തുംഗനാഥ് മഹാദേവ്

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നാണ്
ചന്ദ്രശില. അതിനു താഴെയായി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രങ്ങളിലൊന്ന്
സ്ഥിതി ചെയ്യുന്നു. അതാണ് തുംഗനാഥ് ക്ഷേത്രം. മലമുകളിൽ പാറയിൽ തീർത്ത പുരാതന ക്ഷേത്രം.
ഏകദേശം അയ്യായിരത്തോളം വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു. മഹാഭാരതകഥയുമായി
ബന്ധപ്പെട്ട ക്ഷേത്രമാണിത്. പഞ്ചകേദാരങ്ങളിൽ തൃതീയം. കേദാർനാഥ്, രുദ്രനാഥ്, തുംഗനാഥ്,
മധ്യമഹേശ്വർ, കൽപ്പേശ്വർ എന്നിവയാണ് പഞ്ച കേദാരങ്ങൾ.
പഞ്ചകേദാരങ്ങളുമായി ബന്ധപ്പെട്ട കഥ ഇങ്ങനെയാണ്…
മഹാഭാരതയുദ്ധം കഴിഞ്ഞ് സഹോദരഹത്യയുടെ പാപം കളയാനായി പാണ്ഡവർ മോക്ഷത്തിനായി
ശിവനെ തപസുചെയ്യുന്നു. പാണ്ഡവരുടെ ചെയ്തികളിൽ നീരസമുണ്ടായിരുന്ന ഭഗവാൻ
പ്രത്യക്ഷനാകാതെ കാളയുടെ രൂപത്തിൽ പാതാളത്തിലേക്ക് ഒളിക്കാൻ ശ്രമിക്കുന്നു.
ഇതുകണ്ട ഭീമസേനൻ കാളയുടെ മുതുകിലെ മുഴയിൽ പിടികൂടുന്നു. ഈ മുഴ സ്വയംഭൂവായ
ശിലയായി കേദാർനാഥിൽ പ്രതിഷ്ഠയായി. നാഭി മധ്യമഹേശ്വറിലും, കാലുകൾ തുംഗനാഥിലും,
മുഖം രുദ്രനാഥിലും, ജട കൽപ്പേശ്വറിലും സ്ഥിതി ചെയ്യുന്നു എന്നാണ് ഐതിഹ്യം.
മഹാഭാരത കഥകളുമായി ബന്ധപ്പെട്ടുകിടക്കുന്ന കൊടുമുടികളും താഴ് വരയുമാണ്
ഉത്തരാഖണ്ഡിലെ തപോഭൂമിയിൽ കാണപ്പെടുക. ഈ ദേവഭൂമിയിലേക്കുള്ള യാത്ര ഓരോ
മനുഷ്യനെയും ഋഷിതുല്യമായ ജീവിതസഹനങ്ങളിലൂടെ പതുക്കെ പതുക്കെ മുന്നോട്ടുകൊണ്ടുപോകുന്നു.

ഉത്തരാഖണ്ഡ് യാത്രയുടെ മൂന്നാം ദിനം ഗുപ്തകാശിയ്ക്കടുത്തുള്ള സിർസി എന്ന ചെറിയ കവലയിലെ
സ്വാമിനാരായൺ കോട്ടേജുകളിൽ നിന്നാണ് ആരംഭിച്ചത്.
അതിരാവിലെ പുറപ്പെടാനുള്ള തയ്യാറെടുപ്പ്…
തണുത്തുറയുന്ന ഹിമജലത്തിലെ കുളി അതികഠിനമായതിനാൽ അത്യാവശ്യം ചൂടുവെള്ളം
ലഭിക്കുന്ന കോട്ടേജുകളാണ് തിരഞ്ഞെടുത്തത്. ഏതു കഠിനമായ തണുപ്പിലും
രണ്ടുനേരം കുളി നിർബന്ധമായ മലയാളിക്ക് നേർത്ത കുഴലുകളിലൂടെ അസ്ഥിമരവിക്കുന്ന
ഹിമജലം ഒഴുകിയെത്തുന്ന ഇത്തരം സ്ഥലങ്ങളിൽ ഇലക്ട്രിക് ഹീറ്റർ ഒരനുഗ്രഹം തന്നെയാണ്.
