ബിയാസിലെ റിവർ റാഫ്റ്റിംങ്

മാണ്ഡിയിൽ നിന്നും മണാലിയിലേക്കുള്ള പാതയിൽ മനോഹരമായ പട്ടണമാണ് കുളു. ബിയാസ് നദിയുടെ തീരത്തെ സുന്ദരമായ താഴ് വര. പൈൻമരങ്ങളും ദേവദാരുവും കാടുമൂടി നിൽക്കുന്ന മലഞ്ചെരിവുകൾ.
വിളഞ്ഞു പാകമായ ആപ്പിൾത്തോട്ടങ്ങൾ. പലനിറങ്ങളിൽ അതിരിട്ടു നിൽക്കുന്ന കൊടുമുടികൾ. പ്രകൃതിയുടെ മനോഹരമായ ചിത്രങ്ങളിൽ ഒന്ന്.

കുളു പട്ടണത്തിന് പത്തുകിലോമീറ്റർ അകലെ ബുന്തർ എയർപോർട്ട്. ബിയാസ് നദിയെ തൊട്ടുകിടക്കുന്ന
റൺവേയിലേക്ക് തണുത്തുറഞ്ഞ മലനിരകൾക്കിടയിലൂടെ താഴേക്ക് പറന്നിറങ്ങുന്ന യന്ത്രപ്പക്ഷികൾ. അനേകായിരം അടി ഉയരത്തിലുള്ള മലമുടികൾക്കിടയിലൂടെ പറന്നിറങ്ങുന്ന ചെറുവിമാനം പൈലറ്റിന് എന്നും വെല്ലുവിളി തന്നെയായിരിക്കും. ഹ്രസ്വദൂരത്തിൽ, സിംഗിൾ റൺവേയിലേക്കിറങ്ങുന്ന വിമാനം അല്പം മാറിയാൽ ബിയാസ് നദിയിലേക്ക് പതിക്കും. ചണ്ഡിഗഡിൽ നിന്നും, ദില്ലിയിൽ നിന്നും ഇവിടേയ്ക്ക് വിമാനം ലഭ്യമാണ്. മണാലിയിൽ നിന്നുള്ള മടക്കത്തിലാണ് 40 കിലോമീറ്റർ അകലെയുള്ള കുളു താഴ് വരയെ പകൽവെളിച്ചത്തിൽ കണ്ടത്. പാതയോരത്ത് നിറയെ ആപ്പിൾക്കടകൾ… ഹിമാലയൻ ആപ്പിളിന്റെ രുചി. ടാർപ്പാ വലിച്ചുകെട്ടിയ ചെറിയകടകളിൽ നിറയെ ആപ്പിൾകൂനകൾ. അവ എണ്ണിപ്പെറുക്കി കൂടകളിലേക്ക് നിറയ്ക്കുന്ന സുന്ദരികളായ ഹിമാചൽ പെൺകുട്ടികൾ. വഴിയരുകിൽ നിരവധി വാഹനങ്ങൾ നിറുത്തിയിട്ടിരിക്കുന്നു. സന്ദർശകരുടെ തിരക്കുകൂടുന്നു. സഹയാത്രികർ ആപ്പിൾകൂടുകൾ വാങ്ങി ബാഗ് നിറയ്ക്കുന്നു. വ്യത്യസ്തമെന്നു തോന്നിയ രാമഫലവും, ഗ്രീൻആപ്പിളും വാങ്ങി. യാത്ര തുടർന്നു.

