ഉച്ചവെയിലൊടുങ്ങും മുമ്പ് തന്നെ ലേയിലെത്തി.
അതുകൊണ്ടുതന്നെ അൽപനേരം മയങ്ങാനുള്ള സമയവും കിട്ടി.
സ്വപ്നംപോലെ കഴിഞ്ഞുപോയ രണ്ടുദിനരാത്രങ്ങൾ തിരശീലയിലെന്നപോലെ
തിരികെവരുന്നുണ്ട്. നിരന്തരമായ യാത്ര ശരീരത്തെ അല്പം തളർത്തിയതുപോലെ..
കഴിഞ്ഞ ദിവസങ്ങളിൽ സുഷുപ്തിയിലാണ്ടുപോയ സെൽഫോണിലൂടെ കിളികൾ പറക്കുന്നു.
വീട്ടിലേക്ക് വിളിച്ചു. വാട്സാപ്പ് വീഡിയോസ് വാചാലമാകുന്നു. രണ്ടുദിവസംകൊണ്ട് ശ്വാസം
നഷ്ടപ്പെട്ട ഫോണുകൾ ആർത്തിയോടെ ജീവൻ വലിച്ചെടുക്കുന്നു. അറിഞ്ഞുസഹായിക്കുന്നുണ്ട്
ഹോട്ടലിന്റെ വൈഫൈ കണക്ഷൻ. ഡിംപിർ ഹോട്ടലിലെ കമ്പിളിച്ചൂടിൽ പുതച്ചുകിടക്കുമ്പോൾ
പുതിയ യാത്രയെപ്പറ്റി ചിന്തിക്കുന്നതേയില്ല.
പ്രതീക്ഷിച്ച തണുപ്പുണ്ടായിരുന്നില്ല ലേ നഗരത്തിന്.
അതുകൊണ്ടുതന്നെ പൊരുത്തപ്പെടാൻ തീരെ ബുദ്ധിമുട്ടിയതേയില്ല.
കഴിഞ്ഞ ദിവസങ്ങളിൽ അക്ക്യൂട്ട് മൗണ്ടൻ സിക്‌നസ്സിനോട് പൊരുതി പരാജയപ്പെട്ടുപോയ
ബഷീർസാർ Basheer Kadakkal ഒന്നുമയങ്ങി,പിടഞ്ഞെണീറ്റു.
കുളിച്ചുഫ്രഷായി.
ബുദ്ധജന്മത്തിന്റെ മറ്റൊരവതാരംപോലെ അദ്ദേഹമിപ്പോൾ ജ്വലിച്ചുനിൽക്കുന്നു.
തെരുവിൽ ഇരുട്ടുവീണുതുടങ്ങി.
പീടികയ്ക്കുള്ളിൽ നിറങ്ങളിൽകുളിച്ച് വിളക്കുകാലുകൾ വഴിതെളിക്കുന്നു.
ഇടയ്ക്കിടെ അവ അകത്തേയ്ക്കുവിളിക്കുന്നു.
തന്തൂരിച്ചിക്കനും റൊട്ടിയും വിൽക്കുന്ന കടയിലേക്കുകയറി. വയറുനിറയെ കഴിച്ചു.
ഫ്രൂട്ട്സ്റ്റാളിൽ നിന്നും കണക്കുപറഞ്ഞ് കാശ്മീർ ആപ്പിൾ വാങ്ങി.
ടൂറിസ്റ്റുകൾക്ക് മറ്റൊരുവില ചിലപ്പോ കണ്ടേക്കാം.. പറ്റിക്കപ്പെടരുതല്ലോ..!!
ഇരുട്ട് കനത്തു. ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴേക്കും കാശ്മീരിലെ ടൂർ ഓപ്പറേറ്റർ
ജോൺ അഹമ്മദ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അടുത്തദിവസങ്ങളിലേക്കുള്ള പാസുകൾ
റെഡിയാക്കാനുണ്ട്.അതിനായുള്ള സംഘങ്ങൾ ഇടനാഴികളിൽ ചുറ്റിത്തിരിയുന്നു.
ഐ ഡി കാർഡിന്റെ പകർപ്പ് നൽകി. സംഘം പിരിഞ്ഞു.
ഹോട്ടലിന്റെ മട്ടുപ്പാവിലിരുന്ന് ആകാശത്തേക്ക് കണ്ണുപായിച്ചു. ചുറ്റിലും നിറഞ്ഞുകവിഞ്ഞ്
മലനിരകൾ. കുന്നിനുമുകളിൽ ശാന്തിസ്തൂപം നിറങ്ങളിൽ മുങ്ങി നിവർന്നുനിൽക്കുന്നു.
അതിനുമുകളിൽ പ്രകാശത്തിന്റെ വിസ്ഫോടനം സൃഷ്ടിച്ച്
നക്ഷത്രങ്ങളുടെ ചിതറിത്തെറിച്ച രൂപങ്ങൾ.

സുന്ദരമാണ് ലേയിലെ ആകാശം.
രാത്രിയിലത്, വെറുതേ കണ്ടിരിക്കാം..
ലേ നഗരത്തിന്റെ ആകാശത്ത് വട്ടമിട്ടുപറക്കുന്ന വിമാനങ്ങളുടെ ഇരമ്പൽ കേട്ടാണ്
ഉണർന്നത്. ചുറ്റുമുള്ള മലയുടെ മുനമ്പുകൾ വെയിൽകൊണ്ട് തിളങ്ങുന്നു
തലപ്പാവിൽ തിളങ്ങുന്ന രത്‌നങ്ങൾപോലെ അത് ജ്വലിച്ചുനിൽക്കുന്നു.
ജനാലവിരി മാറ്റിയപ്പോൾ ഉള്ളിലേക്ക് തലനീട്ടി നിൽക്കുന്ന വില്ലോ മരത്തിന്റെ പച്ചപ്പ് കണ്ടു.
ഇന്നു ദീർഘയാത്രകളില്ല… ലെ നഗരം ചുറ്റിക്കാണുക അത്രമാത്രം..
യാത്രയ്ക്കായി ഒരുങ്ങിയിറങ്ങിയപ്പോഴേക്കും ജോൺ അഹമ്മദ് മുറിക്ക് പുറത്ത്….
റെസ്റ്റോറന്റിലെത്തി.. ഭക്ഷണം കഴിച്ചു.. ജിഗ്‌മിത്ത് സെഫൽ കാറുമായി കാത്തുകിടപ്പുണ്ട്.
വേഗം വണ്ടിയിലേക്ക് കയറി.
ജോൺ എവിടേക്കാണ് ഇന്നത്തെ യാത്ര…?
മുൻസീറ്റിൽ ഒപ്പമിരുന്ന ജോൺ ആ ചോദ്യത്തിന് മറുപടി നൽകുംമുമ്പ് തന്നെ
ജിഗ്‌മിത്ത് ഉത്തരം നൽകി. ” ഹെമിസ് “
ഹെമിസോ… എന്താണത്…?
സത്യത്തിൽ അങ്ങനെയൊരു പേര് ആദ്യമായിട്ടാണ് കേട്ടത്…
സാബ്.. ലഡാക്ക് മേഖലയിലെ ഏറ്റവും സമ്പന്നവും പ്രൗഢവുമായ മൊണാസ്ട്രിയാണത്..
അതെയോ….!! ഞാൻ അത്ഭുതം കൊണ്ടു.
മലനിരകൾക്കിടയിൽ ഉദിച്ചുയർന്നുവന്ന സൂര്യനെപ്പോലെ ഹെമിസ് അപ്പോൾ
എന്റെ ഉള്ളിൽ നിറഞ്ഞുവന്നു.
ടിബറ്റൻ ബുദ്ധിസത്തിന്റെ പ്രഭാവകാലത്താണത് രൂപം കൊണ്ടത്.
ലഡാക്കി ഭാഷയിൽ ബുദ്ധാശ്രമങ്ങളെ ഗോംപേ എന്നാണ് വിളിക്കുക..
ഗോംപേ എന്നാൽ “ഏകാന്തമായ ഇടം” എന്നർത്ഥം.
മഹായാന ബുദ്ധിസത്തിന്റെ കാലത്താണ് ലേ നഗരത്തിന് ചുറ്റുമുള്ള പ്രധാനഗോംപേകളെല്ലാം
നിർമ്മിക്കപ്പെടുന്നത്.
മഹത്തായ കാരുണ്യത്തിന്റെ,
സഹനത്തിന്റെ,
സാമൂഹിക ജീവിതത്തിന്റെയൊക്കെ വഴിയിലൂടെയുള്ള ആത്മജ്ഞാനോദയമാണ്
മഹായാന ബുദ്ധിസം ലക്ഷ്യമിടുന്നത്.
ഹീനയാന ബുദ്ധിസത്തിൽ ധ്യാനവഴിയിലൂടെയുള്ള നിർവാണവും..

സിന്ധുനദിക്ക് സമാന്തരമായി വഴികൾ പോകുന്നു.
പാതയ്ക്കപ്പുറം വിശാലമായ കൃഷിയിടങ്ങൾ…
അതിനു നടുവിൽ കുന്നിനുമുകളിലായി ഒരു മൊണാസ്ട്രി കാണുന്നു.
അതാണ് “സ്പിടുക്ക്” ഗോംപേ..
ഹെമിസ് എന്ന് തെറ്റിദ്ധരിക്കാതിരിക്കാനാവും ജിഗ്‌മിത്ത് ചോദ്യങ്ങൾക്ക് മുമ്പുതന്നെ
ഉത്തരം നൽകിയത്. ലേ നഗരത്തിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്..
ഹെമിസിലേക്കുള്ള വഴികൾ നീളുകയാണ്. ഇരുവശത്തും തലയെടുപ്പോടെ നിൽക്കുന്ന
മലനിരകൾക്ക് നടുവിൽ വിശാലമായ താഴ് വരയിലൂടെ കൃഷിയിടങ്ങൾ കടന്ന്
സിന്ധുവിന് സമാന്തരമായത് നീണ്ടുപോയി. ഒടുവിൽ 45 കിലോമീറ്റർ അകലെ
വിണ്ടുണങ്ങിയ മലഞ്ചെരുവിൽ ഒരു പ്രാർത്ഥനാമന്ദിരം കണ്ടു.
അതിനെച്ചുറ്റി വളഞ്ഞുപുളഞ്ഞ് പോകുന്ന വഴികൾ കുന്നുകയറിത്തുടങ്ങി.
ആ വഴി കുന്നുകൾക്കിടയിലെ ചെരുവിലൂടെ വീണ്ടും മുകളിലേക്ക്…
മലഞ്ചെരുവിൽ എടുത്തുവച്ചിരിക്കുന്നതുപോലെ പാറക്കൂട്ടങ്ങൾക്കിടയിൽ
ചില വീടുകൾ കാണാം. അതിനുചുറ്റും പാറകൾ പൊടിഞ്ഞ് താഴേക്ക്
വീണുകൊണ്ടിരിക്കുന്നു. വീടിനു താഴെ ചെറിയ ചെറിയ കൃഷിയിടങ്ങൾ..
കുറ്റിച്ചെടികൾ, ഉയരമില്ലാത്ത വൃക്ഷങ്ങൾ, വില്ലോമരങ്ങൾ…
ചുവന്ന പാറക്കഷ്ണങ്ങൾക്കൊണ്ട് നിർമ്മിച്ച ഉറപ്പില്ലാത്ത മലനിരയാണിതെന്ന് ചിലപ്പോൾ
തോന്നിയേക്കാം.. എങ്കിലും നൂറ്റാണ്ടുകൾ അതിനെ വിശ്വസിച്ചുകഴിയുന്ന ഒരു ജനതയെ
ആ മലഞ്ചെരുവിൽ കാണാം..
ധ്യാനനിരതരായ സന്യാസിമാരെപ്പോലെയാണീ വീടുകൾ..
എത്ര നിശബ്ദമായത് സഹനത്തെ അടയാളപ്പെടുത്തി വയ്ക്കുന്നു.

മരുഭൂവായ മലനിരകൾക്കിടയിൽ പ്രകൃതിതന്നെ ഒരുക്കിക്കൊടുത്ത
മടിത്തട്ടിലെന്നപോലെ തലപൊക്കിനോക്കുന്നുണ്ട് ഹെമിസ്..
കാഴ്ച്ചയിപ്പോൾ കൃത്യം..
എത്ര ഹൃദ്യമായിട്ടാണ് അതിനെ പുറംലോകത്തുനിന്നും
ഒളിപ്പിച്ചുവച്ചിരിക്കുന്നത്.
തലയെടുപ്പുള്ള മൊണാസ്ട്രിതന്നെയാണിത്.
കാറിൽ നിന്നിറങ്ങി. നിരന്നുകിടക്കുന്നുണ്ട് സഞ്ചാരികളുടെ വാഹനങ്ങൾ..
പുറംകാഴ്ചയുടെ ചിത്രങ്ങൾ പകർത്തി, പടിക്കെട്ടുകൾ കയറി.
പ്രധാനകവാടം തുറക്കുന്നത് ഒരു ചത്വരത്തിലേക്കാണ്. ചുറ്റിലും ലഡാക്കിന്റെ
തനത് വാസ്തുവിദ്യയിൽ പണിതീർത്തിരിക്കുന്ന പലനിലയിലുള്ള കെട്ടിടങ്ങൾ..
ധ്യാനത്തിനും അധ്യയനത്തിനുമുള്ള ഇടങ്ങൾ..
എ ഡി 1672 ൽ സിങ്ഗേ നംഗ്യാൾ എന്ന ലഡാക്കി രാജാവാണ് ഹെമിസ് ഗോംപേ നിർമ്മിച്ചത്.
താന്ത്രിക ബുദ്ധിസത്തിന്റെ സ്ഥാപകനായ ഗുരു പത്മസംഭവന്റേയും, ശ്രീബുദ്ധന്റെയും
പ്രതിമകൾ ഗോംപേയിലെ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഗുരു പത്മസംഭവന്റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഹെമിസ് ഫെസ്റ്റിവലാണ്
മൊണാസ്ട്രിയുടെ പ്രധാന ആകർഷണം. മനോഹരമായ ആഘോഷമാണിത്.
നിറങ്ങളിൽ മുങ്ങി, മലനിരകളിൽ മനുഷ്യൻ നിർമ്മിച്ച കടൽപോലെ നൃത്തംവയ്ക്കുന്ന
മുഖമൂടി സംഘങ്ങൾ… വർണ്ണാഭമായ ഉടയാടകളും, മുഖമൂടിയുമണിഞ്ഞ് ചുവടുവയ്ക്കുന്നത്
ബുദ്ധസന്യാസിമാരാണ്. നിറങ്ങൾ കൊണ്ട് ഈ ആഘോഷം അവർ സമ്പന്നമാക്കുന്നു.
ടിബറ്റൻ കലണ്ടർ പ്രകാരമായിരിക്കും ഉത്സവം നടക്കുക. ആ രണ്ടു ദിവസങ്ങൾ
സഞ്ചാരികളുടെ തിരക്കുണ്ടാകും ഇവിടെ..

ഗോംപേയ്ക്കുള്ളിൽ മനോഹരമായൊരു മ്യൂസിയം സ്ഥിതിചെയ്യുന്നുണ്ട്..
ചത്വരത്തിന്റെ അരികിൽ മ്യൂസിയത്തിനുള്ളിലേക്കുള്ള വഴി…
കവാടം കടക്കുമ്പോൾ തന്നെ ഹെമിസിനേയും ലഡാക്കിനേയും വിശദീകരിക്കുന്ന
ലഘുലേഖകളും ചിത്രങ്ങളും കാണാം. കരകൗശല വസ്തുക്കളുടെ വിൽപ്പനയും
ഇതിനൊപ്പം നടക്കുന്നുണ്ട്. ടിക്കറ്റ് കൈപ്പറ്റി ഉള്ളിലേക്ക് നടന്നു.
പടികളിറങ്ങി പരവതാനി വിരിച്ച വിശാലമായ ഹാളിലെത്തി. ചെറുതെങ്കിലും
മ്യൂസിയത്തിനുള്ളിൽ ഹെമിസിന്റേയും ലഡാക്കിന്റേയും ചരിത്രത്തിന്റെ ശേഷിപ്പുകൾ.
ഓരോ കാഴ്ചയും ഹെമിസിന്റെ ഭൂതകാലം വിവരിക്കുന്നുണ്ട്.
ബുദ്ധമതത്തിന്റെ പഴയകാല അടയാളങ്ങൾ, ആയുധങ്ങൾ, വസ്ത്രങ്ങൾ, ചിത്രങ്ങൾ..
അങ്ങനെ നീളുന്നു. മ്യൂസിയത്തിൽ നിന്നും പുറത്തുകടന്നു,
ഉച്ചസൂര്യന്റെ ചൂട്.. ചത്വരത്തിൽ ചില സന്യാസിമാർ ചിതറി നിൽക്കുന്നു.. സഞ്ചാരികളും..

പടികൾ ഒന്നൊന്നായ് പിന്നിട്ട്, താഴേക്കിറങ്ങി.
ആപ്രിക്കോട്ട് മരങ്ങൾക്കിടയിൽ ഹെമിസ്..
ഒളിപ്പിച്ചുവച്ച ഏതോ നിഗൂഢത പോലെയാണെന്നും ഹെമിസ്..
എന്തിനാണതിനെ ഇങ്ങനെ മലകൾക്കിടയിൽ ഒളിപ്പിച്ചുവച്ചത്..
തന്നിലേക്കൊതുങ്ങുന്ന സഹനജീവിതം നയിച്ച് പ്രകൃതിയേയും വിശ്വാസങ്ങളേയും
സൂക്ഷിക്കുന്ന ജനത ഒരത്ഭുതമാകുന്നു.
വരണ്ട വഴികൾ പിന്നിട്ട്, വളഞ്ഞുപുളഞ്ഞ് കാർ താഴ് വരയിലേക്ക് ഇറങ്ങിപ്പോയി.
തിരിഞ്ഞുനോക്കിയില്ല.. നോക്കിയിട്ടും കാര്യമുണ്ടായിരുന്നില്ല..
പ്രൗഢഗംഭീരമായ ആ മൊണാസ്ട്രി എപ്പോഴോ മലകൾക്കിടയിൽ മറഞ്ഞുപോയിരുന്നു.
ജിഗ്‌മിത്ത് പറഞ്ഞതോർത്തു…
“ഹെമിസ് ഒരു രാജാവാണ്..
മൊണാസ്ട്രികളുടെ രാജാവ്…..”