അതുകൊണ്ടു തന്നെ അതികാലത്തെണീറ്റ് യാത്രയ്ക്ക് തയാറാകുക എന്ന ദൗത്യം
അത്രകണ്ട് വിഷമകരമാകാറില്ല.
ബദരീനാഥിലേക്കുള്ള യാത്രയ്ക്കിടയിൽ തന്നെ ഇന്ന് ചോപ്തയിൽ നിന്നും തുംഗനാഥിലേക്ക്
ട്രെക്കിങ്ങ് നടത്തേണ്ടതുണ്ട്. കാർ ഡ്രൈവറുടെ നിർദേശം അക്ഷരംപ്രതി പാലിച്ച്
5 മണിക്കുതന്നെ കോട്ടേജിന്റെ മുകളിൽ മലഞ്ചെരുവിലെ പാർക്കിങ് ഗ്രൗണ്ടിലേക്കെത്തി.
തൂണുകളിൽ ഉറപ്പിച്ചുനിർത്തിയ കോൺക്രീറ്റ് പാലത്തിലൂടെ എത്ര സാഹസികമായിട്ടാണയാൾ
റോഡിനു താഴെയുള്ള പാർക്കിങ് ഗ്രൗണ്ടിലേക്കിറങ്ങി ചെന്നത്..!!
ഉള്ളിലിരുന്ന് വെറുതെ ഭയന്നുപോയി. നിലവിളിപോലെ ചില ശബ്ദങ്ങൾ…!!!
ഒരു വാഹനം കഷ്ടിച്ച് കടന്നുപോകുന്ന പാലത്തിലൂടെ വീണ്ടും മുകളിലേക്ക് യാത്ര ചെയ്താലേ
റോഡിലേക്കെത്താൻ കഴിയൂ… ഭയം ഉപേക്ഷിച്ചേ മതിയാകൂ… ഉത്തരാഖണ്ഡിലെ റോഡുകൾ
അങ്ങനെയാണ്…പടുകൂറ്റൻ മലനിരകൾക്കും അഗാധമായ താഴ് വാരങ്ങൾക്കുമിടയിലൂടെ തകർന്ന റോഡുകളിൽ ഉലഞ്ഞുലഞ്ഞ്….

കാർ റോഡിലേക്ക് കടന്നു.
താഴെ തട്ടുതട്ടായ ഭൂമിയിൽ പലയിടങ്ങളിൽ സ്വാമിനാരായൺ കോട്ടേജുകൾ ചിതറിക്കിടക്കുന്നു.
മേൽക്കൂരകളെ മൂടിപ്പുതപ്പിച്ച് മഞ്ഞിന്റെ വലയങ്ങൾ താഴ് വരയിലെ കുറ്റിച്ചെടികൾക്കിടയിലൂടെ
താഴേക്ക് ഒഴുകിപോകും പോലെ..
തണുപ്പിനൊപ്പം തെരുവ് ഉറക്കമുണർന്നു തുടങ്ങുന്നു.
കുറച്ചകലെ കേദാറിലേക്കുള്ള ഹെലിപാഡ് തേടി തീർത്ഥാടകർ ഇരുട്ടിനൊപ്പം
നടന്നുനീങ്ങുന്നു. ഗുപ്തകാശിയിൽ നിന്നും സിർസിയിലേക്കുള്ള ഇരുപത് കിലോമീറ്റർ പാത ചെളിക്കുളമാണ്. ഒരടി മുന്നോട്ടു വയ്ക്കാൻ കഴിയാത്തവിധം ഉഴറുന്നുണ്ട് വാഹനം.റോഡ് വികസനത്തിന്റെ ഭാഗമായി മലയിടിച്ച് വീതികൂട്ടാനുള്ള ശ്രമം പലപ്പോഴും റോഡിന്റെ തകർച്ചയിലാണ് അവസാനിക്കുന്നത്. പലയിടങ്ങളിലും ഇടിഞ്ഞുതകർന്ന് അഗാധമായ താഴ്ചയിൽ
നേർത്തനൂലുപോലെ ഒഴുകിപ്പോകുന്ന നദിയുടെ പള്ളയിലേക്ക് പതിക്കുന്നു.
അത്തരമിടങ്ങളിൽ മണ്ണുപൊത്തിയുറപ്പിച്ച് താൽക്കാലികപാതയുടെ അരികുപറ്റി കാർ മുന്നോട്ടു
നീങ്ങുമ്പോൾ ഭീകരമായ ഗർത്തം കണ്ട് ഉള്ളുകാളി ഇരുന്നുപോകുന്നു. നനഞ്ഞ മണ്ണ് ഒന്നിടറിയാൽ
കുന്നിനൊപ്പം കാറും അതിനുള്ളിലെ ജീവനും തിരിച്ചെടുക്കാൻ കഴിയാത്തവിധം
ഗർത്തത്തിലേക്ക് പതിക്കും. ഇരുട്ടിനെ മുറിച്ച് ഹെഡ്‍ലാംപിന്റെ വെളിച്ചത്തിൽ
ചെളിപുരണ്ട വഴിയിലൂടെ എത്ര സൂഷ്മതയോടെയാണ് അയാൾ വണ്ടി ഓടിക്കുന്നത്.
മുഷ്‌താഖ്‌ മോനുഖാൻ എന്നാണ് അയാളുടെ പേര്. ഡെറാഡൂൺ സ്വദേശി.
മലയുടെ മുനമ്പുകൾ ഇടിഞ്ഞുതകർന്ന പാതയിലൂടെ അരക്ഷിതമായ ഈ യാത്രയിൽ
അയാൾ പുലർത്തുന്ന ശ്രദ്ധയും കരുതലും ഞങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
സിർസിയിൽ നിന്നും ഫട്ടയിലേക്കുള്ള പത്ത് കിലോമീറ്റർ പിന്നിടാൻ
ഒരു മണിക്കൂറിലധികം വേണ്ടിവന്നു. ഫട്ട കേദാറിനും ഗുപ്തകാശിയ്ക്കുമിടയിലെ
ചെറിയൊരു തെരുവാണ്. കേദാർനാഥിലേക്കുള്ള ഹെലിപാഡും അനുബന്ധ ഓഫീസുകളും
ഇവിടെയുണ്ട്. ആദ്യ ഹെലിക്കോപ്റ്റർ സർവീസിലേക്കുള്ള യാത്രികർ ഹെലിപാഡിനുള്ളിൽ
തയാറായി നിൽക്കുന്നു.

വണ്ടി പതുക്കെ ഗുപ്‌തകാശി കടക്കുന്നു.
പാണ്ഡവരെ കാണാതെ മഹേശ്വരൻ മണ്ണിലേക്ക് മറയാൻ ശ്രമിച്ചത് ഇവിടെയാണ് എന്ന് ഐതിഹ്യം. ഗുപ്‌തകാശിയിൽ നിന്നും കേദാറിലേക്ക് ഹെലികോപ്റ്റർ സർവീസ് ലഭ്യമാണ്.
വണ്ടി മലയിറങ്ങുന്നു. എതിർവശത്തെ മലഞ്ചെരുവിൽ ഉഖീമഠ് എന്ന പട്ടണം കാണുന്നുണ്ട്.
ഉഖീമഠും, ഗുപ്തകാശിയും രണ്ടു മലഞ്ചെരിവിലായി മുഖാമുഖം നോക്കിനിൽക്കുന്ന
രണ്ടു പട്ടണങ്ങളാണ്. കാഴ്ചയിലും രൂപത്തിലും പരസ്പരം പ്രതിബിംബിക്കുന്നതുപോലെ.
വളഞ്ഞുതിരിഞ്ഞ് പാതയിപ്പോൾ മലയിറങ്ങി, ഉഖീമഠിലേക്കുള്ള കയറ്റത്തിലാണ്.
പട്ടണത്തിനു നടുവിൽ പുരാതനമായ ഒരു ക്ഷേത്രമുണ്ട്. മഞ്ഞുകാലത്ത് ഇവിടെയാണ്
കേദാർനാഥന്റെ വാസം. മഞ്ഞിലുറയും മുമ്പ് കേദാർനാഥിലെ പ്രതിഷ്ഠ ഉഖീമഠിലേക്ക്
കൊണ്ടുവരുന്നു.ആറുമാസത്തോളം ഇവിടം കേദാർനാഥന്റെ പ്രഭയിൽ മുങ്ങിക്കിടക്കും.
ക്ഷേത്രത്തിനു മുന്നിൽ ഇടുങ്ങിയ വഴിയിൽ മോനു വണ്ടിയൊതുക്കി. ഇവിടുത്തെ ക്ഷേത്രങ്ങൾക്കെല്ലാം
ഒരേ രൂപമാണ്. കല്ലിൽ കൊത്തിയെടുത്ത ശിവലിംഗ രൂപിയായ കോവിൽ…
ക്ഷേത്രത്തിനു മുന്നിൽ പൂജാവസ്തുക്കൾ വിൽക്കുന്ന ചില കടകൾ മാത്രം തുറന്നിരിക്കുന്നു.
ചെറിയ കവാടം കടന്ന് ഉള്ളിലേക്ക് കയറി.കരിങ്കൽ ചത്വരത്തിനുള്ളിൽ ചെറിയ കോവിൽ.
തീരെ തിരക്കുണ്ടായിരുന്നില്ല. ചില ചിത്രങ്ങളെടുത്ത്‌ പുറത്തിറങ്ങി. ക്ഷേത്രത്തിന് പുറത്ത്
കൈനീട്ടി സാധുവായൊരു വൃദ്ധൻ.കാശ് കിട്ടിയപ്പോഴേക്കും നിഷ്കളങ്കമായി ചിരിച്ചു.

വണ്ടി വീണ്ടും പുറപ്പെട്ടു. ഉഖീമഠിൽ നിന്നും മലഞ്ചെരിവിലെ നേർത്ത വഴിയിലൂടെ
മിനിസ്വിറ്റ്സർലാൻറ് എന്ന് വിളിപ്പേരുള്ള ചോപ്തയിലേക്ക്..
46 കിലോമീറ്ററാണ് ഉഖീമഠിൽ നിന്നും ചോപ്തയിലേക്കുള്ള ദൂരം.
മലഞ്ചെരുവിൽ തട്ടുതട്ടായി മനോഹരമായ കൃഷിയിടങ്ങൾ.
പഴുത്ത നെല്ലിൽ പ്രഭാതസൂര്യൻ മനോഹരമായ ചിത്രങ്ങൾ വരച്ചുവയ്ക്കുന്നു.
മലമുകളിലെ മരങ്ങൾക്കിടയിൽ ഊർന്നിറങ്ങുന്ന നേർത്ത വെയിൽ ശേഷിക്കുന്ന ഇരുട്ടിനെ
താഴ് വരയിലേക്ക് പായിക്കുന്നു. മലമുകളിലേക്കുള്ള യാത്രയ്ക്കിടയിൽ വാഹനത്തിന്റെ തുറന്നിട്ട
ജനാലയിലൂടെ തണുത്തകാറ്റ് കുളിരുപുതപ്പിക്കുന്നു.
പതുക്കെ മഞ്ഞൊഴിഞ്ഞ പുൽമേടുകൾ ദൃശ്യമായി..
ഇടതൂർന്നു നിൽക്കുന്ന പൈന്മരങ്ങൾക്കിടയിലൂടെ മഞ്ഞിൽകുളിച്ച് ഹിമാലയൻ ഗിരിനിരകൾ..
മനോഹരമായ ദൃശ്യമാണത്.. പുൽമേടുകൾക്കിടയിൽ പ്രകൃതിയോടിണങ്ങി നിൽക്കും വിധം ധാരാളം ടെന്റുകൾ കാണാം
പച്ചപ്പ് നിറഞ്ഞ ചെരിവുകളിൽ
മനോഹരമായത് ചിതറിക്കിടക്കുന്നു. മഞ്ഞുപൊഴിയുന്ന രാത്രികളിൽ
ഇത്തരം ടെന്റുകളിൽ ഉറങ്ങിയുണരുന്നത് എത്ര ഹൃദ്യമായ അനുഭവമാണ്..
ഇത്തരത്തിൽ നിരവധി റിസോർട്ടുകൾ ചോപ്തയിൽ പ്രവർത്തിക്കുന്നുണ്ട്.
ടൂറിസത്തിന്റെ അനന്തമായ സാധ്യതകളെ തുറന്നിടുകയാണ് ഇവിടം.
ഒരു രാത്രി ചോപ്തയിൽ താമസിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത്
ജോഷിമഠിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴത് വേണ്ടിയിരുന്നില്ല എന്ന തോന്നൽ…
മോനുഖാൻ പറഞ്ഞതുപോലെ തന്നെ കൃത്യം 9 മണിക്ക് വണ്ടി ചോപ്തയിലെത്തിച്ചു.
ഏതാനും ചില കടകൾ തുറന്നിരിക്കുന്ന ചെറിയ കവലയിൽ നിന്നാണ് തുംഗനാഥിലേക്കുള്ള ട്രെക്കിങ്ങ്
ആരംഭിക്കുന്നത്.

യാത്ര തുടങ്ങുന്നതിനു മുമ്പുതന്നെ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഇനിയുള്ള
നാലഞ്ചുമണിക്കൂറുകൾ 9000 അടിയിൽ നിന്ന് 12000 അടി മുകളിലേക്കുള്ള നടത്തമാണ്.
ഇതിനിടയിൽ തൂക്കായ 4 കിലോമീറ്ററാണ് പിന്നിടാൻ കഴിയുക.
എതിർവശത്തായി കണ്ട കടയിലേക്ക് കയറി. ഉള്ളിൽ തീർത്ഥാടകരുടെയും സഞ്ചാരികളുടെയും
തിരക്ക്. രണ്ടു മാഗിയും ബ്ളാക്ക് ടീയും ഓർഡർ ചെയ്ത് കാത്തിരുന്നു. ഹിമാലയൻ താഴ് വരയിലെ
പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് മാഗി നൂഡിൽസ്. ലഡാക്ക് യാത്രയിൽ പലപ്പോഴും
നാവിന്റെ രുചികൾ പിടിച്ച് നിർത്തിയ പ്രധാനഭക്ഷണങ്ങളിലൊന്ന്.
ചൂടുള്ള മാഗിയും ബ്‌ളാക്‌ ടീയും അകത്താക്കി. പുറത്തെത്തിയപ്പോൾ മോനു കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരു മണിക്കുള്ളിൽ ട്രെക്കിങ്ങ് പൂർത്തിയാക്കി തിരിച്ചെത്തണമെന്നുള്ള നിർദേശം നൽകി. ആറുമണിക്കുള്ളിൽ ജോഷിമഠിലെത്തിയില്ലെങ്കിൽ ബദരിയിലേക്കുള്ള
ഇന്നത്തെ യാത്ര അവിടെ അവസാനിപ്പിക്കേണ്ടി വരുമത്രേ..!!