ടൂർ മാനേജർ വിഷ്ണു മണാലി യാത്രക്കിടെ ബിയാസിലെ റിവർ റാഫ്റ്റിങ്ങിനെപ്പറ്റി പറഞ്ഞിരുന്നു.അനുകൂലമായ കാലാവസ്ഥ. നദിയിലെ ഒഴുക്കിൽ സൂര്യൻ വെട്ടിത്തിളങ്ങുന്നു. ഹിമാലയൻ നദികൾ പലയിടങ്ങളിൽ, പലനിറങ്ങളിൽ കാണപ്പെടുന്നു. ഇവിടെയത് നീലനിറത്തിലാണ് താഴേക്കൊഴുകുന്നത്. മാണ്ഡിയിൽ പച്ചനിറത്തിൽ കാണപ്പെട്ട ബിയാസ് തന്നെയാണിത്. പാതയോരത്ത് ഫൈബർ ബോട്ടുകൾ നിരന്നുകിടക്കുന്ന ഇടത്തേക്ക് വണ്ടിയൊതുക്കി. ലൈഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് പുഴക്കരയിലേക്ക് നടന്നു. പാറക്കെട്ടുകൾക്കിടയിൽ പതഞ്ഞൊഴുകുന്ന പുഴ മനോഹരമായൊരു കാഴ്ചയാണ്.
ഏഴുപേരുടെ യാത്രയ്ക്കായി ഫൈബർ ചങ്ങാടത്തിൽ ആവശ്യത്തിന് കാറ്റുനിറയ്ക്കുന്നുണ്ട് തോണിക്കാരൻ. ആശങ്കയും ഭയവും ഉള്ളിൽ നിറയുന്നു. ആഴമറിയാത്ത നദി അനന്തതയിലേക്ക് ഒഴുകുന്നപോലെ…

കാത്തിരിപ്പിനൊടുവിൽ കാറ്റുകുടിച്ച ചങ്ങാടം ജലത്തിലേക്ക് ഒഴുകിയിറങ്ങി. കരയിൽ നിന്നുള്ള
കാഴ്ചപോലെ ആയിരുന്നില്ല, ജലത്തിന്റെ പോക്ക്. ചെറുതെന്നു കരുതിയ പാറക്കെട്ടുകൾ പലതും
ഗർത്തങ്ങളായി രൂപപ്പെട്ടു. ഓരോ പാറയിലും ഇടിച്ചുലഞ്ഞ് അത് താഴേക്ക് നീങ്ങി. ഓരോ
ജലപാതത്തിലും താഴേക്ക് പതിക്കാതിരിക്കാൻ പണിപ്പെട്ടു. ബോട്ടിനെ നിയന്ത്രിക്കുന്ന ചെറുപ്പക്കാരൻ ഹെൽമെറ്റിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ നിലവിളികളും പൊട്ടിച്ചിരിയും പകർത്തിയെടുത്തു.ഇരുവശങ്ങളിലും പൈൻമരങ്ങൾ നിറഞ്ഞുനിൽക്കുന്ന ചെറിയ ചെറിയ ഗ്രാമങ്ങൾ കടന്നുപോകുന്നു . ഓരോ ഫ്രെയിമിലും വ്യത്യസ്ഥത നിറയ്ക്കുന്ന മനോഹരമായ കാഴ്ചകൾ. നദിക്കരയിൽ കാണുന്ന ചെറിയ തുരുത്തുകൾ വേനലിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയേക്കാം. 600 രൂപ മുടക്കിയ അപകടകരമായ അഞ്ചുകിലോമീറ്റർ നദീയാത്ര അവസാനിക്കുന്നു. ഓരോ നിമിഷവും ആസ്വദിച്ച യാത്ര. ഭയം ചുറ്റിപ്പിടിച്ച മനസുമായി 9 കിലോമീറ്റർ യാത്ര വേണ്ടെന്നു പറഞ്ഞ സമയത്തെ ശപിച്ചു. മതിയാകാത്ത മനസിനെ നോവിച്ച് ചങ്ങാടം കരയ്ക്കടുത്തു. നനഞ്ഞൊലിച്ച വസ്ത്രങ്ങൾ മാറി ബസിനടുത്തേക്ക് നടന്നു.
സഹയാത്രികർ കാത്തിരിക്കുന്നുണ്ടായിരുന്നു.

പാർക്കിങ് ഗ്രൗണ്ടിൽ തന്നെയുള്ള ചായപ്പീടികയിലേക്ക്
കയറി. സിമന്റ് സ്ളാബിനു മുകളിൽ, നിലത്തിരുന്ന് ഒരു വൃദ്ധൻ മുളക്‌ബജ്ജി പാകപ്പെടുത്തുന്നു. മസാല ചായയോടൊപ്പം ബജ്ജിയും രുചിച്ച് യാത്ര തുടങ്ങി. നാവിൽ വിട്ടുപോകാത്ത രുചിക്കൂട്ട് വിശപ്പിന്റേതാകാം… ബിയാസ് നദി അകലെയാകുന്നു…. എക്കാലവും ഓർമ്മപ്പെടാൻ ചില നിമിഷങ്ങൾ അതിനൊപ്പം ബാക്കിയാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *