കുട്ടികളെ തട്ടിക്കൊണ്ടു
പോകാൻ വന്നവരാണ്
എന്ന് പേടിച്ചാണിവരടെ ഇരിപ്പ്….

ആ അമ്മയുടെ മറുപടികേട്ട്
ഉള്ളൊന്നു നൊന്തു.
എത്ര കുഞ്ഞുങ്ങളെയാകും
ഇങ്ങനെ തെരുവിൽ നിന്ന്
നഷ്ടമാകുന്നത്..?
പാതയോരത്ത് കമ്പിളിയിൽ
പൊതിഞ്ഞിരിക്കുന്ന
പെൺകുഞ്ഞുങ്ങളെ കണ്ടാണ്
പെട്ടെന്ന് കാർ നിർത്തിയത്.
സൂര്യനെ മറച്ചുപിടിച്ച പർവ്വതത്തിന്റെ
നിഴലിലാണ് അവരുടെ ഇരിപ്പ്.
എത്ര ദയനീയമായ
കാഴ്ചയായിരുന്നു അത്.
ഡോർ തള്ളിത്തുറന്ന് പുറത്തേക്കിറങ്ങിയതും കൂട്ടത്തിലെ
മുതിർന്ന കുട്ടി
ഞെട്ടിവിറയ്ക്കുന്നതും കണ്ടു.
പെട്ടെന്ന് കൈകാണിച്ച്
അവരെ സമാധാനിപ്പിച്ചു.
എങ്കിലും ആ ഇരിപ്പിനും
ആ അമ്പരപ്പിനും
ഒരു മാറ്റവുമുണ്ടായില്ല.

അടുത്തുതന്നെ കീറ
ടാർപ്പോളിൻ മറച്ച
ഒരു കുഞ്ഞുകുടിൽ.
അതിൽ നിന്നൊരു സ്ത്രീ
പെട്ടെന്ന് പുറത്തേക്കിറങ്ങി വന്നു.
അവരുടെ കണ്ണുകളിൽ
ചില ചോദ്യങ്ങൾ തുറന്നുപിടിച്ചിട്ടുണ്ട്.
യാത്ര ചെയ്യുന്നവരാണെന്നും,
കേരളത്തിൽ നിന്നുള്ള വരവാണെന്നും
പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചിട്ടും
കാര്യമുണ്ടായിരുന്നില്ല.
കേരളമെന്ന് കേട്ടറിവ് പോലുമില്ലാത്ത
പാവം സ്ത്രീ.
ജനിച്ചനാൾ മുതൽ
കാലിവളർത്തലാണ് ജീവിതം.
ഉത്തരഖണ്ഡിലെ
ഗുജ്ജർ വംശജരാണിവർ.
കാടതിരുകളിൽ
കുടിൽകെട്ടി ജീവിച്ച്
കാലിവളർത്തി ഉപജീവനം
നടത്തുന്ന നാടോടികൾ.
ഒരു വളവിനപ്പുറം
ആട്ടിൻപ്പറ്റങ്ങൾ…
എരുമക്കൂട്ടങ്ങൾ…
അവയെ തെളിച്ച് ചെറിയ
ആൺകുട്ടികൾ…

അതിരാവിലെ കുടിലുകളിൽ നിന്ന്
കൂട്ടത്തോടെ ഇറങ്ങി,
വഴിരുകിൽ,
പുൽമേടുകളിൽ
ഭക്ഷണമൊരുക്കി
കാലിക്കൂട്ടങ്ങൾക്കൊപ്പം
നടപ്പുതുടങ്ങും.
ചിലപ്പോൾ ഇരുളുവീഴുമ്പോൾ
കുടിലിലേക്ക് മടങ്ങും…

അല്പനേരം ആ സ്ത്രീയോട് സംസാരിച്ച്
കയ്യിലുണ്ടായിരുന്ന പഴങ്ങൾ
ആ കുഞ്ഞുങ്ങൾക്ക് നൽകി
തിരികെ കാറിലേക്ക് നടന്നു.

ഇപ്പോഴും ഉള്ളിലുണ്ട്
ഭയം വിട്ടുമാറാത്ത ആ കുഞ്ഞിക്കണ്ണുകൾ…
എത്ര നാളെടുക്കും ആ നോവൊന്ന്
മറന്നുകിട്ടാൻ….