കടയിൽ നിന്നും 50 രൂപാ നിരക്കിൽ 2 വാക്കിങ് സ്റ്റിക്ക് വാങ്ങി. തിരിച്ചെത്തുമ്പോൾ സ്റ്റിക്ക് മടക്കി നൽകിയാൽ 30 രൂപ വീതം മടക്കി നൽകും. നടപ്പാത തുടങ്ങുന്നിടത്ത് മനോഹരമായൊരു കമാനം.
അതിനുമുകളിലെ മണിമുഴക്കി ഞങ്ങൾ യാത്ര തുടങ്ങി.

കേദാർനാഥ് വൈൽഡ് ലൈഫ് സാങ്ചറിയിലാണ് തുംഗനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കുറ്റിച്ചെടികളും ബുറാഷ് എന്ന് വിളിക്കുന്ന ചെറുമരങ്ങളും നിറഞ്ഞ ചെരിവിൽ
കല്ലുപാകിയ മനോഹരമായ നടപ്പാത. കുറച്ചകലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വക ചെക്പോസ്റ്റ്.
തകരഷീറ്റ് പാകിയ കെട്ടിടത്തിനു മുന്നിൽ കസേരയിട്ട് ആളെണ്ണം എഴുതുന്ന ഉദ്യോഗസ്ഥൻ.
യാത്രികർ ഏതു ദേശക്കാരെന്ന് കൃത്യമായി ചോദിച്ചറിയുന്നുണ്ട്..
വെയിൽ ഒളിച്ചുകളിക്കുന്ന കാലാവസ്ഥ നടത്തയുടെ വേഗം കൂട്ടുന്നു.
കിതച്ചുപോയി… ഉയരങ്ങളിലേക്കുള്ള നടത്തത്തിന് ആവേശം നന്നല്ലെന്ന് ബോധ്യമായി…
മലമുകളിലേക്കുള്ള നടത്തം കഠിനം തന്നെ…
ശീലമില്ലാത്തവർ വല്ലാതെ ബുദ്ധിമുട്ടുക തന്നെ ചെയ്യും.
ബാഗിൽ ആവശ്യത്തിന് വെള്ളം കരുതേണ്ടതുണ്ട്.
ട്രെക്കിങ്ങിന് താല്പര്യമില്ലാത്തവർക്ക് ആയിരം രൂപ നിരക്കിൽ കുതിര സവാരി ലഭ്യമാണ്..
നടവഴിയുടെ ഓരത്ത് കൃത്യമായ ഇടങ്ങളിൽ ചില കടകൾ തുറന്നിരിക്കുന്നു.
സഞ്ചാരികളുടെ ആവശ്യങ്ങൾക്കായി തദ്ദേശീയർ നടത്തുന്ന കടകളാണവ..
മല കയറുംതോറും മലഞ്ചെരുവിലെ പാത വളഞ്ഞുപുളഞ്ഞ് മലമ്പാമ്പിനെ പോലെ
ചുരുണ്ടുനിവരുന്നു. ഉയരങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ കാറ്റ് കോടമഞ്ഞിനൊപ്പം
ചൂളം വിളിച്ച് കടന്നു വരുന്നു. എന്തൊരു കാഴ്ചയാണിത്…!!!
മലമുടിയിലേക്ക് നീളുന്ന കല്ലുപാകിയ നടപ്പാത സ്വർഗ്ഗത്തിലേക്കെന്നവിധം
ഒരു ഛായാചിത്രം പ്രകൃതി വരച്ചുവയ്ക്കുന്നു.
കിതച്ചും വിശ്രമിച്ചും മലമുകളിലേക്കുള്ള യാത്രയ്ക്കിടയിൽ പറന്നു നടക്കുന്ന
മേഘക്കൂട്ടങ്ങൾക്കിടയിലൂടെ ആ ദൃശ്യം വ്യക്തമായി. മലമുടിയ്ക്കു കീഴെ കാവലാളായി
തുംഗനാഥൻ തലയുയർത്തി നിൽക്കുന്നു.
മഹാഭാരതകാലത്ത് അർജ്ജുനൻ പ്രതിഷ്ഠിച്ച് ആദി ജഗദ്‌ഗുരു ശങ്കരാചാര്യർ പുനരുദ്ധരിച്ച ക്ഷേത്രം.
ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഇവിടെ
തദ്ദേശീയരായ ബ്രാഹ്മണരാണ് പൂജ കഴിക്കുക. മറ്റിടങ്ങളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ളവരും…
മഞ്ഞുറയുന്ന മാസങ്ങളിൽ 19 കിലോമീറ്റർ അകലെയുള്ള മഖൂമഠിലേക്ക് പ്രതിഷ്ഠയെ
മാറ്റി സ്ഥാപിക്കുന്നു.
പതുക്കെ കിതപ്പാറ്റി നേർത്ത മേഘക്കൂട്ടങ്ങൾ ചിതറിക്കിടക്കുന്ന ചെരുവിൽ തുംഗനാഥന്റെ
പടവുകൾ ചവിട്ടി ക്ഷേത്രത്തിനു മുന്നിലേക്കെത്തി.
ഇത്രത്തോളം മനോഹരമായൊരു ക്ഷേത്രം മുമ്പ് കണ്ടിട്ടില്ല. ചുറ്റിലും പടർന്നുകിടക്കുന്ന
താഴ് വരകളിൽ പ്രകൃതി മനോഹരമായ ചായങ്ങൾ വാരിതേച്ചതുപോലെ..
താഴ് വരയ്ക്കു മുകളിൽ നിശബ്ദം വീക്ഷിച്ച് തുംഗനാഥന്റെ കണ്ണുകൾ തുറന്നിരിക്കുന്നു.
രാത്രിയിൽ പൊഴിഞ്ഞ മഞ്ഞുതുള്ളികൾ ഇപ്പോഴും ഖനീഭവിച്ചുകിടക്കുന്നുണ്ട്.
പൂജാദ്രവ്യങ്ങൾ വാങ്ങി ഭാര്യയോടൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു.

ക്ഷേത്രത്തിന് മുകളിലേക്കുള്ള പാത ചന്ദ്രശിലയിലേക്കാണ് 2 കിലോമീറ്റർ ദൂരമുണ്ട് അവിടേയ്ക്ക്. 13123 അടിയാണ് ചന്ദ്രശിലയുടെ ഉയരം. ഇവിടെ നിന്നും 360 ഡിഗ്രിയിൽ ഹിമാലയത്തിന്റെ
മനോഹരമായ കാഴ്ചയാണ് ഈ യാത്രയെ കൊതിപ്പിക്കുന്നത്. ചോപ്തയിൽ മോനുഖാൻ
സമയമെണ്ണി തുടങ്ങിയിട്ടുണ്ടാകും. ബദരിയിലേക്കുള്ള പാതയടയ്ക്കുംമുമ്പ് ജോഷിമഠിൽ
എത്തേണ്ടതുണ്ട്. ചാറ്റമഴയ്‌ക്കൊപ്പം കൊടുമുടി ഇറങ്ങിത്തുടങ്ങി.
പിന്നിൽ തുംഗനാഥൻ മഞ്ഞിലേക്ക് മറയുന്നു…
അതിനൊപ്പം തണുത്തകാറ്റ് ശരീരത്തെ ഒന്നുലച്ച് കടന്നുപോയി..

പൂർത്തിയാകാത്തതെന്നു തോന്നുന്ന ചില യാത്രകളുണ്ട്…
അതുകൊണ്ടാകാം… ചുരമിറങ്ങുമ്പോഴും
ആ മലമുടിയിലേക്ക് വീണ്ടും വീണ്ടും
ഇങ്ങനെ തിരിഞ്ഞു നോക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *