ഡൽഹിയിലെ തിളച്ചുപൊന്തുന്ന സമരത്തീച്ചൂടിനിടയിൽ നിന്നും
തിരക്കിന്റെ കുരുക്ക് പൊട്ടിച്ച്,
ഇരുട്ടിവെളുക്കുവോളം യാത്രചെയ്തിട്ടാണ് ഷിംലയിലെ തണുപ്പിൽ
ഇത്തവണ എത്തിയത്.
സത്യത്തിൽ ഷിംല ഈ യാത്രയിൽ ആഗ്രഹിച്ച സ്ഥലമല്ല.
പ്രാഷാറിലേക്ക് യാത്ര ചെയ്യേണ്ടതിനാൽ ഒരു ദിനം, ഷിംല വെറുതേ
കൂട്ടിച്ചേർക്കപ്പെട്ടതാണ്.

ഡിസംബറിലെ ഷിംല;
സങ്കൽപ്പങ്ങളെ ആകെ തകിടം മറിച്ചായിരുന്നു അതിന്റെ ഒരു കിടപ്പ്..
പാതയോരത്തും കെട്ടിടത്തിന്റെ മേൽക്കൂടിലും പറ്റിപ്പിടിച്ചിരിക്കുന്ന
മുമ്പെങ്ങോ പെയ്തുപേക്ഷിച്ച മഞ്ഞിന്റെ ചെറുപാളികളാണ് വിന്റർ എത്തിയെന്ന്
ഓർമ്മപ്പെടാനുള്ള ഒരേയൊരു അടയാളം.
കണ്ട കാഴ്ചകൾ തന്നെ വീണ്ടും വീണ്ടും കണ്ട് ,
ഒരു പകലിനെ വെറുതെ പറത്തിവിട്ടു.
ഷിംലയിലെ മാൾറോഡാണ് ഒരാശ്വാസം…!!
മാൾറോഡിലെ സായാഹ്നനടത്തമാണ് ഇവിടേക്കെത്താൻ വീണ്ടുമെന്നെ
പ്രേരിപ്പിക്കുന്നതെന്ന് വെറുതെ ഓർത്തുപോയി.
തണുപ്പ് പൊന്തുന്ന രാത്രികളുടെ തുടക്കമെന്നോണം
മാൾറോഡിലെ നടത്തത്തിനിടയിൽ,
പർവ്വതക്കാറ്റിനൊപ്പം മഞ്ഞിന്റെ ഒരു ചെറിയ പെയ്ത്ത്.
ചത്വരത്തിൽ നിന്ന ആൾക്കൂട്ടം ആരവത്തോടെ അതിനെ വരവേറ്റു.
ജാക്കറ്റിനുള്ളിലേക്ക് തണുപ്പിന്റെ നുഴഞ്ഞുകേറ്റം…
പാതയോരത്തെ ചെറിയ കടയിൽ നിന്നും എരിവുള്ള സൂപ്പ് വാങ്ങി
ചൂടിനൊപ്പം ഊതിക്കുടിച്ചു .

പതുക്കെ കുന്നിൻചെരിവിലെ ചെറിയ ഹോട്ടൽമുറിയിലേക്ക് നടന്നു.
മിന്നിക്കത്തുന്ന തെരുവ് വിളക്കിനിടയിലൂടെ നടന്ന് ഹോട്ടലിലെത്തും മുമ്പ് തന്നെ
തെരുവിൽ മഞ്ഞിന്റെ മനോഹരമായ പെയ്ത്ത് തുടങ്ങി.
അക്ഷരാർത്ഥത്തിൽ തെരുവ് കയ്യടക്കിയ സഞ്ചാരികൾ
കൂക്കുവിളികളും വിസിലടിയുമായി അത് ആഘോഷമാക്കി…
വെളുത്തപൂക്കൾ വിതറിയ ടാർവഴികൾ…
ആ രാത്രി മുഴുവൻ മഞ്ഞിന്റെ പെയ്തായിരുന്നു…
ഈ വർഷത്തെ ഷിംലയിലെ ആദ്യത്തെ പെയ്ത്ത്.

അല്പം മുമ്പ് തണുത്തുവിറച്ച് ജാക്കറ്റിൽ കയറിയവരെല്ലാം
മേൽവസ്ത്രങ്ങളഴിച്ച് മഞ്ഞുകൊള്ളുന്നു…
പഞ്ഞിക്കെട്ടുകൾപോലെ മഞ്ഞിന്റെ പൂക്കൾ ഇപ്പോൾ ഞങ്ങളെ പൊതിയുന്നു…
ഷിംലാ….
ഇത്തവണ നീയെന്നെ
നിരുപാധികം
കീഴടക്കിയിരിക്കുന്നു….
