കാറ്റിൽ തണുപ്പ് വേട്ട നടത്തുന്നു. പൂർണ്ണമായ് ആകാശത്തെ പ്രതിഫലിപ്പിച്ച്
പാങ്കോങ് സഞ്ചാരിയെ വല്ലാതെ മോഹിപ്പിക്കുകയാണ്. തടാകത്തിൽ നിറയെ ദേശാടനപ്പക്ഷികൾ.
ആകാശത്തേക്കവ ഉയർന്നുപറക്കുന്നു. ജലത്തിലേക്ക് തലപൂഴ്ത്തുന്നു….

വിശാലമായൊരു താഴ് വരയിലാണീ തടാകം. മൈലുകൾ നീളുന്ന അതിന്റെ കരയിൽ
നൂറുകണക്കിന് ടെന്റുകൾ….കെട്ടിടങ്ങൾ.. റസ്റ്റോറന്റുകൾ..
അതിശൈത്യം ആഞ്ഞുവീശുന്ന തണുപ്പുകാലത്ത് തടാകം നിശ്ചലസമാധിയിലൊടുങ്ങും.
മുകൽപ്പരപ്പിലെ ജലം ഐസായി മാറുന്നു. സഞ്ചാരികളില്ലാതെ ഇവിടം സുഷുപ്തിയിലാണ്ടുപോകുന്നു.
ലഡാക്ക് മേഖലയിലെ ഏറ്റവും വലിയ തടാകമാണിത്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ
പറുദീസയായി ഇവിടം പുനർനിർമ്മിക്കപ്പെടുന്നു.

പാങ്കോങ്ങ് ഹോളിഡേ ക്യാമ്പിലാണ് ഇന്നത്തെ താമസം തരപ്പെടുത്തിയിരിക്കുന്നത്.
ടെന്റുകൾക്കിടയിലെ ഇടുങ്ങിയ വഴിയിലൂടെ ജിഗ്‌മിത്ത് അതന്വേഷിച്ചുള്ള യാത്രയിലാണ്.
ഒടുവിൽ ആട്ടിൻപറ്റംപോലെ കൂട്ടംകൂടി നിൽക്കുന്ന കൂടാരങ്ങൾക്കിടയിൽ ക്യാമ്പ്
കണ്ടെത്തി. തടികൊണ്ട് നിർമ്മിച്ച മനോഹരമായ ഒരു കൂട്.
പുറംകാഴ്ചയെ പോലെ സുന്ദരമായിരുന്നില്ല അകത്തെ സൗകര്യങ്ങൾ.
ഇരുട്ട് വീണുതുടങ്ങി. തണുപ്പ് അരിച്ചിറങ്ങുന്നു. മലയിറങ്ങിയെത്തുന്ന മഞ്ഞുകാറ്റ് താഴ് വരയെ
പുതപ്പിച്ചുകളഞ്ഞു. അക്ക്യൂട്ട് മൗണ്ടൻ സിക്നസിന്റെ കിതപ്പ് ശ്വാസത്തിലേക്ക്
പടർന്നുകയറുന്നു. റെസ്റ്റോറന്റിലെത്തി ചൂടുള്ള സൂപ്പും റൊട്ടിയും കഴിച്ച് ക്യാമ്പിലേക്ക് മടങ്ങി.
അടുത്ത ടെന്റിനു മുന്നിൽ വടക്കേയിന്ത്യൻ സംഘത്തിന്റെ ക്യാമ്പ്ഫയർ…
ബഹളങ്ങൾ… കൂക്കുവിളികൾ…
ഇരുട്ട് കനക്കുന്നു…
ആഘോഷങ്ങൾ ഒടുങ്ങുന്നു…
താഴ് വര പതുക്കെയൊരു മയക്കത്തിലേക്ക് വഴുതിപ്പോയി…..
