മാനാ- മഹാഭാരതം പിറന്ന മണ്ണ്

മാനാ,
ഇന്തോ-ടിബറ്റൻ അതിർത്തിയിലെ അവസാന ഗ്രാമങ്ങളിലൊന്ന്.
മഹാഭാരതം ഇവിടെവെച്ച് രചിക്കപ്പെട്ടതായി കരുതപ്പെടുന്നു.
ബദരീനാഥിൽ നിന്നും ദേശീയപാത 58 ൽ മൂന്നുകിലോമീറ്റർ അകലെയാണ് മാനാ.
ദില്ലിയ്ക്കടുത്തുള്ള ഗാസിയാബാദിൽ നിന്നും ആരംഭിച്ച് ബദരീനാഥ് വഴി
ഇന്തോ-ടിബറ്റൻ അതിർത്തിയിലെ മാനാപാസിൽ അവസാനിക്കുന്ന പാതയാണിത്.
ഗ്രാമം കഴിഞ്ഞുള്ള പാത പൂർണ്ണമായും സൈനിക നിയന്ത്രണത്തിലാണ്.
ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ സൈന്യം നിതാന്ത ജാഗ്രതയും
കരുതലും കാത്തുസൂക്ഷിക്കുന്നു.

രണ്ടു രാത്രിയും ഒരു പകലുമായി ബദരിയിൽ ചെലവഴിക്കുന്ന സമയത്തെ
നിജപ്പെടുത്തിയിരുന്നെങ്കിലും, രാവിലത്തെ ബദരീദർശനത്തിനു ശേഷമുള്ള സമയം
മാനാ സന്ദർശനത്തിന് ധാരാളമായിരുന്നു.
ബദരീനാരായണ ക്ഷേത്രം കഴിഞ്ഞാൽ മൂന്നു കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമം
തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ട്രക്കിങ്ങിന് താല്പര്യമുള്ള സഞ്ചാരികൾക്ക് അനന്തമായ സാധ്യതകൾ തുറന്നിടുന്നുണ്ട്
ഈ പർവ്വതമേഖല.
മനോഹരമായ താഴ് വരയുടെ ഓരോ അണുവിലും മഹാഭാരതകഥകൾ
തുന്നിച്ചേർത്തിരിക്കുന്നു.
പാറക്കൂട്ടങ്ങൾക്കിടയിൽ ചിതറിപ്പരന്നു താഴേക്കൊഴുകുന്ന അളകനന്ദയ്ക്ക്
സമാന്തരമായി, വിശാലമായ താഴ് വരയിൽ അകലേക്ക് നീളുന്ന പാതയുടെ
അങ്ങേത്തലയ്ക്കൽ ചെറിയൊരു ഗ്രാമത്തിന്റെ നിറം മങ്ങിയ ചില അടയാളങ്ങൾ
ഇപ്പോൾ കാണാം. മോനുഖാന്റെ ഇന്നോവ അവിടേക്കുള്ള യാത്രയിലാണിപ്പോൾ..
സത്യത്തിൽ,
നീലകണ്ഠപർവ്വതത്തിന്റെ ചെരിവിലെ ഈ വിശാലമായ താഴ് വരയെ അളകനന്ദ
കൃത്യമായും രണ്ടുകഷ്ണങ്ങളായി വെട്ടിപ്പകുത്തിരിക്കുന്നു.
രണ്ടു കരയിലും നിറയെ കെട്ടിടങ്ങൾ..
മൺസൂൺ കഴിഞ്ഞതിനാലാകും പച്ചപ്പുതപ്പിന്റെ സമൃദ്ധിയിൽ താഴ് വര മനോഹരമായി
കാണപ്പെടുന്നത്.

ബദരിയുടെ അതിർത്തി പിന്നിട്ടപ്പോഴേക്കും മാനായിലേക്കുള്ള വഴികാട്ടിയായി
റോഡിൽ കൂറ്റൻ കവാടം പ്രത്യക്ഷപ്പെട്ടു.
പാതയ്ക്ക് സമാന്തരമായി അളകനന്ദയുടെ ഒഴുക്ക് ഇപ്പോഴും കാണാം.
വളരെപ്പെട്ടന്ന് തന്നെ ഗ്രാമത്തിന്റെ കവാടത്തിലെത്തി.
ബദരീദർശനം കഴിഞ്ഞെത്തിയ തീർത്ഥാടകരുടെ വാഹനങ്ങൾ പാതയ്ക്കരുകിലായി
പാർക്കുചെയ്തിരിക്കുന്നു.
ഇതിനിടയിലെപ്പോഴോ ദേശീയപാത മലഞ്ചെരിവിലൂടെ മാനാപാസ് തേടി
കുന്നുകയറിപ്പോയി. അവിടേക്ക് സൈനികവാഹനങ്ങൾ മാത്രമേ കടന്നുപോകാറുള്ളൂ.
ഗ്രാമത്തിലേക്കുള്ള ചെറിയ പാതയുടെ അരികിലാണിപ്പോൾ കാർ ഒതുക്കിയിരിക്കുന്നത്.
അതിനുമുന്നിലായി സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് കോൺക്രീറ്റ് കവാടം
കാണുന്നുണ്ട്. അവിടെ നിന്നാണ് ഭൂമിയിലെ ഏറ്റവും ശാന്തവും സുന്ദരവുമായ
ഗ്രാമങ്ങളിലൊന്ന് ആരംഭിക്കുന്നത്…

കവാടത്തിന് മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്തുമ്പോഴാണ് പ്രദേശവാസികളായ
ചില ചെറുപ്പക്കാർ ചുറ്റും കൂടിയത്.
സഹായികളാണ്. മാനാഗ്രാമത്തിൽ നമുക്കൊപ്പം നടന്ന്, കൃത്യമായ വിവരങ്ങൾ
പറഞ്ഞുതരാൻ കഴിയുന്നവർ. മുന്നൂറ് രൂപ ഫീസെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നതിനാൽ
ഒന്ന് പേശി നോക്കി. ഒടുവിൽ ഇരുന്നൂറ് രൂപയ്ക്ക് ഒരാൾ തയാറായി.
സുനിൽ എന്നാണയാളുടെ പേര്.
ഹൃദ്യമായ പെരുമാറ്റം..
ചടുലമായ സംസാരരീതി..
ചില ചിത്രങ്ങൾകൂടി പകർത്തി ഗ്രാമത്തിനുള്ളിലേക്ക് കടന്നു.
ഗൈഡിനെ കൂട്ടാൻ തീരുമാനിച്ചത് നന്നായെന്ന് ആദ്യത്തെ നൂറു മീറ്ററിൽത്തന്നെ
മനസിലായി. ഗ്രാമത്തിന്റെ ഉള്ളിൽ വീടുകൾക്കിടയിലെ നേർത്ത വഴിയിലൂടെയാണിപ്പോൾ
അയാൾ ഞങ്ങളെ നയിക്കുന്നത്.
മാനായിലെ മനുഷ്യർ, അവരുടെ ജീവിതം..
ഒക്കെ തൊട്ടുകാണുകയാണ്..
മഞ്ഞൊഴിഞ്ഞ ആറുമാസക്കാലമാണ് ഈ ഗ്രാമീണർ ഇവിടെ കഴിയുക..!!
നവംബറിൽ മഞ്ഞുവീണുതുടങ്ങിയാൽപ്പിന്നെ കിട്ടുന്നതെല്ലാം കയ്യിലെടുത്ത്
ആട്ടിൻപറ്റങ്ങളേയും നയിച്ച് ഒരു പലായനമാണ്,
നൂറു കിലോമീറ്റർ അകലെയുള്ള ഗോപേശ്വറിലേക്ക്..
പിന്നീടുള്ള ആറുമാസക്കാലം തുണികൾ നെയ്തും, ആടുവളർത്തിയും അവിടെ കഴിഞ്ഞുകൂടും.
മാനായിലെ ആറുമാസത്തേക്കുള്ള കരുതലാണവർക്ക് ഗോപേശ്വറിലെ ജീവിതം.
മഞ്ഞൊഴിഞ്ഞ് ബദരിയിൽ നട തുറന്നാൽപ്പിന്നെ ഒഴുകിയെത്തുന്ന തീർത്ഥാടകരിൽ
ഒട്ടുമിക്കവരും മാനായിലേക്കെത്തും. അവർക്കായി ഗോപേശ്വറിൽ നിന്നും
തുന്നിക്കൊണ്ടുവരുന്ന കരകൗശല വസ്തുക്കളുടെ വിൽപ്പനയുമായി
ശേഷിക്കുന്ന തീർത്ഥാടനകാലം കഴിച്ചുകൂട്ടും.
ഹിമാലയത്തിലെ ലക്ഷക്കണക്കിന് സഞ്ചാരികൾ കടന്നുവരുന്ന ഗ്രാമമായിട്ടുപോലും
അമിതമായി വിലയീടാക്കുകയോ, സഞ്ചാരികളെ മറ്റുവിധത്തിൽ ബുദ്ധിമുട്ടിക്കുകയോ
ചെയ്യുന്നതേയില്ല..
ചെറിയ വിലയിൽ കുഞ്ഞു കുഞ്ഞു ജീവിതങ്ങളെ തുന്നിയെടുക്കുകയാണവർ…

വീടിനു ചുറ്റുമുള്ള ചെറിയ കൃഷിയിടങ്ങളിൽ ഉരുളക്കിഴങ്ങും,കോളീഫ്ളവറും, കാബേജുമൊക്കെ
വളരുന്നുണ്ടിവിടെ. നടവഴിക്കിരുവശവും വീടിനോട് ചേർന്ന് ചെറിയ ചെറിയ കടകൾ..
അതിനുചുറ്റും ഓടിക്കളിക്കുന്ന കുഞ്ഞുങ്ങൾ..
തകർന്നുവീഴാറായ ചെറിയ വീടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ ഇപ്പോൾ
ചെമ്മൺവഴിയിലേക്ക് നടന്നുകയറി.
മലഞ്ചെരിവിലെ ഗണപതിഗുഹയുടെ മുന്നിലാണിപ്പോൾ ഞങ്ങൾ എത്തപ്പെട്ടത്.
വിളിപ്പാടകലെ വ്യാസഗുഹ കാണുന്നുണ്ട്.
ഗുഹാമുഖങ്ങൾക്ക് മുന്നിലിപ്പോൾ ചെറിയ കോൺക്രീറ്റ് കവാടങ്ങൾ നിർമ്മിച്ചിരിക്കുന്നു.
മഹാഭാരതത്തിന്റെ എഴുത്ത് പൂർണ്ണമായും ഈ ഗുഹയിൽ നടന്നു എന്നാണ് വിശ്വാസം.
വ്യാസഗുഹയിലിരുന്ന് വ്യാസമഹർഷി ചൊല്ലിക്കൊടുക്കുന്ന കഥകൾ ഗണപതി ഗുഹയിലിരുന്ന്
ഗണപതി പകർത്തിയെഴുതിയെന്നും വിശ്വാസം..
മഹാഭാരതം എഴുതിത്തീർത്ത് ബാക്കിവന്ന താളിയോലകൾ ഉറഞ്ഞുപോയതാണത്രേ
വ്യാസഗുഹാമുഖത്ത് താളിയോലകൾ ഉറഞ്ഞുപോയതുപോലെ പാറ അടയാളപ്പെട്ടിരിക്കുന്നത്.
താഴെ, ഭൂമിയെ പ്രകമ്പനം കൊള്ളിച്ച് പ്രവഹിച്ചിരുന്ന സരസ്വതിയുടെ ശബ്ദംകൊണ്ട്
വ്യാസൻ ചൊല്ലിക്കൊടുക്കുന്നതൊന്നും ഗണപതിയ്ക്ക് കേൾക്കാൻ കഴിയാതെയായത്രേ
സരസ്വതിയുടെ അഹങ്കാരം ശമിപ്പിക്കാൻ വ്യാസൻ നദിയെ ശപിച്ച് ഭൂമിയ്ക്കടിയിലേക്ക് പായിച്ചു.
ഇവിടെ നിന്നും ഭൂമിയ്ക്കടിയിലേക്ക് ഒഴുകുന്ന സരസ്വതി അലഹബാദിലെ പ്രയാഗിൽ
ഗംഗയ്ക്കും യമുനയ്ക്കും ഒപ്പം ചേരുന്നു എന്നാണ് സങ്കല്പം.

വ്യാസഗുഹയോട് ചേർന്നാണ് ഹരിചന്ദ്രസിംഗ് ബദ്‌വയുടെ ചായക്കട കണ്ടത്.
സത്യത്തിൽ അപ്പോൾ ഉച്ചവെയിൽച്ചൂടിൽ ഞങ്ങൾ നടന്നുതളർന്നിരുന്നു.
കടയുടെ മുന്നിൽ വലിയ അക്ഷരത്തിൽ ഇന്ത്യയുടെ അവസാനത്തെ ചായക്കട
എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു.
അതിനുമുന്നിൽ ഒരു ഫോട്ടോയ്ക്ക് ശ്രമിച്ചപ്പോഴേക്കും ചന്ദ്രസിംഗ് കടയ്ക്കുള്ളിൽ നിന്നും
ഇന്ത്യൻ പതാക പുറത്തേക്കെടുത്തു.
ചായയും പക്കോടയും ഓർഡർ ചെയ്ത് ചില ചിത്രങ്ങൾ പകർത്തി മുറ്റത്തെ കസേരകളിൽ
അൽപ്പനേരം വിശ്രമിച്ചു.
താഴെ സരസ്വതിയുടെ ശബ്ദം കേൾക്കുന്നുണ്ട്…
ഈ മലഞ്ചെരിവിൽ കൂറ്റൻ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പുണ്യനദിയായി
ഹിന്ദുമത വിശ്വാസികൾ പൂജിക്കുന്ന സരസ്വതി ഉത്ഭവിക്കുന്നു.

ചന്ദ്രസിംഗിന്റെ ചായയും പക്കോടയും കഴിച്ച് പതുക്കെ മലഞ്ചെരിവിലേക്ക് നടന്നു.
നടവഴികൾ കല്ലുകൾ പാകി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.
പാറക്കൂട്ടങ്ങൾക്കിടയിലെ ചെറിയ നടപ്പാതയിപ്പോൾ നദിയ്ക്ക് കുറുകെ പ്രകൃതി
ഒരുക്കിയിരിക്കുന്ന വലിയ നടപ്പാലത്തിലെത്തിയിരിക്കുന്നു.
സരസ്വതിക്ക് കുറുകെ പാലമായി പരിവർത്തനം ചെയ്ത കൂറ്റൻപാറയാണിത്.
മഹാഭാരതകഥകൾ പല പേജുകളായി ഉള്ളിൽ നിവരുന്നു.
ഭീം കാ പുൽ (ഭീമന്റെ പാലം)
എന്നാണതിന്റെ പേര്.
സ്വർഗാരോഹണ സമയത്ത് പാണ്ഡവർക്ക് നദിമുറിച്ച് കടക്കാൻ കഴിയാതിരുന്നപ്പോൾ
ഒരു കൂറ്റൻപാറ കുറുകെയിട്ട് ഭീമൻ നിർമ്മിച്ച പാലമാണിത്.
അതിനുമുന്നിലെ പർവ്വതത്തിന്റെ ചുവട്ടിൽ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്ന്
മലതുരന്നു കുതറിത്തെറിക്കുന്ന സരസ്വതിയുടെ ആദ്യകാഴ്ച ഒരു പുണ്യമാണ്.
പാറക്കൂട്ടങ്ങളിൽ ചിതറിത്തെറിച്ച് അതിന്റെ ഒഴുക്ക്.
വീശിയടിക്കുന്ന കാറ്റിൽ, നേർത്ത തണുപ്പിൽ എത്രനേരം വേണമെങ്കിലും
ആ കാഴ്ചകൾ കണ്ടുനിൽക്കാം..
മൂന്നുവശത്തും ആകാശത്തോളം വളർന്ന് മലനിരകൾ..

മഹാഭാരതകഥയുടെ നടുവിലാണിപ്പോൾ നിൽപ്പ്..
പാറക്കൂട്ടങ്ങൾക്ക് മുന്നിലെ സരസ്വതീ ക്ഷേത്രത്തിന്റെ വശങ്ങളിലൂടെ സ്വർഗ്ഗാരോഹിണി
തുടങ്ങുന്നു. ചെറിയൊരു നടപ്പാതയാണത്.
അന്ത്യനിമിഷങ്ങളിൽ ഈ പാതയിലൂടെയുള്ള യാത്രയിലാണ് പാണ്ഡവർ
ഒന്നൊന്നായി മരിച്ചുവീഴുന്നത്..
ഈ നടപ്പാതയിൽ ഏഴു കിലോമീറ്റർ അകലെയാണ് വസുധാര ഫാൾസ്..
ചുറ്റിലും കൂറ്റൻ പർവതങ്ങൾ..
താഴ് വരയ്ക്ക് മുഖാമുഖം, അളകനന്ദയുടെ ഇരുകരയിലുമായി നരനാരായണ പർവ്വതങ്ങൾ..
ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനും അർജ്ജുനനും ഇരുവശങ്ങളിലുള്ള ഈ
പർവ്വതങ്ങളിൽ തപസ്സിരുന്നതായി സങ്കല്പം.
നാരായൺ പർവ്വതത്തിനും ഖോഡാ പർവ്വതത്തിനുമപ്പുറം മഞ്ഞുമൂടിക്കിടക്കുന്ന
കുബേരപർവ്വതം കാണാം. കുബേരന്റെ സമ്പത്തുമുഴുവൻ സൂക്ഷിച്ചിരിക്കുന്ന
അളകാപുരിയുടെ ചെരിവിൽ നിന്നും അളകനന്ദ ഉത്ഭവിക്കുന്നു.
നാരായണ പർവതത്തിന്റെ താഴ് വരയിലൂടെ ഒഴുകി മാനായിലെത്തുന്ന
അളകനന്ദയിലേക്ക് കേശവപ്രയാഗിൽ വെച്ച് സരസ്വതി നദി ഒഴുകിയൊടുങ്ങുന്നു.
അവിടെ തമസ്കരിക്കപ്പെടുന്ന സരസ്വതിയാണ് പിന്നീട് അലഹബാദിലെ ത്രിവേണിയിൽ
സംഗമിക്കുന്നതായി സങ്കല്പിക്കപ്പെടുന്നത്..

സ്വർഗാരോഹിണിയിലേക്കുള്ള പാതയിപ്പോൾ പ്രധാന ട്രെക്കിങ്ങ് റൂട്ടുകളിലൊന്നാണ്.
ഈ പാതയിൽ മലനിരകൾക്കിടയിൽ 27 കിലോമീറ്റർ അകലെയാണത്രേ
ത്രിമൂർത്തികൾ സ്നാനം ചെയ്യുന്നതായി വിശ്വസിക്കുന്ന സതോപന്ത് തടാകം.
ഗന്ധർവന്മാരാണത്രെ ഈ തടാകത്തിന് കാവൽ.
ഏതെങ്കിലും വിധത്തിൽ തടാകം മലിനമാക്കപ്പെട്ടാൽ ഹിമാലയത്തിലെ പക്ഷികൾ
അവിടേയ്ക്ക് പറന്നെത്തി മാലിന്യങ്ങളെ കൊത്തി വൃത്തിയാക്കും എന്നും വിശ്വാസം..
ഹൈന്ദവ വിശ്വാസങ്ങളും സങ്കൽപ്പങ്ങളും ഹിമാലയത്തിന്റെ നിഗൂഢമായ
ഇടങ്ങളിൽ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
കാലങ്ങൾ കഴിയുംതോറും പലതും നമുക്കുമുന്നിൽ പ്രത്യക്ഷമാകുന്നു.
എങ്കിലും എത്രത്തോളം നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചാണ് ഇപ്പോഴും അതിന്റെ കിടപ്പ്.
അനന്തമായി പടർന്നുകിടക്കുന്ന മലനിരയുടെ മുനമ്പുകൾക്കിടയിൽ,
നിഗൂഢമായ താഴ് വരകളിൽ വശ്യമായ അതിന്റെ സൗന്ദര്യം കാലങ്ങളോളം
ഒളിഞ്ഞുകിടക്കുന്നു.

നദിയ്ക്കക്കരെ നാരായണ പർവതത്തിന്റെ ചെരിവിൽ ഒരു ക്ഷേത്രമുണ്ട്.
ബദരീനാഥന്റെ മാതാവ് യശോദയുടെ മന്ദിരമാണത്..
മാതമൂർത്തീ ക്ഷേത്രം..
വർഷത്തിലൊരിക്കൽ ബാവൻ ദ്വാദശിയിലാണ് ഇവിടെ തുറക്കുക.
മറ്റു സമയങ്ങളിലെല്ലാം ആ താഴ് വരയിൽ നിശബ്ദമായത് മൂടപ്പെട്ടുകിടക്കും.

വെയിൽ കടുക്കുന്നു..
സരസ്വതിയുടെ കരയിലെ ചെറിയ നടപ്പാതയിലൂടെ തിരിച്ചുനടന്നു.
പ്രധാനവഴിയിലേക്കുള്ള ഇടുങ്ങിയ പാതയിൽ, പാറക്കൂട്ടങ്ങൾക്കിടയിലെ
ഗുഹയിൽ ശിവരൂപിയായൊരു സന്യാസി തീർത്ഥാടകർക്കായി ദർശനം നൽകുന്നു.
ചുടലഭസ്മം പൂശി, മെലിഞ്ഞുന്തിയ ശരീരം.
കയ്യിൽ ത്രിശൂലം..
അനേകർ നല്കുന്ന ദക്ഷിണ കൈപ്പറ്റി ഇടയ്ക്കിടെ അനുഗ്രഹം നൽകുന്നുണ്ട്..
ചിലർ ചിത്രങ്ങൾ പകർത്തുന്നു.
അവർക്കൊപ്പം ഭസ്മവും അനുഗ്രഹവും വാങ്ങി ചിത്രങ്ങളും പകർത്തി മുന്നോട്ട് നടന്നു.
ഇവിടെ ഇത്തരം കാഴ്ചകൾ പതിവെന്ന് സുനിലിന്റെ മുന്നറിയിപ്പ്..
മാനായിലെ മുഴുവൻ കഥകളും രണ്ടുമണിക്കൂറിനുള്ളിൽ അയാൾ പറഞ്ഞുതീർത്തിരുന്നു.
കൂലിയ്ക്കായി വിലപേശിയതിൽ അല്പം സങ്കടം തോന്നി.
അയാളെ തൃപ്തിപ്പെടുത്തുംവിധം കൂലി നൽകി യാത്രയാക്കി.

അകലെ കവാടത്തിനരുകിൽ മോനുഖാൻ കാറുമായി കാത്തുനിൽപ്പുണ്ട്.
പ്രധാനവഴിയിലേക്ക് കടക്കാൻ തുടങ്ങിയപ്പോഴാണ് കറുപ്പുടുത്ത ഒരു സന്യാസി
ഭിക്ഷയ്ക്കായി കൈ നീട്ടിയത്.
കാശു നൽകി.
ഒരു ചിത്രം കൂടി പകർത്താമെന്ന കരുതി.
ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ നോക്കിയപ്പോഴാണ് ഒന്ന് ഞെട്ടിയത്.
അയാളുടെ ഒരു കൈപ്പത്തി കാണാനില്ല…!!!
ആ ഞെട്ടൽ വളരെപ്പെട്ടന്ന് അയാളിലേക്ക് പകർന്നു.
പെട്ടന്നയാൾ കൈകൾ പിന്നിലേക്ക് മറച്ചു.
എന്തുകൊണ്ടോ എനിക്കപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി.
ആ മുഖത്തെ നിസംഗത വല്ലാതെ വേട്ടയാടി.

ചിലർക്കൊക്കെ ഉപജീവനമാർഗ്ഗമാണിവിടെ സന്യാസവേഷങ്ങൾ..
ജഡ പിടിച്ച രൂപങ്ങൾക്കിടയിൽ പലവിധമനുഷ്യർ ഹിമാലയത്തിന്റെ ചെരിവുകളിൽ
ഇങ്ങനെ അശാന്തമായി ചുറ്റിത്തിരിയുന്നു…

എന്തിനെന്നറിയില്ല..!!
എനിക്കപ്പോൾ ജോഷിമഠിലെ, കൃഷ്ണൻകുട്ടി എന്ന മനുഷ്യനെ
ഓർമ്മവന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *